മലയിറങ്ങുന്ന നൂല്‍ മഴ

-രമേഷ്‌കുമാര്‍ വെള്ളമുണ്ട

ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന വയനാടന്‍ മഴ. കേരളത്തിന്റെ ചിറാപുഞ്ചി എന്ന് ഒരു കാലത്ത് അറിയപ്പെട്ട ലക്കിടിയില്‍ നിന്നായിരുന്നു ഒരു കാലത്ത് മഴയുടെ തുടക്കം. മഴയുടെ ഇടവേളകളില്‍ മലനിരകളെ പുണര്‍ന്ന് കോടമഞ്ഞ് വയലുകളിലേക്കെല്ലാം പടരുന്ന കാലം. കുളിരണിയുന്ന വയനാട്ടില്‍ മഴക്കാലത്ത് ഓര്‍മ്മകളും പെയ്‌ത് നിറയുകയാണ്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പ്ലാഷ് മഴ മഹോത്സവവും അരങ്ങേറി. നിരവധി മണ്‍സൂണ്‍ ടൂറിസ്റ്റുകളാണ് മഴ ആസ്വദിക്കാന്‍ വയനാട്ടിലേക്ക് ചുരം കയറിയത്.

വയനാടന്‍ മഴയ്ക്ക് വിഭിന്ന ഭാവങ്ങളാണ്. അതുകൊണ്ട് തന്നെ ആര്‍ത്തലച്ചും അതിരുവിട്ടും പ്രളയമാകാത്ത മഴക്കാലമെല്ലാം വയനാടിന് മഹോത്സവമാണ്. മലനിരകളും കാടും വയലേലകളുമെല്ലാം മഴയില്‍ കുളിച്ച് നില്‍ക്കുമ്പോള്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ വലിയ സാധ്യതകളാണ് വയനാട് തുറന്നിടുന്നത്. മഴ തുടങ്ങിയാല്‍ പിന്നെ നില്‍ക്കണമെന്നില്ല. നൂലുപോലെ ചാറുന്ന വയനാടന്‍ മഴ അങ്ങിനെയായിരുന്നു.

കാടിന്റെ സംഗീതം

മഴ തുടങ്ങുമ്പോഴേക്കും ചീവീടുകളുടെ ശബ്‌ദമാണ് മലയോരങ്ങളില്‍ മുഴങ്ങി തുടങ്ങുക. മഴ പെയ്‌തു തീര്‍ന്നാലും മരം പെയ്യുന്ന കാടുകള്‍. കുളിരിന്റെ കൂടാരമായി നിത്യഹരിത വനങ്ങള്‍. പുതിയ തളിരുകളും ശിഖരങ്ങളും നീട്ടി ഇലപൊഴിക്കും കാടുകള്‍. കാഴ്‌ചയുടെ സമൃദ്ധിയിലാണ് മഴക്കാലത്തെ കാടുകള്‍. മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും സഞ്ചാരികള്‍ക്ക് കാടിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ കാടനുഭവങ്ങള്‍ വേറിട്ടതാണ്. പ്രത്യേകിച്ച് കാട്ടാനകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ആവാസ കേന്ദ്രമായതിനാല്‍ കരിവീരന്‍മാരെ അടുത്തു കാണാനുള്ള അവസരം കൂടിയാണിത്. മുത്തങ്ങയിലെ ദേശീയ പാതയോരത്തും തോല്‍പ്പെട്ടി കുട്ട റോഡിലും ബാവലി മൈസൂര്‍ പാതയോരത്തുമെല്ലാം കാട്ടാനകളും മാനുകളും കാട്ടിയും സ്വൈരവിഹാരം നടത്തുന്നത് കാണാം.

സാഹസികതയുടെ മലയോരങ്ങള്‍

സ്വാഭാവിക വിനോദ സഞ്ചാരത്തിന് പേരുകേട്ട വയനാട്ടില്‍ മഴക്കാലമെത്തുമ്പോള്‍ വെള്ളച്ചാട്ടങ്ങളെല്ലാം ജീവന്‍ വീണ്ടെടുക്കും. കാന്തന്‍പാറയും സൂചിപ്പാറയും മീന്‍മുട്ടി വെള്ളച്ചാട്ടവുമെല്ലാം മഴക്കാലത്ത് സജീവമാകും. മഴ ദുര്‍ബലമാകുമ്പോള്‍ ചെമ്പ്രയിലേക്കും ബ്രഹ്‌മിഗിരിയിലേക്കും കാറ്റുകുന്നിലേക്കും ചിറപ്പുല്ലിലേക്കും മുനീശ്വരന്‍ കുന്നിലേക്കുമെല്ലാം യാത്ര പോകാം. ഓഫ് റോഡ് ജീപ്പ് ഡ്രൈവുകള്‍ക്കും വയനാട് വേദിയാണ്.

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ജീപ്പു ക്ലബ്ബുകളും ഇതിനായി മഴക്കാലത്ത് വയനാട്ടിലേക്ക് ചുരം കയറുന്നു.

വയല്‍ വെള്ളത്തിലെ കാല്‍പ്പന്ത്

പുല്‍ മൈതാനങ്ങളില്ല. ഗാലറിയും മറ്റൊന്നുമൊന്നുമില്ല. വിശാലമായ വയലിന്റെ കോണില്‍ തയ്യാറാക്കിയ ചെറിയൊരു കോര്‍ട്ട്. മഴയില്‍ കുതിര്‍ന്നൊരു കാല്‍പ്പന്തു കളി. ഇതൊരു കുട്ടിക്കളിയല്ല. മത്സരിക്കുന്നത് ചെളിയിലൂടെ പന്തുരുട്ടാനും ഗോളടിക്കാനും ഡ്രിബ്ലിങ്ങ് നടത്താനുമൊക്കെ കഴിവുള്ള താരങ്ങളാണ്.

മഡ് ഫുട്‌ബോളിന്റെ ആവേശം കാണണമെങ്കില്‍ വയനാട്ടിലേക്ക് വരണം. ചാന്തുപോലെ കുഴയുന്ന ചെളിയില്‍ ബൂട്ടില്ലാത്ത കാലുകളുമായി ഗോള്‍ പോസ്റ്റിലേക്ക് പന്തുരുട്ടുന്നത് കാണാന്‍ കാണികളുടെ നിരകളുമുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇത്തവണയും മഡ് ഫുഡ്‌ബോളിന് ആവേശകരമായ തുടക്കമായി. തോരാ മഴയെത്തും മഴ നനഞ്ഞ് കാല്‍പ്പന്തുകളിയില്‍ മറ്റൊരു ചരിത്രമെഴുതുകയാണ് വയനാടിന്റെ താരങ്ങള്‍.

കമ്പളനാട്ടിയുടെ തുടിച്ചെത്തങ്ങള്‍

പൂര്‍വകാല വയനാടിന്റെ കാതുകളില്‍ കമ്പളനാട്ടിയുടെ തുടിയൊച്ചകള്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. പണിയരുടെ സുഷിര വാദ്യമായ ചീനിവിളിയും തുടിമേളവും ഇടകലരുന്നതോടെ കമ്പളനാട്ടിയെന്ന ചടങ്ങ് തുടങ്ങുകയായി. പെരുമഴയത്ത് പാടത്ത് നൃത്ത ചുവടുകളോടെ ഞാറു പറിച്ചു നടുന്ന ആഘോഷമാണിത്. നെല്‍ കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ജന്മി തറവാട്ടുകാര്‍ക്കു വേണ്ടി അടിയാള വര്‍ഗത്തിന്റെ ചിട്ടപ്പെടുത്തിയ താളമാണിത്. തുടിയൊച്ചകള്‍ മുറുകുമ്പോള്‍ വേഗത്തില്‍ നട്ടു നീങ്ങുന്ന നെല്‍പ്പാടങ്ങള്‍ വൈകുന്നേരത്തോടെ പച്ചപ്പണിയും. പണിയ സമുദായക്കാരാണ് കമ്പളനാട്ടിയുടെ നടത്തിപ്പുകാര്‍. അന്‍പത് പേരോളം അണി നിരക്കുന്ന ഈ പരമ്പരാഗത കാര്‍ഷിക മഴയുത്സവം വയനാടിന് മാത്രം സ്വന്തമാണ്. പണിയരുടെ കുടുംബ അവകാശമായി കമ്പളനാട്ടി ഇന്നും കണക്കാക്കപ്പെടുന്നു.

ചുരത്തിലൂടെ മഴ നനയാം

ഒരിക്കലും മതിവരാത്ത കാഴ്‌ചകളുടെ കവാടമാണ് വയനാടന്‍ ചുരം. പാമ്പിനെ പോലെ ചുറ്റിവരിയുന്ന വഴികളില്‍ കിതച്ചു കയറി വരുന്ന വാഹനങ്ങള്‍. നിത്യഹരിത വനങ്ങളുടെ മങ്ങാത്ത കാഴ്‌ചകളിൽ മഴക്കാലം വീണ്ടും പച്ചപ്പ് പുതപ്പിക്കും. രാവിലെ മുതല്‍ സന്ധ്യയാവുന്നതുവരെ വ്യൂപോയിന്റിനരികില്‍ സഞ്ചാരികള്‍ ധാരളമുണ്ട്. ആകാശത്തില്‍ കറുപ്പും വെളുപ്പും കലര്‍ന്ന മേഘങ്ങള്‍ മാറി മാറി ചിത്രങ്ങള്‍ വരച്ചു പോകും. താഴ്‌വാരത്തെ മുഴുവനും വെള്ള പുതപ്പിക്കുന്ന കോടമഞ്ഞിനെ കാറ്റും തുടച്ചു കൊണ്ട് പോകും. ഇതിനിടയില്‍ പട്ടാപ്പകലും ഇരുള്‍ മൂടുന്ന വഴികള്‍. ഫോഗ് ലൈറ്റും ഹോണും മുഴക്കി നിരനിരയായി ചുരമിറങ്ങുകയാണ് വാഹനങ്ങളും. അവിസ്‌മരണീയമാണ് പതിവായി മഴക്കാലത്ത് നടക്കുന്ന വയനാട് ചുരം മഴ യാത്ര. വിദ്യാര്‍ഥികളടക്കമുള്ള പ്രകൃതി സ്‌നേഹികള്‍ മഴ യാത്രയില്‍ അണി നിരന്നു.

വഴിയോരങ്ങളില്‍ പൂക്കളുടെ വിത്തുകള്‍ വിതറിയും പ്ലാസ്റ്റിക്കുകളും കുപ്പികളും മറ്റും പെറുക്കിയും യാത്രാ സംഘങ്ങള്‍ ചുരം വഴികളിലൂടെ നടന്നു നീങ്ങുന്നു. മഴയെയും പ്രകൃതിയെയും അടുത്തറിയാനുള്ള ഒരു പഠന യാത്രയാണിത്. ഇനിയും മരിക്കാത്ത പച്ചതുരുത്തുകള്‍.