കിഫ്ബിയുടെ ചിറകിലേറി ഉയരങ്ങളിലേക്ക്

കിഫ്ബിയുടെ ചിറകിലേറി ഉയരങ്ങളിലേക്ക്

കേരളത്തിന്റെ വികസനമെന്നാല്‍ മനസില്‍ ആദ്യം തെളിയുന്ന ചിത്രങ്ങളിലൊന്നായി സ്‌കൂളുകള്‍ മാറി. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സ്‌കൂളുകളും ഇന്ന് വിദേശ സ്‌കൂളുകളെ വെല്ലുന്ന സൗകര്യങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ആണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടെ കിഫ്ബി അടക്കം വിവിധ പദ്ധതികളുടെ ഭാഗമായി 5000 കോടി രൂപക്ക് മുകളിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയത്.

പൊതു വിദ്യാലയങ്ങളെ ലോക നിലവാരത്തില്‍ എത്തിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് നമ്മുടെ സര്‍ക്കാര്‍. ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരുകളുടെ കാലത്ത് പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ആകെ 1427 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു സ്‌കൂള്‍ മികവിന്റെ ക്രേന്ദമാക്കി പരിഷ്‌കരിച്ചു കൊണ്ടായിരുന്നു തുടക്കം. സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചപ്പോള്‍ പുറംമോടി മാത്രമല്ല, പ്രൈമറി ക്ലാസ്സുകളില്‍ പോലും ഐടി അധിഷ്‌ഠിത സ്‌മാർട്ട് ക്ലാസ്സ് പദ്ധതികള്‍, വൃത്തിയുള്ള ക്ലാസ് മുറികള്‍, ശുചിമുറികള്‍ എന്നീ നിരവധി സംവിധാനങ്ങളൊരുക്കി.

നവ കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി 2017-18 വര്‍ഷത്തില്‍ ആരംഭിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും തുടര്‍ന്നുണ്ടായ വിദ്യാ കിരണം പദ്ധതിയും പൊതു വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിലടക്കം വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്‌ടിച്ചത്. ഇതിനുള്ള ചാലക ശക്തിയായും ധന സഹായമടക്കമുള്ള പിന്തുണയായും കിഫ്ബി നിലയുറപ്പിച്ചു. കിഫ്ബി ഫണ്ട് പ്രയോജനപ്പെടുത്തിക്കൊണ്ടാണ് കേരള ഇൻഫ്രാസ്‌ട്രക്‌ചർ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍-കൈറ്റ് സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികള്‍ സമ്പൂര്‍ണമായി ഡിജിറ്റലാക്കുകയും പ്രൈമറി വിഭാഗം സ്‌കൂളുകളില്‍ ഹൈടെക് ലാബ് പദ്ധതി നടപ്പിലാക്കുകയും ചെയ്‌തത്. ഇതു വഴി രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഒന്ന് മുതല്‍ 12 വരെ ക്ലാസ്സുകളിലേക്ക് 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തി ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ട്.

മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ കിഫ്ബി ധനാനുമതി നല്‍കിയിട്ടുള്ള 973 സ്‌കൂളുകളില്‍ 513 സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയുമാണ്. വിദ്യാലയ കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് 2350 കോടി രൂപയും ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷന് 786 കോടി രൂപയും വകയിരുത്തി. ആകെ 158 പദ്ധതികളിലായി 3218 കോടി രൂപയാണ് കിഫ്ബി പൊതു വിദ്യാഭ്യാസ മേഖലയില്‍ മാത്രം വകയിരുത്തിയത്. സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന് മാത്രം കൈറ്റ് 682.06 കോടി രൂപ കിഫ്ബി മുഖേന ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നത്, പൊതു വിദ്യാഭ്യാസ രംഗത്ത് കിഫ്ബി മുന്നോട്ട് വെക്കുന്ന വികസനത്തിന്റെ വ്യാപ്‌തി വരച്ചിടുന്നു.

ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ പാഠ പുസ്‌തകങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും ലഭിക്കുന്ന സമഗ്ര പോര്‍ട്ടല്‍, ഹാജര്‍, പഠന നിലവാരം, അനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ എന്നിവയടക്കം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍, വിദ്യാര്‍ഥിയുടെ പഠന മികവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ അധ്യാപകര്‍ക്കായി സജ്ജമാക്കിയ ‘സഹിതം’ പോര്‍ട്ടല്‍ എന്നിവയ്ക്കെല്ലാം ആധാരമാകുന്നത് കിഫ്ബിയിലൂടെ സാധ്യമായ ഡിജിറ്റലൈസേഷനാണ്. ഇതിനൊക്കെ പുറമേ രാജ്യത്തെ സ്‌കൂള്‍ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്‌മയായ ലിറ്റില്‍ കൈറ്റ്സ് പദ്ധതിയുടെ അടിസ്ഥാനവും ഈ ഡിജിറ്റല്‍ സംവിധാനങ്ങളാണ്. നിര്‍മ്മിത ബുദ്ധി, ഫാക്‌ട് ചെക്കിങ്, റോബോട്ടിക്‌സ് തുടങ്ങിയ നവീന മേഖലകള്‍ വരെ രാജ്യത്താദ്യമായി നമ്മുടെ ഐ.സി.ടി. പാഠ പുസ്‌തകത്തിൽ ഉള്‍പ്പെടുത്താനായി.

ആയിരത്തോളം സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യ വികസനത്തിന് കിഫ്ബി ധന സഹായം നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. അഞ്ച് കോടി, മൂന്ന് കോടി, ഒരു കോടി കിഫ്ബി ധന സഹായമാണ് പ്രാരംഭ ഘട്ടത്തില്‍ വിഭാവനം ചെയ്‌തതെങ്കിലും നിരക്ക് പുതുക്കല്‍ വന്നതിന്റെ ഭാഗമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത മൂന്ന് കോടി ധന സഹായം 3.9 കോടിയായും ഒരു കോടി 1.3 കോടിയായും വര്‍ധിച്ചിട്ടുണ്ട്. ഏതാണ്ട് 2,565 കോടി രൂപയുടെ ഭരണാനുമതി കിഫ്ബി മുഖേന ഭൗതിക സൗകര്യ വികസനത്തിനായി വിദ്യാഭ്യാസ വകുപ്പിന് ഇതുവരെ ലഭ്യമായിട്ടുണ്ട്.

ഫിഷറീസ് വകുപ്പിലൂടെ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന 57 സ്‌കൂളുകള്‍ക്ക് 66 കോടി രൂപ ഭൗതിക സൗകര്യ വികസനത്തിനായി കിഫ്ബി ധനസഹായം ലഭ്യമായിട്ടുണ്ട്. കായിക വകുപ്പിലൂടെ അഞ്ച് സ്‌കൂള്‍ കളിസ്ഥലങ്ങള്‍ വിപുലീകരിക്കുന്നതിനായി 76.38 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ധന സഹായം നല്‍കിയതും പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെയാണ് മുതല്‍ക്കൂട്ടാകുന്നത്.

പൊതു വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി ഫണ്ടില്‍ സാധ്യമായ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലത്

  • സംസ്ഥാനത്തെ 513 വിദ്യാലയ കെട്ടിടങ്ങളുടെ നിര്‍മ്മാണപൂര്‍ത്തീകരണം

  • 141 സ്‌കൂളുകളില്‍ അഞ്ചുകോടി മുടക്കില്‍ പുതിയ കെട്ടിടം നിര്‍മ്മാണം

  • 386 സ്‌കൂളുകളില്‍ മൂുകോടി മുടക്കി അടിസ്ഥാന സൗകര്യവികസനം

  • 493 കോടി മുടക്കി ഹൈടെക് 45,000 ക്ലാസ്സ്മുറികള്‍

  • എല്ലാ എല്‍പി – യുപി സ്‌കൂളുകളിലും സ്മാര്‍ട്ട് ലാബിനായി 292 കോടി

  • തീരദേശത്തെ സ്‌കൂളുകള്‍ക്ക് 56 കോടി..

Spread the love