കവര്‍‌സ്റ്റോറി

ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസം

സമകാലിക ജനപഥം 2026
ഒക്ടോബർ 1 പുസ്തകം 13 ലക്കം 3

ഫീച്ചർ>>വിവേക് വി. എസ്, ഐപിആർഡി

കരട് നയം ഒരു സമഗ്ര വായന

വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളം, ചരിത്രപരമായ മറ്റൊരു ചുവടുവയ്പിനൊരുങ്ങുകയാണ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ള കുട്ടിക്ക് എത്രമാത്രം മാന്യതയോടും തുല്യാവസരത്തോടും കൂടി വിദ്യാലയങ്ങളിൽ പഠിക്കാനും വളരാനും കഴിയുന്നു എന്നതിലാണ് ഒരു നാടിന്റെ യഥാർഥ വിദ്യാഭ്യാസ ഗുണനിലവാരം അടങ്ങിയിരിക്കുന്നത്. ഈ ദർശനം ഉൾക്കൊണ്ടാണ് കേരള സർക്കാർ ‘ഭിന്നശേഷി സൗഹൃദ വിദ്യാലയം’ അഥവാ ‘എനേബിൾ’ കരട് നയം അവതരിപ്പിച്ചി രിക്കുന്നത്. ഒരു കുട്ടിയെ കേവലം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ശതമാനക്കണക്കുകളിൽ തളച്ചിടാതെ, അവരുടെ പഠനപരവും പ്രവർത്തനപരവുമായ യഥാർഥ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സമയബന്ധിതമായി പിന്തുണ നൽകുക എന്നതാണ് ഈ നയത്തിന്റെ കാതൽ. ‘ഒരു കുട്ടി, ഒരു ഏകോപിത പിന്തുണാപാത’ എന്ന സന്ദേശം മുൻനിർത്തി, അവകാശത്തിൽ തുല്യതയും പിന്തുണയിൽ വ്യക്തിഗത പരിഗണനയും കരട് നയരേഖ ഉറപ്പുനൽകുന്നു. കാരുണ്യത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയിൽനിന്ന് അവകാശാധി ഷ്ഠിതമായ ഒരു വിശാല സാമൂഹിക മാതൃകയിലേക്കുള്ള വലിയൊരു മാറ്റമാണിത്. ഈ സുപ്രധാന വിഷയത്തിൽ വിദ്യാഭ്യാസ വിദഗ്ധർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി ഈ മേഖലയെ തൊട്ടറിയുന്നവർ തങ്ങളുടെ പ്രതീക്ഷകളും നിർദേശങ്ങളും പങ്കുവയ്ക്കുകയാണ് ഈ ഫീച്ചറിലൂടെ

സംസ്ഥാന സർക്കാർ അവതരിപ്പിച്ച ‘ഭിന്നശേഷിസൗഹൃദ വിദ്യാലയം’ ‘എനേബിൾ’ കരട് നയരേഖ കേവലമൊരു വിദ്യാഭ്യാസപദ്ധതി മാത്രമല്ല; സമൂഹത്തിന്റെ പൊതുബോധത്തിൽ വരേണ്ട വലിയൊരു മാറ്റത്തിന്റെ തുടക്കം കൂടിയാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ അതിജീവനം, സംരക്ഷണം, ഉന്നമനം, പൂർണ്ണമായ പങ്കാളിത്തം എന്നിവ പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിന് നയം ഊന്നൽ നൽകേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശരിയായ സമയത്തുള്ള ഇടപെടലുകളാണ്. കുട്ടികളിലെ ശാരീരിക-മാനസിക വെല്ലുവിളികൾ നേരത്തേ തിരിച്ചറിയുക, കൃത്യമായ രോഗനിർണ്ണയം നടത്തുക, ആവശ്യമായ ചികിത്സയും പരിപാലനവും ഉറപ്പാക്കുക എന്നീ അടിസ്ഥാന ഘട്ടങ്ങളിൽനിന്നാണ് ഈ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത്. ഇതിന്റെ തുടർച്ചയായാണ് വിദ്യാലയങ്ങളിലെ ഉൾച്ചേർന്ന വിദ്യാഭ്യാസവും ആവശ്യമുള്ളവർക്കുള്ള ഗൃഹാധിഷ്ഠിത വിദ്യാഭ്യാസവും സമഗ്രമായ പുനരധിവാസവും കടന്നുവരുന്നത്. നിലവിൽ ഉൾച്ചേർന്ന വിദ്യാഭ്യാസം നിരവധി പ്രതിസന്ധികളെയും പ്രായോഗിക ബുദ്ധിമുട്ടുകളെയും നേരിടുന്നുണ്ടെന്ന വസ്തുത നാം അംഗീകരിച്ചേ മതിയാകൂ. ഈ സാഹചര്യം മറികടക്കാൻ പര്യാപ്തമായ പുതിയ പൊതുവിദ്യാഭ്യാസ രീതിയാണ് പുതിയ നയത്തിൽ പ്രതീക്ഷിക്കുന്നത്.

ഭിന്നശേഷി അവകാശ നിയമം, 2016, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള ദേശീയ ട്രസ്റ്റ് നിയമം, 1999 എന്നിവ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നിരവധി അവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ട്. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളിൽ അഞ്ചു ശതമാനം സംവരണം നിലവിലുണ്ട്. അതുപോലെതന്നെ പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവും ഇത്തരം വിദ്യാർഥികൾക്ക് ലഭ്യമാണ്. പരീക്ഷാ സമയങ്ങളിൽ ഇവർക്ക് അനുവദിച്ചിട്ടുള്ള അധിക സമയത്തെക്കുറിച്ചും കൃത്യമായ മാർഗരേഖയുണ്ട്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പ്രീ-മെട്രിക് സ്‌കോളർഷിപ്പ് സംബന്ധിച്ച് കൂടുതൽ വ്യക്തതയും പ്രചാരണവും നൽകേണ്ടതുണ്ട്. നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ വിദ്യാലയങ്ങൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ആപ്ലിക്കേഷനുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ പൊതുവിദ്യാലയങ്ങളിൽ കാര്യക്ഷമമാക്കണം. 40 ശതമാനം ഭിന്നശേഷിയുള്ള, യു ഡി ഐ ഡി കാർഡോ ആധാർ കാർഡോ ഉള്ള, കുടുംബത്തിലെ പ്രതിമാസ വരുമാനം മുപ്പതിനായിരം രൂപയിൽ കവിയാത്ത കുട്ടികൾക്ക് ഈ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. പല അധ്യാപകർക്കും പൊതുസമൂഹത്തിനും ഇത്തരം നിയമങ്ങളെക്കുറിച്ചോ അവകാശങ്ങളെക്കുറിച്ചോ വേണ്ടത്ര അറിവില്ല. ഈ അവസ്ഥയ്ക്ക് അടിയന്തരമായി മാറ്റം വരണം.

ഇതോടൊപ്പം എടുത്തുപറയേണ്ട ഒന്നാണ് കാഴ്ചപരിമിതിയുള്ള കുട്ടികൾ നേരിടുന്ന വെല്ലുവിളി. അവർക്ക് ബ്രെയ്‌ലിയിൽ തയ്യാറാക്കിയ പഠനസഹായികൾ കൃത്യമായി ലഭ്യമാകുന്നില്ല എന്നത് വലിയൊരു പോരായ്മയാണ്. ഇതിനൊരു ശാശ്വത പരിഹാരമായി അടിയന്തരമായി ഒരു ബ്രെയിലി പ്രസ്ഥാപിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ വലിയ തോതിൽ മാനസിക സമ്മർദവും ബുദ്ധിമുട്ടുകളും കണ്ടുവരുന്നുണ്ട്. അതിനാൽ ഭിന്നശേഷി പ്രശ്‌നങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാൻ പ്രാപ്തമായ റിസോഴ്‌സ് സെന്ററുകൾ പ്രവർത്തനസജ്ജ മാക്കണം. വിദ്യാലയങ്ങളിൽ കൗൺസലിംഗിനോടൊപ്പം ആവശ്യമായ സപ്പോർട്ട് സർവീസുകൾ നൽകുന്നതിനുള്ള സന്നാഹങ്ങൾ ഒരുക്കണം. ഇതിനു പുറമേ, പ്രീ-സ്‌കൂൾ തലം മുതൽതന്നെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സപ്പോർട്ട് സെന്ററുകൾ വഴി പരിശീലനവും കൗൺസലിങും ലഭ്യമാക്കണം. ഭിന്നശേഷി നേരത്തേ കണ്ടെത്തുന്നതിനായുള്ള ഏർളി ഡിറ്റക്ഷൻ ക്യാമ്പുകൾ വ്യാപകമാക്കുകയും വേണം. ചുരുക്കത്തിൽ, ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരു മികച്ച മാർഗദർശിയായി മാറാൻ ‘ഭിന്നശേഷിസൗഹൃദ വിദ്യാലയം’ നയത്തിന് കഴിയണം.
ഏകീകൃത മാർഗനിർദേശങ്ങൾ അനിവാര്യം

സമൂഹത്തിൽ ഏറ്റവും കൂടുതൽ പരിഗണനയും സംരക്ഷണവും ആവശ്യമായ വിഭാഗങ്ങളിൽ ഒന്നാണ് ഭിന്നശേഷിക്കാരായ കുട്ടികൾ. ഇത്തരം കുട്ടികളെ നേരത്തേ തിരിച്ചറിഞ്ഞുള്ള ഇടപെടൽ, ഗുണമേന്മയുള്ള ആരോഗ്യപരിചരണം ഉൾച്ചേർന്ന വിദ്യാഭ്യാസം, പുനരധിവാസം, തൊഴിൽപരിശീലനം, സാമൂഹിക സംരക്ഷണം, ദുരുപയോഗങ്ങളിൽനിന്നുള്ള സുരക്ഷ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രപിന്തുണ അവർക്ക് ആവശ്യമാണ്. അതോടൊപ്പം ഈ കുട്ടികളുടെ മാതാപിതാക്കളും കുട്ടികളെ പരിചരിക്കുന്നവരും വൈകാരികവും സാമൂഹികവും സാമ്പത്തിക വുമായ നിരവധി വെല്ലുവിളികൾ നേരിടുന്നതിനാൽ അവർക്കും ശക്തമായ പിന്തുണാസംവിധാന ങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ഉൾച്ചേർന്ന വിദ്യാഭ്യാസം ഓരോ ഭിന്നശേഷിക്കുട്ടിക്കും വിവേചന രഹിതവും തുല്യാവകാശാധിഷ്ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷിക്കുട്ടികൾക്ക് സുരക്ഷിതവും തടസ്സരഹിതവും പ്രാപ്യവുമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് നിയമപരമായ ബാധ്യതയാണ്. സമീപത്തുള്ള വിദ്യാലയത്തിൽ പ്രവേശനം ലഭ്യമാകുന്നത് അവർക്ക് ഏറെ സഹായകമാകും.

ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്നത് ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടി തയ്യാറാക്കിയ പ്രത്യേക വിദ്യാലയമല്ല. എല്ലാ കുട്ടികൾക്കുംവേണ്ടി, നന്നായി ചിന്തിക്കുന്ന, മനുഷ്യത്വമുള്ള ഒരു സാധാരണ വിദ്യാലയമാണ്. പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു കുട്ടിപോലും അവിടെ ഉണ്ടാകില്ല. എല്ലാവർക്കും തനതായ ഇടമുള്ള ക്ലാസ്മുറിയാണ് ഇവിടം. ‘എനേബിൾ’ നയരേഖ നടപ്പാക്കിയാൽ ഓരോ വിദ്യാലയ ത്തിലും ഉണ്ടാകുന്ന മാറ്റം, പഠനം നടക്കുന്ന ഇടം എന്നതിനപ്പുറം മനുഷ്യർക്ക് ഒന്നിച്ചുജീവിക്കാൻ കഴിയുന്ന ഒരിടമായി വിദ്യാലയാന്തരീക്ഷം മാറുക എന്നതാകും. ഈ നയരേഖ ഉൾച്ചേർന്ന വിദ്യാഭ്യാ സത്തെ കാരുണ്യമായല്ല, അവകാശമായി കാണുന്നു. പ്രീപ്രൈമറിതലത്തിൽ ഒരു ലേബലും പതിക്കാതെ തന്നെ നേരത്തെയുള്ള തിരിച്ചറിയലും കളികളിലൂടെയുള്ള ഇടപെടലുമാണ് സാധ്യമാകുന്നത്. പ്രൈമറി തലത്തിൽ എല്ലാ കുട്ടികൾക്കും പൊതുക്ലാസിൽത്തന്നെ ലഭിക്കുന്ന പിന്തുണയാണിത്. ക്ലാസ് ടീച്ചർതന്നെ പ്രധാന പിന്തുണ നൽകുന്ന ആളായി മാറും. സ്‌പെഷ്യൽ എഡ്യൂക്കേഷൻ അക്കാദമിക സഹപങ്കാളിയായി കൂടെനിൽക്കും. സഹപാഠിപിന്തുണയും കുടുംബപങ്കാളിത്തവും ഇതിന്റെ ഭാഗമാണ്.

ഭിന്നശേഷി സൗഹൃദ വിദ്യാലയത്തെ ജീവനുള്ളതാക്കുന്നത് ബഡ്ഡി സംസ്‌കാരമാണ്. ബഡ്ഡി എന്നാൽ സഹായിയല്ല, കൂട്ടുകാരനാണ്. കരടുരേഖയിൽ പറയുന്ന ബഡ്ഡി സംസ്‌കാരത്തിന്റെ ആറ് പ്രത്യേകതകളാണ് പ്രൈമറി സ്‌കൂൾ അധ്യാപികയെന്ന നിലയിൽ എനിക്ക് ശ്രദ്ധേയമായി തോന്നിയത്. സൗഹൃദമാണ്, കാരുണ്യമല്ല; സൗഹൃദവും പരസ്പരബഹുമാനവും സഹകരണവും വിദ്യാലയത്തിലെ സ്വന്തം ഇടം എന്ന അനുഭവവും വളർത്തുന്ന സംസ്‌കാരം. കുട്ടിയെ സഹായിക്കേണ്ട, ഒപ്പം കളിക്കാനും പഠിക്കാനുമുള്ള തുല്യനായാണ് ബഡ്ഡിയെ കാണുന്നത്. കുട്ടിയുടെ സമ്മതത്തോടെയായിരിക്കണം ബഡ്ഡിയെ നിശ്ചയിക്കുന്നത്. കുട്ടിയുടെ സ്വകാര്യതയും സ്വാതന്ത്ര്യവും ഇല്ലാതാക്കു ന്നതാകരുത്. ഒരു കുട്ടിക്കുമാത്രമായി ഒരു സ്ഥിരം ബഡ്ഡിയെ കാവൽനിർത്തുന്ന രീതിയല്ല ഇത്; മറിച്ച് റൊട്ടേഷൻ രീതിയിൽ, ഒരു ഗ്രൂപ്പു പ്രവർത്തനത്തിലൂടെ, സ്വാഭാവികമായ അന്തരീക്ഷത്തിലൂടെ എല്ലാവരും എല്ലാവരുടെയും ബഡ്ഡിയാകുന്ന സംസ്‌കാരമാണ്. ഇത് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിക്കുമാത്രമല്ല നേട്ടം; ബഡ്ഡിയാകുന്ന കുട്ടിയിൽ സഹാനുഭൂതി, നേതൃത്വം, ഉത്തരവാദിത്വം, വ്യത്യസ്തതയെ ഉൾക്കൊള്ളാനുള്ള മനസ്സ് എന്നിവ വളർത്തുന്നു. ഉൾച്ചേർക്കൽകൊണ്ട് അർഥമാക്കുന്നത് ഇതാണ്.

സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷിസൗഹൃദ വിദ്യാഭ്യാസ കരടുനയരേഖ തുല്യനീതി ഉറപ്പാക്കുന്നതിനുള്ള മികച്ചൊരു കാൽവയ്പാണ്. എന്നാൽ നയങ്ങൾക്കപ്പുറം പ്രായോഗികതലത്തിൽ ചില കർശന നടപടികൾ കൂടി സ്വീകരിക്കേണ്ടതുണ്ട്. പ്രധാനമായും പ്രവേശനക്ഷമത ഉറപ്പാക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. വിദ്യാലയങ്ങൾ, ബസുകൾ, ഓഡിറ്റോറിയങ്ങൾ, മറ്റു പൊതുഇടങ്ങൾ എന്നിവയ്ക്ക് നിർമ്മാണ പെർമിറ്റ് അനുവദിക്കുമ്പോൾ കൃത്യമായ ചെരിവുള്ള ശാസ്ത്രീയമായ റാമ്പുകൾ ഉണ്ടെന്ന് കർശനമായി ഉറപ്പുവരുത്തണം. നയരേഖ വിഭാവനം ചെയ്യുന്ന ‘തടസ്സരഹിത ക്യാമ്പസ്’ യാഥാർഥ്യമാകാൻ ഇത്തരം നിയമങ്ങൾ അനിവാര്യമാണ്. ഓരോ കുട്ടിയുടെയും നിലവാരത്തിനും ക്ലാസിനും അനുസൃതമായ പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കുകയും കാലാനു സൃതമായ പഠനസാമഗ്രികൾ യഥാസമയം വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും വേണം. ഏറ്റവും പ്രധാനമായി, വിദ്യാഭ്യാസം അവരെ സ്വയംപര്യാപ്തരാക്കാൻ സഹായിക്കണം. ഇതിനായി ഓരോ പഞ്ചായത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഇവർക്കായി പ്രത്യേക തൊഴിൽപരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണം. അനുയോജ്യമായ പരിശീലനങ്ങൾ നൽകി വരുമാനമാർഗങ്ങൾ ഉറപ്പുവരുത്തുമ്പോൾ മാത്രമേ ഈ നയം പൂർണ്ണാർഥത്തിൽ വിജയിക്കുകയുള്ളൂ.

ഭിന്നശേഷി മേഖലയെ സംബന്ധിച്ചിടത്തോളം 2015-ലെ ഭിന്നശേഷി സെൻസസ് ഡാറ്റയാണ് ഇന്നും അവലംബരേഖ. ഡാറ്റയിലെ കൃത്യതയില്ലായ്മ പദ്ധതികളും യാഥാർഥ്യവും തമ്മിലുള്ള അന്തരം വർധിപ്പിക്കുന്നു. അതിനാൽ പുതിയ നയരൂപീകരണത്തിൽ അടിയന്തരമായി ഉൾപ്പെടുത്തേണ്ട പ്രധാന വിഷയം ഭിന്നശേഷി സെൻസസിനുള്ള നടപടികൾ വേഗത്തിലാക്കുക എന്നതാണ്. മാതാപിതാക്കളുടെ കാലശേഷം അനാഥരാകുന്ന, സ്വന്തമായി ജീവിക്കാൻ സാധിക്കാത്ത ബൗദ്ധിക ഭിന്നശേഷിയുള്ള വ്യക്തികളുടെ സ്ഥിതി വളരെ ദയനീയമാണ്. ബൗദ്ധിക ഭിന്നശേഷിയുള്ള മക്കളെ ശരിയായ രീതിയിൽ പരിപാലിക്കാൻ ശാരീരികമായും സാമ്പത്തികമായും കെൽപില്ലാത്ത രക്ഷിതാക്കളുമുണ്ട്. ഇത്തരം വ്യക്തികളെ സംരക്ഷിക്കാനും അവരുടെ മനുഷ്യശേഷിയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനും ജില്ലാടിസ്ഥാനത്തിൽ ആശ്രയകേന്ദ്രങ്ങൾ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. ഒപ്പം റെസ്‌പൈറ്റ് ഹോംസ് പദ്ധതി അടിയന്തരമായി നടപ്പാക്കുകയും വേണം. ഭിന്നശേഷി പ്രതിരോധത്തിന് ഫലപ്രദമായ കർമപദ്ധതി നയരേഖയിൽ ഉൾപ്പെടുത്തണം. വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഭിന്നശേഷിയെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുന്നതിനൊപ്പം വിവാഹിതരാകുന്നവരിലും ഗർഭിണികളിലും പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ആരോഗ്യമേഖലയിൽ സ്ഥിരമായി മരുന്ന് ആവശ്യമുള്ള ഭിന്നശേഷിക്കാർക്ക് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ സമീപത്തെ സർക്കാർ ആശുപത്രികളിലൂടെ മരുന്ന്, ഡയപ്പർ തുടങ്ങിയ അവശ്യവസ്തുക്കൾ സൗജന്യമായി നൽകുന്ന കാര്യവും പരിഗണിക്കേണ്ടതാണ്.

ഭിന്നശേഷിക്കാരായ മക്കളുടെ തീരാനോവിനുമുന്നിൽ അടിപതറുന്ന മാതാപിതാക്കളെക്കൂടി ചേർത്തുപിടിച്ചുകൊണ്ട് വേണം സർക്കാരും സമൂഹവും മുന്നോട്ടുപോകേണ്ടത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകുന്ന സഹായത്തോടും പിന്തുണയോടും സമാനമോ അതിലേറെയോ പ്രാധാന്യ മർഹിക്കുന്നതാണ് അവരെ പരിചരിക്കുന്ന മാതാപിതാക്കൾക്ക് – പ്രത്യേകിച്ച് അമ്മമാർക്ക് – നൽകേണ്ട പിന്തുണ. സ്വന്തമായി വരുമാനമാർഗമില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന അമ്മമാർക്കായി തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ വഴി വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിൽപദ്ധതികളും, ജോലിക്ക് പോകാൻ കഴിയാത്തവർക്ക് സാമ്പത്തികാശ്വാസ വേതനവും ഒരുക്കണം. വീൽചെയർ, വാക്കർ തുടങ്ങിയ സഹായോപകരണങ്ങൾ നിർധനർക്ക് സൗജന്യമായി വിതരണം ചെയ്യുക, ഇവ കുറഞ്ഞ ചെലവിൽ തദ്ദേശീയമായി നിർമ്മിക്കുന്നതിനുള്ള ഗവേഷണപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പദ്ധതികളും നയത്തിന്റെ ഭാഗമായി കൊണ്ടുവരുന്നത് ഉചിതമായിരിക്കും.

18 വയസ്സ് കഴിയുന്നതോടെ കുട്ടികൾക്ക് പരിശീലനകേന്ദ്രങ്ങൾ ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. വയസ്സായ മാതാപിതാക്കൾക്ക് ആശങ്കയില്ലാതെ മക്കളെ ഏൽപ്പിക്കാൻ കഴിയുന്ന സുരക്ഷിത പുനരധിവാസ കേന്ദ്രങ്ങൾ സർക്കാർ തലത്തിൽ ഒരുക്കുകയും വേണം. മാതാപിതാക്കൾക്ക് പ്രൊഫഷണൽ കൗൺസിലർമാരുടെ സേവനവും വീടുകളിലെത്തി മാനസിക പിന്തുണ നൽകുന്ന സംവിധാനവും ഏർപ്പെടുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവ ഏകോപിപ്പിച്ചുകൊണ്ട് നടപ്പിലാ ക്കുന്ന ഇത്തരം സമഗ്രവും മാതൃകാപരവുമായ നയങ്ങൾ ഭിന്നശേഷിക്കുട്ടികളുടെ കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷയും ജീവിത സുരക്ഷയും നൽകുമെന്നുറപ്പാണ്.

ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന ആശയത്തെയും നയരേഖയെയും കേരളത്തിന്റെ നടപ്പാക്കൽ പദ്ധതിയെയും വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനവും ഉന്നമനവും ജീവനകലയും ഉറപ്പാക്കുന്നതാകണം അത്. അവരുടെ ബൗദ്ധികാവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സാമൂഹികവൽക്കരണവും പൊതുജനസ്വീകാര്യതയും മാനസിക-സാമൂഹിക ക്ഷേമവും ലക്ഷ്യമാക്കണം. ഈ നയം നടപ്പാക്കാൻ ഏറ്റവും പ്രധാനമായ പങ്കാളിത്തം ആവശ്യമായിവരുന്നത് വിദ്യാലയത്തിലെ മറ്റു കുട്ടികളുടെ മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നുമാണ്. നമ്മുടെ ഭിന്നശേഷിക്കുട്ടികൾക്ക് സമയപരിധിയില്ലാത്ത പഠനമാണ് ആവശ്യം. ജീവിതനൈപുണ്യ വികാസം, പ്രവർത്തനപരമായ കഴിവുകളുടെ വളർച്ച എന്നിവ ഇതിൽ ഉൾപ്പെടണം. കൂടാതെ സാമൂഹിക-വൈകാരിക കഴിവുകളുടെ വളർച്ചയും സ്വന്തം അവകാശങ്ങൾക്കുവേണ്ടി സംസാരിക്കാനുള്ള ശേഷിയും അവർക്ക് ലഭിക്കണം. പരിവർത്തനഘട്ടങ്ങളെ നേരിടാനുള്ള കഴിവുകൾ, വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിന് ഉപകരിക്കുന്ന ഇടങ്ങൾ എന്നിവയും ഉറപ്പാക്കണം. ഇന്ദ്രിയ-സമ്മർദ നിയന്ത്രണത്തിന് ഉപകരിക്കുന്ന തെറാപ്പികൾ, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും അതിനായി ഒരുങ്ങാനുമുള്ള പഠനമാകണം നൽകേണ്ടത്. കൂടാതെ, പഠനം അവരുടെ ആത്മവിശ്വാസവും അന്തസ്സും വർധിപ്പിക്കുന്നതിന് ഉപകരിക്കണം.

ഭിന്നശേഷിയുള്ള ഓരോ കുട്ടിക്കും തുല്യമായ വിദ്യാഭ്യാസാവകാശവും പഠനത്തിൽ സജീവമായി പങ്കെടുക്കാനുള്ള അവസരവും ഉറപ്പാക്കുക എന്നത് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യമാണ്. ‘ഭിന്നശേഷി സൗഹൃദ വിദ്യാലയം’ കരടു നയം ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പാണ്. സ്പീച്ച്-ലാംഗ്വേജ് തെറാപ്പിസ്റ്റ് എന്ന നിലയിൽ, കുട്ടികളോടൊപ്പം പ്രവർത്തിക്കുമ്പോൾ, പഠനവിജയത്തിന് അക്കാദമിക പിന്തുണയ്‌ക്കൊപ്പം ആശയവിനിമയത്തിനും സാമൂഹിക ഇടപെടലിനും പ്രാധാന്യമുണ്ടെന്ന് അനുഭവത്തിൽനിന്ന് മനസ്സിലാക്കുന്നു. ഭാഷാ-ആശയവിനിമയ ബുദ്ധിമുട്ടുകളുള്ള കുട്ടികൾക്ക് ആവശ്യമായ പിന്തുണ ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്കായി കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കുന്നത് വളരെ പ്രസക്തമാണ്. ഭൗതിക സൗകര്യങ്ങൾക്കൊപ്പം ആശയവിനിമയ സൗഹൃദവും ഡിജിറ്റൽ ആക്‌സസിബിലിറ്റിയും ഉറപ്പാക്കേണ്ടതുണ്ട്. ഓഗ്മെന്റേറ്റീവ് ആൻഡ് ആൾട്ടർനേറ്റീവ് കമ്മ്യൂണിക്കേഷൻ (എ എ സി), സഹായ സാങ്കേതികവിദ്യകൾ, വിഷ്വൽ സപ്പോർട്ട്‌സ് തുടങ്ങിയവ കുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കാൻ സഹായിക്കും. അധ്യാപകർ, സ്പീച്ച്-ലാംഗ്വേജ് തെറാപ്പിസ്റ്റുകൾ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ, മാതാപിതാക്കൾ എന്നിവരുടെ ഏകോപിത പ്രവർത്തനത്തി ലൂടെയാണ് ഓരോ കുട്ടിയുടെയും കഴിവുകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് വ്യക്തിഗത പിന്തുണ നൽകാൻ കഴിയുക. അതിനാൽ, ‘ഭിന്നശേഷിസൗഹൃദ വിദ്യാലയം’ എന്നത് സൗകര്യങ്ങളുടെ മാത്രം ആശയമല്ല; ഓരോ കുട്ടിയെയും ഉൾക്കൊള്ളുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്ന അവകാശാധിഷ്ഠിത സമീപനമാണ്.

വ്യത്യസ്ത  ഗാർഹികാന്തരീക്ഷങ്ങളിൽ നിന്നും സാമൂഹിക പരിസരങ്ങളിൽനിന്നും എത്തിച്ചേരുന്ന വിദ്യാർഥികളും അധ്യാപകരും ചേർന്ന് സൃഷ്ടിക്കുന്ന ഒരു ലോകത്തിൽ, പലപ്പോഴും അനുഭവപ്പെടുക ഉൾച്ചേർക്കൽ എന്ന യാന്ത്രിക പദ്ധതിയല്ല, പകരം ഉൾച്ചേരൽ എന്ന മാന്ത്രിക പദ്ധതിയാണ് എന്ന് ഒരു സർക്കാർ പള്ളിക്കൂടത്തിൽ പഠിപ്പിക്കുന്ന അധ്യാപികയെന്ന നിലയിൽ എനിക്ക് തോന്നാറുണ്ട്. വിഭിന്നങ്ങളായ ശേഷികളുള്ള കുട്ടികൾക്ക് സ്വന്തം വ്യക്തിത്വത്തിന്റെ കാതലിൽത്തന്നെ ആത്മാഭിമാനവും തുല്യതാ മനോഭാവവുമൊരുമിച്ച് ചേർത്ത് നിലകൊള്ളാനാകണം. അപ്പോൾ മാത്രമാണ് വിദ്യാഭ്യാസം അതിന്റെ പൂർണ്ണമായ അർഥത്തിൽ സഫലമാകുകയുള്ളൂ. കേരള സർക്കാരിന്റെ ‘എനേബിൾ’ ഭിന്നശേഷി സൗഹൃദ വിദ്യാലയം കരടുനയരേഖ ഈ ദിശയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പായി കണക്കാക്കാം. വെല്ലുവിളികൾ നേരിടുന്ന ഓരോ കുട്ടിക്കും ഒപ്പം ചേർന്ന് ശാസ്ത്രീയമായ പിന്തുണ ഉറപ്പാക്കുന്ന വിധത്തിൽ പ്രവർത്തിക്കണമെങ്കിൽ, അധ്യാപകർക്ക് സ്വന്തം വിദ്യാലയാന്തരീക്ഷത്തിൽ, സ്വന്തം വിദ്യാർഥികൾക്ക് അനുയോജ്യമായ വിധത്തിൽ, ഗുണനിലവാരമുള്ള ഗവേഷണാധിഷ്ഠിത പഠന-പ്രവർത്തന പദ്ധതികൾ സ്വയം രൂപീകരിക്കാൻ കഴിയുന്ന വിധത്തിലുള്ള ശാക്തീകരണ സംവിധാനങ്ങൾ നിലവിൽ വരണം. ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസത്തിന്റെ ഫലം പ്രവേശനക്കണക്കുകൾക്കും വിജയശതമാനങ്ങൾക്കുമപ്പുറം കടന്നുകൊണ്ട് തൊഴിൽ-ജീവിത പരിവർത്തനം എന്ന ദിശയിലേക്ക് പുരോഗമിക്കുന്നത് ഏറെ ആശാവഹമായ കാര്യമാണ്.

കേവലം തൊഴിലുകൾ ലഭ്യമാക്കുക എന്നതിനപ്പുറം സന്തോഷഭരിതവും സർഗാത്മകവുമായ ജീവിതം നയിക്കുന്നവരെന്ന നിലയിലേക്ക് വിദ്യാർഥികൾക്ക് എത്തിച്ചേരാനാകുകയും സമൂഹത്തിന്റെ പുരോഗതിയിൽ പങ്കാളികളാകാനും കഴിയുന്ന വിധത്തിൽ ഭാവിപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിൽ ഈ രേഖ ഒരു സുപ്രധാന ദിശാസൂചികയായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.