അറിവ് പൂക്കുന്ന കാടകങ്ങള്‍
അറിവ് പൂക്കുന്ന കാടകങ്ങള്‍
ബിജോ വേലിക്കകത്ത്
മാധ്യമ പ്രവര്‍ത്തകന്‍
കൂറ്റന്‍ മരങ്ങളും ചെറു തോടുകളും അതിരു തീർക്കുന്ന ഭൂമികയില്‍ രണ്ടു മുറികളുള്ള ഒരു കെട്ടിടം. സമീപമുള്ള രണ്ടു മൂന്നു കുടിലുകള്‍ ഒഴിച്ചാല്‍ തീര്‍ത്തും വിജനം. ഇവിടെ രാവിലെ ഒമ്പതര കഴിഞ്ഞാല്‍ കുട്ടികളുടെ കളി ചിരിയാല്‍ മറ്റൊരു ലോകമാണ്. ഇടുക്കിയിലെ മാങ്കുളത്തിനടുത്ത് ഗോത്ര ഗ്രാമമായ കുറത്തിക്കുടിയിലെ കുട്ടികൾ അറിവിന്റെ ഹരിശ്രീ കുറിക്കുന്നത് ഇവിടെയാണ്.
ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായുള്ള ഏകാധ്യാപക വിദ്യാലയമായ ഇവിടെ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി കഴിഞ്ഞ അധ്യായന വര്‍ഷം 32 കുട്ടികളാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം പത്തോളം കുട്ടികൾ എത്തുമെന്നാണ് കരുതുന്നതെന്ന് സ്‌കൂളിലെ അധ്യാപകനായ പി. കെ മുരളീധരന്‍ പറഞ്ഞു. മുതുവാന്‍ വിഭാഗത്തിൽപെട്ട ജനത മാത്രം താമസിക്കുന്ന കുറത്തിക്കുടിയില്‍ മുന്നൂറ്റി അറുപതിലധികം കുടുംബങ്ങളുണ്ട്. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ സ്‌കൂള്‍. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയുടെ നേർക്കാഴ്‌ചയാണ് വനത്തിനുള്ളിലെ ഈ ഏകാധ്യാപക വിദ്യാലയം. കുറത്തിക്കുടിക്ക് തൊട്ടടുത്തുള്ള സര്‍ക്കാര്‍ സ്‌കൂള്‍ 15 കിലോമീറ്റര്‍ അപ്പുറത്തുള്ള ചിക്കണാംകുടി എല്‍പി സ്‌കൂളാണ്.
നേരത്തെ ഉണ്ടായിരുന്ന ഏകാധ്യാപക വിദ്യാലയങ്ങളില്‍ ചുരുക്കം ചിലതാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാത്ത ഗ്രാമീണ മേഖലകളിലെ കുട്ടികൾക്കു വിദ്യാഭ്യാസം ഉറപ്പു നൽകുന്നതിനായി ആവിഷ്‌കരിച്ച (ഇജിഎസ്) പദ്ധതിയില്‍ 2000 ത്തിലാണ് ഇത്തരം സെന്ററുകള്‍ തുടങ്ങിയത്. മൾട്ടി ഗ്രേഡ് ലേണിങ് സെന്റര്‍ എന്നും അറിയപ്പെട്ടിരുന്നു. 2010-ല്‍ ഡിപിഇപി ഈ പദ്ധതി ഉപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ ഇതു തുടരാന്‍ തീരുമാനമെടുത്തു. ഇതോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി ഏകാധ്യാപക വിദ്യാലയങ്ങള്‍.
തൊട്ടടുത്ത് സ്‌കൂള്‍ ഇല്ലാത്ത ഗോത്ര മേഖലയിലെ കുട്ടികൾ എംആര്‍എസ് ഹോസ്റ്റലുകളിലും മറ്റും നിന്നാണ് പഠിക്കുന്നത്. എന്നാൽ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കളില്‍ നിന്നു അകന്നു നിൽക്കുക പ്രായോഗികമല്ല. അതിനാല്‍ ചിലര്‍ക്ക് വിദ്യാഭ്യാസമേ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. പത്തു വയസ്സിനു ശേഷം ഒന്നാം ക്ലാസില്‍ ചേരുന്ന ആദിവാസി കുട്ടികളും ധാരാളമുണ്ടായിരുന്നു. 4-5 ക്ലാസുകളില്‍ എത്തുമ്പോള്‍ പ്രായത്തിന്റെ അന്തരം മൂലം ഒപ്പമുള്ള കുട്ടികളുമായി മാനസികമായി ഒത്തു പോകാനാകാതെ ഇവര്‍ പഠനം അവസാനിപ്പിക്കും. ഇത്തരം പ്രതിസന്ധികള്‍ക്കുള്ള ആശ്രയമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍.
പൊതു വിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍
അടിമാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മാങ്കുളത്തു നിന്ന് 15 കിലോമീറ്റര്‍ ഉള്ളിലാണ് ഈ പ്രദേശം. മാങ്കുളം ജല വൈദ്യുതി പദ്ധതിയുടെ പവര്‍ സ്റ്റേഷന്‍ കുറത്തിക്കുടിയില്‍ ആയതിനാല്‍ അവിടേക്ക് ജീപ്പ് മാത്രം വരുന്ന ഒരു വഴിയുണ്ട്. ഇതു മാത്രമാണ് പുറം ലോകത്തേക്കുള്ള പാത. രാവിലെ 9.30ന് തുടങ്ങുന്ന ക്ലാസ് 3.30ന് അവസാനിക്കും. കാട്ടു മൃഗങ്ങളുടെ ശല്യമുള്ളതിനാലാണ് നേരത്തെ ക്ലാസ് അവസാനിപ്പിക്കുന്നത്. മറ്റു പൊതു വിദ്യാലയങ്ങളില്‍ ലഭിക്കുന്ന സൗകര്യങ്ങളെല്ലാം കുട്ടികൾക്ക് ഇവിടെ ലഭിക്കും. ഉച്ച ഭക്ഷണവും പാഠ പുസ്‌തകങ്ങളും യൂണിഫോമും ഉള്‍പ്പെടെ പൊതു വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കും. മറ്റു പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ അതേ പാഠ പുസ്‌തകങ്ങൾ തന്നെയാണ് പഠിക്കുന്നത്. സിലബസില്‍ മാറ്റമില്ല. പരീക്ഷകളും സംസ്ഥാനത്തെ മറ്റു സ്‌കൂളുകളിലെ അതേ ടൈംടേബിളില്‍ തന്നെ നടക്കും. കൃത്യമായ ഇടവേളകളില്‍ എഇഒയും നൂൺ മീല്‍ ഓഫീസറും സ്‌കൂളില്‍ സന്ദര്‍ശനം നടത്തി അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
മലയാളത്തില്‍ അച്ചടിച്ച പുസ്‌തകങ്ങൾ അതേപടി കുട്ടികളെ പഠിപ്പിക്കുക പ്രയാസമാണ്. കാരണം, മലയാളം ഒട്ടും അറിയാത്ത കുട്ടികളുണ്ട്. മുതുവാന്‍ ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. ഇതിന് ലിപിയില്ല. അതുകൊണ്ട് അവരുടെ ഭാഷയെയും ഉച്ചാരണത്തെയും കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് പഠനമെന്ന് മുരളീധരന്‍ പറഞ്ഞു. പാഠ പുസ്‌തകങ്ങളെ അവരുടെ ഭാഷയിലേക്ക് മാറ്റുന്നതിനായി സര്‍വ്വ ശിക്ഷ കേരള (എസ്എസ്‌കെ) പഠിപ്പുറുസി എന്ന പദ്ധതി നടപ്പാക്കിയിരുന്നു. മലയാളത്തോടൊപ്പം മുതുവാന്‍ ഭാഷയും അറിയാവുന്നവരെ ഉപയോഗപ്പെടുത്തിയാണ് പഠിപ്പുറുസി എന്ന ഭാഷാ പഠന സഹായത്തിനുള്ള പുസ്‌തകം തയ്യാറാക്കിയത്. ലിപിയില്ലാത്ത മുതുവാന്‍ ഭാഷയിലെ വാമൊഴി വാക്കുകള്‍ മലയാള ലിപിയില്‍ ചിത്രങ്ങളുടെ സഹായത്തോടെ കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയാണ് ചെയ്യുന്നത്. മുതുവാന്‍ വാമൊഴി വാക്കുകള്‍ മലയാള ലിപിയില്‍ എഴുതിയ ‘സചിത്ര പാഠ പുസ്‌തകവും തയ്യാറാക്കിയിട്ടുണ്ട്.
നിലവില്‍ പന്ത്രണ്ടിലധികം പേരാണ് വിവിധ ഏകാധ്യാപക വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചത് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ്. 2015 വരെ 3,000 രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. 2016-ല്‍ സര്‍ക്കാര്‍ ഇത് 5,000 രൂപയാക്കി. 2017-ല്‍ 17,500 ആക്കി വര്‍ധിപ്പിച്ചു. പിന്നീടത് 18,500 ആക്കി. അലവന്‍സ് കൂടി ചേര്‍ത്ത് 19,000 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
കാടോ മലയോ കടലോ ഏത് ഭൂപ്രകൃതിയോ ആകട്ടെ, അവിടങ്ങളിലെ ഒരു കുഞ്ഞിനു പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന കാഴ്‌ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ഏത് പ്രതിസന്ധിയിലും കേരളത്തിന്റെ ഭാവി പ്രകാശ പൂർണ്ണമാകണമെന്ന നിലപാടിനൊപ്പം നാടും കൈകോർക്കുന്നു. ഈ ഏകാധ്യാപക വിദ്യാലയങ്ങള്‍ അധ്യാപകരുടെ ഇച്ഛാ ശക്തിയുടെയും നാട്ടുകാരുടെ കരുതലിന്റെയും കൂടി പ്രതീകമാകുന്നു. അത് നന്മയുടെ നിറമുള്ള പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്.