അറിവുത്സവത്തിന്റെ അക്ഷര മുറ്റങ്ങള്‍
അറിവുത്സവത്തിന്റെ അക്ഷര മുറ്റങ്ങള്‍
ഡോ. സി. രാമ കൃഷ്‌ണൻ
വിദ്യാകിരണം സ്റ്റേറ്റ് ടീം അംഗം
പൊതു വിദ്യാലയങ്ങള്‍ സുശക്തമായി നില നില്‍ക്കേണ്ടത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്. മത നിരപേക്ഷത, ജനാധിപത്യം തുടങ്ങിയ അടിസ്ഥാന നിലപാടുകള്‍, സഹവര്‍ത്തിത്വം, സഹകരണ മനോഭാവം, അനുതാപം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ സമൂഹത്തില്‍ ഊട്ടിയുറപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് പൊതു വിദ്യാഭ്യാസമാണ്. അതുകൊണ്ടു തന്നെ പൊതു വിദ്യാലയങ്ങള്‍ അടച്ചു പൂട്ടേണ്ടതല്ല, മറിച്ച് അവയെ ശക്തിപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കി വളര്‍ത്തിയെടുക്കേണ്ടതാണ് എന്നതാണ് 2016-ല്‍ അധികാരത്തില്‍ എത്തുകയും ഇപ്പോഴും നില നില്‍ക്കുകയും ചെയ്യുന്ന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നിലപാട്.
2017-18 മുതല്‍ ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടര്‍ച്ചയായ വിദ്യാ കിരണം മിഷനും പൊതു വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു. കമ്പോള യുക്തിക്ക് പ്രാമുഖ്യം നല്‍കുകയും സ്വകാര്യ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഘട്ടത്തിലാണ് കേരളത്തിന്റെ ഈ നേട്ടങ്ങൾ എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. പി.എം.ശ്രീ പദ്ധതി പോലുള്ള നിബന്ധനകള്‍ വച്ചു കൊണ്ട് സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം പോലും നിഷേധിക്കുന്ന അവസ്ഥയുണ്ട്. ഇതെല്ലാം മറി കടന്നാണ് സാധാരണക്കാരായ എല്ലാ കുട്ടികൾക്കും അവസര സമത്വം ഉറപ്പാക്കിയുള്ള പൊതു വിഭ്യാഭ്യാസം കേരളം വളർത്തിയെടുക്കുന്നത്.
സ്‌കൂളുകളും ക്ലാസ് മുറികളും പഠന സംവിധാനങ്ങളും വ്യാപകമായി ആധുനികവല്‍ക്കരിച്ചു. സംസ്ഥാന രൂപവല്‍ക്കരണത്തിന് ശേഷം ഭൗതിക സൗകര്യ വികസനത്തിലും അക്കാദമിക കാര്യങ്ങളിലും ഇത്രയേറെ ശ്രദ്ധിച്ച കാലഘട്ടം ഉണ്ടായിട്ടില്ല. കിഫ്ബിയുടെ ധന സഹായത്തോടെ ഭൗതിക സൗകര്യ വികസനം യാഥാര്‍ഥ്യമാക്കി. ക്ലാസ് മുറികളെല്ലാം ആധുനികവല്‍ക്കരിച്ചു. ഇതെല്ലാം ചെയ്‌തത് അക്കാദമിക മികവ് ലക്ഷ്യം വച്ചായിരുന്നു. വിദ്യാലയ മികവ്, അക്കാദമിക മികവ്, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നീ ആശയങ്ങളിലേക്ക് പൊതു വിദ്യാലയങ്ങളെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പതിമൂവായിരത്തിനടുത്ത് വിദ്യാലയങ്ങള്‍, 45 ലക്ഷം വിദ്യാര്‍ഥികള്‍, 1.8 ലക്ഷം അധ്യാപകര്‍, 20,000-ല്‍ അധികം അധ്യാപകേതര ജീവനക്കാര്‍ എല്ലാമടങ്ങുന്ന അതി ബൃഹത്തായ ശൃംഖലയാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസം. വീടിനടുത്ത് 12-ാം ക്ലാസ് വരെ പഠിക്കാനുള്ള സൗകര്യം നമ്മുടെ സംസ്ഥാനത്തുണ്ട്. സ്‌കൂളുകളെ നാടിന്റെ ഭാഗമായാണ് പൊതു സമൂഹം പരിഗണിക്കുന്നത്.
ആകര്‍ഷകമായ ക്യാമ്പസുകള്‍
ക്യാമ്പസുകളെക്കുറിച്ചും അതിനുള്ളിലെ കെട്ടിടങ്ങളെക്കുറിച്ചും പുതിയ സങ്കൽപങ്ങളാണ് സമൂഹത്തിനുള്ളത്. കെട്ടിടങ്ങളെക്കുറിച്ച് മാറി വരുന്ന സങ്കൽപങ്ങൾ പൊതു വിദ്യാലയങ്ങളിലും പ്രതിഫലിക്കണം എന്ന് സമൂഹം സ്വാഭാവികമായും ആഗ്രഹിക്കും. സമൂഹത്തിന്റെ ഈ പ്രതീക്ഷകളോട് നീതി പുലർത്തുന്ന രീതിയിലാണ് ക്യാമ്പസുകളെയും മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത്. കിഫ്ബിയുടെ ധന സഹായത്തോടെയാണ് ഭൗതിക സൗകര്യ വികസന കാര്യത്തില്‍ വലിയ കുതിച്ചു ചാട്ടം നടത്താന്‍ കഴിഞ്ഞത്.
കിഫ്ബി ധന സഹായത്തോടെ 973 വിദ്യാലയങ്ങള്‍ക്കാണ് ഭൗതിക സൗകര്യ വികസനം വിഭാവനം ചെയ്യുന്നത്. ഇതിനായി ഏതാണ്ട് 2500 കോടി രൂപയില്‍ അധികം മതിപ്പു ചെലവ് പ്രതീക്ഷീക്കുന്നു. കൂടാതെ പ്ലാന്‍, നബാര്‍ഡ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ജന പ്രതിനിധികളുടെ ആസ്‌തി വികസന പദ്ധതികള്‍ തുടങ്ങിയവയിലെ ഫണ്ടുകള്‍ ഉപയോഗിച്ച് പൊതു വിദ്യാഭ്യാസ മേഖലയില്‍ 5000-ത്തില്‍ അധികം കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ രംഗത്ത് ഭൗതിക സൗകര്യ വികസനത്തിനായി മാത്രം നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എയ്‌ഡഡ് മേഖലയില്‍ ഭൗതിക സൗകര്യ വികസനത്തിനായി ചാലഞ്ച് ഫണ്ട് എന്ന പ്രത്യേക പദ്ധതിയും നടപ്പാക്കി.
സാങ്കേതിക വിദ്യ എല്ലാവര്‍ക്കും
ഡിജിറ്റല്‍ വിടവില്ലാതെ എല്ലാ കുട്ടികൾക്കും സാങ്കേതിക വിദ്യാ സൗഹൃദമായ വിദ്യാഭ്യാസം ഒരുക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയെന്ന് ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പത്തിക-സാമൂഹിക-ലിംഗപരമായ വിവേചനങ്ങള്‍ ഇല്ലാതെ എല്ലാ കുട്ടികൾക്കും വിവര സാങ്കേതിക വിദ്യയില്‍ തുല്യ അവസരങ്ങള്‍ ലഭിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പ്രാവർത്തികമാക്കുന്നതിൽ കേരളം വിജയിച്ചു. വികസിത രാജ്യങ്ങളില്‍ പോലും ആധുനികവല്‍ക്കരണം ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു എന്നത് ഈ അവസരത്തില്‍ കാണേണ്ടതുണ്ട്. സാങ്കേതിക വിദ്യാ പ്രാപ്യത ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഒരു പ്രധാന പ്രതിസന്ധിയാണ്. ഇങ്ങനെയുള്ള പ്രതിസന്ധികള്‍ യാഥാര്‍ഥ്യമായ ഒരു ലോക സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയെ സാർവത്രികമാക്കുന്ന അനുഭവ മാതൃക കേരളം വികസിപ്പിച്ചത്. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും നാം ഒരുക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യയെ പഠന പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ ഉള്‍ച്ചേര്‍ക്കാം എന്നതിന് സഹായകമായ പരിശീലനങ്ങള്‍ അധ്യാപകര്‍ക്കും നൽകിയിട്ടുണ്ട്.
സ്‌കൂളുകളെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അമ്പതിനായിരത്തില്‍ അധികം ക്ലാസ് മുറികള്‍ (എട്ടു മുതല്‍ 12 വരെ) സാങ്കേതിക വിദ്യാ സൗഹൃദമാക്കി. പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ കമ്പ്യൂട്ടർ ലാബുകൾ സജ്ജമാക്കി. ഇവയെക്കൂടാതെ ടിങ്കറിങ് ലാബുകളും, റോബോട്ടിക് ലാബുകളും സ്‌കൂളുകളില്‍ സജ്ജമാക്കി. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിര്‍മ്മിത ബുദ്ധിയില്‍ പരിശീലനം നല്‍കി. എടുത്തു പറയാനുള്ള മറ്റൊരു പ്രവര്‍ത്തനം അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനങ്ങളാണ്. സ്‌കൂളുകളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബുകള്‍ വഴി മൂന്ന് ലക്ഷം അമ്മമാര്‍ക്ക് സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിശീലനമാണ് ഒരുക്കിയത്. വ്യാജ വാര്‍ത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കുവാനും കഴിയുന്നതോടൊപ്പം അവയെ തടയാന്‍ കൂടി സഹായിക്കുന്ന ‘വാര്‍ത്തകളുടെ കാണാ ലോകം’ (ഫെയ്ക്ക് ന്യൂസ് തിരിച്ചറിയല്‍-ഫാക്‌ട് ചെക്കിങ്), ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ തുടങ്ങിയ മേഖലകളില്‍ ഓരോ സ്‌കൂളിലെയും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ കുട്ടികളും കൈറ്റ് മാസ്റ്റര്‍മാരായ അധ്യാപകരും ചേർന്നാണ് പരിശീലനം ക്രമീകരിച്ചത്. 2200-നടുത്ത് യൂണിറ്റുകളിലായി രണ്ട് ലക്ഷത്തിനടുത്ത് കുട്ടികൾ അംഗങ്ങളായ സാങ്കേതിക വിദ്യയില്‍ നൂതനത്വം അന്വേഷിക്കുന്ന കുട്ടികളുടെ സംഘമാണ് ലിറ്റില്‍ കൈറ്റ്സ്. വികസിത രാജ്യങ്ങളടക്കം ഇതിന്റെ പ്രവര്‍ത്തന രീതി ശ്രദ്ധിക്കുന്നുണ്ട്.
ജനകീയമായി രൂപപ്പെടുത്തിയ പാഠ്യ പദ്ധതി
2007-ല്‍ കേരള പാഠ്യ പദ്ധതി ചട്ടക്കൂട് വികസിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പാഠ പുസ്‌തകങ്ങളായിരുന്നു കേരളത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കിയിരുന്നത്. 2013-ല്‍ പാഠ പുസ്‌തകങ്ങൾ പരിഷ്‌കരിച്ചു. 10 വര്‍ഷമായി നിലനിന്നിരുന്ന പാഠ പുസ്‌തകങ്ങളിൽ ആധുനികമായി വികസിച്ച അറിവുകളും സാങ്കേതിക വിദ്യാ രംഗത്ത് വന്ന വികാസങ്ങളും ചേർത്തിരുന്നില്ല. ഈയൊരു പശ്ചാത്തലത്തില്‍ കേരള പാഠ്യ പദ്ധതി ചട്ടക്കൂട് സമഗ്രമായി 2023-ല്‍ പരിഷ്‌കരിച്ചു. ജനങ്ങളുടെ അഭിപ്രായങ്ങളും മറ്റും ശേഖരിക്കുന്നതിനായി പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. മൂന്നു ലക്ഷത്തിലധികം പേര്‍ ജനകീയ ചര്‍ച്ചയുടെ ഭാഗമായി. പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ കുട്ടികളുടെ അഭിപ്രായം തേടുക എന്ന സാധാരണ കാണാത്ത ഒരു പ്രക്രിയയും കേരളം അവലംബിക്കുകയുണ്ടായി. ലക്ഷക്കണക്കിന് കുട്ടികളാണ് തങ്ങള്‍ക്കിണങ്ങിയ ക്ലാസ് മുറികളും പാഠ പുസ്‌തകങ്ങളും എങ്ങനെയാകണം എന്ന് അഭിപ്രായം പറഞ്ഞത്.
നിലവിലുള്ള അധ്യയന രീതി കാലാനുസൃതമായി പരിവർത്തിപ്പിക്കണമെന്ന അഭിപ്രായം കുട്ടികളുടെ ചര്‍ച്ചയില്‍ ഉയർന്നു വന്നു. ചര്‍ച്ചകളിലൂടെ ഉയർന്നു വന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചേര്‍ത്തു കൊണ്ട് കേരള പാഠ്യ പദ്ധതി ചട്ടക്കൂട് – 2023 വികസിപ്പിച്ചു. ഇതനുസരിച്ച് ഒന്നു മുതല്‍ 10 വരെയുള്ള മുഴുവന്‍ പാഠ പുസ്‌തകങ്ങളും പുതുക്കിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്കുള്ള പുസ്‌തകങ്ങളും ഈ പരിഷ്‌കരണത്തിന്റെ ഭാഗമായി വികസിപ്പിച്ചു.
അക്കാദമിക മികവിന് മാസ്റ്റര്‍ പ്ലാനുകള്‍
മികച്ച ആസൂത്രണത്തോടെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് സമഗ്രമായ അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ രൂപവല്‍ക്കരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുന്ന രീതി ശാസ്ത്രം സ്‌കൂളുകളില്‍ അവലംബിക്കുന്നുണ്ട്. സൂക്ഷ്‌മതല അക്കാദമിക ആസൂത്രണത്തിന് അക്കാദമിക പ്ലാനുകള്‍ സഹായകമാകും.
പഠന പോഷണ പദ്ധതികള്‍
മലയാള ഭാഷാ പഠനത്തില്‍ പരിമിതി നേരിടുന്ന കുട്ടികൾക്കായി ‘മലയാളത്തിളക്കം’ എന്ന പഠന പിന്തുണാ പദ്ധതി നടപ്പാക്കി. ഇംഗ്ലീഷ് ഭാഷാ പഠനത്തിനായി ‘ഹലോ ഇംഗ്ലീഷ്’ പദ്ധതിയും ഹിന്ദി പഠനത്തിനായി ‘സുരീലി ഹിന്ദി’ പദ്ധതിയും നടപ്പാക്കി. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയ്‌ക്കായി വൈവിധ്യമാർന്ന പദ്ധതികള്‍ നടപ്പാക്കി. ഗണിത പഠനത്തിന് ഉല്ലാസ ഗണിതം, ഗണിത വിജയം, മേന്മ തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ പഠന മുന്നേറ്റത്തിന് ഈ പഠന പരിപോഷണ പദ്ധതികള്‍ പ്രയോജനപ്പെട്ടിട്ടുണ്ട്.
മഞ്ചാടി പദ്ധതി
ഗണിതത്തെ ആസ്വദിച്ച് പഠിക്കാന്‍ സഹായിക്കുന്ന ആഴത്തിലുള്ള ഗണിത പഠന രീതിയാണ് മഞ്ചാടി പദ്ധതി. പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികൾ വിവിധങ്ങളായ പ്രശ്‌നങ്ങളെ നിര്‍ധരിക്കാനുള്ള അറിവും കഴിവും നേടുക എന്നതാണ് ലക്ഷ്യം. പാഠ പുസ്‌തകത്തിലെ ഗണിതാശയങ്ങള്‍ നൂതനങ്ങളായ പഠനോപകരണങ്ങള്‍ ഉപയോഗിച്ച് സമഗ്രതയോടെ ചെയ്‌തി പഠിക്കുക എന്നതാണ് പദ്ധതിയുടെ സമീപനം. കെ ഡിസ്‌ക്കിന്റെ സഹകരണവും പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നു. സംസ്ഥാനത്തെ 100 വിദ്യാലയങ്ങളില്‍ ഗവേഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി 1400 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. നടപ്പാക്കിയ സ്‌കൂളുകളില്‍ കുട്ടികളും അധ്യാപകരും വളരെ താല്‍പര്യത്തോടെയാണ് ഈ പഠന രീതിയെ സമീപിക്കുന്നത്.
മഴവില്ല്
ശാസ്ത്രത്തിന്റെ രീതി കുട്ടികൾ സ്വായത്തമാക്കാനും ശാസ്ത്ര പഠനത്തിനായി പുതിയൊരു രീതി ശാസ്ത്രം വികസിപ്പിക്കുന്നതിനുമുള്ള അന്വേഷണമാണ് മഴവില്ല് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെ കേന്ദ്രീകരിച്ചാണ് പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നത്.
കുട്ടി ശാസ്‌ത്രജ്ഞർ
ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുകയും അവര്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് കുട്ടി ശാസ്‌ത്രജ്ഞർ. കോളേജുകളിലെ അക്കാദമിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സംസ്ഥാന വ്യാപകമായി ഈ പദ്ധതി നടപ്പാക്കുന്നു. ഇതില്‍ ഏറ്റവും മികവ് കാണിക്കുന്ന കുട്ടികളെ ഐസര്‍ പോലുള്ള ഉന്നത ഗവേഷണ സ്ഥാപനങ്ങളില്‍ വച്ച് സഹവാസ ക്യാമ്പുകളിലൂടെ വിജ്ഞാനത്തിന്റെ അനന്തമായ സാധ്യതകള്‍ പരിചയപ്പെടാന്‍ അവസരം ഒരുക്കുന്നുണ്ട്.
വായന
മാറിയ കാലത്തെ പഠനത്തിന് കുട്ടികൾക്ക് വിപുലമായ വായനയും റഫറന്‍സും അനിവാര്യമാണ്. ഇതിന് സഹായകമായ വിധത്തില്‍ ക്ലാസ് ലൈബ്രറികള്‍ രൂപപ്പെടുത്തുന്നതിനും സ്‌കൂള്‍ ലൈബ്രറികള്‍ വിപുലീകരിക്കുന്നതിനും പുസ്‌തക വായന ഉപയോഗപ്പെടുത്തിയുള്ള വൈവിധ്യമാർന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സ്‌കൂളുകള്‍ ശ്രദ്ധിക്കുന്നുണ്ട്.
എഴുത്തുകാരാകുന്ന ഒന്നാം ക്ലാസ്സുകാർ
പൊതു വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ പഠന മികവ് അടയാളപ്പെടുത്തുന്നതിന്റെ നേര്‍ സാക്ഷ്യമായി മാറിയിരിക്കുകയാണ് കുട്ടികളുടെ ഡയറികള്‍. ധാരാളം സ്‌കൂളുകള്‍ കുട്ടികളുടെ ഡയറികള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സിലെ കുട്ടികൾ എഴുതിയ ഡയറികളില്‍ നിന്നും ഏതാനും കുറിപ്പുകള്‍ ഉൾക്കൊള്ളിച്ച് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി ‘കുരുന്നെഴുത്തുകൾ’ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വര്‍ണ്ണക്കൂടാരം
കുട്ടികളുടെ ബഹുമുഖ വികാസം സാധ്യമാകുന്ന പഠന പരിസരം പ്രീ സ്‌കൂളിങ് കാലഘട്ടത്തിൽ അനിവാര്യമാണ്. ശിശു വികാസ ഘട്ടങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി വേണം ഈ പ്രായ ഘട്ടത്തിനനുഗുണമായ ഭൗതിക പരിസരം വികസിപ്പിക്കാന്‍. സമഗ്ര ശിക്ഷാ കേരളം ഒരുക്കിയ വര്‍ണ്ണക്കൂടാരങ്ങള്‍ ഈ ദിശയിലേക്കുള്ള വിലപ്പെട്ട സംഭാവനയാണ്. സംസ്ഥാനത്തെ 1200 ഓളം സ്‌കൂളുകളില്‍ വര്‍ണ്ണക്കൂടാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കുട്ടികളെ ചേര്‍ത്തു പിടിച്ച്
പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കും സ്പെഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും കായിക മികവ് പ്രകടിപ്പിക്കുന്നതിനും കായിക മേളകളില്‍ പങ്കെടുക്കുന്നതിനും ആയി സ്‌പോർട്‌സ് മാന്വല്‍ തയ്യാറാക്കി. അന്തര്‍ ദേശീയ തലത്തിലെ പാരാലിമ്പിക്‌സ്, സ്വാര്‍ഫ് ഗെയിംസ് തുടങ്ങിയ മത്സരങ്ങളുടെ മാതൃക, സവിശേഷത, ഘടന എന്നിവയും കേരളത്തിന്റെ സാഹചര്യങ്ങളും പരിഗണിച്ചാണ് മാന്വല്‍ വികസിപ്പിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്ത് ഈ വര്‍ഷം നടത്തിയ മത്സരങ്ങള്‍ സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റി. ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തു പിടിക്കുന്നതിന്റെ അനന്യമായ അനുഭവ മാതൃകയായിരുന്നു എറണാകുളത്ത് നടന്ന മത്സരങ്ങള്‍ പകർന്നത്.
സ്‌കില്‍ സെന്ററുകള്‍
തൊഴിലിനെ എങ്ങനെയെല്ലാം സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാന ഘട്ടത്തിൽ ഉദ്ഗ്രഥിക്കാം എന്നുള്ള അന്വേഷണമാണ് നൈപുണി വികസന കേന്ദ്രങ്ങളിലൂടെ നടക്കുന്നത്. തൊഴിലിനോടുള്ള സമീപനത്തിലും മനോഭാവത്തിലും വളരെ വലിയ മാറ്റങ്ങള്‍ അനിവാര്യമാണ്. അതിലേക്കുള്ള ചുവടു വയ്പ്പായി ഈ സെന്ററുകളെ കാണാം.
പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളും ഊരു വിദ്യാ കേന്ദ്രങ്ങളും
സാമൂഹികമായി പിന്നാക്കം നിൽക്കുന്നതും എന്നാൽ പഠന പിന്തുണ ആവശ്യമുള്ളതുമായ കുട്ടികൾക്കായി പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളും ഊരു വിദ്യാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. സ്‌കൂളിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ ഇതുവഴി നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് 720 പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നു. 2023 വരെ 60 ഊരു വിദ്യാഭ്യാസ കേന്ദ്രങ്ങളും പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനായി പഠിപ്പുറുസി എന്ന പഠന പിന്തുണാ പരിപാടി നടപ്പിലാക്കി. അവിടെ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ഭാഷയില്‍ തന്നെ പഠന പദ്ധതി ആസൂത്രണം ചെയ്‌ത് ഇതു വഴി നടപ്പാക്കുന്നു. ഇടമലക്കുടിയിലെ എല്‍.പി സ്‌കൂള്‍, യു.പി സ്‌കൂളായ ഈ കാലത്തിനിടയില്‍ ഉയര്‍ത്തുകയുണ്ടായി.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മുന്നേറ്റം കൂടുതല്‍ ഉയരങ്ങളിലേക്ക് വളര്‍ത്തേണ്ടതുണ്ട്. അക്കാദമിക രംഗത്തെ മുന്നേറ്റമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിന് സഹായകമാകും വിധം സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രവര്‍ത്തന പദ്ധതി അടക്കം ഉൾക്കൊള്ളുന്ന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
- അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക
- മൂല്യ നിര്‍ണ്ണയ രീതി ശാസ്ത്രം കാര്യക്ഷമമാക്കുക
- സാങ്കേതിക വിദ്യാ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക
- ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക
- ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക
- അധ്യാപക പരിശീലനങ്ങള്‍ കാലോചിതമായി പരിവര്‍ത്തിപ്പിക്കുക
- വിദ്യാലയ സമിതികളും ജനകീയ സമിതികളും ശക്തിപ്പെടുത്തുക
- നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടേതുമാക്കി മാറ്റുക
മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന ഘട്ടത്തിലാണ് വിദ്യാഭ്യാസ വകുപ്പ്
ഘടനാപരമായ മാറ്റങ്ങള്‍
അക്കാദമികമായ പരിവര്‍ത്തനങ്ങള്‍ സ്ഥായിയാകണമെങ്കില്‍ ഘടനാപരമായിട്ടുള്ള മാറ്റങ്ങളും അനിവാര്യമാണ്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസ ഘടനയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടു വരുന്നു.
അധ്യാപക പരിവര്‍ത്തന പദ്ധതി
ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ മുന്നുപാധി എന്നത് പഠിപ്പിക്കുന്ന വിഷയ മേഖലകളില്‍ ആഴത്തിലുള്ള അറിവും പ്രസ്‌തുത അറിവിനെ ഭിന്ന പഠന വേഗമുള്ള കുട്ടികൾക്ക് മനസ്സിലാകും വിധം വിനിമയം ചെയ്യാനുള്ള അറിവും കഴിവും മനോഭാവവും ഉള്ള അധ്യാപകര്‍ ഉണ്ടാവുക എന്നതാണ്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികാസം സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വേഗം നടക്കുകയാണ്. ഇതെല്ലാം പഠന ബോധന പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കും. അതു കൊണ്ടു തന്നെ കാലോചിതമായി നവീകരണം നടക്കേണ്ട വിഭാഗമാണ് അധ്യാപകര്‍. ഇതിനായി അധ്യാപകരെ സജ്ജമാക്കുന്നതിന് സഹായകമായ തരത്തിലാണ് അധ്യാപക പരിവര്‍ത്തന പരിപാടികള്‍ നടക്കുന്നത്.
കോവിഡ് സമയത്ത് ലോകമാകെ ശ്രദ്ധിക്കു വിധം കുട്ടികളെ ചേർത്തു പിടിച്ചതിന്റെ അനുഭവ മാതൃക കൂടി ഓര്‍ക്കാതെ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നടക്കുന്ന വിദ്യാഭ്യാസ പരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല. അരിച്ചു മാറ്റലും ശ്രദ്ധ നല്‍കാതിരിക്കലും കമ്പോള വിദ്യാഭ്യാസത്തിന്റെ സവിശേഷതയായി തുടരുമ്പോഴും, എല്ലാവരെയും ഉള്‍ച്ചേര്‍ത്തും ഉള്‍ക്കൊണ്ടും ഇടം നല്‍കിയും മുന്നേറുന്ന കേരളത്തിലെ ജനകീയ വിദ്യാഭ്യാസം നില നിര്‍ത്താന്‍ ശ്രമിക്കുന്ന ചിന്താധാരകളെ ശക്തിപ്പെടുത്തുക എന്നത് പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി നിലകൊള്ളുന്നവരുടെ കടമയാണ്.