കവര്‍‌സ്റ്റോറി

കെയര്‍ ഹോം കരുതലിന്റെ വീടുകള്‍

കെയര്‍ ഹോം കരുതലിന്റെ വീടുകള്‍
വി എന്‍ വാസവന്‍
സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി

സാധാരണക്കാര്‍ക്ക് കിടപ്പാടം നല്‍കുക എന്ന സര്‍ക്കാരിന്റെ മഹത്തായ യത്‌നത്തില്‍ സഹകരണ വകുപ്പുമുണ്ട്. 2018ലെ പ്രളയ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി സഹകരണ വകുപ്പ് തുടങ്ങിയ പദ്ധതിയാണ് കെയര്‍ ഹോം. നിരാലംബര്‍ക്ക് കൈത്താങ്ങാകാന്‍ ഒരിക്കലും സഹകരണമേഖല മടിക്കാറില്ല. അതുകൊണ്ടാണ് മികച്ച രീതിയില്‍ മുന്നേറുന്ന കെയര്‍ ഹോം പദ്ധതി സജീവമായി മുന്നോച്ച് കൊണ്ടുപോകാന്‍ ഈ സര്‍ക്കാര്‍ തീരുമാനച്ചിരിക്കുന്നത്.

കെയര്‍ ഹോം പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തൊട്ടാകെ 2,000 വീടുകള്‍ നിര്‍മ്മിച്ചു നൽകുന്നതിനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ജനങ്ങളുടെ അപേക്ഷ പരിഗണിച്ച്, പദ്ധതി പ്രകാരം നിര്‍മ്മിക്കേണ്ട വീടുകളുടെ എണ്ണം വിവിധ ഘട്ടങ്ങളായി വര്‍ധിപ്പിച്ച് ആകെ 2099 വീടുകളുടെ നിര്‍മ്മാണമാണ് സഹകരണ വകുപ്പ് ഏറ്റെടുത്തത്.

പദ്ധതിയില്‍ ഇതുവരെ 2099 വീടുകളും തൃശൂരില്‍ 40 ഫ്ളാറ്റുകളുള്ള ഫ്ളാറ്റ് സമുച്ചയങ്ങളും കണ്ണൂരില്‍ 18 ഫ്ളാറ്റുകളുള്ള ഒരു ഫ്ളാറ്റ് സമുച്ചയവും പൂര്‍ത്തിയായി. തൃശൂര്‍ ജില്ലയില്‍ പഴയൂര്‍ ഗ്രാമപഞ്ചായത്തില്‍ 40 കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായി നിര്‍മ്മിച്ച ആദ്യ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് 2021 ഡിസംബര്‍ 6ന് നിര്‍വഹിച്ചത്. ഇതുകൂടാതെ, ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി.വസന്തകുമാറിന്റെ കുടുംബത്തിനും കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിലെ പുത്തൂര്‍വയലില്‍ വീട് നല്‍കി.

ഒന്നാം ഘട്ടത്തിൽ

എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചുളള നിര്‍മ്മാണ രീതിയാണ് അവലംബിച്ചത്. റവന്യൂ വകുപ്പിലൂടെ ജില്ലാ കളക്‌ടർമാർക്കു ലഭ്യമാകുന്ന പട്ടികയിൽ നിന്നാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചത്. കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണം നടത്തുന്നതിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള സഹായം ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിക്കുന്നത്.

ഭൂപ്രകൃതി, മണ്ണിന്റെ ഘടന എന്നിവയുടെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദഗ്‌ധർ ലഭ്യമാക്കിയ റിപ്പോർട്ട് പരിഗണിച്ച് ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിര്‍മ്മിച്ച 97 വീടുകള്‍ക്ക് അടിത്തറ ബലപ്പെടുത്തുന്നതിനായി അധിക ധന സഹായം അനുവദിച്ചു.

പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍വഹണത്തിനായി ആകെ 84,64,57,858 രൂപ സഹകരണ വകുപ്പ് വിനിയോഗിച്ചിട്ടുണ്ട്. ഇതില്‍ 52,68,69,506 രൂപയും സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങള്‍ സംഭാവനയായി നല്‍കിയതാണ്. സഹകരണ വകുപ്പിന്റെ മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നും ലഭിച്ച 35 കോടി രൂപയും അക്കൗണ്ടില്‍ പലിശയിനത്തില്‍ ആര്‍ജിച്ച 53,80,164 രൂപയും ഉള്‍പ്പെടെയാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി ചെലവിട്ടത്.

രണ്ടാം ഘട്ടത്തിൽ

2018 ലും 2019 ലും ഉണ്ടായ വെള്ളപ്പൊക്കത്തിലും പ്രകൃതി ക്ഷോഭത്തിലും വീടും സ്ഥലവും നഷ്‌ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. 14 ജില്ലകളിലും ലൈഫ് മിഷന്‍/ ജില്ലാ കളക്‌ടർമാർ നിര്‍ദേശിച്ച സ്ഥലത്താണ് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നൽകുന്നത്. സഹകരണ സംഘങ്ങളുടെ ലാഭത്തില്‍ നിന്ന് അംഗങ്ങള്‍ക്ക് നല്‍കേണ്ട ഡിവിഡന്റ് പൊതുയോഗത്തിന്റെ അനുവാദത്തോടെ പദ്ധതിയിലേക്ക് മാറ്റിയാണ് രണ്ടാം ഘട്ട നിര്‍വഹണത്തിന് ധന സമാഹരണം നടത്തിയത്. പദ്ധതിയുടെ നിര്‍വഹണത്തിനായി സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങള്‍ തന്നെയാണ് കൂടുതല്‍ തുകയും നല്‍കിയത്. 55,93,78,876 രൂപ സഹകരണ സ്ഥാപനങ്ങള്‍ പൊതുനന്മ ഫണ്ടില്‍ നിന്ന് സംഭാവനയായി നൽകിയിട്ടുണ്ട്.

കെയര്‍ ഹോം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കണ്ണൂര്‍ ജില്ലയില്‍ 20 വീടുകളുടെ നിര്‍മ്മാണമാണ് സഹകരണ വകുപ്പ് ഏറ്റെടുത്തത്. 2018 ഡിസംബറില്‍ നിര്‍മ്മാണം ആരംഭിച്ച് ആറുമാസത്തിനകം 20 വീടുകളുടേയും നിര്‍മ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കെയര്‍ഹോം പദ്ധതി രണ്ടാം ഘട്ടത്തിൽ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ പിയൂര്‍ വില്ലേജില്‍ റവന്യൂ വകുപ്പിന്റെ കൈവശമുള്ള 40 സെന്റ് സ്ഥലത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 2023ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മൂന്ന് ബ്ലോക്കുകളിലായി 18 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഭവന സമുച്ചയമാണ് നിര്‍മ്മിച്ചത്.

പദ്ധതിയില്‍ പണിയുന്ന ഒരു ഭവനത്തില്‍ രണ്ട് കിടപ്പു മുറികള്‍, ഒരു ലിവിങ് റൂം, അടുക്കള, ഒരു കോമൺ ടോയ്‌ലറ്റ്, ഒരു വര്‍ക്ക് ഏരിയ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് ഒന്നിൽ ഉൾപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് ഒന്നിൽ രണ്ട് നിലകളിലായി ഇത്തരത്തില്‍ എട്ട് വീടുകളും, ബ്ലോക്ക് രണ്ടില്‍ എട്ട് വീടുകളും, ബ്ലോക്ക് മൂന്നിൽ ഒന്നാം നിലയില്‍ രണ്ട് വീടുകളും, താഴത്തെ നിലയില്‍ പ്ലേ സ്‌കൂളും, റിക്രിയേഷന്‍ റൂമും എന്ന രീതിയിലാണ് നിര്‍മ്മാണം. ഭിന്നശേഷിക്കാരായ താമസക്കാരുടെ ഉപയോഗത്തിനു വേണ്ടി ഭവന സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ റാമ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിര്‍മ്മാണത്തിന് ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്‌ട് സഹകരണ സംഘമായിരുന്നു.

പുതിയ പദ്ധതി

കണ്ണാടി 2 വില്ലേജിലാണ് ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. 28 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയും. ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണമാണ് നടന്നു വരുന്നത്. മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽപ്പെട്ട 100 സെന്റ് സ്ഥലത്ത് പദ്ധതി നിര്‍വഹണം നടത്തുന്നതിനുള്ള വിശദ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കി വരുന്നു. അനുയോജ്യമായ സ്ഥലം ലഭ്യമാകുന്ന മുറയ്‌ക്ക് മറ്റു ജില്ലകളിലും പദ്ധതി നിര്‍വഹണം ആരംഭിക്കും.