കവര്‍‌സ്റ്റോറി

കുടുംബശ്രീ ലോകത്തിന് ഒരു പാഠപുസ്തകം

എം. ബി. രാജേഷ്
തദ്ദേശ സ്വയംഭരണ, എക്സൈസ്,
പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി

ദാരിദ്ര്യ നിർമ്മാർജനത്തിനും അതിലൂടെ സ്ത്രീശാക്തീകരണത്തിനും കുടുംബശ്രീ നൽകുന്ന സംഭാവനകൾ ഒരു സംസ്ഥാനത്തിന്റെയാകെ വികസന കാഴ്ചപ്പാടുകൾക്ക് നെടുംതൂണായി മാറുകയാണ്

ദാരിദ്ര്യ നിർമ്മാർജനം എന്ന ലക്ഷ്യവുമായി കേരളത്തിൽ കുടുംബശ്രീയുടെ ജൈത്രയാത്ര തുടങ്ങിയിട്ട് 27 സുവർണ്ണ വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനൊപ്പം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സാധാരണക്കാരായ വനിതകൾക്ക് കടന്നുചെല്ലാനും തന്റേതായ ഇടം കണ്ടെത്താനും കുടുംബശ്രീ നൽകി വരുന്ന സംഭാവനകൾ ഇന്ന് ദേശീയ അന്തർദേശീയതലങ്ങളിൽ മികച്ച അംഗീകാരം നേടിയിട്ടുണ്ട്.

കുടുംബശ്രീ നൽകിയ സംഭാവനകൾ ഇന്ന് ലോകത്തിന്റെ മുന്നിൽ പാഠപുസ്തകമായി മാറിക്കഴിഞ്ഞു. ദാരിദ്ര്യ നിർമ്മാർജനത്തിനും അതിലൂടെ സ്ത്രീശാക്തീകരണത്തിനും കുടുംബശ്രീ നൽകുന്ന സംഭാവനകൾ ഒരു സംസ്ഥാനത്തിന്റെയാകെ വികസന കാഴ്ചപ്പാടുകൾക്ക് നെടുംതൂണായി മാറുകയാണ്. ഉൽപ്പാദന, സേവന മേഖലകളിലടക്കം വിവിധ തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റമാണ് കുടുംബശ്രീ കൈവരിച്ചിട്ടുളളത്. സംസ്ഥാനത്തെ 48 ലക്ഷം കുടുംബശ്രീ കുടുംബങ്ങൾ ഈ മുന്നേറ്റത്തിൽ നിസ്വാർഥമായ പങ്കുവഹിക്കുന്നു. ഇതിന് കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്.

ദാരിദ്ര്യനിർമ്മാർജനം ലക്ഷ്യമിട്ടുകൊണ്ടാണ് കുടുംബശ്രീക്ക് തുടക്കമിട്ടത്. പ്രാദേശിക സാമ്പത്തിക വികസനത്തിനും ഊന്നൽ നൽകിയുള്ള പദ്ധതി പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഈ ലക്ഷ്യം അർഥപൂർണ്ണമായി സാക്ഷാത്ക്കരിക്കാൻ സാധിച്ചു. നീതി ആയോഗിന്റെ 2021ലെ കണക്കുകൾ പ്രകാരം 0.71 ആണ് സംസ്ഥാനത്ത് ദാരിദ്ര്യത്തിന്റെ തോത്. എന്നാൽ 2024 ലെ കണക്കുകൾ പ്രകാരം അത് 0.48 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ദാരിദ്ര്യ നിർമ്മാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കുടുംബശ്രീ വഹിച്ച പങ്ക് എത്രമാത്രം സുപ്രധാനമാണ് എന്നതാണ് ഇതിൽനിന്നും വ്യക്തമാകുന്നത്. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനുള്ള കഠിനപരിശ്രമങ്ങളിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇതിൽ 93 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വീടില്ലാത്ത ഗുണഭോക്താക്കൾക്ക് ലൈഫ് മിഷനുമായി ചേർന്നു വീടു നൽകുന്നതിനും ഭൂമിയില്ലാത്ത ഭവനരഹിതർക്ക് ഭൂമി കണ്ടെത്തി വീട് ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. നാലായിരത്തിലേറെ അതിദരിദ്ര കുടുംബങ്ങൾക്ക് ‘ഉജ്ജീവനം’ പദ്ധതിയിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും സാധിച്ചു.

അയൽക്കൂട്ട വനിതകളുടെ
സാമ്പത്തിക ശാക്തീകരണം

കുടുംബശ്രീയുടെ അടുത്ത ലക്ഷ്യം അയൽക്കൂട്ട വനിതകൾക്ക് മെച്ചപ്പെട്ട തൊഴിലും വരുമാന വർധനവുമാണ്. നിലവിൽ സൂക്ഷ്മസംരംഭ മേഖലയിൽ 1,57,057 സൂക്ഷ്മസംരംഭങ്ങളും അതിൽ 3,18,265 അംഗങ്ങളുമുണ്ട്. ഉൽപ്പാദന, സേവന, വ്യാപാര മേഖലയിലുള്ള സംരംഭങ്ങളും മറ്റു വിഭാഗങ്ങളിലെ സംരംഭങ്ങളും ഉൾപ്പെടെയാണിത്. വനിതകളുടെ വരുമാന വർധനവ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി അടുത്ത ഒരു വർഷത്തിനുളളിൽ മൂന്നുലക്ഷം വനിതകൾക്ക് തൊഴിൽ നൈപുണ്യപരിശീലനം നൽകി വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കും. തൊഴിൽ അന്വേഷകരായ സ്ത്രീകൾക്ക് തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന നൈപുണ്യപരിശീലനം ലഭ്യമാക്കി തൊഴിൽ നേടിക്കൊടുക്കുന്നതിനാണ്  ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 20 ശതമാനമാണ്. ഇത് 50 ശതമാനമാക്കി ഉയർത്തും. ഇത് കേരളത്തിലെ സമ്പദ്ഘടനയിലും സാമൂഹ്യപുരോഗതിയിലും കുടുംബത്തിന്റെ അഭിവൃദ്ധിയിലും വലിയ പങ്കുവഹിക്കുമെന്ന് തീർച്ചയാണ്. വിജ്ഞാനകേരളം പദ്ധതിയുമായി സഹകരിച്ച് ഓണത്തിന് ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും.

ഈ സർക്കാർ അധികാരമേറ്റ ശേഷം പദ്ധതികളുടെ വൈപുല്യവും വേഗവും കൊണ്ട് കുടുംബശ്രീ സംവിധാനത്തെ ഒന്നാകെ ചലിപ്പിക്കാൻ കഴിഞ്ഞുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഭാവനാപൂർണ്ണമായ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതോടൊപ്പം അവ നടപ്പാക്കുന്നതിനാവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്നതിലും സമയബന്ധിതമായി നടപ്പാക്കുന്നതിലും ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനും പ്രത്യേകമായ ശ്രദ്ധയും മുൻഗണനയുമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ത്രിതല സംഘടനാ ശാക്തീകരണം, സാമൂഹിക വികസനം, കാർഷിക-മൃഗസംരക്ഷണ- സൂക്ഷ്മസംരംഭമേഖല, തൊഴിൽ നൈപുണ്യ പരിശീലന പരിപാടികൾ എന്നീ മേഖലകളിലെല്ലാം ശാസ്ത്രീയവും സാങ്കേതികവുമായ നവീനമായ ആശയങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുണ്ട്.

ഈ സർക്കാർ അധികാരമേറ്റ ശേഷം പദ്ധതികളുടെ വൈപുല്യവും വേഗവും കൊണ്ട് കുടുംബശ്രീ സംവിധാനത്തെ ഒന്നാകെ ചലിപ്പിക്കാൻ കഴിഞ്ഞുവെന്നത് ഏറെ ശ്രദ്ധേയമാണ്

ലോകത്തിനുമുന്നിൽതന്നെ അഭിമാനപൂർവം സമർപ്പിക്കാവുന്നതും കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചതുമായ ‘കൊച്ചി മെട്രോ’, ‘വാട്ടർ മെട്രോ’ എന്നിവയിൽ കുടുംബശ്രീ വനിതകളാണ് ജോലി ചെയ്യുന്നത്. വിവിധ ഗാർഹിക പരിചരണങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ‘കെ 4 കെയർ’ പദ്ധതിയിലൂടെ കെയർ എക്കണോമിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അറുനൂറിലേറെ സ്ത്രീകൾക്ക് ഇതിനകം മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കി. കൂടുതൽ വനിതകൾക്ക് പരിശീലനം നൽകി വരികയാണ്. കേരളത്തിൽ നിലവിലുള്ള സാമൂഹിക സാഹചര്യത്തിൽ വയോജനപരിചരണമടക്കമുള്ള ഗാർഹിക പരിചരണ രംഗത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഇവർക്കായി പ്രയോജനപ്പെടുത്താനാകും.

കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ‘പോക്കറ്റ്മാർട്ട്’ വഴി ഓൺലൈൻ വ്യാപാര രംഗത്തേക്കും കുടുംബശ്രീ കടക്കുകയാണ്. സംരംഭകർക്ക് വലിയതോതിൽ വരുമാന വർധനവിന് സഹായകമാകുന്ന പദ്ധതിയാണിത്. കൂടാതെ ഉച്ചഭക്ഷണം ലഭ്യമാക്കുന്ന ലഞ്ച് ബെൽ, ഉപഭോക്താക്കൾക്ക് മികച്ച നിലവാരത്തിൽ വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാക്കുന്ന പ്രീമിയം കഫേ റെസ്റ്റൊറന്റുകൾ, വിദ്യാർഥികൾക്ക് ആവശ്യമായ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ലഭ്യമാക്കുന്നതിനായി വിദ്യാലയങ്ങളിൽ ആരംഭിച്ച മാ കെയർ എന്നീ പദ്ധതികളെല്ലാം സൂക്ഷ്മസംരംഭമേഖലയെ സജീവമാക്കുന്നു. ഹരിത കർമ്മസേന കേരളത്തെ മാലിന്യ വിമുക്തമാക്കി ശുചിത്വ കേരളം സൃഷ്ടിക്കുന്നതിൽ അഭിനന്ദനാർഹമായ പങ്കുവഹിച്ചുകൊണ്ട് മുന്നേറുകയാണ്.

കാർഷിക സംരംഭങ്ങൾ

നൂതന സാങ്കേതികവിദ്യകൾ സ്വീകരിച്ച് കാർഷിക മേഖലയ്ക്ക് ആധുനികതയുടെ മുഖം നൽകുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നൂറ്റിയെൺപതിലേറെ സാങ്കേതിക വിദ്യകളാണ് ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും കുടുംബശ്രീ സ്വന്തമാക്കിയത്. ഉയർന്ന ഗുണനിലവാരമുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനും പ്രാദേശിക വിപണിയുടെ പരിമിതികൾക്കപ്പുറത്തേക്കുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താനും ഈ പദ്ധതി സഹായിക്കും. ഇതിലൂടെ കാർഷിക സംരംഭകരുടെയും കർഷകരുടെയും വരുമാനം വർധിക്കും. മികവാർന്നതും ഉയർന്ന സുസ്ഥിര വരുമാനമുളളതുമായ മികച്ച ബിസിനസ് മാതൃകകളിലേക്ക് വനിതാ കാർഷിക സംരംഭങ്ങൾ വളർത്താനുമാകും. കൂടാതെ ഓണ വിപണി ലക്ഷ്യമിട്ട് ‘ഓണക്കനി’, ‘നിറപ്പൊലിമ’, ‘പുനർജീവനം’ കാർഷിക സംരംഭകത്വ വികസന പരിശീലന പരിപാടി എന്നീ കാർഷിക പദ്ധതികളും കർഷകർക്ക് മികച്ച ഉപജീവനമാർഗം ഒരുക്കാൻ കഴിയുന്നവയാണ്. ഉപഭോക്താക്കൾക്ക് ശുദ്ധമായ ചിക്കൻ ലഭ്യമാക്കുന്ന കേരള ചിക്കൻ പദ്ധതി വഴി നാളിതുവരെ കർഷകർക്ക് 394 കോടി രൂപയാണ് വരുമാന ഇനത്തിൽ ലഭിച്ചത്. കേരള ചിക്കൻ ഉൽപാദനം 50 ശതമാനം വർധിപ്പിച്ചുകൊണ്ട് കൂടുതൽ വനിതകൾക്ക് തൊഴിലും വരുമാനവുമൊരുക്കും.

പട്ടികവർഗ മേഖലയിലെ വനിതകളുടെ സംരംഭക വികസനത്തിനായി ‘കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ അഥവാ കെ-ടിക്’, പട്ടികവർഗ മേഖലയിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപരിശീലനം ലഭ്യമാക്കുന്ന ‘കമ്മ്യൂണിക്കോർ’, ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ബഡ്സ് സ്ഥാപനങ്ങൾ, ശ്രദ്ധേയവും വൈവിധ്യവുമാർന്ന ജെൻഡർ അവബോധ പ്രവർത്തനങ്ങൾ, അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയകേന്ദ്രമൊരുക്കുന്ന ‘സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക് എന്നിങ്ങനെ സാമൂഹിക വികസനത്തിനും സ്ത്രീകളുടെ വരുമാന ലബ്ധിക്കും ഊന്നൽ നൽകി ഒട്ടനവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്.

കേരള ചിക്കൻ ഉൽപാദനം 50 ശതമാനം വർധിപ്പിച്ചുകൊണ്ട് കൂടുതൽ വനിതകൾക്ക് തൊഴിലും വരുമാനവുമൊരുക്കും.

ദേശീയാംഗീകാരം

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും വലിയ മുന്നേറ്റം ഇക്കാലയളവിൽ കൈവരിക്കാനായി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ), ദേശീയ നഗര ഉപജീവന ദൗത്യം, സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) എന്നീ പദ്ധതികളെല്ലാം കുടുംബശ്രീയുടെ നിശ്ചയദാർഢ്യത്തിലും പ്രവർത്തനമികവിലും ദേശീയതലത്തിൽവരെ അംഗീകാരം നേടിയവയാണ്.

കേരളത്തെ പിടിച്ചുലച്ച രണ്ട് മഹാപ്രളയ കാലത്തും കോവിഡ് മഹാമാരിയുടെ വ്യാപനത്തെ പ്രതിരോധിക്കുന്നതിലും ഏറ്റവുമൊടുവിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതർക്ക് അതിജീവനത്തിനും പുനരധിവാസത്തിനും താങ്ങും തണലുമായി സർക്കാരിനൊപ്പം നിലയുറപ്പിച്ചുകൊണ്ടാണ് കുടുംബശ്രീ സാമൂഹിക പ്രതിബദ്ധത അറിയിച്ചത്. പ്രളയകാലത്ത് 11.5 കോടിയും മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ 20.07 കോടി രൂപയും ആണ് കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

ഭാവിപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനൊപ്പം സഹജീവികൾക്ക് താങ്ങും തണലുമായും കുടുംബശ്രീ ഈ സമൂഹത്തിൽ നിലകൊളളുന്നു. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ അയൽക്കൂട്ട വനിതകളെ ശാക്തീകരിച്ചും കേരളത്തിന്റെ വികസനക്കുതിപ്പുകൾക്ക് കരുത്തുപകർന്നും മുന്നേറുകയാണ് ഈ പെൺകൂട്ടായ്മ.