ആശുപത്രികള്‍ സുസജ്ജം സേവനങ്ങളില്‍ ആധുനിക ചുവടുകള്‍
-വീണാ ജോര്‍ജ്
ആരോഗ്യം വനിതാ-ശിശുവികസന വകുപ്പ് മന്ത്രി
ഓരോ പൗരന്റെയും ആരോഗ്യ പരിപാലനത്തിനും ക്ഷേമത്തിനുമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുന്നു.
സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ടു കനല്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള ആദ്യ പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ നിലവില്‍ വന്നു. ഗാര്‍ഹിക പീഡനത്തിനിരയാകുന്നവര്‍ക്കുള്ള പ്രൊവൈഡിങ്ങ് സെന്ററുകള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് ഉണര്‍വ് പദ്ധതിയും നടപ്പിലാക്കി വരുന്നു.
എറണാകുളത്ത് ‘എന്റെ കൂട്’ പദ്ധതി നടപ്പിലാക്കി. കോവിഡ് മൂന്നാം തരംഗം മുന്‍കൂട്ടി കണ്ടു തന്നെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയും ആരോഗ്യ പ്രവര്‍ത്തകരെ സുസജ്ജമാക്കിയും ജനങ്ങളുടെ സഹകരണത്തോടും കോവിഡിനെ പ്രതിരോധിക്കാനായി.
ജീവിത ശൈലീ രോഗ നിര്‍ണ്ണയത്തില്‍ പുതിയ ചുവടുവയ്പ്പ്
ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തു വരുന്നു. 73 ലക്ഷത്തിലധികം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സ്‌ക്രീനിങ്ങ് നടത്തി.
ആശുപത്രികള്‍ മികവിലേക്ക്
ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കി. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ സംവിധാനം തുടങ്ങിയവ വര്‍ധിപ്പിച്ചു. ഒരു വര്‍ഷം കൊണ്ട് ആകെ 724 ഐസിയു കിടക്കകളും 878 ഓക്‌സിജന്‍ കിടക്കളും സജ്ജമാക്കി. പുതുതായി 939 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചു. കൂടാതെ സംസ്ഥാനത്ത് ഓക്‌സിജന്‍ സ്വയം പര്യാപ്‌തത ഉറപ്പാക്കി. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1920.14 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ശേഷിയുണ്ട്.
ആരോഗ്യ കേന്ദ്രങ്ങള്‍
സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) കുടുംബാരോഗ്യ കേന്ദ്രങ്ങളായി (എഫ്എച്ച്‌സി) മാറ്റുന്നതിന്റെ ഭാഗമായി 597 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 4261 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളായി ഉയര്‍ത്തി വരുന്നു.
അര്‍ബുദ ചികിത്സാ രംഗത്ത് മുന്നേറ്റം
നിലവിലുള്ള റീജിണല്‍ ക്യാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളേജുകളെയും ശാക്തീകരിക്കുന്നതിനു പുറമെ കേരള ക്യാന്‍സര്‍ രജിസ്ട്രി പ്രവര്‍ത്തനമാരംഭിച്ചു. രോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിനായും ജനങ്ങളെ ബോധവല്‍കരിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തുട നീളം സ്പെഷ്യല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു.
25 ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച് ആയി പ്രഖ്യാപിച്ചതിനു പുറമെ ആര്‍ സി സിയിലും എം സി സിയിലും നൂതന ചികിത്സാ സംവിധാനങ്ങള്‍ കൊണ്ടു വന്നു. റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള സമഗ്ര ചികിത്സാ സംവിധാനത്തിന് ആദ്യമായി എം സി സിയില്‍ തുടക്കമായി. കുട്ടികളിലെ കണ്ണിന്റെ ക്യാന്‍സറിന് എം സി സിയില്‍ നൂതന ചികിത്സക്കും ആര്‍ സി സിയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ലുട്ടീഷ്യം ചികിത്സക്കും തുടക്കമായി.
വീടുകളില്‍ സൗജന്യ ഡയാലിസിസ്
ആശുപത്രികളില്‍ പോകാന്‍ കഴിയാത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 12 ജില്ലകളില്‍ ആരംഭിച്ചു. പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു.
ജില്ല- ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി
വിവിധ ജില്ല-ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നു. കാസര്‍ഗോഡ് ആദ്യ ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോ ഗ്രാം സൗകര്യങ്ങള്‍ ലഭ്യമാക്കി.
രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി വിജയിപ്പിച്ചു.
കൂടാതെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയും ആശുപത്രികളെ ദേശീയ ഗുണ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതിയും തയ്യാറാക്കി വരുന്നു.
എസ്.എം.എ. ക്ലിനിക്
അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖത്തിന് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ക്ലിനിക് ആരംഭിച്ചു. എസ്.എം.എ. രോഗികളുടെ സ്പൈന്‍ സര്‍ജറിയ്ക്ക് ആദ്യ സംവിധാനം നിലവില്‍ വന്നു. എസ്.എം.എ. രോഗത്തിന് സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി മരുന്ന് നല്‍കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമാണ്.
ആദിവാസി മേഖലയ്ക്ക് കരുതല്‍
ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി അനുവദിച്ചു. ഇടുക്കിയിലെ ഇടമലക്കുടി, ചട്ട മൂന്നാര്‍ എന്നീ ആശുപത്രികളില്‍ തസ്‌തിക അനുവദിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി സ്വീകരിച്ചു.
ഗോത്ര മേഖലയിലെ ആശുപത്രികളുടെ വികസനവുമായി ബന്ധപ്പെട്ടു 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കുകയും സിക്കിള്‍സെല്‍ രോഗികള്‍ക്ക് 108 ആംബുലന്‍സ് സേവനം ലഭ്യമാക്കുകയും ചെയ്‌തു. കോട്ടത്തറ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ടു ലെവല്‍ 3 ആംബുലന്‍സ് സേവനവും ലഭ്യമാക്കി. കോട്ടത്തറ ആശുപത്രിയില്‍ ആദ്യ സ്‌തനാർബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അട്ടപ്പാടിക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇ- സഞ്ജീവനി
ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്ക് കുറയ്ക്കുന്നതിനായ് ആരംഭിച്ച ഇ-സഞ്ജീവനി, ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇ- സഞ്ജീവനി വഴി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി. ത്രിതല ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനത്തിനും അനുമതി നല്‍കി.
മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം ഉയര്‍ത്തി
കേരളത്തില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യമായി ക്യാന്‍സര്‍ രോഗികള്‍ക്ക് നൂതന റേഡിയേഷന്‍ നല്‍കുന്ന ഉപകരണമായ ലിനാക് സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജുകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുന്നതിന് നടപടി ആരംഭിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍കൊണ്ട് 26 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടി. മെഡിക്കല്‍ രംഗത്ത് 1330 സീറ്റുകളും നഴ്‌സിങ്ങിന് 832 സീറ്റുകളും വര്‍ധിപ്പിച്ചു.
ആയുഷ് മേഖല
ആയുഷ് വിഭാഗങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രാധാന്യം നൽകുന്നതിൻ്റെ ഭാഗമായി 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ആയുഷ് മേഖലയില്‍ ഇ-ഹോസ്‌പിറ്റൽ സംവിധാനം നടപ്പിലാക്കി. 280 ആയുഷ് ഡിസ്പെന്‍സറികളെ കൂടി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തി. ഇതോടെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ആകെ 520 ആയി.
കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി മുഖേന 114 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിയുടെ ആദ്യഘട്ടമായ ഗവേഷണ ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയിയിലാണ്. ആറ് കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ പരിപൂര്‍ണ്ണ ആരോഗ്യത്തിന് വേണ്ടിയുള്ള സിദ്ധ ചികിത്സാ പദ്ധതിയായ ‘മഗിളര്‍ ജ്യോതി’ ആരംഭിച്ചു.
ഹോമിയോപ്പതി ചികിത്സയുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന് കീഴില്‍ വിവിധ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് ഹാര്‍ട്ട് പദ്ധതി ആരംഭിച്ചു.
വിജയ മുദ്രകള്‍ ഭാവി രേഖകള്‍
- സൗജന്യ സട്രോക്ക് ചികിത്സാ സംവിധാനം 10 ജില്ലകളില്‍ യാഥാര്‍ഥ്യമാക്കി.
- ഏറ്റവും കുറവ് മാതൃ, ശിശു മരണമുള്ള സംസ്ഥാനം.
- ദേശീയ സാമൂഹിക പുരോഗതി റിപ്പോര്‍ട്ടില്‍ ആരോഗ്യ പരിചരണത്തിലും പോഷകാഹാരത്തിലും കേരളം മുന്നില്‍.
- മാതൃ ശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം.
- ഇന്ത്യയില്‍ ആദ്യമായി വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കി.
- ആന്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം.
- സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കി.
- (മെഡി. കോളേജുകളില്‍ 12.17 കോടിയില്‍ നിന്നും 25.42 കോടിയാക്കി).
- ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്, മെഡിക്കല്‍ പ്രാക്‌ടീഷ്യനേഴ്‌സ്, പ്രാക്ടീഷ്യനേഴ്‌സ്, പകര്‍ച്ചവ്യാധി പ്രതിരോധം എന്നീ ബില്ലുകള്‍ യാഥാര്‍ഥമാക്കി.