പരിമിതികളില്ലാത്ത പരിരക്ഷ പദ്ധതികള്‍ക്ക് സത്വര വേഗം
കെ.എന്‍. ബാലഗോപാല്‍
ധനകാര്യ വകുപ്പ് മന്ത്രി
സംസ്ഥാനത്തെ 60 ലക്ഷത്തോളം ആളുകള്‍ക്ക് പ്രതി മാസം 1600 രൂപ നിരക്കില്‍ സാമൂഹിക ക്ഷേമ പെന്ഷന് നല്കി വരുന്നു. ഇതിനായി പ്രതി വര്‍ഷം 11,000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയും ബൃഹത്തായ സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധതിയില്ല. സാമൂഹിക ക്ഷേമ പെന്ഷന് 600 രൂപയില്‍ നിന്നും 1600 രൂപയായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുകയുണ്ടായി മുന്‍പ് 24 ലക്ഷം ആളുകള്‍ക്കാണ് ക്ഷേമ പെന്ഷന് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 60 ലക്ഷത്തോളം ആളുകളിലേക്കാണ് ഇതെത്തുന്നത്.
മെഡിസെപ്
പൊതു ജന സേവനത്തിന്റെ പാലമായി നില കൊള്ളുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമാശ്വാസത്തിന്റെ പരിരക്ഷയാണ് മെഡിസെപ് പദ്ധതിയിലൂടെ ഒരുക്കിയത്. ഇന്‍ഷറന്‍സ് പരിരക്ഷ ഒരുക്കി രോഗ ബാധിത ദിനങ്ങളിലെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ വഴിയൊരുങ്ങിയത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. 11 ലക്ഷത്തിലധികം പേര് അംഗങ്ങളായിട്ടുള്ള മെഡിസെപില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 479 സര്‍ക്കാര്‍/സ്വകാര്യആശുപത്രികളുടെ സേവനം ലഭ്യമാകുന്നുണ്ട്.
ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കും അവയവമാറ്റമുള്പ്പടെയുള്ള ശസ്ത്രക്രിയയ്ക്കുമായി 30 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ടും മെഡിസെപ്പിന്റെ ഭാഗമായി രൂപവല്‍ക്കരിച്ചിട്ടുണ്ട്. 90 വയസ്സുള്ള വ്യക്തിക്കു പോലും യാതൊരു പ്രീ മെഡിക്കല്‍ പരിശോധനകളുമില്ലാതെ അംഗമാകാന്‍ കഴിയുന്ന മെഡിസെപ്പിലൂടെ 577 കോടി രൂപയുടെ 2.2 ലക്ഷം ക്ലെയിമുകള്‍ ഇതിനകം അംഗീകരിച്ചു കഴിഞ്ഞു.
വരുമാനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിന്റെ നികുതി/നികുതിയിതര വരുമാനം നടപ്പു സാമ്പത്തിക വര്‍ഷം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ചരക്കു സേവന നികുതി വരുമാനത്തില്‍ മാത്രം 12,843 കോടി രൂപയുടെ വര്‍ധനവുണ്ടായി. 2023- ലെ സാമ്പത്തിക വര്‍ഷാന്ത്യ കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ മാത്രം 22,000 കോടി രൂപയാണ് സംസ്ഥാന ട്രഷറിയില്‍ നിന്നും നല്‍കിയത് ആകെ പദ്ധതി ചെലവ് 90 ശതമാനമാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ് 96 ശതമാനത്തിന് മുകളിലാണ്. മുന്‍ വര്‍ഷങ്ങളുടേതിന് സമാനമായോ അതിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലോ പണം വിവിധ മേഖലകളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഏകദേശം 40,000 കോടി രൂപയുടെ അര്‍ഹമായ വരുമാനം വിവിധയിനങ്ങളിലായി സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ട പശ്ചാത്തലത്തിലും തനത് വരുമാനം വര്‍ധിപ്പിച്ചും മെച്ചപ്പെട്ട ധന മാനേജ്മെന്റിലൂടെയും പ്രതിസന്ധികളെ ധീരമായി നേരിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
കിഫ്ബി
എല്ലാ മേഖലകളിലും ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക തടസ്സം ഒഴിവാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയാണ്. രാജ്യത്തിന് മാതൃകയാക്കാവുന്ന വന്‍കിട പദ്ധതികളുടെ സുഗമ പുരോഗതിക്ക് സത്വര വേഗമേകുകയാണ് കിഫ്ബി. കിഫ്ബിയുടെ ഇടപെടലുകളോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സംസ്ഥാനത്തെ പൊതു അടിസ്ഥാന സൗകര്യ വികസന ആവാസ വ്യവസ്ഥ സാക്ഷ്യം വഹിച്ച വേഗം, കവറേജ്, കഴിവ്, ഗുണ നിലവാരം എന്നിവയിലെ കുത്തനെയുള്ള കുതിച്ചുചാട്ടം അത് പ്രകടിപ്പിക്കുന്ന ഉയര്‍ന്ന പ്രതിജ്ഞാബദ്ധതയുടെ എക്കാലത്തെയും സാക്ഷ്യമായി നിലനില്ക്കും.
20,000 കോടി രൂപയുടെ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ ഉള്‍പ്പെടുത്തി ഏഴ് വന്‍കിട ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കും അംഗീകാരം നല്കി. ഇതില്‍ സുപ്രധാനമായത് നാഷണല്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി സംസ്ഥാനം നല്കുന്ന 6,769.01 കോടി രൂപയുടെ പദ്ധതിയാണ്. മൂന്ന് വ്യാവസായിക പാര്‍ക്കുകള്‍ക്കായുള്ള 13,988.63 കോടി രൂപയുടെ പദ്ധതി, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട 200.60 കോടി രൂപയുടെ പദ്ധതി, കൊച്ചി- ബംഗലൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതി, ഗിഫ്റ്റ് സിറ്റി പദ്ധതി എന്നിവയാണ് മറ്റ് പദ്ധതികള്‍.
പൊതു വിദ്യാഭ്യാസ മേഖലക്ക് മാത്രമായി 2870 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി.
ആരോഗ്യ കേന്ദ്രങ്ങളില്‍ 10 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍.
അംഗീകരിച്ച തുക : 236കോടി രൂപ
ചെലവഴിച്ച തുക : 65 കോടി രൂപ
പൊതുമരാമത്ത് വകുപ്പ് പദ്ധതികള്‍ (റോഡുകള്‍/പാലങ്ങള്‍)
അനുവദിച്ച തുക
223 റോഡുകള്‍ – 12,510.66 കോടി രൂപ
91 പാലങ്ങള്‍ – 2,797.38 കോടി രൂപ
57 റെയില്‍വേ മേല്‍പ്പാലങ്ങള്‍ – 1,975.52 കോടി രൂപ
1 അടിപ്പാത- 27.59 കോടി രൂപ
15 ഫ്ളൈഓവറുകള്‍ – 1,133.62 കോടി രൂപ
കെ.എസ്.എഫ്.ഇ
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികള്‍ കാലികമായി കെ. എസ്. എഫ്. ഇ നടപ്പാക്കി വരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചിട്ടി രജിസ്റ്റര്‍ ചെയ്യുന്ന കെ. എസ്. എഫ്. ഇ 31.01.2023 ലെ കണക്കനുസരിച്ച് പ്രതിമാസം 3168.43 കോടി രൂപയുടെ ചിട്ടി നടത്തുന്നു. 10582 കോടി രൂപയാണ് വായ്പയായി നല്‍കിയത്. കെ.എസ്.എഫ്.ഇ. യുടെ ആകെ നിക്ഷേപം 21091 കോടി രൂപ രൂപയാണ്.
ഏതാണ്ട് 53 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ലാഭ ക്ഷമത തുടര്‍ച്ചയായി നില നിര്‍ത്തുന്നു. ഇപ്പോള്‍ 35% ഡിവിഡന്‍ഡ് വര്‍ഷം തോറും സര്‍ക്കാരിന് നല്‍കിയും വരുന്നു.
വിഷന്‍ 2025 എന്ന മാര്‍ഗ ദര്‍ശന രേഖ പ്രകാരം 2025-ല്‍ 10,0000 കോടി രൂപയുടെ വിറ്റുവരവും ഒരു കോടി ഇടപാടുകാരും 100 ശാഖകളും കെ. എസ്. എഫ്. ഇ ലക്ഷ്യം വയ്ക്കുന്നു.
നികുതി മേഖല ചലനാത്മകമായി
ചരക്ക് സേവന നികുതി നിയമം നിലവില്‍ വരുന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യ വര്‍ധിത നികുതി, കേന്ദ്ര വില്പന നികുതി, കാര്‍ഷികാദായ നികുതി, പൊതു വില്പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ്, എന്നീ നിയമങ്ങള്‍ പ്രകാരമുള്ള കുടിശികകള്‍ തീര്‍പ്പാക്കാന്‍ ഉദ്ദേശിച്ചുള്ള ആംനസ്റ്റി പദ്ധതി പുരോഗമിച്ചു വരുന്നു. കുടിശിക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവര്‍ക്ക് 30 ശതമാനവും ഇളവ് നല്കി. കോടതികളില്‍ അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകളും വകുപ്പ് അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകളും തീര്‍പ്പാക്കാന്‍ നികുതിദായകര്‍ക്ക് അവസരം നല്കി.
ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയ ലക്കിബില്‍ മൊബൈല്‍ ആപ്പ് പദ്ധതി സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ ബില്ല് ചോദിച്ചു വാങ്ങാന്‍ പൊതു ജനങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നല്കാന് വ്യാപാരികളെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.
നികുതി ദായകര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുക, നികുതി പിരിവ് കാര്യക്ഷമമാക്കുക, നികുതി വെട്ടിപ്പ് തടയുക, സംസ്ഥാനത്ത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുക, വകുപ്പിലെ പ്രൊഫഷണലിസം വര്‍ധിപ്പിക്കുക, വൈദഗ്ധ്യത്തോടെ തൊഴില്‍ ചെയ്യാനുള്ള അവസരം ഒരുക്കുക എന്നിവ ലക്ഷ്യമാക്കി ടാക്സ് പേയര്‍ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എന്‍ഫോഴ്സ്മെന്റ് ആന്റ് ഇന്റലിജന്‍സ് വിഭാഗം എന്നിങ്ങനെ വകുപ്പിന്റെ പുനഃ സംഘടന 2023 ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വന്നു.
എല്ലാവര്ക്കും സുരക്ഷയൊരുക്കി ഇന്‍ഷ്വറന്‍സ്
ലൈഫ് മിഷന്റെ ഭാഗമായി വിവിധ പാര്‍പ്പിട പദ്ധതികളിലൂടെ നിര്‍മ്മിച്ച 2.5 ലക്ഷം ഭവനങ്ങള്‍ക്ക് തീ പിടുത്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മൂലമുള്ള നാശ നഷ്ടങ്ങൾക്ക് ഇന്‍ഷ്വറന്‍സ് പരി രക്ഷ ഉറപ്പാക്കുന്ന ‘ഭവന’ ഇന്‍ഷ്വറന്‍സ് പദ്ധതി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷറന്‍സ് കമ്പനിയുമായി ചേര്‍ന്ന് കോ-ഇന്‍ഷറന്‍സ് വ്യവസ്ഥയില്‍ നടപ്പിലാക്കി വരുന്നു. കൂടാതെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ”ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി” യിലൂടെ കുടുംബങ്ങളുടെയും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പു വരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. ആയിരം രൂപ പ്രതി വര്‍ഷ പ്രീമിയം നിരക്ക് നിശ്ചയിച്ച് അപകടം മൂലമുള്ള പരി രക്ഷയ്ക്ക് 15 ലക്ഷം രൂപ വാഗ്ദത്ത തുകയും അല്ലാതെയുള്ള മരണത്തിന് സമാശ്വാസമായി അഞ്ച് ലക്ഷം രൂപയുടെ നഷ്ട പരിഹാരത്തുകയും അനുവദിക്കും വിധം തയ്യാറാക്കിയ പദ്ധതി 2023-ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള ‘അങ്കണം’, കുടുംബ ശ്രീ ജീവനക്കാര്‍ക്കായി നടപ്പിലാക്കി വരുന്ന ഒരുമ, കര്‍ഷകര്‍ക്കുള്ള കാര്‍ഷിക കര്‍മ്മ സേന ഇന്‍ഷ്വറന്‍സ്, ജീവനക്കാര്‍ക്കായുള്ള ആന്വിറ്റി, കുട്ടികള്കുള്ള ബാല്യ സുരക്ഷ പദ്ധതി എന്നീ ഇന്‍ഷറന്‍സ് പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു.
വിജയ മുദ്രകള്‍ ഭാവി രേഖകള്‍
- 36 ട്രഷറികളുടെ നിര്‍മ്മാണത്തിനും 19 ട്രഷറി കെട്ടിടങ്ങളുടെ നവീകരണത്തിനുമായി 100 കോടി രൂപയുടെ ഭരണാനുമതി നല്കി.
- വാതില്‍പ്പടി സേവനങ്ങളുമായി ബന്ധപ്പെട്ട് കിടപ്പു രോഗികളായ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് മസ്റ്ററിങ്ങ്.
- ഓണ്‍ലൈന്‍ സേവന സഹായത്തിനായി 10 ലൈനുകളുള്ള ടോള്‍ ഫ്രീ നമ്പര്‍ – 1800 425 5176.
- ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ വരുന്ന രജിസ്ട്രേഷനുകള്‍ക്ക് ഇ-സ്റ്റാമ്പിങ്ങ്.
- റിട്ടയര്‍മെന്റ് ജീവിതത്തില്‍ പെന്ഷന് പുറമേ ജീവിത കാലം മുഴുവന്‍ ഉറപ്പുള്ള വരുമാനം വേണമെന്ന് ആഗ്രഹിക്കുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികൾ, മറ്റ് സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധമല്ലാത്ത ആന്വിറ്റി പദ്ധതി ‘ജീവാനന്ദം’ എന്ന പേരില്‍ നടപ്പിലാക്കും.
- മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി രണ്ടാം പതിപ്പിലൂടെ ഈ വര്‍ഷം 500 പുതിയ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കും.
- ഭാഗ്യക്കുറികളിലൂടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 11500.00 കോടി രൂപ വിറ്റു വരവാണു പ്രതീക്ഷിക്കുന്നത്.
- ഭാഗ്യക്കുറി ടിക്കറ്റില്‍ ഉള്‍പ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കും.
- ടൂറിസം മേഖലയുമായി സഹകരിച്ച് ഭാഗ്യ പരീക്ഷണത്തിനായുള്ള നവീന മേഖലകള്‍ കണ്ടെത്തും. ഭാഗ്യ പരീക്ഷണത്തിനോടൊപ്പം സമ്പാദ്യവും വളര്‍ത്തുന്ന രീതിയില്‍ നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ ആവിഷ്കരിക്കും.
- ഭാഗ്യക്കുറി മേഖലയിലുള്ള അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തും.
