പുനര്‍ഗേഹം കടലെടുക്കാത്ത സ്വപ്നങ്ങള്‍ കരയിലുയരുന്ന ഗേഹങ്ങള്‍
പുനര്‍ഗേഹം കടലെടുക്കാത്ത സ്വപ്നങ്ങള്‍ കരയിലുയരുന്ന ഗേഹങ്ങള്‍
തീര ദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന മുഴുവന്‍ ജന വിഭാഗങ്ങളേയും സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന ബൃഹത് പദ്ധതിയാണ് പുനര്‍ ഗേഹം. 2450 കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതിക്ക് 2019-20 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ഭരണാനുമതി നൽകിയിരുന്നു. പദ്ധതിയുടെ സംസ്ഥാനതല നിര്‍വഹണ ചുമതല പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിനാണ്. പദ്ധതിയ്ക്കായി 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1052 കോടി രൂപ വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് കണ്ടെത്തുന്നത്.
പരമാവധി 10 ലക്ഷം രൂപ ധനസഹായം
പദ്ധതി പ്രകാരം വ്യക്തിഗത ഭവന നിര്‍മ്മാണത്തോടൊപ്പം ഗുണഭോക്താക്കള്‍ ചേർന്ന് റസിഡന്‍സ് ഗ്രൂപ്പ് രൂപീകരിച്ച് നിർമ്മിക്കുന്ന അപ്പാർട്മെന്റുകൾ, സര്‍ക്കാര്‍/സ്വകാര്യ ഭൂമി ഏറ്റെടുത്ത് നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയങ്ങള്‍ എന്നിവയിലൂടെ പുനരധിവാസം നടപ്പിലാക്കി വരുന്നു. ഇത്തരത്തില്‍ മാറിത്താമസിക്കുന്ന ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ ധന സഹായം ലഭിക്കും.
വേലിയേറ്റ രേഖയില്‍ നിന്നും 200 മീറ്ററിന് പുറത്ത്, സുരക്ഷിത മേഖലയില്‍ സ്വന്തമായി സ്ഥലമുള്ളവരും നിലവില്‍ 50 മീറ്ററിനുള്ളില്‍ താമസിക്കുന്നതുമായ സര്‍വേ ലിസ്റ്റില്‍ ഉൾപ്പെട്ട 355 ഗുണഭോക്താക്കളെ പുനര്‍ഗേഹം പദ്ധതിയില്‍ ഉൾപ്പെടുത്തുന്നതിനായി പുനര്‍ഗേഹം മാര്‍ഗ നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഭവന നിര്‍മ്മാണത്തിനായി നാല് ലക്ഷം രൂപ അനുവദിക്കും.
വേലിയേറ്റ രേഖയില്‍ നിന്നും 200 മീറ്ററിന് പുറത്ത്, സുരക്ഷിത മേഖലയില്‍ സ്വന്തമായി സ്ഥലമുള്ളവരേയും നിലവില്‍ 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുമായ സര്‍വേ ലിസ്റ്റില്‍ ഉൾപ്പെട്ട 22,174 കുടുംബങ്ങളുടെ പുനരധിവാസം പദ്ധതി വഴി ലക്ഷ്യമിടുന്നു.
വ്യക്തികള്‍ സ്വയം ഭൂമി കണ്ടെത്തി വീട് നിര്‍മ്മിക്കുക, ഗുണഭോക്തൃ സംഘം ഭൂമി കണ്ടെത്തി ഫ്ളാറ്റ് അപ്പാർട്ടുമെന്റുകൾ നിര്‍മ്മിക്കുക, റവന്യൂ ഭൂമിയിലും ഏറ്റെടുത്ത ഭൂമിയിലും സര്‍ക്കാര്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക എന്നിവയാണ് പുനരധിവാസ രീതി.
പുനര്‍ഗേഹം ഇതുവരെ
നിലവില്‍ വേലിയേറ്റ രേഖയില്‍ നിന്നും മാറിത്താമസിക്കുവാന്‍ സന്നദ്ധരായവർ 9104 കുടുംബങ്ങള്‍
ഭൂമി കണ്ടെത്തി ജില്ലാതല കമ്മിറ്റിയുടെ അംഗീകാരം നേടിയ കുടുംബങ്ങള്‍ 4421
കണ്ടെത്തിയ ഭൂമിയുടെ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ 3835
ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടുംബങ്ങള്‍ 2488
ഭവന നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്ന കുടുംബങ്ങള്‍ 568
നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഭവനങ്ങള്‍ 779
കൂടാതെ സര്‍ക്കാര്‍/സ്വകാര്യ ഭൂമി ഏറ്റെടുത്ത് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചും പുനരധിവാസം നടപ്പിലാക്കി വരുന്നു.
ഗുണഭോക്താക്കള്‍ക്ക് കൈമാറിയ കെട്ടിട സമുച്ചയങ്ങള്‍
തിരുവനന്തപുരം ജില്ലയില്‍
കാരോട് – 128, ബീമാപ്പള്ളി – 20
കൊല്ലം ജില്ലയില്‍ ക്യൂഎസ്എസ് കോളനി – 114
മലപ്പുറം ജില്ലയില്‍ പൊന്നാനി – 128
പുരോഗമിക്കുന്ന പദ്ധതികള്‍
മുട്ടത്തറയിൽ കൈമാറുന്ന 332 ഫ്ളാറ്റുകള്‍ക്കു പുറമെ 804 ഫ്ളാറ്റുകളുടെ നിര്‍മ്മാണം
മുട്ടത്തറ രണ്ടാം ഘട്ടം (68), കടകംപള്ളി (168), വലിയതുറ (24), മണ്ണുമ്പുറം (204), പൊന്നാനി (100), നിറമരുതൂര്‍(16), വെസ്റ്റ് ഹില്‍ (80), കോയിപ്പാടി (144)
2878 കുടുംബങ്ങളുടെ പുനരധിവാസം പൂര്‍ത്തീകരിക്കാനും 5361 പേര്‍ക്ക് പുനരധിവാസം ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്.
സുരക്ഷിത മേഖലയിലേക്ക് മാറിത്താമസിക്കുവാന്‍ സമ്മതം അറിയിച്ചിട്ടുള്ള 9104 കുടുംബങ്ങളില്‍ ഭൂമി കണ്ടെത്താന്‍ ബാക്കിയുള്ള 3743 കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തി പുനരധിവാസം നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
മുട്ടത്തറയുടെ മാതൃക
ക്ഷീരവികസന വകുപ്പില്‍ നിന്നും എട്ട് ഏക്കര്‍ വസ്തു ലഭ്യമാക്കി അതില്‍ 50 കെട്ടിട സമുച്ചയം നിര്‍മ്മിച്ച് 400 കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാനാണ് മുട്ടത്തറയിൽ ലക്ഷ്യമിടുന്നത്. 81 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. തുറമുഖ എഞ്ചിനീയറിങ് വകുപ്പിനായിരുന്നു നിര്‍വഹണ മേൽനോട്ടം. കോമൺ യൂട്ടിലിറ്റി ഉള്‍പ്പെടെ 635 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഓരോ യൂണിറ്റിനും ഉള്ളത്. രണ്ട് കിടപ്പുമുറിയും ഒരു ഹാളും അടുക്കളയും ശൗചാലയവുമാണ് ഒരുക്കിയിട്ടുള്ളത്.
