കളിയരങ്ങിലെ ദീപ്‌ത ശോഭകൾ

Vijaya Krishnan1Vijaya Krishnan 0

ഡോ. എന്‍. പി വിജയകൃഷ്ണന്‍

സ്വാതന്ത്ര്യാനന്തരമുളള കേരളത്തിലെ ക്‌ളാസിക്കല്‍ കലയുടെ പരിണാമങ്ങളിലൂടെ ഒരു തിരനോട്ടം.

കൂടിയാട്ടത്തിന്റെയും കഥകളിയുടെയും യുഗ പ്രഭാവന്മാരായ ആചാര്യന്മാരുടെ കാലഘട്ടങ്ങളിലൂടെ കാണികളായി കടന്നു പോയവർ  ഭാഗ്യവാന്മാര്‍. അവരുടെ പില്‍ക്കാലം അവരിലെ നന്മയുടെ അംശങ്ങള്‍ സ്വീകരിച്ചു പുലരുമ്പോള്‍ത്തന്നെ ഔന്നത്യത്തിൽ എത്തുകഅസാധ്യമാകുന്നു. കൂടിയാട്ടത്തിൽ 18 കുടുംബങ്ങളാണ് ആ കലയെ നിലനിര്‍ത്തി പരിപോഷിപ്പിച്ചത്. കൂത്തമ്പലങ്ങളില്‍ കുലവൃത്തിയായി അവര്‍ ഈ സംസ്‌കൃത നാടകാഭിനയ സംഗീതത്തെ നില നിര്‍ത്തി. ഒപ്പം കൂത്തും നങ്ങ്യാര്‍ കൂത്തും പുലര്‍ന്നു ഗുരുകുല സമ്പ്രദായത്തില്‍ സംസ്‌കൃതവും കാവ്യങ്ങളും അഭ്യസിച്ചു നവീകരിച്ചതും ഗാഢവുമായ പഠനത്തിന്റെ വെളിച്ചത്തില്‍ പ്രഗല്ഭരായ ചാക്യാന്മാര്‍ രൂപപ്പെട്ടു. പൈങ്കുളം, മാണി, അമ്മൂര്‍ കുടുംബങ്ങള്‍ വിഖ്യാതരായി. ചാച്ചു ചാക്യാരുടെ പരമ്പരയില്‍ അമ്മൂര്‍ മാധവ ചാക്യാര്‍ പത്മഭൂഷണും പത്മശ്രീയും നേടി അതുല്യനായി.

Vijaya Krishnan2

കൂടിയാട്ടത്തിലെ മാധവകാലം
മാണിമാധവ ചാക്യാര്‍ കൂടിയാട്ടത്തിലെ പാണ്ഡിത്യവും സൗന്ദര്യവുമായിരുന്നു. മകന്‍ പി.കെ നാരായണന്‍ നമ്പ്യാര്‍ പത്മശ്രീ നേടി. മിഴാവില്‍ ഒരു കാലഘട്ടത്തിന്റെ ഗുരുവും ശില്‌പിയുമായി. പൈങ്കുളം രാമ ചാക്യാര്‍ കൂത്തമ്പലത്തിനു പുറത്ത് കൂത്ത് അവതരിപ്പിച്ച് കേരള കലാമണ്ഡലത്തില്‍ ചാക്യാര്‍ ഇതര സമുദായക്കാരെ അഭ്യസിപ്പിച്ച് തിരുത്തായി തിളങ്ങി. ആ പരമ്പരയില്‍ കലാമണ്ഡലം രാമചാക്യാരും ശിവന്‍ നമ്പൂതിരിയും അഗ്രഗണ്യരായി. ശിവന്‍ നമ്പൂതിരിക്കും പത്മശ്രീ ലഭിച്ചു. മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാരും പൈങ്കുളം ദാമോദര ചാക്യാരും പ്രഗല്‍ഭരായി. മിഴാവില്‍ കലാമണ്ഡലം ഈശ്വരനുണ്ണി, ഹരിഹരന്‍ തുടങ്ങിയവര്‍ പുതിയ കാലത്തിന്റെ വക്താക്കളായി. കലാമണ്ഡലം ശൈലജ, മാര്‍ഗി സതി, ഉഷ നമ്പ്യാര്‍ എന്നിവർ മികച്ച അഭിനേത്രികളായി മാറി. മന്ത്രാകം, മത്തവിലാസം എന്നിവയിൽ പൊതിയന്‍ നാരായണ ചാക്യാര്‍ ഇന്നും ശോഭിക്കുന്നു. അനന്തന്‍ കുട്ടൻ ചാക്യാര്‍, മാര്‍ഗി മധു, അമ്മന്നൂർ രജനീഷ് തുടങ്ങിയവര്‍ പുതുകാലത്തിന്റെ വക്താക്കളാണ്. കൂടിയാട്ടം ജനകീയമായി. അത് പാഠ്യവിഷയമായി. ആസ്വാദകര്‍ ഏറി.

Vijaya Krishnan3

യുനെസ്‌കോ അംഗീകരിച്ചതോടെ കൂടിയാട്ടം ലോകശ്രദ്ധ നേടി. എഴുപതും കടന്ന സരോജിനി നങ്ങ്യാരമ്മ ഇന്നും നങ്ങ്യാര്‍ കൂത്തിന്റെ നിഷ്‌ഠകൾ പാലിച്ച് കൂത്തമ്പലത്തില്‍ സജീവമാകുന്നു. പുതിയ കാലത്ത് അപര്‍ണ്ണ, കപില തുടങ്ങിയവര്‍ നങ്ങ്യാര്‍ കൂത്തിനെ ലാവണ്യാത്മകമാക്കുന്നു. ചുടലക്കൂത്തു പോലുള്ള നിലനിന്നവയെ അരങ്ങില്‍ എത്തിക്കുന്നു. കഴിഞ്ഞ തലമുറയുടെ തുടര്‍ച്ച കൂടിയാട്ടത്തിൽ കാണുന്നുണ്ട്. ജിഷ്‌ണു,  പ്രതാപ് തുടങ്ങി കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചവര്‍ ആവിഷ്‌കാരങ്ങളില്‍ പുതുമ തേടുന്നു. വേണുജിയെ പോലുള്ള ഗവേഷകരും കൂടിയാട്ടത്തിന്റെ വളര്‍ച്ചയില്‍ ശ്രദ്ധിക്കുന്നു. ഒരര്‍ഥത്തില്‍ കാണിയെ പണം കൊടുത്ത് കാണിച്ചിരുന്ന കാലത്തില്‍ നിന്ന് കൂടിയാട്ടം സമ്പന്നമായ കാലഘട്ടങ്ങളിലൂടെ കടന്നു പോയി. ഒരു കലയും ഒരു കാലത്തും നിശ്ചലമാകില്ല. പ്രതിഭാ വിലാസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം. കൂടിയാട്ട രംഗം ഒട്ടും ദരിദ്രമല്ല.

Vijaya Krishnan4

കഥകളിച്ചിട്ടകള്‍
കഥകളിയില്‍ കല്ലുവഴി-കപ്‌ളിങാടന്‍ ചിട്ടകളും തെക്ക് വടക്ക് വിഭജനങ്ങളും ഏറെക്കുറെ അപ്രസക്തമായി. കഥകളി അഭിനയത്തിലും സംഗീതത്തിലും മേളത്തിലും ആഹാര്യത്തിലും ഇനി മുന്നോട്ടില്ലാത്ത വിധം തികവില്‍ എത്തി നില്‍ക്കുകയാണ്.

യൂട്യൂബില്‍ പഴയകാല കഥകളി കണ്ടാല്‍ മതി ഇന്നത്തെ സുവര്‍ണ്ണകാലം തിരിച്ചറിയാന്‍. കലാമണ്ഡലം, കോട്ടക്കൽ പി എസ് വി നാട്യ സംഘം, പത്തിരിപ്പാല ഗാന്ധി സേവാ സദനം, മാര്‍ഗി, ഉണ്ണായി വാരിയര്‍ കലാ നിലയം, ആര്‍ എല്‍ വി, ഫാക്‌ട്, ഡല്‍ഹി ഇന്റര്‍ നാഷണല്‍ കഥകളി സെന്റര്‍ തുടങ്ങിയ കലാ സ്ഥാപനങ്ങളില്‍ നിന്ന് കഥകളി പഠിച്ചിറങ്ങിയവര്‍-തൗര്യത്രികം- ഈ കലയെ പോഷിപ്പിച്ചു. കലാമണ്ഡലത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ കഥകളി വിട്ട് നൃത്ത മാര്‍ഗത്തിലേക്ക് ചുവട് വച്ചു. ഒളപ്പമണ്ണ കവി യോഗത്തില്‍ നിന്നാണ്‌ പട്ടിക്കാംതൊടി  രാമുണ്ണി മേനോന്‍ കലാമണ്ഡലത്തില്‍ എത്തുന്നത്. കലാമണ്ഡലം കൃഷ്‌ണൻ നായര്‍ രാമുണ്ണി മേനോന്റെ കീഴില്‍ പഠിച്ച് ഗുരു കുഞ്ചുക്കുറുപ്പിന്റെ സൗന്ദര്യ ദര്‍ശനങ്ങള്‍ സ്വാംശീകരിച്ച് നവോഥാന നായകനായി. കാവുങ്കല്‍ കളരിയില്‍ നിന്ന് അതിപ്രഗല്ഭ നടന്മാര്‍ രൂപപ്പെട്ടു. താത്രിയുടെ ഭ്രഷ്‌ടിൽ ഉൾപ്പെട്ട ശങ്കരപ്പണിക്കര്‍, ചാത്തുണ്ണിപ്പണിക്കര്‍ തുടങ്ങി കാവുങ്കല്‍ തറവാട് വേറിട്ട് നിന്നു.

Vijaya Krishnan5

കലാമണ്ഡലം രാമന്‍കുട്ടി നായര്‍, പത്മനാഭന്‍ നായര്‍ എന്നിവർ പ്രഗല്ഭരായ കാലത്ത് രാമുണ്ണി മേനോന്റെ ആദ്യകാല ശിഷ്യരില്‍ പ്രധാനിയായ കീഴ്പ്പടം കുമാരന്‍ നായരും വിഖ്യാതനായി. തേക്കിൻ കാട്ടിൽ രാമുണ്ണി മേനോന്‍, വാഴേങ്കട കുഞ്ചുനായര്‍, കോട്ടക്കൽ കണ്ണൻ കുട്ടി നായർ, മടവൂര്‍ വാസുദേവന്‍ നായര്‍, ചെങ്ങൂര്‍ രാമന്‍പിള്ള, മാങ്കുളം വിഷ്‌ണു നമ്പൂതിരി, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, കുടമാളൂര്‍ കരുണാകരന്‍ നായര്‍ തുടങ്ങി പലകാലങ്ങളില്‍ ശ്രദ്ധേയരായ വേഷക്കാര്‍ കഥകളി അരങ്ങിനെ ദീപ്‌തമാക്കി. സ്ത്രീ വേഷങ്ങളിലെ എക്കാലത്തെയും വലിയ കലാകാരനായി കോട്ടക്കൽ ശിവരാമന്‍ വിഖ്യാതനായി. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്‌ണൻ കുട്ടി പൊതുവാള്‍, അച്ചുണ്ണി പൊതുവാള്‍, ചന്ദ്രമാടിയാര്‍, കോട്ടക്കൽ കുട്ടന്മാരാർ എന്നിവർ  ഒരേ കാലത്ത് പ്രഗല്ഭരായി. മൂത്തമന നമ്പൂതിരിയായിരുന്നു മുന്‍ഗാമി. വെങ്കിച്ചന്‍ സ്വാമിയുടെ കഥകളി മദ്ദളത്തിന്റെ തുടര്‍ച്ചയായി കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളും നാരായണന്‍ നമ്പീശനും അരങ്ങും കളരിയും ഭദ്രമാക്കി. മുണ്ടായ വെങ്കിട കൃഷ്‌ണ ഭാഗവതരാണ് കഥകളി സംഗീതം പരിഷ്‌കരിച്ചത്. കലാമണ്ഡലം നീലകണ്‌ഠൻ നമ്പീശന്‍, ചേര്‍ത്തല കുട്ടക്കുറുപ്പ്, ഉണ്ണികൃഷ്ണക്കുറുപ്പ്, ഗംഗാധരന്‍, ശങ്കരന്‍ എമ്പ്രാന്തിരി, വെണ്മണി ഹരിദാസ് എന്നിവർ കഥകളി സംഗീതത്തിന്റെ വഴിമാറ്റിയവരാണ്. ചുട്ടിയിൽ വാഴേങ്കട രാമവാര്യരും ഗോവിന്ദവാര്യരും രാം മോഹനനും ഉടുത്തിക്കൊട്ടിക്കലയിൽ അപ്പുണ്ണിത്തരകനും അവസാന വാക്കുകളായി. കലാമണ്ഡലവും കോട്ടയ്‌ക്കലും കളികള്‍ നടത്തി കഥകളിയെ ജനകീയമാക്കി. കലാമണ്ഡലത്തിന് മേജര്‍ മൈനര്‍ സെറ്റുകള്‍ രൂപപ്പെട്ടു.

Vijaya Krishnan6

പച്ചയും കത്തിയും

കലാമണ്ഡലം ഗോപി, കോട്ടയ്‌ക്കൽ ചന്ദ്രശേഖരന്‍, വാസുപിഷാരടി, സദനം കൃഷ്‌ണൻകുട്ടി, ബാലസുബ്രഹ്‌മണ്യന്‍, കൃഷ്‌ണകുമാർ തുടങ്ങി കൃഷ്‌ണൻ നായര്‍ക്കു ശേഷം പച്ചയില്‍ പ്രഗല്ഭരുണ്ടായി. കത്തിയിലും വെള്ളത്താടിയിലും രാമന്‍കുട്ടി നായര്‍ പ്രതാപിയായി. കീഴ്പ്പടത്തിന്റെ വേഷങ്ങള്‍ വേറിട്ടു നിന്നു. മാര്‍ഗി വിജയ കുമാര്‍, ഷണ്മുഖന്‍, ചമ്പക്കര വിജയന്‍, പ്രദീപ് തുടങ്ങി യുവനിര സജീവം. മദ്ദളത്തില്‍ കലാമണ്ഡലം ശങ്കര വാര്യര്‍ വാദന രീതി പരിഷ്‌കരിച്ചു. ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണി കൃഷ്ണനും കൃഷ്‌ണദാസും ഇന്നിന്റെ അനിവാര്യരരാണ്. കഥകളി സംഗീതത്തില്‍ കോട്ടയ്‌ക്കൽ മധു, കലാമണ്ഡലം ബാബു നമ്പൂതിരി, വിനോദ്‌ കലാനിലയം രാജീവന്‍, നെടുമ്പള്ളി രാമന്‍ എന്നിവർക്കാണ് കേള്‍വിക്കാര്‍ അധികം. കലാനിലയം ഉണ്ണികൃഷ്‌ണൻ ഒരു കാലഘട്ടത്തിന്റെ ഉറച്ച ശബ്‌ദമായി. ചൂട്ടിയിലും കോപ്പു നിര്‍മ്മാണ കലയിലും കലാമണ്ഡലം ശിവരാമന്‍ അദ്വിതീയനായി.

Vijaya Krishnan7

അരങ്ങിന്റെ പുതുകാലം
കേരളത്തില്‍ കഥകളി അരങ്ങുകള്‍ പഴയ കാലത്തേക്കാള്‍ സജീവമാണ്. കളിയോഗങ്ങളുടെ പരിഷ്‌കരിച്ച പതിപ്പാണ് കഥകളി ക്‌ളബ്ബുകള്‍. പയ്യന്നൂർ കഥകളിയരങ്ങ് വര്‍ഷങ്ങളായി അപൂര്‍വ അരങ്ങുകള്‍ പരീക്ഷിക്കുന്നു. ഫേസ്‌ബുക്ക് വാട്‌സ്ആപ്പ് സംഘത്തില്‍ കഥകളി ചര്‍ച്ചകള്‍ നടക്കുന്നു. മാറുന്ന ഭാവുകത്വത്തിനനുസരിച്ച് കഥകളി കാണുന്ന പുതു തലമുറ രൂപപ്പെട്ടു വരുന്നു .കഥകളി സംഗീതവും മേളവും അഭിനയവും എത്രയോ മാറി. അന്നത്തെ കാലസ്ഥിതിയില്‍ മുന്‍പന്മാരായിരുവര്‍ പാടിയ, കൊട്ടിയ, നടിച്ച കാലമല്ല ഇന്നത്തേത്. ആ നിലയ്ക്ക് പഴയതിനെ സ്‌തുതുച്ച്  പുതിയതിനെ തിരസ്‌കരിക്കുന്നതും ഭൂഷണമല്ല. ഇന്നത്തെ സഹൃദയത്വത്തെ തൃപ്‌തിപ്പെടുത്താൻ പാകമാണ് കഥകളിയും കൂടിയാട്ടവും. അവരെ വിധിക്കേണ്ടത് വരും കാലമാണ്.

Vijaya Krishnan8കേരളീയതയുടെ ക്‌ളാസിക്കല്‍ കലാ പാരമ്പര്യ നിറവിനെ പൂരിപ്പിക്കുന്നതു തന്നെയാണ്ക ഥകളിയുടെയും കൂടിയാട്ടത്തിന്റെയും വര്‍ത്തമാന കാലം എന്നു പറയാം. നവ കേരളത്തില്‍ നവകല പുലരുന്നു. ആട്ടമായും കഥയായും കളിയായും.

 

Spread the love