തേടിയെത്തുന്ന ചിറകടിയൊച്ചകള്‍

അതിരുകളില്ലാത്ത ആകാശം നിറയുന്ന ചിറകടിയൊച്ചകള്‍ ദേശാടനത്തിന്റെ ചിറകിലേറുന്ന കാലം. ഇണകളൊത്ത് വിദൂരതകളിലേക്ക് ചേക്കേറുന്ന പക്ഷികളുടെ മെയ് മാസം. ഭൂമിയുടെ അവകാശികള്‍ക്ക് ദേശ ഭാഷാന്തരങ്ങളില്ല എന്ന് മുടങ്ങാതെ ഓര്‍മ്മപ്പെടുത്തുന്ന പ്രകൃതിയുടെ ജാല വിദ്യയാണത്.

യാത്ര മാത്രമല്ല പക്ഷി ദേശാടനത്തിന് പിന്നിലുള്ളത്. ആഹാരത്തിന്റെ സാധ്യതകള്‍, കാലാവസ്ഥാ വ്യതിയാനം, രോഗ വ്യാപനം, കൂട്ടായ ജീവിതം തുടങ്ങിയ ഘടകങ്ങളാണ് ദേശാടനത്തിലേക്ക് നയിക്കുന്നത്. ആവാസ വ്യവസ്ഥയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി സ്വയം മാറുന്നതിനും അതി ജീവനത്തിന്റെ പുതിയ ഭൂമികകള്‍ കണ്ടെത്തുന്നതിനുമുള്ള ദീര്‍ഘ യാത്രകളാണ് മിക്കതും.

ഈ യാത്രകളിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്താനുമാകും. വിത്തിനങ്ങളുടെ വൈവിദ്ധ്യം പരത്തി, കീടങ്ങളുടെ പെരുക്കം നിയന്ത്രിച്ച്, ചിലപ്പോഴെങ്കിലും സ്വയം ഇരയായി ഭക്ഷണാവശ്യ നിര്‍വഹണം നടത്തിയുമാണ് ദേശാടന പക്ഷികള്‍ പ്രകൃതിയുടെ സംരക്ഷകരായും മാറുന്നത്.

കാഴ്‌ചയുടെ കൗതുകങ്ങള്‍ക്കുമപ്പുറം വിലപിടിപ്പുള്ള പക്ഷി ദേശാടനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാക്കൊല്ലവും മെയ് മാസത്തിലെ രണ്ടാം ശനിയാഴ്‌ച ലോക ദേശാടന പക്ഷി ദിനമായി ആചരിക്കപ്പടുന്നു. 2006-ല്‍ യുണൈറ്റെഡ് നേഷന്‍സാണ് ദിനാചരണത്തിന് മുന്‍ കൈയെടുത്തത്. പക്ഷികളെ നിരീക്ഷിച്ച്, അവയെ അടുത്തറിഞ്ഞ്, മാനവരാശി സംരക്ഷകരായി മാറണമെന്ന സങ്കൽപത്തിലാണ് ദിനാചരണം. പൊള്ളുന്ന വേനലിന്റെ പശ്ചാത്തലത്തില്‍ പക്ഷികള്‍ക്കായും നമുക്ക് ഒരിറ്റ് ദാഹജലം കരുതി വയ്ക്കാം…