കൂടുതല്‍ മികവോടെ ബിരുദ പഠനം
കൂടുതല്‍ മികവോടെ ബിരുദ പഠനം
ഡോ.ആര്‍ ബിന്ദു
ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി
സംസ്ഥാനത്ത് നടപ്പിലാക്കിയ നാലു വര്‍ഷ ബിരുദ പ്രോഗ്രാം അതിന്റെ ആദ്യ രണ്ടു സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പരീക്ഷ കഴിഞ്ഞ് അടുത്ത സെമസ്റ്റര്‍ തുടങ്ങുന്നതിനു മുമ്പു തന്നെ ഫല പ്രഖ്യാപനം എന്ന നാളിതുവരെയില്ലാത്ത മാറ്റം യാഥാര്‍ഥ്യമാക്കിക്കൊണ്ടാണ് നാലു വര്‍ഷ ബിരുദം ആരംഭിച്ചതില്‍ പിന്നെയുള്ള വിദ്യാഭ്യാസ വര്‍ഷം പിറക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വഴക്കം ഉറപ്പു നല്‍കിയാണ് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ ശിപാര്‍ശകള്‍ സ്വീകരിച്ച് കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ നാലു വര്‍ഷ ബിരുദം ആരംഭിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നാലു വര്‍ഷ ബിരുദം നടപ്പിലാക്കാനുള്ള ആലോചനകളും തുടർന്നുള്ള തീരുമാനങ്ങളും പുതിയ കലാലയ വര്‍ഷത്തിനു മുാേടിയായി കൈക്കൊണ്ടു കഴിഞ്ഞു. ഒന്നാം സെമസ്റ്റര്‍ പോലെ തന്നെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാ ഫലവും സമയ ബന്ധിതമായി പ്രഖ്യാപിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സാധിച്ചുവെന്നത് ആര്‍ജിച്ച സ്ഥിരതയുടെ പ്രഖ്യാപനമാണ്. ഇതിനുള്ള തുടര്‍ച്ചകള്‍ പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ സ്ഥാപിച്ചെടുക്കാനുള്ള ആസൂത്രണങ്ങളോടെയാണ് നവ വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് കാല് വയ്‌ക്കുന്നതും പുതു തലമുറ വിദ്യാര്‍ഥികളെ നാലു വര്‍ഷ ബിരുദ പരിപാടിയിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങുന്നതും.
2024 ജൂലൈ ഒന്നിനാണ് എട്ട് സര്‍വകലാശാലാ ക്യാമ്പസുകളിലും തൊള്ളായിരത്തോളം കോളേജുകളിലും നാലു വര്‍ഷ ബിരുദം ആരംഭിച്ചത്. ഒരു വര്‍ഷം പിന്നിടുമ്പോൾ അക്കാദമിക് സമൂഹം വലിയ ആവേശത്തോടെ ഈ പദ്ധതിയെ സ്വീകരിച്ചതാണ് നമ്മുടെ അനുഭവം. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിനായി, കൂടുതലതിനെ വിപുലമാക്കുന്നതിനുള്ള ആസൂത്രണങ്ങളോടെയാണ് പുതിയ കലാലയ വര്‍ഷം ആരംഭിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ടതും ഗുണപരമായതും വഴക്കം (flexibility) സാധ്യമായതുമായ ഉന്നത വിദ്യാഭ്യാസ വര്‍ഷമായി നാലു വര്‍ഷ ബിരുദ പ്രോഗ്രാമിനെ കൂടുതല്‍ വൈവിധ്യവൽക്കരിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.
വിദ്യാര്‍ഥികളുടെ അന്തര്‍ സര്‍വകലാശാലാ-കോളേജ് മാറ്റവും മേജര്‍-മൈനര്‍ മാറ്റവും, നേരത്തെ പ്രഖ്യാപിച്ചതു പോലെ രണ്ടര വര്‍ഷം കൊണ്ട് ബിരുദം പൂർത്തിയാക്കുന്ന തരത്തിലുള്ള എന്‍ മൈനസ് വൺ സെമസ്റ്റര്‍ സംവിധാനമടക്കമുള്ള പദ്ധതികള്‍ ഈ അക്കാദമിക് വര്‍ഷം പ്രാവര്‍ത്തികമാകും. ഇതിനായുള്ള തീരുമാനങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ നടന്ന ആലോചന-ആസൂത്രണ യോഗങ്ങളില്‍ സമഗ്ര രൂപം നൽകിയിട്ടുണ്ട്.
മേജര്‍ മാറാം, കോളേജ് മാറാം, സര്‍വകലാശാലയും മാറാം
ആദ്യ വര്‍ഷം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് മേജര്‍ വിഷയം മാറ്റാനും കോളേജ് മാറ്റത്തിനും അന്തര്‍ സര്‍വകലാശാല മാറ്റത്തിനും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ SOP ആണ് (Standard Operating Procedure) ഇക്കാര്യത്തിലെടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്ന്. FYUGP സംസ്ഥാനതല മോണിറ്ററിങ് സമിതിയാണ് സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകള്‍ വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
മേജര്‍ മാറ്റത്തിനുള്ള അവസരം ഇതേ പോലെ തന്നെ വിദ്യാര്‍ഥിക്ക് ഏറ്റവും ഉപകരിക്കുന്ന വിധത്തില്‍ നാലു വര്‍ഷ ബിരുദ പരിപാടിയില്‍ നടപ്പാവുകയാണ്. മേജര്‍ മാറ്റത്തിനായി അക്കാദമിക് വര്‍ഷത്തിന്റെ ആദ്യ പ്രവൃത്തി ദിനം തന്നെ ഓരോ വിഷയങ്ങളിലുമുള്ള ഒഴിവുകള്‍ കോളേജുകള്‍ പ്രസിദ്ധീകരിക്കും. ആവശ്യമെങ്കില്‍ പത്തു ശതമാനം അധികം സീറ്റ് കോളേജുകളില്‍ ലഭ്യമാക്കും. മൈനറായോ മൾട്ടി ഡിസിപ്ലിനറി കോഴ്‌സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണ് മേജര്‍ മാറ്റാന്‍ സാധിക്കുക. ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മേജര്‍ മാറ്റം ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി കോളേജുകളില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഒരു വിദ്യാര്‍ഥി മാറിപ്പോകുന്ന സീറ്റിലേക്കും പ്രവേശനം നടത്തും. ആദ്യത്തെ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കും.
കോളേജ് മാറ്റത്തിനും ഇതേ പോലെ അവസരമൊരുക്കുകയാണ്. കോളേജ് തലത്തില്‍ മേജര്‍ വിഷയ മാറ്റങ്ങള്‍ക്കു ശേഷം ഒഴിവു വരുന്ന സീറ്റുകള്‍ കോളേജുകള്‍ സര്‍വകലാശാലയെ അറിയിക്കും. സര്‍വകലാശാലകള്‍ ഈ ഒഴിവുകള്‍ പ്രസിദ്ധീകരിക്കും. തുടർന്ന് വിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കി കോളേജുകള്‍ക്ക് നൽകും. കോളേജുകള്‍ അതനുസരിച്ച് വിദ്യാര്‍ഥികളുടെ പ്രവേശന നടപടി പൂര്‍ത്തിയാക്കുകയും ചെയ്യും. നിലവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ റാഗിങ്ങ് അടക്കമുള്ള അച്ചടക്ക നടപടികള്‍ നേരിടിട്ടില്ല എന്ന സാക്ഷ്യപത്രം വിദ്യാര്‍ഥി ഹാജരാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയായി ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ട്.
അന്തര്‍ സര്‍വകലാശാല മാറ്റത്തിന് അവസരം തുറക്കുന്ന സുപ്രധാനമായ തീരുമാനവും വിദ്യാര്‍ഥി കേന്ദ്രിതമായ ആലോചനകളുടെ സാക്ഷാല്‍ക്കാരമായി നാം കൈക്കൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മുഴുവന്‍ കോഴ്‌സുകളും വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അന്തര്‍ സര്‍വകലാശാലാ മാറ്റത്തിന് അപേക്ഷിക്കാന്‍ സാധിക്കും. കേരളത്തിന് പുറത്തു നിന്നുള്ള സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കും കേരളത്തിലെ സര്‍വകലാശാലകളില്‍ മൂന്നാം സെമസ്റ്റര്‍ മുതല്‍ പഠിക്കാന്‍ അപേക്ഷിക്കാന്‍ പറ്റും. ഇത്തരം അപേക്ഷകള്‍ സര്‍വകലാശാല പഠന ബോര്‍ഡ് പരിശോധിച്ച് വിദ്യാര്‍ഥി ആവശ്യമായ ക്രെഡിറ്റ് നേടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തി ശിപാര്‍ശ ചെയ്യും. തുടർന്ന്, കോളേജ് തലത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും.
ഏകീകൃത അക്കാഡമിക് കലണ്ടറിലേക്ക്; അധ്യാപകര്‍ക്ക് സമഗ്ര പരിശീലനവും
കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഓരോ സര്‍വകലാശാലകളും നാലു വര്‍ഷ ബിരുദം നടപ്പിലാക്കുന്നത്. ക്രെഡിറ്റ് മാറ്റവും വിദ്യാര്‍ഥികളുടെ അന്തര്‍ സര്‍വകലാശാലാ മാറ്റവുമടക്കം ഉള്ളതിനാല്‍ സര്‍വകലാശാലകള്‍ തമ്മില്‍ ഒരു ധാരണയുണ്ടാവല്‍ നിര്‍ബന്ധമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമായ മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടര്‍ രൂപവല്‍ക്കരിച്ചു കഴിഞ്ഞിരിക്കുകയാണ്. വിവിധ സര്‍വകലാശാലകളുടെ നേതൃത്വങ്ങളെ പങ്കെടുപ്പിച്ചു വിളിച്ച യോഗത്തില്‍ ഏകീകൃത അക്കാഡമിക് കലണ്ടറിന് അംഗീകാരവും നല്‍കി. പരീക്ഷയും ഫലപ്രഖ്യാപനവുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏകീകൃത സ്വഭാവം ഇതോടെ കൈവരുമ്പോള്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യമാണ് നിറവേറപ്പെടുന്നത്. അതിനായി ഏറ്റവും വേഗത്തിലും ലളിതമായും പഠനവും പരീക്ഷയും മൂല്യ നിര്‍ണ്ണയവും പരീക്ഷാ ഫലവും പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
നിലവിലെ Teaching-Learning-Examination-Evaluation രീതികളിലുള്ള സമഗ്രമായ മാറ്റത്തോടെയും, തൊഴിലും നൈപുണിയും ഉറപ്പാക്കുന്ന വിധത്തിലും, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവകാശങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലുമാണ് കേരളത്തിന്റെ നാലു വര്‍ഷ ബിരുദ പരിപാടി പുതു വര്‍ഷത്തിലേക്ക് കടക്കുക. ഇത് കൂടുതല്‍ ഫലപ്രദമാക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ കോളേജ് അധ്യാപകര്‍ക്കും പരിശീലനം നൽകുന്നുണ്ട്. ഇതിനുള്ള പദ്ധതി സര്‍വകലാശാലാ നേതൃ യോഗം അംഗീകരിച്ച് തുടര്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കീഴില്‍ ആരംഭിച്ച പുതിയ സെന്റര്‍ ഓഫ് എക്‌സലൻസ് (Centre of excellence for Teaching. Learning and Training), കോളേജ് വിദ്യാഭ്യാസ വകുപ്പ്, സര്‍വകലാശാലകള്‍ എന്നിവ സംയുക്തമായാണ് പരിശീലന പദ്ധതി നടപ്പിലാക്കുക. ആറു മാസത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കും. സംസ്ഥാന തലത്തില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുത്തു പരിശീലനം നല്‍കി അവര്‍ വഴി കോളേജുകളില്‍ അല്ലെങ്കില്‍ ക്ലസ്റ്റര്‍ ആയി മുഴുവന്‍ അധ്യാപകരിലേക്കും എത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രണ്ടു മാസത്തിലൊരിക്കല്‍ പരിശീലന പുരോഗതി വിലയിരുത്തും.
കോഴ്‌സുകള്‍ നവീകരിക്കും; പരീക്ഷാ ഫീഡ്ബാക്കിന് പോർട്ടലുകൾ
പുതു പ്രവേശനത്തോടെ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട കോഴ്‌സുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനര്‍ കോഴ്‌സുകൾ തയ്യാറാക്കുന്ന പ്രവൃത്തിയിലാണ് സര്‍വകലാശാലകള്‍. നൂതനവും, തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്നതും, മേജര്‍ വിഷയ പഠനത്തെ ആഴത്തിലാക്കാന്‍ സഹായിക്കുന്ന തരത്തിലുമുള്ള പുതിയ കോഴ്‌സുകളാണ് തയ്യാറാക്കുന്നത്. രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ ലഭിക്കുന്ന തരത്തിലുള്ള കോഴ്‌സുകൾ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
ഇങ്ങനെ, കരിക്കുലവും സിലബസും കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദപരമാക്കുന്നതിനും ജ്ഞാനത്തോടൊപ്പം നൈപുണിയും അഭിരുചിയും ഉറപ്പു വരുത്തുന്ന തരത്തിലുള്ള കൂട്ടിച്ചേർക്കലുകൾക്കുമുള്ള ഒരവസരമായിക്കൂടിയാണ് സര്‍ക്കാര്‍ നാലു വര്‍ഷ ബിരുദ പരിപാടിയുടെ രണ്ടാം അധ്യയന വര്‍ഷത്തെ കാണുന്നത്. സമയ ബന്ധിതമായി സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നതിനും വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും സിലബസിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് ശേഖരിക്കുന്നതിനും വേണ്ടി ഒരു പോർട്ടൽ സംവിധാനം അടിയന്തരമായി ആരംഭിക്കുവാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തില്‍ കെല്‍ട്രോണുമായി സഹകരിച്ചു കൊണ്ടുള്ള പോർട്ടലും തയ്യാറാവുകയാണ്.