എന്റെ സിനിമകൾ സ്വാനുഭവങ്ങളിൽ നിലകൊള്ളുന്നു

santwana2

കലയോടും സിനിമയോടും കുട്ടിക്കാലം മുതലുള്ള താങ്കളുടെ അഭിനിവേശത്തെ കുറിച്ച് പങ്കുവെക്കാമോ ?

സാഹിത്യ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് സംഗീതം, നാടകം എന്നിവയിൽ ആത്മാർഥമായ താത്പര്യമുള്ള ഒരു കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു. ഗവണ്മെന്റ് ഉദ്യോഗസ്ഥനായ എന്റെ അച്ഛൻ അറിയപ്പെടുന്ന നല്ല നടൻ കൂടിയായിരുന്നു. ദുരന്തനായകനായുള്ള അദ്ദേഹത്തിന്റെ അഭിനയം, അത് സ്റ്റേജിൽ കണ്ട പഴയൊരു ഓർമ ഇപ്പോഴും മനസ്സിൽ പുതുമയോടെ തങ്ങിനിൽക്കുന്നു. എനിക്ക് അന്ന് ആറ് വയസ്സിൽ താഴെയെയുള്ളൂ. ഞങ്ങൾ മക്കൾക്ക് ഇതൊക്കെ ഇത്തരം കലാപരിപാടികളിൽ പങ്കെടുക്കാൻ പ്രോത്സാഹനമായി. എട്ട് വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി സ്റ്റേജിൽ അഭിനയിച്ചത്. ചെറിയ പ്രായം തൊട്ടു തന്നെ കഥാപുസ്തകങ്ങളും കവിതകളും വായിക്കാനും റേഡിയോനാടകങ്ങൾ കേൾക്കാനും ശാസ്ത്രീയസംഗീതം ആസ്വദിക്കാനും എല്ലാം അച്ഛനും അമ്മയും ഞങ്ങളെ ഒരുപാട് പ്രോത്സാഹിപ്പിച്ചു.

കുട്ടികളുടെ ഹൃദസ്പന്ദനം കേൾക്കുന്ന സ്റ്റെതസ്‌കോപ്പിന്റെ താളത്തിൽ നിന്ന് സെല്ലുലോയിഡ് അത്ഭുതങ്ങളുടെ സ്പന്ദനങ്ങളിലേക്ക് എങ്ങനെയാണ് എത്തിയത്?

വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്ന എന്റെ അമ്മമ്മയുമായി എനിക്ക് ഏറെ അടുപ്പമായിരുന്നു. അനുകമ്പയുള്ള ഒരു ഡോക്ടർക്ക് തീർച്ചയായും സമൂഹത്തിലെ നിസ്സഹായരെയും നിരാലംബരെയും സഹായിക്കാൻ കഴിയുമെന്ന ആശയം ഉറങ്ങാൻ കിടക്കുമ്പോഴുള്ള കഥപറച്ചിലുകളിൽകൂടി അമ്മമ്മ എന്റെ മനസ്സിൽ പതിപ്പിച്ചു. ആറാം ക്ലാസ്സിൽ എത്തിയപ്പോൾതന്നെ ഡോക്ടർ ആയാൽ മതിയെന്ന് ഞാനും ഉറപ്പിച്ചു. കലയോടുള്ള അതിയായ ഇഷ്ടം കോളേജ് കാലയളവിൽ ഒന്ന് മങ്ങിയെങ്കിലും പിന്നീട് അതെന്റെ ഹോബി ആയി രൂപാന്തരപ്പെട്ടു. റേഡിയോ പരിപാടികളിലും സ്റ്റേജ് പരിപാടികളിലും ഞാൻ അഭിനയിച്ചു. അങ്ങനെയിരിക്കെ 1990 ഇൽ ഗുവാഹത്തി ദൂരദർശനു വേണ്ടി ഒരു ഷോർട്ട് ഫിലിം എഴുതാനും സംവിധാനം ചെയ്യാനുമുള്ള അവസരം ലഭിച്ചു. ആ അനുഭവസമ്പത്തിൽ നിന്നുദിച്ച ആവേശം എന്നെ അതെ വർഷം കൊൽക്കത്തയിൽ നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കൊണ്ടെത്തിച്ചു. ഇതിനുമുന്നേ ഞാൻ മേഘേ ധക്കേ താര , പഥേർ പാഞ്ചാലി , ദോ ബിഗ ജമീൻ, ഗരം ഹവ തുടങ്ങിയ മഹത്തായ ഇന്ത്യൻ സിനിമകൾ കണ്ടിരുന്നു. അവ എന്നെ ആഴത്തിൽ സ്പർശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഉദാത്തമായ ലോകോത്തര ചലച്ചിത്രങ്ങൾ ഒരു മേളയിൽ കണ്ട മനോഹരമായ അനുഭവം എന്നിൽ അഗാധമായി സ്വാധീനം ചെലുത്തി.santwana4

അഡാജ്യ എന്ന ആദ്യചലച്ചിത്രം എങ്ങനെയാണ് സംഭവിച്ചത്?

1993ൽ ഗുവാഹത്തി ദൂരദർശനു വേണ്ടി ‘ദോണ്ടൽ ഹാതിർ ഉയെ ഖോവാ ഹൗടാ ‘ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡോ. ഇന്ദിര റൈസോം ഗോസ്വാമിയെ അഭിമുഖം ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. ചോദ്യങ്ങൾ തയ്യാറാക്കുന്ന സമയത്ത് ഞാൻ പുസ്തകം വായിച്ചു, വീണ്ടും വീണ്ടും വായിച്ചു. ഈ പുനർവായനകൾ എന്റെ മനസ്സിൽ നോവലിനും അതിലെ കഥാപാത്രങ്ങൾക്കും പ്രത്യേക ഇടം തന്നെ നൽകി. അതുകൊണ്ടു തന്നെ ഒരു സിനിമ സംവിധാനം ചെയ്യാമെന്ന തീരുമാനത്തിൽ എത്തിയപ്പോൾ എനിക്ക് മറ്റൊരു കഥയെ പറ്റിയും ചിന്തിക്കേണ്ടി വന്നില്ല. എന്നാൽ പൂർണ്ണമായ നോവലിനെ ആധാരമാക്കി സിനിമയെടുക്കുന്നത് എന്റെ കഴിവിനതീതമാണെന്ന തികഞ്ഞ ധാരണ എനിക്കുണ്ടായിരുന്നു. നോവലിലെ മൂന്നു സ്ത്രീകൾ ഒരേ സാഹചര്യത്തോട് മൂന്നു വ്യത്യസ്ത രീതികളിൽ പ്രതികരിക്കുന്നത് എന്നെ അതിശയിപ്പിച്ചു. പുസ്തകത്തിലെ പ്രധാന കഥാപാത്രത്തിന് പകരം ഞാൻ ഈ മൂന്ന് സ്ത്രീകളെ എന്റെ തിരക്കഥയിലെ നായികമാരാക്കി. ഡോ. ഗോസ്വാമി അനുവാദവും ഒപ്പം അനുഗ്രഹവും നൽകി. അത്ഭുതകരമായ വ്യക്തിത്വമുള്ള മാമോണി റൈസോം ഗോസ്വാമി എന്ന അതുല്യപ്രതിഭയെ ജീവിതത്തിൽ കണ്ടുമുട്ടാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു.

അഡാജ്യയിൽ കാമരൂപി ഭാഷാഭേദമാണ് ഉള്ളത്?

ഡോ. ഇന്ദിര ഗോസ്വാമിയുടെ നോവലിലെ കഥ നടക്കുന്നത് ലോവർ അസമിലെ കാമരൂപ് ജില്ലയിലെ അമരംഗ ഗ്രാമത്തിലാണ്. നോവലിസ്റ്റിന്റെ കുടുംബത്തിന്റെ ഉറവിടവും അവിടുന്ന് തന്നെയാണ്. ഗോസ്വാമിയെ സംബന്ധിച്ചിടത്തോളം നോവലിലെ ചില കഥാപാത്രങ്ങളും സംഭവങ്ങളും പരിചിതവും സത്യവുമാണ്. നഗരവാസികൾ സംസാരിക്കുന്ന എഴുത്തുരൂപത്തിലുള്ള അസമീസ് ഭാഷയിൽ നിന്നും തികച്ചും വ്യസ്ത്യതവും അസംസ്‌കൃതവും കഠിനവുമായ കാമരൂപിയ ഭാഷാഭേദത്തിലാണ് ഇവിടുത്തെ ഗ്രാമവാസികൾ സംസാരിക്കുന്നത്. എന്റെ അഭ്യുദയകാംക്ഷികളായ കുറേപ്പേർ കാമരൂപി ഭാഷാഭേദം തിരക്കഥയിൽ ഉപയോഗിക്കരുതെന്നും അത് സിനിമകളിൽ ഒരു ഹാസ്യാനുഭൂതി ഉളവാക്കാൻ മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഉപദേശിച്ചു. പക്ഷെ, ഭാഷ, അത് ഭാഷാഭേദം ആയാലും ഒരു ജനതയുടെയോ അവരുടെ സംസ്‌കാരത്തിന്റെയോ ഒരു അഭേദ്യഘടകമാണെന്ന് ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നു. നമുക്ക് ചിന്തിക്കാനും പ്രകടിപ്പിക്കാനുമുള്ള വഴി അത് തന്നെയാണ്. പ്രായോഗികമായി ആലോചിച്ചപ്പോൾ ഈ ഭാഷാഭേദം മാറ്റുന്നത് അനീതിയാണെന്ന് എനിക്ക് തോന്നി. എന്റെ വിശ്വാസം ശരിയായിരുന്നു. കാമരൂപി ഉപയോഗിച്ചത് പുത്തൻ ആശയമായി ഉൾക്കൊണ്ട് പ്രേക്ഷകർ എന്നെ അഭിനന്ദിച്ചു.santwana3

മാജ് രാത്തി കേതകിയിലേക്ക് – ഇരുപത് വർഷം ദൈർഘ്യമുള്ള ഇടവേളയിലൂടെയുള്ള താങ്കളുടെ ജീവിതയാത്രയെ എങ്ങനെ വിലയിരുത്തുന്നു?

എന്റെ തൊഴിൽ മേഖല എന്നെ ഒരുപാട് തിരക്കിലാക്കി. ഐഎഫ്എഫ്ഐ പോലെയുള്ള ചലച്ചിത്രമേളകൾ, സംഗീതം, വായന, യാത്രകൾ – ഇവയെല്ലാം എന്നെ ഉന്മേഷത്തോടെ നിലനിർത്തി! മറ്റൊരു സിനിമ ഒരുക്കാനുള്ള സ്വപ്നം എന്റെ അവബോധത്തിന്റെ അഗാധതയിൽ എവിടെയോ ജീവനോടെ ഉണ്ടായിരുന്നു എന്നു തോന്നുന്നു. കാരണം ഞാൻ തുടർച്ചയായി തിരക്കഥകൾ എഴുതിക്കൊണ്ടിരുന്നു അതും പൂർണ്ണമല്ലാത്തവ – പലപ്പോഴും എന്റെ മനസ്സിൽ മാത്രം, ചിലപ്പോൾ ഉറക്കത്തിലും.

അസമീസ് സാഹിത്യത്തോടും സംസ്‌കാരത്തോടുമുള്ള താങ്കളുടെ ബന്ധം ഈ രണ്ടു സിനിമകൾക്കും സംഭാവന ചെയ്തിട്ടുണ്ടോ?

ഒരു സൃഷ്ടി ഉണ്ടാക്കുമ്പോൾ, നാം നമ്മുടെ മനസ്സിന്റെ ആഴങ്ങളിൽ നിന്ന്, നമ്മുടെ സത്തയിൽ നിന്ന് തന്നെ അവയ്ക്ക് ആവശ്യമുള്ള ഘടകങ്ങൾ ശേഖരിക്കുന്നു. നാം ആരാണ് എന്നത്, നമ്മെ ചുറ്റിപ്പറ്റിയിരിക്കുന്ന ലോകത്തിൽ നിന്ന് നാം ഉൾക്കൊള്ളുന്ന കാര്യങ്ങൾ, നാം വായിക്കുന്ന പുസ്തകങ്ങൾ, നാം കേൾക്കുന്ന സംഗീതം, ഏറ്റവും പ്രധാനമായി, നാം സ്നേഹിക്കുകയും പഠിക്കുകയും ചെയ്യുന്ന ആളുകൾ ഇവയെല്ലാം ചേർന്ന് രൂപപ്പെടുന്നതാണ്. അതിനാൽ, എന്റെ സൃഷ്ടികളിൽ സ്വാഭാവികമായും അത് പ്രതിഫലിക്കും. എന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നുകൊണ്ട് മാത്രമേ എനിക്ക് ഒരു സിനിമ നിർമ്മിക്കാൻ കഴിയു. കുറച്ച് സാങ്കല്പികതയുടെ നിറം അതിൽ കലർത്തുമെന്നേയുള്ളു.

മാജ് രാത്തി കേതകി – അസമീസ് തനിമയുള്ള ഈ ശീർഷകത്തിനു തന്നെ പ്രേക്ഷകരോട് പറയാൻ ഏറെയുണ്ട്. താങ്കളുടെ അനശ്വരയായ കേതകിയേയും ചാലിഹയെയും കുറിച്ചു പറയാമോ?santwana1

കേതകി ഒരു പക്ഷിയുടെ പേരുമാണ് (‘ഹോക്ക് കുക്കൂ’ എന്നാണ് പൊതുവെ അറിയപ്പെടുന്നത് ) , അതുപോലെ വന്യസുഗന്ധമുള്ള ഒരു പുഷ്പത്തിന്റെ പേരും കൂടിയാണ്. കുട്ടിക്കാലത്ത് ഞങ്ങൾ കവിതകൾ ചൊല്ലുന്നത് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു,. എന്റെ രണ്ടാം സിനിമയുടെ ശീർഷകം ദേബകാന്ത ബറുവ എഴുതിയ ‘സാഗർ ദേഖിസാ’ എന്ന കവിതയിൽ നിന്നാണ് ഉണ്ടായത്. ആ കവിതയിൽ, ഒരു പുരുഷൻ തന്റെ പ്രണയിനിയോട് ചോദിക്കുന്നത് അർധരാത്രിയിൽ കെതേക്കി കരയുമ്പോൾ അത് ഒരു പുരുഷന്റെ ഹൃദയത്തിൽ നിന്നുള്ള വേദനാഭരിതമായ സന്ദേശമാണെന്ന് അവൾ ഒരിക്കലെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ എന്നതാണ്. മാജ് രാത്തി കേതകി (അർധരാത്രിയുടെ കെതേക്കി) എന്നാൽ മറുപടിയില്ലാത്ത പ്രണയത്തെക്കുറിച്ചുള്ള കഥയല്ല. അത് നമ്മുടെ സമൂഹത്തിലെ ദൗർഭാഗ്യം മാത്രം കൂട്ടിനുള്ള, നിശ്ശബ്ദം കരുണ തേടുന്ന ആളുകളെക്കുറിച്ചാണ്. സൗരവ് കുമാർ ചാലിഹ അസമീസ് ഭാഷയിലെ അത്യുജ്ജ്വലനായ ഒരു എഴുത്തുകാരന്റെ തൂലികാനാമമാണ്. അദ്ദേഹം അസമീസ് കഥയ്ക്ക് ആധുനികശൈലി നൽകി, പുതുതലമുറ എഴുത്തുകാരെ തുടർച്ചയായി പ്രചോദിപ്പിച്ചുവരുന്നു. പ്രശസ്തിയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാടും എന്നിൽ ആദരവുണർത്തി.

ജി. അരവിന്ദൻ പുരസ്‌കാരം നേടിയ അനുഭവങ്ങളും ഐഎഫ്എഫ്കെയിലെമനോഹര സ്മരണകളും പങ്കുവയ്ക്കാമോ?

ജി. അരവിന്ദൻ പുരസ്‌കാരം എന്റെ ജീവിതത്തിലെ അവിശ്വസനീയമായ ഭാഗ്യവും അംഗീകാരവുമായി ഞാൻ അന്നും ഇന്നും കരുതുന്നു. കാരണം ഇന്ത്യൻ ചലച്ചിത്രത്തിലെ ഞാൻ ആദരിക്കുന്ന മൂന്ന് ഇതിഹാസ സംവിധായകർ ഈ അവാർഡുമായി ബന്ധപ്പെട്ടിരുന്നു. ജ്യൂറിയുടെ ചെയർമാനായി അടൂർ ഗോപാലകൃഷ്ണൻ. ട്രോഫി ഏറ്റുവാങ്ങിയത് ഷാജി എൻ കരുണിന്റെ കൈകളിൽ നിന്ന്്. എന്റെ സ്വപ്നങ്ങൾക്കും അതീതമായി നിലകൊള്ളുന്ന ഈ സുവർണാനുഭവം എന്നും ഏറെ പ്രിയപ്പെട്ടതും.

താങ്കൾ ആരാധിക്കുന്ന സംവിധായകരും സിനിമകളും?

ഈ ചോദ്യത്തിനുള്ള ഉത്തരം പറയാൻ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ്. ഇന്ത്യൻ സിനിമയിലെ അഞ്ച് മഹാന്മാരുടെ പേരുകൾ ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്. അതിൽ പുറമെ, വളരെ കഴിവുള്ള, താരതമ്യേന യുവ ഇന്ത്യൻ സിനിമാ സംവിധായകരിൽ നിന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ടവർ ഗുർവിന്ദർ സിംഗ്, നീരജ് ഗായിവൻ എന്നിവരാണ്.

ലോകസിനിമയെക്കുറിച്ച് പറയുകായാണെങ്കിൽ എന്റെ മനസ്സിൽ ഉടൻ വരുന്ന പേരുകൾ ആൻഡ്രെ വാജ്ദാ , വിത്തോറിയോ ഡി സിക്ക, ക്രിസ്റ്റോഫ് സനുസ്സി, അകിറ കുറോസാവ ഇവയാണ്.. അടുത്ത കാലത്ത് ഞാൻ ആൽഫോൺസ് ക്വാരോൺ, അലഹാൻഡ്രോ ഇന്നാരിറ്റി, ഗില്ലർമോ ഡെൽ ടോറോ എന്നിവരുടെ സിനിമകൾ കണ്ടിട്ടുണ്ട്, അവ എന്നെ ആഴത്തിൽ സ്വാധീനിച്ചു.

ചാരുലത, ഗരം ഹവ, മേഘ ധാക്കെ താര, ഗംഗാ സിലോനിർ പാകി, ചൗതീ കൂട്ട്, റോമാ, ബേർഡ്മാൻ, ബേബൽ, പിനോക്കിയോ – എന്നെ സ്വാധീനിച്ച ചിത്രങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടുകൊണ്ടേയിരിക്കും. അസമിലും ഇപ്പോൾ കഴിവുള്ള നിരവധി യുവ സിനിമസംവിധായകർ ഏറെ രസകരമായ സിനിമകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. മലയാള സിനിമാസംവിധായകരെക്കുറിച്ചും എനിക്ക് വളരെ ഉയർന്ന അഭിപ്രായമാണുള്ളത്. അത് ഞാൻ പല അവസരങ്ങളിലും പങ്കുവെച്ചിട്ടുമുണ്ട്.

 

Spread the love