ദൈവത്തിന്റെ നാടായി തുടരട്ടെ
സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1
കേരളത്തിൽ എല്ലായിടത്തും ലഹരിമാഫിയയുടെ കണ്ണികൾ ശക്തമാണെങ്കിലും ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്കിടയിൽ അവർക്ക് നേരിട്ട് ബന്ധമുണ്ട്. വിദ്യാഭ്യാസത്തിന്റെ കുറവും ബോധവത്കരണത്തിന്റെ കുറവുമെല്ലാമായി അതിന് പലകാരണങ്ങളുണ്ടാവാം |
കേരളത്തിലെ തടി വ്യവസായത്തിന്റെയും പ്ലൈവുഡ് നിർമ്മാണത്തിന്റെയും പ്രധാന കേന്ദ്രമാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ. അതുകൊണ്ടുതന്നെ ‘ടിംബർ ടൗൺ’ എന്നും ‘പ്ലൈവുഡ് ക്യാപിറ്റൽ’ എന്നും വിളിപ്പേരുണ്ട് ഈ പ്രദേശത്തിന്. ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികളുള്ള പ്രദേശം എന്നതും ഈ നാടിന്റെ പ്രത്യേകതയാണ്. ഒരുകണക്കിന്, അതാണ് ഈ നാടിനെ ഇപ്പോൾ അടയാളപ്പെടുത്തുന്നതുപോലും. തൊഴിലിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുകയും ഇവിടത്തുകാരായി മാറുകയും ചെയ്യുന്നവരും ഏറെ. കടകളുടെയും സ്ഥാപനങ്ങളുടെയും മാത്രമല്ല ബസിന്റെ ബോർഡുകളിൽ വരെ പല ഭാഷകൾ വന്നുചേർന്നു. പല ഭാഷകൾ പഠിക്കാൻ പ്രദേശവാസികളും കച്ചവടക്കാരും നിർബന്ധിതരായി. ഈ സാംസ്കാരിക കൈമാറ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ അനുഭവിക്കുകയാണ് ആ നാട് എന്ന് പറയുന്നതിൽ തെറ്റില്ല.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ ലഹരിക്കടിമയായി മാനസികനില തെറ്റി അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാനത്തൊഴിലാളിയായ സ്ത്രീയെ നാട്ടുകാർ പിടികൂടി ആശുപത്രിയിലാക്കിയ സംഭവമുണ്ടായി. ലഹരിയുടെ കെട്ട് അയഞ്ഞപ്പോൾ അവർ ആരും കാണാതെ ഇറങ്ങിപ്പോവുകയാണുണ്ടായത്. എപ്പോഴെങ്കിലും ഇതുപോലെ ലഹരിക്കടിമയായി അവരെ വീണ്ടും തെരുവിൽ കാണേണ്ടി വരുമെന്നു തന്നെ അവിടത്തെ ജനങ്ങൾ ഭയക്കുന്നു.
കേരളത്തിൽ എല്ലായിടത്തും ലഹരിമാഫിയയുടെ കണ്ണികൾ ശക്തമാണെങ്കിലും ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്കിടയിൽ അവർക്ക് നേരിട്ട് ബന്ധമുണ്ട്. വിദ്യാഭ്യാസത്തിന്റെ കുറവും ബോധവൽക്കരണത്തിന്റെ കുറവുമെല്ലാമായി അതിന് പലകാരണങ്ങളുണ്ടാവാം. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രത്യേക താൽപര്യമെടുത്ത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽത്തന്നെ വന്ന് ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. കാരണം കേരളത്തിൽ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലമാണ് പെരുമ്പാവൂർ. ഇവർക്കിടയിൽ പരസ്യമായി തന്നെ ലഹരി ഉപയോഗവും വിൽപനയും നടക്കുന്നുണ്ട്. അത് നാട്ടുകാർക്ക് ശല്യവും സമൂഹത്തിന് അപകടവുമാണ്.
![]() |
![]() |
ശക്തമായ നടപടി
ലഹരി വേട്ട മുൻപും നടന്നിരുന്നുവെങ്കിലും പോലീസ് നടപടി കാര്യക്ഷമമായിരുന്നില്ല എന്ന് ഇവിടത്തുകാർക്ക് അഭിപ്രായമുണ്ട്. നിലവിൽ അതിന് മാറ്റം വന്നിട്ടുണ്ട്. തൂഫാൻ വന്നതോടെ പോലീസ് കുറേക്കൂടി ജാഗരൂകരാണ്, നാട്ടുകാരും. അതുകൊണ്ടുതന്നെ പെരുമ്പാവൂരിൽ ലഹരി വിൽപന കുറഞ്ഞതായിട്ടാണ് പൊതുവെയുള്ള അനുഭവം. ഇപ്പോൾ ലഹരി ഇടപാടുകാർ ഒന്ന് പതുങ്ങി നിൽക്കുന്നത് കൊണ്ടാണത് എന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
പോലീസും എക്സൈസും നാട്ടുകാരും കൂട്ടത്തോടെ ലഹരിവിരുദ്ധ പോരാട്ടത്തിനിറങ്ങിയതു കൊണ്ടുള്ള ഇപ്പോഴത്തെ ഒതുങ്ങൽ പോലീസ് സംവിധാനം ഒന്നയഞ്ഞാൽ ഇല്ലാതാകുമെന്നും അവർക്കറിയാം. ഈ രീതിയ്ക്ക് മാറ്റം വരണം എന്നതിൽ പെരുമ്പാവൂരിലെ ലഹരിവിരുദ്ധ പോരാട്ടം നയിക്കുന്നവർ ഒറ്റക്കെട്ടാണ്. ലഹരി കേസുകളിലെ നടപടി അത് കണ്ടെത്തിയവരിൽ മാത്രം ഒതുങ്ങാതെ, അവർക്ക് ഒത്താശ ചെയ്യുന്നവരെയും കൂടി ഉൾപ്പെടുത്തിയാലേ ലഹരി മാഫിയയുടെ കണ്ണി അറുത്തുകളയാൻ സാധിക്കൂ എന്നും ഓപ്പറേഷൻ തൂഫാന് ആ തലത്തിലേയ്ക്ക് ഉയരാൻ കഴിയണമെന്നും അവർ പറയുന്നു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നിലവിൽ ശക്തമായി ഈ പ്രദേശത്തുനടക്കുന്നുണ്ട്. തുടർച്ചയായ പരിശോധനകൾ, ബോധവൽരണം, ആരോഗ്യ പരിശോധനകൾ എന്നിവയെല്ലാം നടക്കുന്നുണ്ട്. തങ്ങളുടെ നാടിനെ ഗ്രസിച്ച അപകടത്തെ തുടച്ചു നീക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടാണ്. വിദ്യാർഥികളും അധ്യാപകരും ആരോഗ്യപ്രവർത്തകരും സന്നദ്ധസേവകരും വിവിധ സർക്കാർ സംവിധാനങ്ങളുമെല്ലാം കൈകോർത്തു പിടിച്ച് പോരാട്ടത്തിലാണ്.
വേണം കനത്ത ജാഗ്രത
ലഹരി മാഫിയയെ നമ്മുടെ നാട്ടിൽ നിന്ന് തന്നെ തുടച്ചുനീക്കണം. അതത്ര എളുപ്പമല്ല. എന്നാൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതുപോലെ ജനങ്ങളെ മുന്നിൽ നിർത്തിയുള്ള പോരാട്ടം തുടരാൻ കഴിഞ്ഞാൽ നമുക്ക് ലക്ഷ്യത്തിലേക്കെത്താനാവും. എന്നാൽ മാത്രമേ നമ്മുടെ അടുത്ത തലമുറയ്ക്ക് ഇവിടെ സമാധാനപരമായ ജീവിതം നയിക്കാനാവൂ. പെരുമ്പാവൂരിലെ ലഹരിവിരുദ്ധ പോരാളികൾ ഒറ്റക്കെട്ടായി പറയുന്ന ഒരു കാര്യം, ചെറിയ അളവിലാണെങ്കിൽപോലും ലഹരി പിടകൂടിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കണം. താക്കീത് നൽകി പറഞ്ഞു വിടുമ്പോൾ, പിടിക്കപ്പെട്ടാലും ഇത്രയേ ഉള്ളൂ എന്നൊരു തോന്നൽ ലഹരി വിതരണക്കാർക്കുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് ഒരാളെ തന്നെ പലപ്പോഴായി ലഹരി വസ്തുക്കളുമായി പിടികൂടുന്ന സാഹചര്യം ഉണ്ടാകുന്നത്. ലഹരി ഉപയോഗിക്കുന്നവരെയും അത് വിതരണം ചെയ്യുന്നവരെയും മാത്രമാണ് ഇപ്പോൾ പിടികൂടുന്നതും ശിക്ഷിക്കുന്നതും. ഉറവിടം കണ്ടെത്തുകയും അത് നശിപ്പിക്കുകയും അവർക്കുകൂടി ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം എന്ന നിർബന്ധബുദ്ധി ഓരോ ഉദ്യോഗസ്ഥനും വേണം. അങ്ങനെ ഓപ്പറേഷൻ തൂഫാൻ ഒരു നിരന്തര പരിശോധനയും നടപടിയും ചേർന്ന പ്രവർത്തനമായി തുടരണം. ആരെങ്കിലും ഒന്ന് അയഞ്ഞാൽ അതുവഴി സാമൂഹ്യദ്രോഹികൾ നാട്ടിൽ വീണ്ടും ലഹരിയെത്തിക്കും. അതുണ്ടാകാതിരിക്കാൻ പോലീസിനും എക്സൈസിനും ജനപ്രതിനിധികൾക്കുമൊപ്പം നാം ഓരോരുത്തരും അണിനിരക്കേണ്ടതുണ്ട്. കേരളം ദൈവത്തിന്റെ നാടാണ്, അതങ്ങനെയായി തന്നെ തുടരാനുള്ള ജാഗ്രത നമുക്കെല്ലാം വേണ്ടതുണ്ട്.



