സർക്കാർ പൗരരോടൊപ്പം

 

പിണറായി വിജയൻ
മുഖ്യമന്ത്രി

 

cm1 1cm2

സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള വിനിമയങ്ങൾ കൂടുതൽ സുതാര്യവും ജനകീയവു മാക്കുന്നതിനുള്ള പുതിയ ഇടപെടലായ ‘സി എം വിത്ത് മി’, അഥവാ, ‘മുഖ്യമന്ത്രി എന്നോടൊപ്പം’ പദ്ധതിക്ക് തുടക്കം കുറിച്ചു

ജനാധിപത്യവ്യവസ്ഥയിൽ ഭരണസംവിധാനത്തിന്റെ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണ്. ഈ തത്വം അക്ഷരാർഥത്തിൽത്തന്നെ നടപ്പാവേണ്ടതുണ്ട് എന്ന ബോധ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ഒൻപതു വർഷഘട്ടത്തിലാകെ പ്രവർത്തിച്ചത്.

സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാനുതകുന്ന ഇടപെടലുകളുണ്ടായി. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്നുള്ള ധാരണ മാറ്റി, ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്ന ബോധ്യം ജനങ്ങളിൽ സൃഷ്ടിച്ചു. ഒരു മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ കേട്ടു. താലൂക്കുതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും അദാലത്തുകൾ സംഘടിപ്പിക്കപ്പെട്ടു.

വാഗ്ദാനങ്ങളിൽ നടപ്പാക്കിയവ ഏത്, നടപ്പാക്കാൻ കഴിയാതെ പോയവ ഏത് എന്ന് വർഷാന്ത്യത്തിൽ ജനങ്ങളോടു തുറന്നുപറയുന്ന പ്രോഗ്രസ് റിപ്പോർട്ട്, മന്ത്രിസഭ അപ്പാടെ തന്നെ ജനങ്ങൾക്കു പറയാനുള്ളതു കേൾക്കാൻ നാട്ടിലേക്കിറങ്ങിയ നവകേരള സദസ്സ്, മൂന്നു ഘട്ടങ്ങളിലായി നടന്ന ഫയൽ അദാലത്ത്- തദ്ദേശ സ്ഥാപനതലത്തിൽ സംഘടിപ്പിക്കപ്പെട്ട വികസനസദസ്സുകൾ, തുടങ്ങി മുമ്പൊരുകാലത്തുമില്ലാത്ത പുതുമയാർന്ന കാര്യങ്ങൾ ആവിഷ്‌കരിച്ചത് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെ കവിഞ്ഞുനിൽക്കുന്നതായി മറ്റൊന്നുമില്ല എന്ന ബോധ്യം കൊണ്ടാണ്.

ഇതിനൊക്കെപ്പുറമെയാണ് അതിനൂതനമായ പുതിയ ഒരു പദ്ധതിയുമായി സർക്കാർ ജനങ്ങളിലേക്കെത്തുന്നത്. അതാണ് ‘സി എം വിത്ത് മി’, അഥവാ, ‘മുഖ്യമന്ത്രി എന്നോടൊപ്പം’. മുഖ്യമന്ത്രി എന്നോടൊപ്പം എന്നതിന്, സർക്കാർ അപ്പാടെ പൗരരോടൊപ്പം എന്നുതന്നെയാണ് അർഥം. ഇത് ഒരു സിറ്റിസൺ കണക്റ്റ് സെന്ററാണ്. പൊതുജനങ്ങളും സർക്കാരും തമ്മിൽ ആശയവിനിമയരംഗത്ത് വിടവെന്തെങ്കിലും ഉണ്ടെങ്കിൽ അതു തീർക്കുന്ന സംവിധാനം; ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുമേൽ സമയബന്ധിതമായി നടപടിയെടുക്കുന്ന സംവിധാനം, എടുത്ത നടപടി നിശ്ചിതസമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കുന്ന സംവിധാനം. ഇങ്ങനെയൊന്ന് മുമ്പില്ലാത്തതാണ്; എവിടെയും ഇല്ലാത്തതാണ്. നവകേരള നിർമ്മാണത്തിലേക്കു കേരളം നീങ്ങുകയാണ്. അതിന്റെ സവിശേഷതകൾ നമ്മുടെ പൊതുസമൂഹത്തിനു മുമ്പിലുണ്ട്. അതു കൂടുതൽ സമഗ്രമാവാൻ നിർദേശങ്ങൾ മുമ്പോട്ടുവെക്കാം. സർക്കാർ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്താം. നീതി ലഭിക്കാതെ വന്നതിനെക്കുറിച്ചുള്ള പരാതികളടക്കം ശ്രദ്ധയിൽപ്പെടുത്താംcm4

നിലവിലുള്ള സംവിധാനത്തിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം, സി എം വിത്ത് മി യിലേക്ക് ഒരു കാര്യം വിളിച്ചു പറഞ്ഞാൽ, പരാതി അറിയിച്ചാൽ അതിന്മേൽ എടുത്ത നടപടി 48 മണിക്കൂറിനകം ഉത്തരവാദിത്വത്തോടെ തിരികെ വിളിച്ച് അറിയിച്ചിരിക്കും എന്നതാണ്. എന്തെങ്കിലും കാരണങ്ങൾ കൊണ്ടു സാധ്യമാവാത്തതാണു കാര്യമെങ്കിൽ ആ കാരണങ്ങളും വിളിച്ചറിയിക്കും. അത്ര ഉത്തരവാദിത്വപൂർമായിരിക്കുമത്. ടോൾഫ്രീ നമ്പറായ 1800 425 6789 ഈ ആവശ്യത്തിനായി ഉപയോഗിക്കാം.

ഓരോ പൗരന്റേയും ജീവിതക്ഷേമം ഉറപ്പാക്കിക്കൊണ്ടുവേണം പൊതുവായ വികസനം എന്ന ജനകീയ സമീപനത്തിന്റെ ദൃഷ്ടാന്തമാണ് ‘സി എം വിത്ത് മി’. ജനങ്ങളാണ് ഭരണത്തിന്റെ കേന്ദ്രവും ലക്ഷ്യവും. ഇതു മനസ്സിൽ വച്ചുകൊണ്ടാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഓരോരുത്തർക്കും അവരുടെ അഭിപ്രായം പറയാം. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാം. അതിനൊക്കെ പരിഹാരം കാണും. സദാ ഉണർന്നിരിക്കുന്ന ഒരു ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാനുള്ളവ അങ്ങനെയും, മന്ത്രിമാർ ഉൾപ്പെട്ട് പരിഹരിക്കാനുള്ളവ ആ വിധത്തിലും കൈകാര്യം ചെയ്യും.
ജനങ്ങളെ ഭരണനിർവഹണത്തിൽ പങ്കാളികളാക്കുന്ന പദ്ധതിയാണിത്. സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും എല്ലാവരുടെയും അഭിപ്രായവും ഉൾക്കൊള്ളാനും സർക്കാരിനു കഴിയും. അതിലൂടെ ജനങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കൾ മാത്രമല്ല, കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ സജീവ പങ്കാളികളാണെന്നും ഉറപ്പാക്കും.

പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമപദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്ക് ഇതിലൂടെ എളുപ്പത്തിൽ ലഭ്യമാകും. പദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനുമുള്ള നിർദേശങ്ങൾ ജനങ്ങൾക്കു സമർപ്പിക്കാം. അടിയന്തരഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സർക്കാർ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി ഇതു മാറും.

symbolസി എം വിത്ത് മി’, അഥവാ, ‘മുഖ്യമന്ത്രി എന്നോടൊപ്പം’. മുഖ്യമന്ത്രി എന്നോടൊപ്പം എന്നതിന്, സർക്കാർ അപ്പാടെ പൗരരോടൊപ്പം എന്നുതന്നെയാണ് അർഥം. ഇത് ഒരു സിറ്റിസൺ കണക്റ്റ് സെന്ററാണ്

‘സി എം വിത്ത് മി’ പരിപാടിയുടെ കാര്യക്ഷമതയ്ക്കായി വിദഗ്ധ ഉദ്യോഗസ്ഥരുടെ പിന്തുണയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടവുമുണ്ടാകും. പോലീസ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പോലീസിലെ തന്നെ 10 പേരടങ്ങുന്ന ടീം ഇതിലുണ്ടാകും. എല്ലാ വകുപ്പുകളിൽ നിന്നുമുള്ളവരുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപന ചുമതലയും മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി പരിപാലന ചുമതലയും വഹിക്കും എന്നതിൽ നിന്നുതന്നെ സർക്കാർ ഇതിനു നൽകുന്ന പ്രാധാന്യം വ്യക്തമാകുമല്ലോ. എല്ലാ ജില്ലകളിലും നോഡൽ ഓഫീസുകളുണ്ടാകും. എവിടെ നിന്നും ഏതുവിവരവും ശേഖരിക്കാൻ വേണ്ട ശൃംഖലയുണ്ടാകുമെന്നു ചുരുക്കം.

കോൾ സെന്ററിന് രണ്ട് ലെയർ ഉണ്ടാകും. ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന റിസീവിങ് ലെയർ 24 മണിക്കൂറും പ്രവർത്തിക്കും. ഒരേസമയം 10 കോളുകൾ കൈകാര്യം ചെയ്യാൻ സൗകര്യമുണ്ടാകും. പരാതികൾ ക്ഷമയോടെ കേട്ട് രേഖപ്പെടുത്തുന്നവരുണ്ടാകും. രണ്ടാം ലെയർ, വകുപ്പുതല പരിഹാരത്തിന്റേതാണ്. കൂടുതൽ പരാതികൾ ഉണ്ടാവാറുള്ളത് തദ്ദേശസ്വയംഭരണം, റവന്യൂ, ആഭ്യന്തരം, സഹകരണം എന്നീ വകുപ്പുകളിൽ നിന്നുള്ളവ ആയതുകൊണ്ട് ഇവയിൽ നിന്ന് രണ്ട് വീതവും മറ്റ് 22 പ്രധാന വകുപ്പുകളിൽ നിന്ന് ഓരോരുത്തർ വീതവും ഈ ലെയറിലുണ്ടാകും. ആദ്യ ലെയറിൽ നിന്ന് പരാതി രണ്ടാം ലെയറിലെത്തും. അവിടെ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കും.cm5

സംസ്ഥാനത്തിന്റെ പുരോഗതി സാമ്പത്തികവളർച്ചയുടെ സ്റ്റാറ്റിസ്റ്റിക്‌സ് കൊണ്ടുമാത്രമല്ല, ജനജീവിതത്തിന്റെ യാഥാർഥ്യം കൊണ്ടുകൂടിയാണ് അളക്കേണ്ടത്. പലപ്പോഴും അളക്കപ്പെടാതെ പോകുന്നത് ഈ രണ്ടാമത്തെ കാര്യമാണ്. നവകേരള സദസ്സുമായി കേരളത്തിലാകെ സഞ്ചരിച്ചപ്പോൾ ത്തന്നെ ഇതേക്കുറിച്ച് മന്ത്രിസഭയ്ക്ക് തോന്നലുണ്ടായതാണ്.
ആ തോന്നലുകളെ ശക്തിപ്പെടുത്തുന്ന പല കാര്യങ്ങളും പിന്നീടുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് നേരിട്ടു പറയാം എന്ന നിലയ്ക്കുള്ള ഒരു സംവിധാനം ഏർപ്പെടുത്താം എന്നു നിശ്ചയിച്ചത്.

നവകേരള നിർമ്മിതി പൂർണ്ണമാവുക ജനങ്ങളുടെ അഭിപ്രായ നിർേദശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. മുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലും എല്ലാ പ്രദേശങ്ങളിലും എത്തേണ്ടതുണ്ട്, ജീവിത വ്യവസ്ഥയിൽ പ്രതിഫലിക്കേണ്ടതുണ്ട്. അതിന് എന്തൊക്കെ ചെയ്യണം എന്നതു സംബന്ധിച്ച് ജനങ്ങൾക്ക് അഭിപ്രായമുണ്ടാകും. പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടാവും. അതൊക്കെ സർക്കാരിനു വിലപ്പെട്ടതാണ്. ജനാഭിപ്രായമറിഞ്ഞും പോരായ്മകൾ പരിഹരിച്ചും മാത്രമേ വികസനത്തിലേക്ക് എത്താൻ കഴിയൂ. ഭരണകർത്താക്കൾക്കും ജനങ്ങൾക്കും തമ്മിൽ അകലമില്ലാത്ത ഒരു ആശയവിനിമയ സംവിധാനമുണ്ടാകണം. ആ ഒരു കാഴ്ചപ്പാടാണ് ‘സി എം വിത്ത് മി’ എന്ന പരിപാടിയുടെ പിന്നിലുള്ളത്.

2016ലെ സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എടുത്ത ആദ്യതീരുമാനങ്ങളിലൊന്നായിരുന്നു വാതിൽപ്പടി സേവനങ്ങൾ ലഭ്യമാക്കുക എന്നത്. അശരണർക്കും ആലംബഹീനർക്കും മറ്റു ദുർബലവിഭാഗങ്ങൾക്കും സേവനങ്ങൾ വീടുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. സർക്കാരിന്റെ ആ തീരുമാനത്തിൽത്തന്നെ വരുന്ന അഞ്ച് കൊല്ലങ്ങളിൽ സർക്കാരിന്റെ പ്രവർത്തനദിശ എങ്ങോട്ടായിരിക്കുമെന്ന് ദൃശ്യമായിരുന്നു. കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനാധിപത്യത്തിന്റെ യഥാർഥ അന്തഃസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സർക്കാരായിരിക്കും ഇതെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. അതിന്റെയെല്ലാം തുടർച്ചയാണ് സി എം വിത്ത് മി കോൾ സെന്ററും. സർക്കാർ ഒപ്പമുണ്ട് എന്നത് ഇന്ന് ഒരു ഭംഗി വാക്കല്ല, അക്ഷരാർഥത്തിൽ സർക്കാർ ഒപ്പമുണ്ട്.

>>

Spread the love