കവര്‍‌സ്റ്റോറി

പുതു യാത്രാ വഴികള്‍ സ്‌മാർട്ട് സേവനങ്ങൾ

-അഡ്വ. ആന്റണി രാജു
ഗതാഗത വകുപ്പ് മന്ത്രി

ഒരു വര്‍ഷം മുമ്പ് രൂപീകരിച്ച കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് അതിവേഗം വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. ദീര്‍ഘദൂര സര്‍വീസുകള്‍ ലക്ഷ്യം വച്ച് ആരംഭിച്ച ”കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ്” ആദ്യ ഘട്ടത്തില്‍ 116 ബസ്സുകളും പിന്നീട് 50 ഇ-ബസ്സുകളും ഇപ്പോള്‍ 131 ബസ്സുകളും നിരത്തിലിറക്കി.

കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രൂപവല്‍ക്കരിച്ച കമ്പനിയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. യാത്രികര്‍ക്ക് മികച്ച സേവനങ്ങളും പുതിയ യാത്രാനുഭവവും നല്‍കുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയോടു കൂടിയ മികച്ച സൗകര്യങ്ങളുള്ള ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. പ്രത്യേകം പരിശീലനം നല്‍കിയ ഡ്രൈവര്‍ കം കണ്ടക്‌ടർമാരാണ് ഈ സര്‍വീസുകള്‍ നിയന്ത്രിക്കുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സേവനം എല്ലാ സമയവും ഉറപ്പാക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസുകളില്‍ സുരക്ഷയ്ക്കും വൃത്തിയ്ക്കും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നു.

വരുമാന വര്‍ധന

പ്രതിസന്ധികളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ നൂതനമായ ആശയങ്ങള്‍ കൊണ്ട് കെ എസ് ആര്‍ ടി സി വരുമാനം വര്‍ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിച്ചു നഷ്‌ടത്തിന്റെ തോത് കുറക്കാന്‍ കഴിയുമെന്ന വിശാസമാണ് സർക്കാരിനുള്ളത്. ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ആര്‍.എഫ്.ഐ.ഡി. സംവിധാനങ്ങളുളള ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ കോര്‍പ്പറേഷന്റെ എല്ലാ യൂണിറ്റുകളിലും നടപ്പിലാക്കുകയാണ്. ഓരോ ബസ്സിന്റെയും വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവ അറിയാനും, വിശകലനം ചെയ്യാനും സംവിധാനമുണ്ട്.

സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെയും, ആധുനികവല്‍ക്കരണത്തിന്റെയും ഭാഗമായി വിവിധ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമായും ഉയര്‍ന്ന വേഗത്തിലും പ്രവര്‍ത്തിപ്പിക്കുന്നതിനായി പുതിയ ഹൈ എന്‍ഡ് ക്ലൗഡ് സര്‍വര്‍ സംവിധാനം കൊണ്ടുവന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ്സുകള്‍ 40 എണ്ണം ലഭ്യമായിട്ടുണ്ട്. ഇതിനു പുറമെ 125 ഇലക്ട്രിക് ബസ്സുകള്‍ കൂടി വാങ്ങും.

കല്‍പ്പിത ആനുകൂല്യത്തോടൊപ്പം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കി സേവന-വേതന കരാര്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. കോര്‍പ്പറേഷനിലെ ഉന്നത തല മാനേജ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യോഗ്യതയും, പരിചയവുമുളള ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്.

കേരളത്തില്‍ ഗതാഗത സൗകര്യ വികസന ചരിത്രത്തിലെ പുതിയ ആശയമായ ഗ്രാമ വണ്ടിക്ക് നല്ല വരവേല്‍പാണ് ലഭിച്ചത്. ഒരു പഞ്ചായത്തിലെ സഞ്ചാര യോഗ്യമായ എല്ലാ റോഡുകളിലും എത്തുന്ന രീതിയിലാണ് ഗ്രാമ വണ്ടികള്‍ സര്‍വീസ് നടത്തുന്നത്. ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമ വണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്‌ടറും കെ.എസ്.ആര്‍.ടി.സി നൽകും.

കേരളത്തിലെ ഉള്‍നാടന്‍ മേഖലയിലെ പൊതു ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാന്‍ സഹായകരമായ രീതിയിലാണ് ഗ്രാമ വണ്ടി പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.

ഗ്രാമ വണ്ടി കൂടാതെ, ഇട റോഡുകള്‍, റസിഡന്‍ഷ്യല്‍ ഏരിയ എന്നിവിടങ്ങളില്‍ നിന്നും ജനങ്ങളെ പ്രധാന ബസ് സ്റ്റോപ്പുകളില്‍ എത്തിക്കുന്നതിനായി ഫസ്റ്റ് മൈല്‍, ലാസ്റ്റ് മൈല്‍ കണക്‌ടിവിറ്റി – ഫീഡര്‍ സര്‍വീസും നടത്തുന്നു.

കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊതുമേഖല എണ്ണമ്പനികളുമായി ചേര്‍ന്ന് നിലവിലെ പമ്പുകളില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് കൂടി ഇന്ധനം ലഭ്യമാക്കുന്നതിനായും അതുവഴി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുമായാണ് പദ്ധതി.

മത്സ്യ വിപണനത്തിനായി യാത്ര ചെയ്യുന്ന പ്രത്യേക സംവിധാനങ്ങളോടു കൂടിയ മൂന്ന് സ്പെഷ്യല്‍ ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കി.

ജലഗതാഗതം

വിനോദ സഞ്ചാര മേഖലയ്ക്കും പൊതുജന യാത്രയ്ക്കും കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ ഉള്‍നാടന്‍ ജല ഗതാഗതത്തെ നവീകരിക്കുന്നു. ജല ഗതാഗതത്തില്‍ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ക്ക് അനുസരണമായി നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനും കഴിഞ്ഞു.

യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരേപോലെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ രൂപകൽപന ചെയ്‌തിട്ടുള്ള ”സീ അഷ്‌ടമുടി” ബോട്ടുകള്‍ക്കു നല്ല സ്വീകാര്യത ലഭിച്ചു.

ഇ-മൊബിലിറ്റി

പൊതു ജനങ്ങളെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍ പ്രോത്സാഹിപ്പിക്കല്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍, ഹരിത ഇന്ധനങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്‌ടിക്കൽ തുടങ്ങിയവ ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ- മൊബിലിറ്റി.

നിലവിലെ പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷയായി മാറ്റുന്നതിനുള്ള റിട്രോഫിറ്റ്‌മെന്റ് സബ്‌സിഡി നല്‍കുവാനുള്ള പദ്ധതിക്ക് രൂപം നല്‍കും. ഇലക്ട്രിക്ക് ബാറ്ററി സ്വാപ്പ് ചെയ്യുന്നതിനായുള്ള പദ്ധതിയും റിട്രോഫിറ്റ്‌മെന്റ് സെന്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നടപടിയും സ്വീകരിച്ചു വരുന്നു.

നിലവിലെ പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷയായി മാറ്റുന്നതിനു 300 വാഹനങ്ങള്‍ക്ക് 30,000/രൂപ നിരക്കില്‍ സബ്‌സിഡി നൽകുന്നതിനായി 90 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ട്. എഴുപതോളം വിവിധതരം ഇലക്ട്രിക്ക് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി 44 ലക്ഷം രൂപ, ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കേണ്ടി വരുന്ന ചെലവിനായി സബ്‌സിഡി നല്‍കുന്നതിനു 20 ലക്ഷം രൂപ ഉള്‍പ്പെടെ ആകെ 64 ലക്ഷം രൂപ സബ്‌സിഡി ഇനത്തില്‍ അനുവദിക്കുന്നതിനായും ഭരണാനുമതി നല്‍കിയിട്ടുണ്ട്.

വിജയ മുദ്രകള്‍ ഭാവി രേഖകള്‍

  • കെ.എസ്.ആര്‍.ടി.സി.യുടെ എല്ലാ ഓഫീസുകളിലെയും ജീവനക്കാരുടെ ഹാജര്‍ ആധാര്‍ അധിഷ്‌ഠിത വിരലടയാള സംവിധാനത്തിലൂടെ നടപ്പിലാക്കും.

  • സ്‌മാർട്ട് ട്രാവല്‍ കാര്‍ഡ് : യാത്രക്കാര്‍ക്ക് മുന്‍കൂറായി പണം നല്‍കി റീചാര്‍ജ് ചെയ്യാനും കൂടുതല്‍ വേഗത്തില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാനുമാണ് സംവിധാനം.

  • ക്ലോസ്‌ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സി.സി.ടി.വി.) : യാത്രക്കാരുടെ സുരക്ഷയ്ക്കായി സി.സി.ടി.വി. ക്യാമറകളും, കണ്‍ട്രോള്‍ റൂമും സജ്ജമാക്കുന്ന പദ്ധതിയാണിത്

  • സോളാര്‍ ഇലക്ട്രിക് ക്രൂയിസ് നിര്‍മ്മാണം : യാത്രക്കാര്‍ക്കും, ടൂറിസ്റ്റുകള്‍ക്കും ഒരേപോലെ പ്രയോജനപ്രദമായ പരിസ്ഥിതി സൗഹൃദവും, ചെലവു കുറഞ്ഞതുമായ സര്‍വീസ്.

  • പ്രകൃതി സൗഹൃദ സോളാര്‍ ബോട്ടുകള്‍ : · സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡപകടങ്ങളും അതുവഴിയുള്ള ജീവഹാനിയും പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുട നീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (ANPR) എന്നീ അത്യാധുനിക സാങ്കേതിക വിദ്യകളോടു കൂടിയ ക്യാമറകള്‍, സ്‌പീഡ് റഡാറുകള്‍, വെഹിക്കിള്‍ മൗണ്ടഡ് സ്‌പീഡ് റഡാറുകള്‍ എന്നിവ സ്ഥാപിച്ച് സുതാര്യവും കാര്യക്ഷമവുമായ രീതിയില്‍ എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നതിനായി 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍.

  • വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തുന്നതിനും ഡ്രൈവിങ്ങ് പരിശോധനയ്ക്കുമായി തിരുവനന്തപുരത്തെ മുട്ടത്തറ (350 ലക്ഷം രൂപ), പാറശ്ശാല (295 ലക്ഷം രൂപ), കോട്ടയത്തെ ഉഴവൂര്‍ (350 ലക്ഷം രൂപ), എറണാകുളത്തെ മുവാറ്റുപുഴ (350 ലക്ഷം രൂപ), കണ്ണൂരിലെ തളിപ്പറമ്പ് (450 ലക്ഷം രൂപ), കാസര്‍ഗോഡ് (450 ലക്ഷം രൂപ) എന്നിവിടങ്ങളില്‍ കമ്പ്യൂട്ടറൈസ്‌ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍, ഡ്രൈവര്‍ ടെസ്റ്റിങ്ങ് ട്രാക്കുകള്‍.

  • നിലവിലെ പേപ്പര്‍ ലാമിനേറ്റഡ് ഡ്രൈവിങ്ങ് ലൈസന്‍സ് ഫോമുകള്‍ മാറ്റി PVC അധിഷ്‌ഠിത ഡ്രൈവിങ്ങ് ലൈസന്‍സ് കാര്‍ഡുകള്‍

  • രണ്ട് 75 PAX കാറ്റമറാന്‍ ബോട്ടുകളില്‍ രണ്ടാമത്തെ ബോട്ടിന്റെ നിര്‍മ്മാണം-50% പൂര്‍ത്തീകരിച്ചു. നാല് 100PAX കാറ്റമറനുകളില്‍ നാലാമത്തെ ബോട്ടിന്റെ നിര്‍മ്മാണം 60% പൂര്‍ത്തീകരിച്ചു.

  • സമര്‍പ്പിത ക്ലൗഡ്‌ സെര്‍വര്‍ സജ്ജീകരണം. 2021-22-ലെ പദ്ധതി വിഹിതമായ 10.64 കോടി രൂപയില്‍ നിന്നും പദ്ധതിക്കായി 15 ലക്ഷം രൂപ നാളിതു വരെ ചെലവഴിച്ചിട്ടുണ്ട്.

  • ചങ്ങനാശ്ശേരി യൂണിറ്റില്‍ പുതിയ ബസ് ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.

  • സംസ്ഥാനത്തു ഏഴു സ്ഥലങ്ങളില്‍ വെയ്-ഇന്‍-മോഷന്‍ ബ്രിഡ്‌ജുകൾ സ്ഥാപിക്കാനായി അഞ്ച് കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കി.

  • നിര്‍ഭയ ചട്ടക്കൂടിന് കീഴില്‍ സ്ത്രീകളുടെയും പൊതു ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി വാഹന ട്രാക്കിങ്ങ് പ്ലാറ്റ്ഫോം വികസിപ്പിക്കാന്‍ പദ്ധതി.

  • ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ആംബുലന്‍സുകളില്‍ വി.എല്‍.ടി.ഡി.എസ് സംവിധാനം സ്ഥാപിക്കാനും (120 ലക്ഷം രൂപ). ക്ഷേമനിധി വകുപ്പുമായി ചേര്‍ന്ന് ഓട്ടോറിക്ഷകളില്‍ വി.എല്‍.ടി.ഡി.എസ് സംവിധാനം സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു (198 ലക്ഷം രൂപ).

  • റോഡ് സുരക്ഷ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ അതിര്‍ത്തി ജില്ലകളില്‍ വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ സംവിധാനം കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

  • സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ബോട്ടുകള്‍ നിര്‍മ്മിച്ച് സര്‍വീസ് നടത്തുക വഴി ചെലവു കുറഞ്ഞതും, മലിനീകരണ വിമുക്തവുമായ യാത്രാ സംവിധാനം ലക്ഷ്യം വയ്ക്കുന്നു.

  • കെ.എസ്.ആര്‍.ടി.സി.യുടെ ഫ്ളീറ്റ് നവീകരണത്തിന്റെ ഭാഗമായി 131 പൂര്‍ണ്ണ നിര്‍മ്മിത ഡീസല്‍ ബി.എസ്. VI ബസ്സുകള്‍ വാങ്ങുന്നതിനായുളള വിതരണ ഉത്തരവ് നല്‍കിയിട്ടുണ്ട്.

  • കിഫ്ബി ഫണ്ട് ഉപയോഗിച്ച് 50 പരിസ്ഥിതി സൗഹൃദ നോണ്‍ എ.സി. ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നു. 40 ബസ്സുകള്‍ ലഭ്യമായിട്ടുണ്ട്. ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി.-സ്വിഫ്റ്റ് മുഖാന്തിരം തിരുവനന്തപുരം സിറ്റിയില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

  • 125 ഇലക്ട്രിക് ബസ്സുകള്‍ കൂടി വാങ്ങുന്നതിനായുളള ഇ-ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു.

  • വിവിധ ഡിപ്പോകളിലെ ബസ് ടെര്‍മിനല്‍, യാര്‍ഡ്, ബസ് സ്റ്റേഷന്‍ , വര്‍ക്ക്‌ഷോപ്പ്, ഡ്രെയിനേജ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.

  • DBFOT, PPP മോഡലുകളില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കത്തക്ക രീതിയില്‍ കൊമേഴ്‌സ്യല്‍ ഡെവലപ്‌മെന്റ് കെട്ടിടങ്ങള്‍.

  • മൂന്നാര്‍ യൂണിറ്റില്‍ പബ്ലിക് ഡോര്‍മെറ്ററി സംവിധാനമുള്‍പ്പെടെയുളള ഹോളിഡേ ഹോം.

  • DIMTS, IFC സഹകരണത്തോടെ കൊമേഴ്‌സ്യല്‍ ഡെവലപ്‌മെന്റ് കെട്ടിടങ്ങള്‍.