എല്‍സ്റ്റണില്‍ ഉയരുന്ന വീണ്ടെടുപ്പിന്റെ ഭവനങ്ങള്‍
എല്‍സ്റ്റണില്‍ ഉയരുന്ന വീണ്ടെടുപ്പിന്റെ ഭവനങ്ങള്‍
അങ്കിത വേണുഗോപാല്‍ പി വി
ഐപിആര്‍ഡി
ഒരൊറ്റ രാത്രി കൊണ്ട് സര്‍വതും നഷ്‌ടപ്പെട്ട മനുഷ്യരെ ഏറ്റവും അനുതാപത്തോടെ കൈ പിടിച്ചുയര്‍ത്തുകയാണ് സര്‍ക്കാര്‍. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍ കവർന്ന മനുഷ്യര്‍ക്കൊപ്പം അചഞ്ചലം നമ്മുടെ നാടും സര്‍ക്കാരും നിലകൊണ്ടു. ആദ്യം രക്ഷാപ്രവര്‍ത്തനം, പിറകേ പുനരധിവാസം. ഒന്നിനും വൈകരുതെന്നതാണ് നിലപാട്. അവകാശപ്പെട്ട സഹകരണങ്ങള്‍ നിഷേധിക്കപ്പെട്ടാൽ പോലും മനുഷ്യ നന്മ കൊണ്ട് സകലതും വീണ്ടെടുത്ത ചരിത്രമുള്ള നാടാണ് കേരളം. ഇക്കുറിയും മറിച്ചല്ല സംഭവിച്ചത്. ആഹ്വാനങ്ങള്‍ക്കു പോലും കാത്തു നില്‍ക്കാതെ ജനങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, എന്‍ജിഒകള്‍ എല്ലാം സര്‍ക്കാരിനൊപ്പം കൈകോര്‍ത്തു. അങ്ങനെ 2025 മാര്‍ച്ച് 27ന് വയനാട് കല്‍പ്പറ്റ എല്‍സ്റ്റ എസ്റ്റേറ്റില്‍ മാതൃകാ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ചൂരല്‍മലയിലും പുഞ്ചിരിമട്ടത്തും തൊട്ടടുത്തിടങ്ങളായി ജീവിച്ചവര്‍ക്ക് വേര്‍പിരിയാതെ ഒന്നിച്ചു ജീവിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍.
2025 ഏപ്രില്‍ 15ന് എല്‍സ്റ്റണിലെ മാതൃകാ വീടിന്റെ പ്രവൃത്തികള്‍ ആരംഭിച്ചു. നിലവില്‍ മാതൃകാ വീടിന്റെ പ്ലമ്പിങ്ങ്, വയറിങ്ങ്, പെയിന്റിങ്ങ് പ്രവൃത്തികള്‍ മാത്രമാണ് ബാക്കിയുള്ളത്. സര്‍ക്കാര്‍ എല്‍സ്റ്റണില്‍ ഏറ്റെടുത്ത 64 ഹെക്‌ടർ ഭൂമിയില്‍ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ആദ്യ ഘട്ടത്തിൽ 155 വീടുകള്‍ക്കായുളള സ്ഥലമൊരുക്കല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഇതില്‍ 100 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോ പെനട്രേഷന്‍ ടെസ്റ്റും 41 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോൺക്രീറ്റും പൂര്‍ത്തിയാക്കി. 19 വീടുകള്‍ക്കായുള്ള ഫൗണ്ടേഷന്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ട പ്രവൃത്തികളുടെ സ്ഥലമൊരുക്കൽ വേഗത്തില്‍ നടക്കുന്നുണ്ട്. ജൂലൈയോടെ മാതൃകാ വീടിന്റെ പണി പൂര്‍ത്തീകരിക്കും.
1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ നിർമ്മിക്കുന്ന വീട്ടിൽ പ്രധാന മുറി, രണ്ട് കിടപ്പു മുറികള്‍, സിറ്റൗട്ട്, ലിവിങ്, പഠന മുറി, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയുണ്ടാവും. ടൗൺഷിപ്പിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ നിര്‍മ്മിക്കും. ടൗൺഷിപ്പിൽ വീട് ലഭിക്കുന്ന ഗുണഭോക്താക്കള്‍ വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നതാണ് വ്യവസ്ഥ. പാരമ്പര്യ കൈമാറ്റമാവാം. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീട് ലഭിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെങ്കിൽ പ്രായപൂർത്തിയാവുന്ന മുറയ്‌ക്ക് കുട്ടിയുടെ പേരിലേക്ക് ഉടമസ്ഥാവകാശം അനുവദിക്കും.
നഷ്‌ടമായതെല്ലാം സർക്കാർ തിരികെ നൽകുന്നു
2024 ജൂലൈ 29ന് പകല്‍ ഇടമുറയാതെ പെയ്‌ത മഴ ഞങ്ങളെ മാത്രം ബാക്കിയാക്കി സ്വരൂക്കൂട്ടിയതെല്ലാം കവർന്നെടുത്തു. ജീവന്‍ കിട്ടിയത് ഭാഗ്യമാണെന്ന് ഓര്‍ത്തെടുക്കുകയാണ് ചൂരല്‍മല സ്വദേശിയായ ഗിരിജയും കുടുംബവും. ജൂലൈ 30ന് അര്‍ധ രാത്രിയോടെ പുഞ്ചിരിമട്ടത്തെ വന മേഖലയിലുണ്ടായ ഉരുൾപൊട്ടലിലെ ദുരന്താവശിഷ്‌ടങ്ങൾ എട്ട് കിലോമീറ്റര്‍ പിന്നിട്ട് ചൂരല്‍മലയിലെത്തിയപ്പോഴും ആഘാതത്തിന് കുറവുണ്ടായില്ല. ഇരുള്‍ മറയത്ത് ഒഴുകിയെത്തിയ ഉരുളവശിഷ്‌ടങ്ങൾ ഓരോരുത്തരുടെയും സ്വപ്‌നങ്ങളാണ് തകര്‍ത്തത്.
കൂരിരുട്ടിൽ ജീവരക്ഷാര്‍ഥം ഓടിയപ്പോള്‍ അപകടം സംഭവിച്ച് പൂര്‍ണ്ണമായും കിടപ്പിലായ എഴുപത്തിയഞ്ചുകാരന്‍ കൃഷ്‌ണൻകുട്ടിയും ഗിരിജയും മകന്‍ ജയേഷും ഭാര്യ യശോദയും കൊച്ചുമക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണ്. അടുത്ത ബന്ധുക്കളെയും അയല്‍വാസികളെയും ദുരന്തത്തില്‍ നഷ്‌ടപ്പെട്ട ഓര്‍മ്മയില്‍ കണ്ണീരൊപ്പുകയാണ് ഗിരിജ. ‘എന്റെ ഭൂമിയിലെ വീടും ചെടികളും മരങ്ങളും ഒന്നും ഇല്ല, പാറക്കഷ്‌ണങ്ങൾ നിറഞ്ഞ തരിശു ഭൂമിയാണ്. ഇനിയെന്തെന്ന ഞങ്ങളുടെ ഓരോരുത്തരുടെയും ചോദ്യത്തിന് സര്‍ക്കാരാണ് മറുപടി തന്നത്. വീടും സ്ഥലവും നഷ്‌ടമായവർക്ക് വാടക വീടുകള്‍ കണ്ടെത്തി തന്നു. മാസ വാടക മുറയ്ക്ക് കിട്ടി. കറന്റ് ബില്‍ കെട്ടി, ജീവനോപാധിയായി മാസം പൈസയും കിട്ടുന്നുണ്ട്. ഗിരിജ പറയുന്നു.
സര്‍ക്കാര്‍ ഒരുക്കുന്ന ടൗൺഷിപ്പ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ഗിരിജ സന്തോഷവതിയാണ്. ‘എന്റെ കുട്ടിയ്‌ക്ക് ഇനിയൊരു വീടുണ്ടാക്കാനുള്ള സാമ്പത്തികവുമില്ല. സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളോടെ ഒരുക്കുന്ന വീട് ലഭിക്കുന്നത് ഏറെ ആശ്വാസമെന്ന് ഗിരീഷ് നിവാസിലെ ഗിരിജയും കുടുംബവും പറയുന്നു. ചൂരല്‍മലയിലെ വീട് നഷ്‌ടമായി വാടക വീട്ടിൽ താമസിക്കുമ്പോള്‍ സര്‍ക്കാര്‍ നൽകുന്ന വീട്ടിലേക്ക് അതിവേഗമെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കല്‍പ്പറ്റയിലേക്ക് താമസം മാറുന്നതോടെ കുട്ടികളുടെ പഠനവും ജീവിതവും കെട്ടിപ്പടുത്ത് അയല്‍ക്കാരും കൂട്ടുകാരുമൊത്ത് സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണിവര്‍.
