കവര്‍‌സ്റ്റോറി

എല്ലാം ഡിജിറ്റല്‍ സുതാര്യം

സുനില്‍ കുമാര്‍ ടി. കെ

ഐ.എല്‍.ജി.എം.എസ് സംസ്ഥാന സെല്‍ അംഗം

കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും 2022 ഏപ്രില്‍ മുതല്‍ വിന്യസിച്ചിട്ടുള്ള ഓൺലൈൻ ഇ.ആര്‍.പി ആപ്ലിക്കേഷന്‍ സോഫ്‌റ്റ്‌വെയറാണ് ഐ.എല്‍.ജി.എം.എസ് എന്ന ഇൻ്റഗ്രേറ്റഡ് ലോക്കല്‍ ഗവേണൻസ് മാനേജ്മെൻ്റ് സിസ്റ്റം. എല്ലാ ഫയല്‍ നടപടികളും ഡിജിറ്റലാക്കുക, ഏതൊരു ഫയലും പൊതു ജനങ്ങൾക്കും ചുമതലപ്പെട്ടവർക്കും എളുപ്പത്തില്‍ കണ്ടെത്താനാകുക, അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ പരമാവധി കൃത്യത ഉറപ്പാക്കുക, സേവന തീയതി ഉൾപ്പെടുത്തി രസീത് നൽകുക. എന്നിങ്ങനെ വിവിധ നേട്ടങ്ങൾ ഡിജിറ്റല്‍ മാറ്റത്തിൻ്റെ ഭാഗമായി.

ഐ.എല്‍.ജി.എം.എസിൻ്റെ സവിശേഷതകള്‍

  • പൂർണ്ണമായും കടലാസു രഹിതം

  • മുൻഗണാടിസ്ഥാനത്തിൽ ഫയലുകളില്‍ നടപടി സ്വീകരിച്ച് സമയ ബന്ധിതമായും സുതാര്യമായും സേവനങ്ങള്‍ ലഭ്യമാക്കുന്നു

  • ഫയലുകള്‍ നഷ്‌ടപ്പെടില്ല

  • കൃത്യതയോടെ ഫയൽ തിരയൽ

  • ചുമതലപ്പെട്ട ജന പ്രതിനിധികൾക്കും ഉന്നതോദ്യോഗസ്ഥർക്കും ഏതു ഫയലിൻ്റെയും ഉള്ളടക്കം കാണാനാകുന്ന കൃത്യമായ മോണിറ്ററിംഗ് ഡാഷ്ബോർഡ്

  • ഫയല്‍ നീക്കം സുഗമമായി

  • ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരെ സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ആപ്ലിക്കേഷനിലുണ്ട്.

  • അപേക്ഷ സ്വീകരിക്കുമ്പോള്‍ അനുബന്ധ രേഖകള്‍ കൂടി കൃത്യതയോടെ ചേർക്കുന്നതിന് സഹായിക്കുന്ന ചെക്ക് ലിസ്റ്റുകൾ.

  • മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കൃത്യമായ ഫയൽ ഫ്ളോ

  • നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ക്രമീകരിച്ചിട്ടുള്ള ഓട്ടോ നോട്ടുകൾ

  • മൊത്തം സേവന സമയത്തെ ഓരോരുത്തർക്കും  ഭാഗിച്ച് നൽകി കൊണ്ടുള്ള സമയക്രമം (ത്രെഷോൾഡ് ടൈം)

  • അലർട്ടുകൾ

    ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട

    അപേക്ഷ നൽകുമ്പോൾ സേവനാവകാശ നിയമ പ്രകാരം ഉള്ളതുൾപ്പെടെ ഏത് സേവനവും ലഭിക്കുന്ന തീയതി രേഖപ്പെടുത്തിയ കൈപ്പറ്റ് രസീത് ലഭ്യമാക്കുന്നു. ചട്ട പ്രകാരം ഏതെങ്കിലും അനുബന്ധ രേഖ ചേർത്തിട്ടില്ലെങ്കിൽ അപാകതാ കത്ത്, അപേക്ഷ നൽകുന്ന സമയത്തു തന്നെ ലഭ്യമാകുന്നു. കേരളത്തിലെ ഏത് ഗ്രാമ പഞ്ചായത്തിലും ഒരു പ്രത്യേക സേവനം ലഭിക്കാന്‍ അധിക/വ്യത്യസ്‌ത രേഖകള്‍ ആവശ്യപ്പെടുന്ന പ്രവണതയും ഇല്ലാതായിട്ടുണ്ട്.

    ഇരുനൂറിലധികം സേവനങ്ങളം സാക്ഷ്യ പത്രങ്ങളും പഞ്ചായത്ത് ഓഫീസില്‍ എത്താതെ വീട്ടിലിരുന്നോ, സമീപത്തുള്ള സർവ്വീസ് സെൻ്ററുകൾ വഴിയോ ഏതു സമയത്തും ഓൺലൈനായി ലഭ്യമാക്കുന്നതിനായി ഐ.എൽ.ജി.എം.എസിൻ്റെ ജനകീയ മുഖമായ സിറ്റിസൺ സർവ്വീസ് (www.citizen.lsgkerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്. ഫീസും പോർട്ടലിലൂടെ അടയ്ക്കാം. ഗ്രാമ പഞ്ചായത്തുകളില്‍ കൈകാര്യം ചെയ്യപ്പെടുന്ന ഫയലുകളുടെ തത്സമയ സ്റ്റാറ്റസ് ഈ പോർട്ടലിലൂടെ ലഭ്യമാക്കി സുതാര്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്. സിറ്റിസൺ പോർട്ടൽ സൗകര്യം നഗര സഭകൾക്കും ലഭ്യമാണ്. ഐ.എല്‍.ജി.എം.എസ് ആപ്ലിക്കേഷനിലൂടെ നാളിതുവരെ ഒരുകോടിയോളം ഫയലുകള്‍ കൈകാര്യം ചെയ്‌തു കഴിഞ്ഞു.

    ജനന-മരണ  വിവാഹ രജിസ്ട്രേഷന്‍, അക്കൗണ്ടിങ്ങ്, ഫയല്‍ നടപടി മോഡ്യൂളുകള്‍ മാത്രമാണ് ആദ്യ ഘട്ടമെന്ന നിലയില്‍ പൂർണ്ണമായും ഐ.എല്‍.ജി.എം.എസില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ മോഡ്യൂളുകള്‍ ചേർക്കുക വഴി നടപടികളുടെ വേഗം വർദ്ധിപ്പിക്കാൻ സാധിക്കും. വിവിധ ക്ഷേമ പെൻഷനുകൾ (സേവന പെൻഷൻ), കെട്ടിട നിർമാണാനുമതി (സങ്കേതം), വിവിധ യോഗങ്ങളുടെ നടപടി ക്രമങ്ങള്‍, വസ്‌തു നികുതി ചുമത്തലും ഈടാക്കലും (സഞ്ചയ), പ്രോജക്‌ടുകളുടെ തയ്യാറാക്കലും, തുക വിതരണം ചെയ്യലും (സുലേഖ, സാംഖ്യ) തുടങ്ങിയ ഇനങ്ങള്‍ കൂടി ഈ ആപ്ലിക്കേഷനിലേക്ക് കൂട്ടിച്ചേർക്കുന്നതോടെ ഒറ്റ ലോഗിനിലൂടെ തന്നെ ഗ്രാമ പഞ്ചായത്തിലെ എല്ലാ പ്രവർത്തനങ്ങളും നടത്താന്‍ സാധിക്കും.

    ഐ.എല്‍.ജി.എം.സില്‍ കൈകാര്യം ചെയ്‌ത ഫയലുകളുടെ വിവരം

    (2023 മാർച്ച് ഏഴ് വരെ)

    നമ്പര്‍ അപേക്ഷകള്‍/ഫയലുകളുടെ വിവരം ലഭിച്ചവയുടെ എണ്ണം തീർപ്പാക്കിയവയുടെ എണ്ണം %

    1. ഫ്രണ്ട് ഓഫീസ് വഴി ലഭിച്ചവ 82,72,043 73,29,457 88.60

    2. സിറ്റിസൺ പോർട്ടൽ വഴി ലഭിച്ചവ 14,01,033 12,73,767 90.92

    3. ഗ്രാമപഞ്ചായത്തില്‍ ആകെ ലഭിച്ചവ (1+ 2) 96,73,076 86,03,254 88.94

    4. സിറ്റിസൺ പോർട്ടൽ വഴി നഗര സഭകളില്‍ ലഭിച്ചവ 2,49,951 136,292 54.52

    5. ഐ.എല്‍.ജി.എം.എസ് വഴി ആകെ കൈകാര്യം ചെയ്‌തവ (3+4) 99,23,027 87,39,546 88.07