എഴുത്ത്, എരിഞ്ഞടങ്ങുന്ന പകലിന്റെ വേദന
എഴുത്ത്, എരിഞ്ഞടങ്ങുന്ന പകലിന്റെ വേദന
ഏഴാച്ചേരി രാമചന്ദ്രന്‍ / അജിത് അരവിന്ദന്‍
അപൂര്‍വമായ കാവ്യശൈലി കൈവശമുള്ള കവി, വിട്ടുവീഴ്‌ചയില്ലാത്ത പത്രപ്രവര്‍ത്തകന്‍, മാധുര്യമുള്ള ഗാനങ്ങളുടെ രചയിതാവ്, പരിഭാഷകന്‍, സാഹിത്യ ചിന്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വമാണ് ഏഴാച്ചേരി രാമചന്ദ്രന്‍. ലളിതമായ ഭാഷയിലൂടെയും ആഴമുള്ള വിഷയങ്ങളിലൂടെയും വായനക്കാരെ ആകർഷിക്കുന്നതാണ് അദ്ദേഹത്തിന്റെ കാവ്യശൈലി.
കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ച ഏഴാച്ചേരി രാമചന്ദ്രന് പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. രണ്ട് തവണ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റായി. കുറച്ചുകാലം അധ്യാപകനായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ക്ഷണം സ്വീകരിച്ച് ദേശാഭിമാനിയിലെത്തിയ ഏഴാച്ചേരി രാമചന്ദ്രന്‍ ദേശാഭിമാനി വാരാന്ത്യപതിപ്പിന്റെ പത്രാധിപര്‍ ഉള്‍പ്പടെ വിവിധ സ്ഥാനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
‘മീനമാസത്തിലെ സൂര്യന്‍’ (ഏലേലം കിളിമകളേ, അടയ്ക്കാക്കുരുവികളടക്കം പറയണ, മാരിക്കാര്‍ മേയുന്ന) എന്ന സിനിമയിലെ ഗാനത്തോടെ ശ്രദ്ധേയനായി. ചന്ദന മണിവാതില്‍ പാതിചാരി എന്നു തുടങ്ങുന്ന ഗാനമുള്‍പ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചു. ആര്‍ദ്ര സമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂര്‍ എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകള്‍. ഉയരും ഞാന്‍ നാടാകെ, കാറ്റു ചിക്കിയ തെളിമണലില്‍ (ഓർമ്മപ്പുസ്‌തകം) എന്നിവയാണ് മറ്റു കൃതികള്‍. ധാര ആണ് അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന കൃതി.
ഇ.എം.എസ് നമ്പൂതിരിപ്പാടാണ് പത്രപ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചത്. ആ അനുഭവം പങ്കുവയ്ക്കാമോ?
തിരുവനന്തപുരത്ത് ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ ബിഎഡ് വിദ്യാർത്ഥിയായിരുന്ന കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനവുമായിട്ട് ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. സ്ഥിരമായി വൈകുന്നേരങ്ങളിൽ വെറുതെ പോയി ദേശാഭിമാനി ഓഫീസില്‍ ഇരിക്കും. അങ്ങനെ വന്നുവന്ന് ഇഎംഎസ് ഒരു ദിവസം ചോദിച്ചു: ‘ദേശാഭിമാനി പത്രത്തിലേക്ക് വരുന്നോ? താല്‍പര്യമുണ്ടോ?’ എന്ന്. ഇഎംഎസിനെ പോലെ ഒരാളില്‍ നിന്നും ആ ചോദ്യം വരുമ്പോള്‍ അതിനപ്പുറം മറ്റൊരു ക്ഷണമുണ്ടോ. രണ്ടു കൈയും നീട്ടി ഇഎംഎസ്സിന്റെ ആ വരവേല്‍പ്പ് ഞാന്‍ സ്വീകരിച്ചു. അങ്ങനെ ദേശാഭിമാനി പത്രത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും വന്നു.
പത്രപ്രവര്‍ത്തന കാലത്തെ ഓര്‍മ്മകള്‍ എന്തെല്ലാമാണ്?
സാഹിത്യ മേഖലയിലായിരുന്നു താല്‍പര്യം. വിദ്യാര്‍ഥി കാലത്തെ ചിന്തയും സൗഹൃദങ്ങളും ആ തരത്തില്‍ ആയിരുന്നു. എന്നാലും പത്ര പ്രവര്‍ത്തനകാലം ഞാന്‍ ശരിക്കും ആസ്വദിച്ചു. ഒരുപാട് അനുഭവങ്ങളും ബന്ധങ്ങളുമുണ്ടായി. സ്വാതന്ത്ര്യവും സമത്വവുമുള്ള ജോലി വേണമെന്ന ആഗ്രഹം പത്രമേഖലയിലെ ജോലിയില്‍ നിന്നും ലഭിച്ചു. തിരുവനന്തപുരം ദേശാഭിമാനിയില്‍ കെ.മോഹനന്റെ കീഴില്‍ ട്രെയിനി ആയിട്ടായിരുന്നു തുടക്കം. പത്രപ്രവര്‍ത്തനത്തില്‍ എനിക്കുള്ള പരിമിതികള്‍ മനസ്സിലാക്കി തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്.
കെ.സി.സെബാസ്റ്റ്യന്‍, ജോസഫ് ചെറുവത്തൂര്‍, കെ.ആര്‍.ചുമ്മാര്‍, പി.സി.സുകുമാരന്‍ നായര്‍ തുടങ്ങിയ തിരുവനന്തപുരത്തെ വിവിധ പത്ര ബ്യൂറോകളിലെ മഹാരഥന്മാരില്‍ നിന്നും പ്രത്യേകമായ വാത്സല്യം എനിക്ക് കിട്ടിയിരുന്നു. നിയമസഭാ റിപ്പോർട്ടിങ്ങിനൊക്കെ പോകുമ്പോള്‍ ജൂനിയറായ എനിക്ക് എല്ലാം സംശയങ്ങളായിരുന്നു. എന്ത് സംശയത്തിനും ഇവര്‍ സൗമ്യമായി വിശദീകരണം നൽകുമായിരുന്നു. അവരുടെ ആ സ്വഭാവത്തിന്റെ സവിശേഷതകള്‍ എന്നെ ഏറെ ആകർഷിച്ചിരുന്നു. അത് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലും പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു.
പത്രപ്രവർത്തകനായിരുന്ന കാലം ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. അവിടെ നിന്നും ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തിലും ഇഷ്‌ടത്തിലുമാണ് പിന്നീട് സ്വന്തമായ ഒരു പത്രപ്രവര്‍ത്തന ലോകം സൃഷ്‌ടിച്ചെടുക്കാൻ വേണ്ടിയുള്ള പരിശ്രമം വിഫലമായെങ്കിലും നടത്തിയതും.
പത്രപ്രവര്‍ത്തനം – തൊഴില്‍ എന്ന നിലയില്‍ അന്നും ഇന്നും എങ്ങനെ വിലയിരുത്തുന്നു?
അന്നത്തെ പത്രപ്രവര്‍ത്തനം മറ്റ് തൊഴിലുകളൊന്നും ഇല്ലാത്തവര്‍ക്ക് ആശ്രയമായിരുന്നു ഒരു ജോലിയായിരുന്നു. അതോടൊപ്പം അത് ഒരു സാമൂഹിക പ്രവർത്തനവുമായിരുന്നു. എന്നാൽ ഇന്ന് പത്രപ്രവര്‍ത്തനം ഒരു ഗസറ്റഡ് ഓഫീസറുടെ ജോലിപോലെ മാന്യതയും അംഗീകാരവും ഉള്ളതായി മാറി. ദേശാഭിമാനി പത്രത്തില്‍ ജോലിക്ക് പ്രവേശിക്കുമ്പോള്‍ ശമ്പളം 50 രൂപയായിരുന്നു. എല്ലാ ചെലവുകളും കഴിഞ്ഞ് പോക്കറ്റില്‍ മിച്ചം വരുമായിരുന്നു. ഇപ്പോള്‍ മാധ്യമ മേഖലയില്‍ അഞ്ചക്ക ശമ്പളം ലഭിക്കും. പ്രശസ്‌തിയും വിവിധ മേഖലകളിലുള്ളവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കാവുന്ന അന്തസ്സുള്ള തൊഴിലാണ് ഇന്ന് മാധ്യമ പ്രവര്‍ത്തനം. സാങ്കേതിക സാധ്യതകളും ഒട്ടനവധിയാണ്. ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ സാധ്യതകള്‍ മനസ്സിലാക്കി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായം ?
കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സമൂഹം 101 ശതമാനം അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ ചെള്ളും പതിരും മാറ്റി, കൊഴിച്ചെടുത്ത ധാന്യം പോലെ ചാരുതയും ചൈതന്യവും ശുദ്ധിയും ആത്മ ഗന്ധവുമുള്ളതാണെന്ന് പറയാം. അതി ദരിദ്രരില്ലാത്ത നാട്, ജനങ്ങള്‍ക്ക് വീടൊരുക്കുന്ന സര്‍ക്കാര്‍, പ്രകൃതിക്കായും നിലകൊള്ളുന്ന ഭരണ രീതി, വരും കാലങ്ങളിലെ ആവശ്യങ്ങള്‍ മുന്‍പേ മനസിലാക്കിയുള്ള വികസനങ്ങള്‍, സാംസ്‌കാരിക മുന്നേറ്റങ്ങൾ ഒക്കെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്നുണ്ട്. ഒരു വകുപ്പും മോശമാണെന്ന് പറയാനില്ല. എല്ലാ വകുപ്പുകളും പരസ്‌പരം മത്സരിച്ച് പ്രവർത്തിക്കുന്ന ഒരു സാഹചര്യമാണിപ്പോഴുള്ളത്. സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളെ പരസ്‌പരം ലയിപ്പിച്ച് വിളമ്പാനും മലയാള മനസ്സിലേക്ക് ജീവനൗഷധം പോലെ കടന്നു ചെല്ലാനും സര്‍ക്കാരിന് കഴിയുന്നു. 1957-ലെ സര്‍ക്കാര്‍ മുതല്‍ക്കുള്ള സര്‍ക്കാരുകളെ അടുത്തു കാണാന്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും അല്ലാതെയും ഭാഗ്യം ലഭിച്ചതു കൊണ്ട് നിലവിലെ സര്‍ക്കാര്‍ അതിനെല്ലാം മുകളില്‍ ഒരു അപാകതയുമില്ലാതെ അനുഭവ സമ്പത്തോടെ മുന്നോട്ട് പോകുന്നു എന്നത് ചാരിതാര്‍ത്ഥ്യം നൽകുന്നു.
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും സി അച്യുതമേനോന്റെയും ഇ.കെ.നായനാരുടെയും എ.കെ.ആന്റണിയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും മികച്ചതായിരുന്നു.
ആഴമുള്ള ആശയങ്ങള്‍ ലളിതമായ ഭാഷയിലൂടെ സൃഷ്‌ടിക്കുന്നതിലുള്ള കാവ്യ ദര്‍ശനം?
കവിതയില്‍ സ്നേഹവും കരുണയും സൗഹൃദവും വേണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ കവിതകളിലെ ഒരു വരിപോലും തമാശയായി അല്ലെങ്കില്‍ വിനോദമായി എഴുതാറില്ല. ഓരോ കവിതയും അതിന്റെ അര്‍ഥ വിരാമം അടക്കം അര്‍ഥ പൂർണ്ണമായിരിക്കണമെന്ന വാശിയോടെയാണ് രചന. കഴിഞ്ഞ ഇരുപത് വര്‍ഷമായി ധ്യാന, മനന നിരീക്ഷണ, പരീക്ഷണങ്ങളിലൂടെ കടന്നു വരുന്ന കവിതകള്‍ മാത്രമേ എഴുതാവൂ, അച്ചടിക്കാന്‍ കൊടുക്കാവൂ, വായനക്കാര്‍ക്ക് സമര്‍പ്പിക്കാവൂ എന്ന രീതി പാലിച്ചു വരുന്നുണ്ട്. 20 വര്‍ഷം മുമ്പുള്ള കവിതകളില്‍ ഈ പാലനം വേണ്ട വിധം ഉണ്ടായിരുന്നോ എന്നത് സംശയമാണ്. ആഴമുള്ള ആശയങ്ങള്‍ ലളിതമായ ഭാഷയില്‍ പറയുന്നു എന്നതും മറിച്ചുള്ള നിരൂപകവാദങ്ങളും ഒരുപോലെ സ്വീകരിക്കുന്നു.
”ആര്‍ദ്രസമുദ്രം”, ”കയ്യൂര്‍”, ”എന്നിലൂടെ” തുടങ്ങിയ കവിതകളില്‍ പ്രതികരണാത്മകമായ സാമൂഹിക ചിന്തകളും കാണാം. അതിന് പ്രചോദിപ്പിച്ച ഘടകങ്ങള്‍ ?
പ്രതികരണാത്മകമായ സാമൂഹിക ചിന്തയില്ലാതെ ഒരു കവിതയും എഴുതരുതെന്നാണ് കരുതുന്നത്. കലാലയങ്ങളിലും മറ്റ് സ്വകാര്യ സാഹിത്യ സാംസ്‌കാരിക ചര്‍ച്ചകളിലും ഗുരുക്കന്മാരായ അധ്യാപകരും സാംസ്‌കാരിക നായകരും എനിക്ക് പകർത്തുന്നതും ഈ ആശയമാണ്. എം. കൃഷ്‌ണൻ നായർ, ഗുപ്‌തൻ നായർ സാര്‍ എന്നിവരിൽ നിന്നൊക്കെ കേട്ടും പഠിച്ചുമാണ് സാഹിത്യത്തെ സമീപിക്കുന്നത്. കരടും പതിരും ഇല്ലാത്ത സാഹിത്യമായിരിക്കണം എഴുതുന്ന ഓരോ വരിയുമെന്ന് വാശിയുണ്ട്. പരമാവധി വിമര്‍ശനത്തിന് അതീതമാകാന്‍ കവിത ശ്രമിക്കണം, എന്നാൽ വിമര്‍ശിക്കാനുള്ള വകകള്‍ കവിതയില്‍ ഉണ്ടാവുകയും വേണം. വായനക്കാര്‍ക്ക് ഇഷ്‌ടപ്പെടുകയും ജനശ്രദ്ധ നേടുകയും സമൂഹത്തിനു ഗുണകരമാവുകയും വേണം.
‘ചന്ദന മണിവാതില്‍ പാതിചാരി’ എന്ന ഗാനം കാലാതീതമാണ്… കാവ്യ ഭാവവും സംഗീത സംവിധാനവുമായി ലയിച്ച അനുഭവങ്ങള്‍ പറയാമോ?
സാഹിത്യ സാംസ്‌കാരിക രംഗത്തെ എഴുത്തും സംസാരവും തുടങ്ങിയതിനു ശേഷം എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുകയും മധുരമായ തേനമ്പുകള്‍ കൊണ്ട് വേട്ടയാടുകയും യശസ്സ് കൂട്ടുകയും ചെയ്‌ത രണ്ട് കാര്യങ്ങളാണ് ‘ചന്ദനമണി വാതില്‍ പാതി ചാരി’ എന്ന പാട്ടും ‘നീലി’ എന്ന കവിതയും. വി.കെ. രാധാകൃഷ്‌ണൻ സംവിധാനം ചെയ്‌ത ‘മരിക്കുന്നില്ല ഞാന്‍’ എന്ന സിനിമയിലെ പാട്ടാണത്. സിനിമ നിർമ്മിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് അമൃത ഹോട്ടലിൽ വച്ച് സംവിധായകന്‍ സന്ദര്‍ഭം വിശദീകരിച്ച് പാട്ട് എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് രചന ഇഷ്‌ടപ്പെടുകയും ‘ഇത് കലക്കും’ എന്ന് പറയുകയും ചെയ്‌തു. ഗാനം ഹിറ്റാകുമെന്ന് പ്രവചിച്ച് ഹോട്ടൽ മുറിയിൽ നിന്നും എല്ലാവരെയും ഇറക്കി വിട്ട് രവീന്ദ്രന്‍ മാസ്റ്റര്‍ ഒറ്റയ്‌ക്കിരുന്ന് സംഗീതം നല്‍കിയതായി ഓർക്കുന്നു. സംഗീതത്തിന്റെ അന്തരാത്മാവിനപ്പുറം ബാഹ്യമായി സഞ്ചരിക്കുന്ന പ്രാണനും അദ്ദേഹം നല്‍കി.
‘ഹിന്ദോളം കണ്ണില്‍ തിരയിളക്കി’ എന്ന വരിയില്‍ ‘ഹിന്ദോളം’ എന്ന രാഗം ചേര്‍ക്കുമ്പോള്‍ ഹിന്ദോള രാഗത്തിന്റെ ലയ സൗഭാഗ്യമോ ആലാപന സാധ്യതകളോ അറിയില്ലായിരുന്നു. സാമജവരഗമന എന്ന കീര്‍ത്തനം ഹിന്ദോള രാഗത്തിലുള്ളതാണെന്ന് ഭാഗവതര്‍ പഠിപ്പിച്ചതിനാല്‍ അത് മനസ്സില്‍ അലയടിക്കുന്നുണ്ടായിരുന്നു. ഏകദേശം 12-16 വരികളുള്ള പാട്ട് എഴുതിയപ്പോള്‍ മനസ്സില്‍ സരസ്വതീദേവി നിറഞ്ഞു നിന്നിരുന്നു. ആ ഗാനം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്‌ടപ്പെടുന്നു, തലമുറകളായി കൈമാറി ഇപ്പോഴും ആളുകളുടെ മനസ്സിലുണ്ട്. ഇന്നും പല ചടങ്ങിലും പങ്കെടുക്കുമ്പോള്‍ ഈ പാട്ടിനെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ അതിയായ സന്തോഷമുണ്ട്.
ഏറെ പ്രചാരം നേടിയ കള്ളിയങ്കാട് നീലി സ്ത്രീ വിമോചനത്തിന്റെയും ശക്തിയുടെയും കാവ്യബിംബമായി മാറി. എങ്ങനെ വിലയിരുത്തുന്നു?
വിദ്യാർഥിയായിരുന്ന കാലത്താണ് കള്ളിയങ്കാട് നീലിയെക്കുറിച്ച് കോളേജ് ക്ലാസ്സില്‍ അധ്യാപകര്‍ പറഞ്ഞു തന്ന മിത്തുകളിലൂടെ ആദ്യമായി അറിയുന്നത്. ഈ കഥകള്‍ മനസ്സില്‍ നിറഞ്ഞു നിന്നപ്പോൾ കള്ളിയങ്കാട് നീലിയെ ഒന്ന് കണ്ടു കളയാമെന്ന് കരുതി ആദ്യമൊക്കെ ഒറ്റയ്ക്കും പിന്നീട് കൂട്ടുകാരുമൊത്തും പാര്‍വ്വതീപുരം കടന്ന് കള്ളിയങ്കാട് വന പ്രദേശങ്ങളില്‍ സഞ്ചരിച്ചു. തമിഴകത്തെ മലയാളികളോടും കള്ളിയങ്കാട് നീലിയോടും മനസ്സില്‍ വലിയ ആഭിമുഖ്യം ഉണ്ടായിരുന്നു. നീലി ഞാന്‍ എഴുതിയ ഒരു കവിത എന്നതിനേക്കാൾ എഴുതപ്പെട്ട ഒരു കവിതയാണ്. മനോഹരമായ സര്‍ഗ നിമിഷത്തില്‍ പിറന്നു വീണ കൃതിയാണെന്ന് എപ്പോഴും മനസ്സില്‍ തോന്നിയിട്ടുണ്ട്. സമൂഹത്തില്‍ സ്ത്രീ വിമോചനത്തിന്റെയും ശക്തിയുടെയും കാവ്യബിംബമായി വിലയിരുത്തപ്പെടുന്നതിൽ അഭിമാനമുണ്ട്.
ഇഷ്‌ടപ്പെട്ട എഴുത്തുകാര്‍ / സാഹിത്യ വ്യക്തിത്വം ?
ആദ്യം വായിച്ചു പഠിച്ച കവിത എഴുത്തച്ഛന്റെ അധ്യാത്മ രാമായണം ആണ്. അച്ഛന്‍ എല്ലാ ദിവസവും രാമായണം വായിക്കുമ്പോള്‍ പ്രധാന ശ്രോതാവായിരുന്നു. ലങ്കാദഹനം, അയോധ്യാകാണ്ഡം, ശൂര്‍പ്പണഖാവധം തുടങ്ങിയ രംഗങ്ങളായിരുന്നു കൂടുതല്‍ ഇഷ്‌ടപ്പെട്ടത് എഴുത്തച്ഛന്റെ കവിതയോട് അന്ന് തുടങ്ങിയ പ്രണയം ഇപ്പോഴും ഏറെയുണ്ട്. ഇത്രയേറെ ഗൗരവപൂര്‍ണ്ണമായും ലാളിത്യ സമ്പൂര്‍ണ്ണമായും ഭാവാത്മകമായും മലയാള കവിത എഴുതിയ ഒരാള്‍ പിന്നീട് ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്. വൈലോപ്പിള്ളി ശ്രീധര മേനോന്‍, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, പി.കുഞ്ഞിരാമന്‍ നായര്‍, പി.ഭാസ്‌കരന്‍, വയലാര്‍, ഒ.എന്‍.വി, സുഗതകുമാരി ടീച്ചര്‍, ബാലാമണിയമ്മ എന്നീ പ്രഗത്ഭരെ മറന്നിട്ടില്ല. ഇവരെല്ലാം ചേരുമ്പോള്‍ മലയാള കവിതാ പൂങ്കാവനം ഫലപുഷ്‌ടിയുള്ള ഒന്നായി മാറുന്നു.
അടുത്ത തലമുറ കവികളില്‍ പ്രിയപ്പെട്ടത്?
മലയാള കവിതാ ശാഖയില്‍ അതീന്ദ്രീയ കവിത എന്നൊരു പ്രത്യേക കാവ്യ രചന നിലവിലുണ്ടായിരുന്നു. കടമ്മനിട്ട രാമകൃഷ്‌ണനെയും സച്ചിദാനന്ദനെയും പോലുള്ള പ്രഗത്ഭമതികളാണ് ആ വലിയ തരംഗത്തിന് നേതൃത്വം നല്‍കിയത്. അതിലൂടെ അവര്‍ മലയാള സാഹിത്യത്തില്‍ ഗൗരവപ്പെട്ട സ്ഥാനങ്ങള്‍ ഉറപ്പിക്കുകയായിരുന്നു. കാലശേഷവും കടമ്മനിട്ടയുടെ കവിതകള്‍ ജനങ്ങളില്‍ സജീവമായി നിലനിൽക്കുന്നുണ്ട്. ‘നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്ന വരികള്‍ മലയാളികള്‍ ഇന്നും ചൊല്ലുന്നുണ്ട്. കെ.ജി.ശങ്കരപ്പിള്ള, മാധവന്‍ അയ്യപ്പത്ത്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്‌മി എന്നിവരുടെ കവിതകളും മലയാള കവിതയുടെ പുതിയ കാലഘട്ടത്തിന്റെ വരദാനങ്ങളായി. നന്നായി പാകപ്പെടുത്തിയതും കള ഒഴിവാക്കല്‍ പ്രക്രിയയിലൂടെ രൂപപ്പെടുത്തിയതുമായ പ്രഭാവര്‍മ്മയുടെ കവിതകളും ആ കൂട്ടത്തിൽ മുന്‍പന്തിയിലുണ്ട്.
ഏഴാച്ചേരിയില്‍ നിന്നുള്ള ഒരു യുവാവ് ഇത്തരമൊരു ബഹുമുഖ പ്രതിഭയിലേക്ക് വളർന്നു വന്ന പടവുകള്‍ എങ്ങനെ ഓർമ്മിക്കുന്നു?
കുടുംബത്തില്‍ സാഹിത്യവുമായി ബന്ധമുള്ള ആരും ഇല്ലായിരുന്നെങ്കിലും ചെറുപ്പം മുതലേ കവിതയോട് ആഴമുള്ള അടുപ്പം തോന്നിയിരുന്നു. അഞ്ചാം ക്ലാസ്സിലൊക്കെ പഠിക്കുമ്പോള്‍ ചെറുകവിതകള്‍ വെറുതെ എഴുതിയിരുന്നതായി ഓർക്കുന്നു. ചങ്ങമ്പുഴയുടെ രമണനിലെ ‘മലരണിക്കാടുകള്‍ തിങ്ങി വിങ്ങി’ എന്നൊക്കെയുള്ള കവിതയുടെ ഈണങ്ങളാണ് എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. തുടർന്ന് ചങ്ങമ്പുഴയുടെ ശ്രേണിയിൽപ്പെട്ട പ്രമുഖ കവികളുടെ രചനകള്‍, ചങ്ങമ്പുഴക്ക് പ്രേരണയായി തീർന്ന എഴുത്തച്ഛന്‍ അടക്കമുള്ള പൂര്‍വികരുടെ കൃതികള്‍, പിന്നീട് വന്ന വയലാര്‍ രാമവര്‍മ്മ, പി.ഭാസ്‌കരന്‍, ഒഎന്‍വി, തിരുനല്ലൂര്‍ കരുണാകരന്‍, പുതുശ്ശേരി രാമചന്ദ്രന്‍, സുഗതകുമാരി ഇവരെകുറിച്ചൊക്കെ അറിയാനും കവിത സമ്പൂര്‍ണമായി വായിക്കാനുമുള്ള താല്‍പര്യമുണ്ടായി. സാഹിത്യത്തില്‍ കവിതയാണ് ഏറ്റവും കൂടുതലായി വായിക്കുകയും അനുഭവിക്കുകയും ചെയ്‌തത്. കവിതയില്‍ തന്നെയാണ് ഇനി മേലിലുള്ള പണി എന്ന് തീരുമാനിക്കുകയായിരുന്നു. അവിടെ നിന്നും അതങ്ങ് ഉറയ്ക്കുകയും ചെയ്‌തു.
മലയാളത്തിലെ ഒട്ടുമിക്ക കവികളുടെയും കവിതകള്‍ വായിക്കുകയും, രാമചരിതം ഉള്‍പ്പെടെയുള്ള പൂര്‍വകാല കവിതകള്‍ ക്ലാസ്സില്‍ പഠിക്കുകയും ചെയ്‌തിട്ടുണ്ട്. ജന്മസ്ഥലമായ കോട്ടയം രാമപുരം പഞ്ചായത്തില്‍ മഹാകവി രാമപുരത്ത് വാര്യര്‍ (കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ രചയിതാവ്), പാലായിലെ കട്ടക്കയത്ത് ചെറിയാന്‍ മാപ്പിള, മഹാകവി പാലാ നാരായണന്‍ നായര്‍, പ്രവിത്താനം പി.എം.ദേവസ്യ എന്നിവരൊഴികെ അന്ന് അധികം എഴുത്തുകാര്‍ ഉണ്ടായിരുന്നില്ല. കോളേജില്‍ പഠിക്കുമ്പോള്‍ അത്യാവശ്യം കവിതകളൊക്കെ ചെറിയ ചെറിയ പ്രസിദ്ധീകരണങ്ങളിലൊക്കെ പ്രസിദ്ധീകരിച്ചു വന്നിരുന്നു.
കവിത രചനയോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം ധാരാളമായി കവിതകള്‍ എഴുതിക്കൊണ്ടിരുന്നു. ആ രചനകളൊക്കെ സ്വീകരിക്കപ്പെടും എന്ന തെറ്റായ ചിന്തകള്‍ ആദ്യം ഉണ്ടായിരുന്നു. പിന്നീട് നിരൂപകരുടെയും സഹോദര കവികളുടെയും നിര്‍ദേശങ്ങള്‍ തിരുത്തലുകള്‍ വരുത്താനും നല്ല കവിതകള്‍ എഴുതുവാനുള്ള ഊര്‍ജവും നല്‍കി. അധ്യാപകനായിരിക്കുമ്പോഴും പത്രപ്രവര്‍ത്തകനായിരിക്കുമ്പോഴും സാഹിത്യമേഖലയില്‍ എത്തണം എന്ന ചിന്ത ഉണ്ടായിരുന്നു.
‘അകലെയങ്ങോ ഇടിമുഴക്കം’ എന്ന കവിതാ സമാഹാരമാണ് ആദ്യത്തേത്. പിന്നെയും ധാരാളം കവിതാ സമാഹാരങ്ങള്‍ രചിച്ചു. ദശകങ്ങള്‍ പിന്നിട്ട് തിരിഞ്ഞു നോക്കുമ്പോള്‍ 53-ാമത്തെ പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ നല്‍കിയിരിക്കുകയാണിപ്പോള്‍. ആത്മകഥാപരമായ രണ്ടു ഗദ്യ പുസ്‌തകങ്ങൾ, കഥാകാവ്യങ്ങള്‍ ആയിട്ടുള്ള ഏഴു പുസ്‌തകങ്ങൾ, ഗാന സമാഹാരങ്ങള്‍ ആറെണ്ണം, നാടൻപാട്ടുകളുടെ ഒരു പുസ്‌തകം, ഇന്ത്യാ ചരിത്രം, മുഗള്‍ കാലഘട്ടം ഒക്കെ അടിസ്ഥാനപ്പെടുത്തിയുള്ള കൃതികള്‍, ചലച്ചിത്ര ഗാനങ്ങള്‍, നാടക ഗാനങ്ങള്‍, നാടോടിപ്പാട്ടുകൾ, ലളിത ഗാനങ്ങള്‍ എന്നിവയുടെ രചന, പാട്ടുകളോടുള്ള അടങ്ങാനാവാത്ത അഭിനിവേശത്താല്‍ എഴുതിയ ‘ഗാനലോക വീഥികളില്‍’ എന്ന പുസ്‌തകം തുടങ്ങിയ അനവധി രചനകള്‍ സമൂഹത്തിന് അര്‍പ്പിക്കാന്‍ കഴിഞ്ഞു.
പത്രപ്രവര്‍ത്തകനായി, പാട്ടെഴുത്തുകാരനായി, നാടകഗാന രചയിതാവായി, ലളിത ഗാനങ്ങള്‍ രചിച്ചു. ചെറിയ തോതില്‍ എല്ലാ സാഹിത്യ മേഖലകളിലും കൈവച്ചു. ഒരിടത്തും ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എരിഞ്ഞടങ്ങാന്‍ തുടങ്ങുന്ന പകലിന്റെ കണ്ണിലെ വേദനയാർന്ന വെളിച്ചമായിരുന്നു എഴുതിയതില്‍ പലതും എന്ന് അഭിമാനത്തോടെ ഓര്‍ക്കാനാകും.
തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും അഭിമാനത്തോടെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന മേഖല ഏതാണ്?
കവി ഏഴാച്ചേരി രാമചന്ദ്രന്‍ എന്ന് അറിയപ്പെടുന്നതാണ് എക്കാലത്തും എനിക്ക് അഭിമാനവും സന്തോഷവും. ഗാനരചയിതാവ് എന്ന് പറയുമ്പോള്‍ ചെറുതായിട്ട് ഒരു നാണം തോന്നുമെങ്കിലും കവി എന്നൊരാൾ വിളിക്കുമ്പോഴാണ് ഞെളിഞ്ഞു നില്‍ക്കണം എന്ന് എനിക്ക് തോന്നുന്നത്. സ്പോണ്ടേനിയസ് ഓവര്‍ഫ്ളോ ഓഫ് പവര്‍ഫുള്‍ ഫീലിങ്സ് ആണ് എനിക്ക് കവിതകള്‍. മറ്റുള്ള മേഖലകളൊക്കെ കാലങ്ങള്‍ക്കനുസരിച്ച് എന്നിൽ വന്നു പോകുന്ന അനുഭവമാണ് നൽകിയിട്ടുള്ളത്. കവിതയാണ് എന്റെ ലോകമെന്നു മനസ്സ് എന്നോട് ഇപ്പോഴും പറയാറുണ്ട്. മനസ്സിലാണ് കവിതകള്‍ മുഴുവന്‍ വിരിയുന്നതും. അതുകൊണ്ടു തന്നെ എന്റെ വീടിന്റെ പേരും ‘മനസ്സ്’ എന്നാണ്.
