മണ്ണിനോളം നനവുള്ള നന്മ
മണ്ണിനോളം നനവുള്ള നന്മ
അജിത സരസ്വതി
ലൈഫ് പ്രോഗ്രാം മാനേജര്‍
അര്‍ഹരായ എല്ലാവര്ക്കും സര്‍ക്കാര്‍ തന്നെ ഭൂമി വാങ്ങി നല്‍കുക എന്നത് തീര്‍ത്തും അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് ജനപങ്കാളിത്തം കൂടി ഉറപ്പാക്കി ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിന് സര്‍ക്കാര്‍ ഏറ്റെടുത്തത്. ക്യാമ്പയിന് പ്രഖ്യാപിച്ചതു മുതല്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സ്വന്തം ഭൂമിയില്‍ നിന്ന് ഒരു ഭാഗം നീക്കിവയ്ക്കാന്‍ തയ്യാറായി മുന്നോട്ടു വരികയാണ്.
മനസ്സോടിത്തിരി മണ്ണ്
2021 നവംബര്‍ 30നാണ് ”മനസ്സോടിത്തിരി മണ്ണ്” എന്ന ക്യാമ്പയിന് ആരംഭിച്ചത്. നിലവില്‍ സമാനതകളില്ലാത്ത ജനകീയ ഇടപെടലായി ക്യാമ്പയിന് മുന്നേറുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനതലം മുതല്‍ സംസ്ഥാനതലം വരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭൂരഹിത, ഭവനരഹിതരുടെ എണ്ണത്തിന് ആനുപാതികമായി ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം/ക്ലസ്റ്റര്‍ ഹോമുകളുടെ നിര്‍മ്മാണം, വൃക്തിഗത ഹൗസിങ് പ്ലോട്ടുകളുടെ വിതരണം എന്നിവയ്ക്കായി ഓരോ പ്രദേശത്തും ക്യാമ്പയിനിലൂടെ ലഭ്യമായ/വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ഭൂമി നൽകുന്നു. ക്യാമ്പയിന്റെ ഭാഗമായി 76 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 84 സ്ഥലങ്ങളുടെ (2271.815 സെന്റ്) രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
നന്മയുടെ കഥകള്‍
- പത്തനംതിട്ട ജില്ലയില്‍ വല്ലന ഗുരുമന്ദിരത്തിന് സമീപം പലചരക്ക് സ്റ്റേഷനറി കട നടത്തി ഉപജീവനം നടത്തി വരുന്ന ഹനീഫയുടെ ഭാര്യ ജാസ്മിന് കുടുംബ ഓഹരിയായി ലഭിച്ച ഭൂമി വിറ്റു കിട്ടുന്ന തുക കൊണ്ട് വിശുദ്ധ ഹജ്ജ് കര്‍മ്മം നടത്തുന്നതിന് തീരുമാനിച്ചിരുന്നു. എന്നാൽ വീടില്ലാത്ത നിരവധി കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങുന്നതിന് കിടപ്പാടമൊരുക്കുന്നതിനുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥത തിരിച്ചറിഞ്ഞ ഹനീഫ-ജാസ്മിൻ കുടുംബം സര്‍ക്കാരിന്റെ ‘മനസ്ലോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമാകുന്നതിന് തീരുമാനിച്ചു. അതിന്റെ ഭാഗമായി വിശുദ്ധ ഹജ്ജ് കര്‍മ്മം മാറ്റിവെയ്ക്കുകയും ഇതിനായി മാറ്റിവെച്ച 28 സെന്റ് സ്ഥലം ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനായി വാഗ്ദാനം ചെയ്തിട്ടുണ്ട്.
- വിഖ്യാത സംവിധായകന് അടൂര്‍ ഗോപാല കൃഷ്ണൻ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഏറത്ത് ഗ്രാമപഞ്ചായത്തിലുള്ള 13 സെന്റ് ഭൂമി സൗജന്യമായി ലൈഫ് മിഷന് നൽകുന്നതിന് സമ്മതപ്രതം നൽകിയിട്ടുണ്ട്.
- തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ 261 സെന്റ് ഭൂമിയാണ് പിയോട് സുകുമാരന്‍ വൈദ്യര് സംഭാവന ചെയ്തത്. ഈ ഭൂമിയില്‍ 112 ഭൂരഹിത ഭവന രഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഭവന സമുച്ചയവും അങ്കണവാടിയും ഉൾപ്പെടുന്ന സമഗ്ര പദ്ധതിക്ക് തുടക്കമായി. ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിര്‍വഹിച്ചു. നിലവില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്.
- എറണാകുളം ജില്ലയിലെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ സമീര്‍ പൂങ്കുഴി സംഭാവനയായി നല്കിയ 42.754 സെന്റ് ഭൂമിയില്‍ 24 യൂണിറ്റുകളടങ്ങുന്ന ഭവന സമുച്ചയ നിര്‍മ്മാണം പുരോഗമിക്കുന്നു. ഈ സ്ഥലത്ത് സമീര്‍ പൂങ്കുഴി 18 യൂണിറ്റുകളടങ്ങിയ ഒരു ഭവന സമുച്ചയവും സൗജന്യമായി നിര്‍മ്മിച്ച് നല്‍കും.
- കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗ്രാപഞ്ചായത്തിലെ സുബ്രമണ്യന്‍ എന്ന അബ്ദുള്ള ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസത്തിനായി നല്കിയ ഭൂമിയിലും പരവൂര്‍ നഗരസഭയില്‍ ഭര്‍ത്താവിന്റെ സ്മരണാർഥം ഹേമ ജയച്രന്ദന്‍ നല്കിയ ഭൂമിയിലുമായി ലയൺസ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318-എ ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി നിര്‍മ്മിച്ചു നൽകുന്ന ”ലയൺസ് ലൈഫ് വില്ലേജ്” കളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
- കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ തോല്ലൂരില് ഡോ.ബി.രാജലക്ഷ്മി, ആര്.ബി.ബാബു എന്നീ സഹോദരങ്ങള്‍ അമ്മയുടെ ഓര്‍മ്മയ്ക്കായി നല്കിയ 65.086 സെന്റ് ഭൂമിയില്‍ 13 കുടുംബങ്ങള്‍ക്കായി ”സാരസ്വതം” നഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട സ്ഥലത്ത് ഒരു കുടുംബത്തിന് അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങളോടുകൂടി രണ്ട് കിടപ്പുമുറി, ഹാള്‍, കിച്ചന് ഉള്‍പ്പെടെ 420 സ്ക്വയര്‍ ഫീറ്റിലുള്ള വീടുകള്‍ നിര്‍മ്മിക്കുകയും സൗജന്യമായി കുടിവെള്ളം, വൈദ്യുതി കണക്ഷന് എന്നിവ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സാരസ്വതം നഗറിലെ സാംസ്കാരിക നിലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
- ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ ക്യാമ്പയിന്റെ ഭാഗമായി താച്ചേത്തറ മാധവന് ഫൗണ്ടേഷന് ചെയര്മാന് എം.സഹദേവന് 10 കുടുംബങ്ങള്‍ക്ക് ഭൂമി നല്കി. ഈ ഭൂമിയില്‍ ലൈഫ് പദ്ധതി മുഖേനയുള്ള ഭവന നിര്‍മ്മാണം പുരോഗമിക്കുന്നു.
- ഫെഡറല്‍ ബാങ്കിന്റെ ഉടമസ്ഥതയില്‍ എറണാകുളം ജില്ലയിലെ രായമംഗലം ഗ്രാമപഞ്ചായത്തിലും ആയവന ഗാമപഞ്ചായത്തിലും തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലുമായി ഉണ്ടായിരുന്ന 185.483 സെന്റ് വസ്തു ലൈഫ് മിഷന് നൽകിയിട്ടുണ്ട്.
എടുത്തുപറയാന്‍ കഴിയുന്ന ഈ ഉദാഹരണങ്ങള്‍ക്കപ്പുറം ഇനിയും ഏറെ സമര്‍പ്പണങ്ങളും മഹത്തായ വാഗ്ദാനങ്ങളും ലൈഫ് മിഷന് ലഭ്യമാക്കിയിട്ടുണ്ട്. സുമനസ്സുകളായ വൃക്തികളോടൊപ്പം ചാരിറ്റബിള്‍ / കോര്പ്പറേഷന് സ്ഥാപനങ്ങളും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നായകരും മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനുമായി സഹകരിക്കുന്നുണ്ട്.
ഇതിനു പുറമെ 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 905.57 സെന്റ് ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇതിന്റെ രജിസ്ട്രേഷന് നടപടികള്‍ പുരോഗമിച്ചു വരികയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭ്യമായ 22,71,815 സെന്റ് ഭൂമിയില്‍ നിന്ന് 264 ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് നല്‍കിക്കഴിഞ്ഞു.
