കവര്‍‌സ്റ്റോറി

അറിവിന്റെ സമന്വയവും അർത്ഥനിർമ്മിതിയുടെ വഴികളും

സമകാലിക ജനപഥം 2026
ഒക്ടോബർ 1 പുസ്തകം 13 ലക്കം 3

മനുഷ്യരാശി ഇന്ന് ചരിത്രത്തിലെ നിർണായകമായ ഒരു പരിവർത്തനഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്- കേവലം മാറ്റങ്ങൾ സംഭവിക്കുന്ന കാലമല്ല, മാറ്റത്തിന്റെ സ്വഭാവം തന്നെ മാറുന്ന കാലം. കൃത്രിമബുദ്ധിയുടെയും മെഷീൻ ലേണിംഗിന്റെയും മുന്നേറ്റങ്ങൾ പുതിയ സാങ്കേതികവിദ്യകൾക്ക് വഴിയൊരുക്കിയപ്പോൾ, അവ തൊഴിൽരീതികളെയും ഉൽപാദനപ്രക്രിയകളെയും വിദ്യാഭ്യാസത്തെയും ആരോഗ്യപരിചരണത്തെയും ഭരണ സംവിധാനങ്ങളെയും അതിവേഗം മാറ്റിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം, മനുഷ്യന്റെ അറിവുമായും സർഗാത്മകതയുമായും സാങ്കേതികവിദ്യയുമായുമുള്ള ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളിലും പുതിയ ചോദ്യങ്ങൾ ഉയർന്നുവരുന്നു. മനുഷ്യചരിത്രത്തിൽ ഇത്തരം പരിവർത്തനങ്ങൾ നേരത്തെയും ഉണ്ടായിരുന്നുവെങ്കിലും, ഇന്നത്തെ മാറ്റങ്ങളുടെ വ്യാപ്തിയും തീവ്രതയും വേഗവും അവയെ കൂടുതൽ നിർണായകമാക്കിയിരിക്കുന്നു. അതിനാൽ, സമകാലിക ലോകത്തെ ഗ്രഹിക്കുന്നതിന് വിജ്ഞാനത്തിന്റെ വിവിധ മേഖലകളെ വേർതിരിച്ചുള്ള പഠനം മാത്രം മതിയാകില്ല. അവയ്ക്കിടയിൽ രൂപപ്പെടുന്ന ബന്ധങ്ങളും പരസ്പര സ്വാധീനങ്ങളും തിരിച്ചറിഞ്ഞ്, ലോകത്തെ പരസ്പരം ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ ചേർന്ന ഒരു സമഗ്ര യാഥാർഥ്യമായി സമീപിക്കേണ്ടതുണ്ട്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പഴയ ചോദ്യങ്ങൾക്ക് പുതിയ അർത്ഥതലങ്ങൾ ലഭിക്കുന്നത് ഇവിടെയാണ്. കുട്ടികൾ എന്താണ് പഠിക്കേണ്ടത് എന്ന് നാം ചോദിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, മറ്റൊരു ചോദ്യം കൂടി ഉയർന്നുവരുന്നു: ഒരാൾ എങ്ങനെയാണ് അറിവ് നേടുന്നത്? വിവരങ്ങളെയും അനുഭവങ്ങളെയും നാം എങ്ങനെ ബന്ധിപ്പിക്കുന്നു, അവയിൽ നിന്ന് എങ്ങനെ അർത്ഥവും ധാരണയും കണ്ടെത്തുന്നു? കാരണം ലോകത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിൽ യന്ത്രങ്ങൾ മനുഷ്യനെക്കാൾ വേഗത്തിലാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അപ്പോൾ വിദ്യാഭ്യാസത്തിന്റെ മഹത്തായ ദൗത്യം മനുഷ്യന്റെ മനസ്സിൽ വിവരങ്ങൾ നിറയ്ക്കുന്നതിലല്ല; അവയെ ബന്ധിപ്പിച്ച് അർത്ഥം കണ്ടെത്താനും പുതിയ ധാരണകൾ രൂപപ്പെടുത്താനും മനുഷ്യനെ പ്രാപ്തനാക്കുന്നതിലാണ്.

ചരിത്രത്തിൽ പല സാങ്കേതികവിദ്യകളും മനുഷ്യന്റെ കഴിവുകൾക്ക് പകരക്കാരായി വന്നിട്ടുണ്ട്. കാൽക്കുലേറ്റർ കണക്കുകൂട്ടലിന്റെ വേഗത വർധിപ്പിച്ചു; സെർച്ച് എൻജിനുകൾ വിവരങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കി; വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ ഓർമ്മ, രേഖപ്പെടുത്തൽ, ആശയവിനിമയം തുടങ്ങിയ പ്രത്യേക പ്രവർത്തനങ്ങളെ ലളിതമാക്കി. എന്നാൽ നിർമിതബുദ്ധിയുടെ സ്വഭാവം തികച്ചും വ്യത്യസ്തമാണ്. കാൽക്കുലേറ്റർ പോലെ ഒരു പ്രത്യേക കഴിവിനെയോ പ്രവർത്തനത്തെയോ മാത്രം പിന്തുണയ്ക്കുന്ന മോഡുലാർ സാങ്കേതികവിദ്യയല്ല അത്. ഭാഷയെ മാധ്യമമാക്കി മനുഷ്യന്റെ ചിന്തയുടെയും അറിവിന്റെയും വൈവിധ്യമാർന്ന മേഖലകളിൽ ഇടപെടാനും ചിന്താപ്രക്രിയകളെ പിന്തുണയ്ക്കാനും കഴിയുന്ന ബൗദ്ധിക സാങ്കേതികവിദ്യയാണ് (ജനറൽ പർപ്പസ് കോഗ്നിറ്റീവ് ടെക്നോളജി). ഇത്തരം സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന അടിയന്തരത വിദ്യാഭ്യാസത്തെ പുനർവിചിന്തനം ചെയ്യാനും മാറിക്കൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടണം എന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. ലോകം അതിവേഗം മാറുമ്പോൾ വിദ്യാഭ്യാസത്തിന് അതിന്റെ പിന്നാലെ ഓടിയെത്തുക മാത്രം മതിയാകില്ല. മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ മനസ്സിലാക്കാനും, അതിനെ ചോദ്യം ചെയ്യാനും, അതിന്റെ ഭാവിയെ രൂപപ്പെടുത്താനും കഴിയുന്ന തലമുറയെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ദൗത്യം.

വിവിധ വിഷയങ്ങളെ വേർതിരിച്ച് അറിവിന്റെ തുരുത്തുകളായി കാണാതെ, അവയ്ക്കിടയിലെ ആഴത്തിലുള്ള പരസ്പരബന്ധവും ഏകോപനവും തിരിച്ചറിയുക എന്നത് ഈ സാഹചര്യത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. ശാസ്ത്രം, ഗണിതം, ഭാഷ, സാമൂഹ്യശാസ്ത്രം, മാനവികശാസ്ത്രം, കലകൾ എന്നിവ ഓരോന്നും വ്യത്യസ്ത മേഖലകളെ കൈകാര്യം ചെയ്യുന്നുവെങ്കിലും, അവയെല്ലാം മനുഷ്യൻ ലോകത്തെ മനസ്സിലാക്കുകയും അതിനെക്കുറിച്ച് അറിവ് നിർമ്മിക്കുകയും ചെയ്യുന്ന വലിയ പ്രക്രിയയുടെ ഭാഗങ്ങളാണ്. ഈ ഏകോപനത്തിന്റെ ഒരു പ്രധാന കണ്ണിയായി ശാസ്ത്രത്തിന്റെ ജ്ഞാനനിർമാണ പ്രക്രിയയെ കാണാം. ശാസ്ത്രീയ ജ്ഞാനനിർമിതിയുടെ അടിസ്ഥാന പ്രക്രിയകളിലൊന്ന് ലോകത്തെ മനസ്സിലാക്കുന്നതിനായി ഗണിതശാസ്ത്ര മാതൃകകൾ നിർമ്മിക്കുക എന്നതാണ്. ചലനം, ദ്രവ്യം, ജീവൻ, കാലാവസ്ഥ തുടങ്ങിയ പ്രതിഭാസങ്ങളെ പ്രതിനിധീകരിക്കാനും വിശദീകരിക്കാനും പ്രവചിക്കാനും ശാസ്ത്രമാതൃകകൾ നിർമ്മിക്കുന്നു. നിർമിതബുദ്ധിയെ ഈ പാരമ്പര്യത്തിന്റെ തന്നെ ഒരു സവിശേഷ തുടർച്ചയായി കാണാനാകും. അതിനാൽ, പുതിയ കാലത്തെ വിദ്യാഭ്യാസം വിജ്ഞാനശാഖകളുടെ അതിരുകൾ കർശനമാക്കുന്നതിന് പകരം അവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതാകണം.

ശാസ്ത്രം ലോകത്തെ മാതൃകകളിലൂടെ മനസ്സിലാക്കാൻ സഹായിക്കുമ്പോൾ, ഗണിതം ആ മാതൃകകൾക്ക് ഘടന നൽകുന്നു. ഭാഷ അവയെ രൂപപ്പെടുത്താനും ആശയവിനിമയം നടത്താനും അർത്ഥവത്താക്കാനും സഹായിക്കുന്നു. സാമൂഹ്യശാസ്ത്രവും മാനവികശാസ്ത്രവും അവയുടെ മനുഷ്യപരവും സാമൂഹികവുമായ അർത്ഥതലങ്ങൾ അന്വേഷിക്കുന്നു. കലകൾ മനുഷ്യന്റെ വികാരങ്ങളെയും അനുഭവങ്ങളെയും ആഴത്തിൽ മനസ്സിലാക്കാനും, അവയിലൂടെ ലോകത്തെ പുതിയ രീതിയിൽ കാണാനും സങ്കൽപ്പിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. ഇവയെല്ലാം ചേർന്നാണ് മനുഷ്യന്റെ അറിവ് നിർമ്മിക്കപ്പെടുന്നത്.

വിഷയങ്ങൾ തമ്മിലുള്ള ഈ ഏകോപനം വെറും അറിവിന്റെ മേഖലകൾ തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പഠിക്കുന്ന കാര്യങ്ങൾക്ക് അർത്ഥവും പ്രസക്തിയും കണ്ടെത്താനുള്ള കഴിവുമായി അത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു ആശയം മറ്റൊരു ആശയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? അത് നാം ഇതിനകം അറിയുന്ന കാര്യങ്ങളുമായി എങ്ങനെ ചേരുന്നു? യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങളെയും അനുഭവങ്ങളെയും മനസ്സിലാക്കാൻ അത് എങ്ങനെ സഹായിക്കുന്നു എന്നതിലാണ് പഠനത്തിന്റെ പ്രസക്തി തെളിയുന്നത്.

സന്ദർഭരഹിതവും ജീവിതപ്രസക്തിയില്ലാത്തതുമായ അറിവ് ഓർമ്മയിൽ സൂക്ഷിക്കാവുന്ന വെറുമൊരു വിവരമായി മാത്രം ചുരുങ്ങുമ്പോൾ, പരസ്പരബന്ധവും അർത്ഥഗ്രഹണവും ഉള്ള അറിവ് ചിന്തിക്കാനും പ്രയോഗിക്കാനും പുതിയ അറിവ് നിർമ്മിക്കാനുമുള്ള ശേഷിയായി മാറുന്നു. നിർമിതബുദ്ധിയുടെ കാലത്ത് ഈ വ്യത്യാസം കൂടുതൽ നിർണായകമാണ്. വിവരങ്ങളും ഉത്തരങ്ങളും എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു കാലത്ത്, വിദ്യാഭ്യാസത്തിന്റെ മൂല്യം വിവരങ്ങൾ ശേഖരിക്കുന്നതിലല്ല, അവ തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്താനും, അവയുടെ കാലികവും ജീവിതപരവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിയാനും, ലഭിക്കുന്ന അറിവിനെ വിമർശനാത്മകമായി പരിശോധിച്ച് പുതിയ അർഥതലങ്ങളിലേക്ക് വികസിപ്പിക്കാനും കഴിയുന്ന മനുഷ്യരെ രൂപപ്പെടുത്തുന്നതിലാണ്.

വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, നിർമിതബുദ്ധിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ പ്രയോജനവും ഇതുതന്നെയാണ്. ലഭിക്കുന്ന വിവരങ്ങളെ പരസ്പരം ബന്ധിപ്പിച്ച് അവയിൽനിന്ന് പുതിയ അർത്ഥതലങ്ങൾ കണ്ടെത്താനും പുതിയ ധാരണകൾ രൂപപ്പെടുത്താനും ചിന്തയെയും അന്വേഷണത്തെയും മുന്നോട്ടുകൊണ്ടുപോകാനും നിർമ്മിത ബുദ്ധി സഹായിക്കുന്നു. ഇവിടെ ഭാഷയ്ക്ക് നിർണായക സ്ഥാനമുണ്ട്. ചോദ്യങ്ങൾ രൂപപ്പെടുത്താനും ആശയങ്ങൾ വ്യക്തമാക്കാനും വാദങ്ങൾ പരിശോധിക്കാനും തെളിവുകൾ വ്യാഖ്യാനിക്കാനും അർത്ഥം നിർമ്മിക്കാനുമുള്ള പ്രധാന ഉപാധിയാണ് ഭാഷ. അതേസമയം, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക മാറ്റങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ മനസ്സിലാക്കാൻ സാമൂഹ്യശാസ്ത്രവും മാനവികശാസ്ത്രവും അനിവാര്യമാണ്. മൂല്യങ്ങൾ, സംസ്‌കാരം, അധികാരം, നീതി, ഉത്തരവാദിത്വം, മനുഷ്യബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പരിധിക്കപ്പുറത്തേക്കാണ് നമ്മെ നയിക്കുന്നത്.

അതുകൊണ്ട്, നിലവിലുള്ള ഉത്തരങ്ങൾ പഠിക്കുന്നതിൽ മാത്രം ശ്രദ്ധിക്കാതെ, പുതിയ ചോദ്യങ്ങൾ ചോദിക്കാനും ലഭിക്കുന്ന ഉത്തരങ്ങളെ തെളിവുകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ പരിശോധിക്കാനും പ്രാപ്തിയുള്ള മനുഷ്യരെയാണ് നാളെയുടെ വിദ്യാഭ്യാസം സൃഷ്ടിക്കേണ്ടത്. സാങ്കേതികവിദ്യയെ ശക്തമായ സഹായിയായി പ്രയോജനപ്പെടുത്തുമ്പോഴും സ്വന്തം ചിന്താശേഷിയും വിവേചനബുദ്ധിയും കൈവിടാതെ, സാങ്കേതികവിദ്യയോടൊപ്പം ചിന്തിക്കാനും അതിനെ വിമർശനാത്മകമായി ഉപയോഗിക്കാനും കഴിയുക എന്നതായിരിക്കണം വിദ്യാഭ്യാസം ലക്ഷ്യമിടേണ്ടത്.

ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കേരളം ആരംഭിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷൻ, സെന്റർ ഫോർ എക്സലൻസ് ഇൻ ടീച്ചർ ട്രെയിനിങ് തുടങ്ങിയ സംരംഭങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് വിദ്യാഭ്യാസത്തെ കൂടുതൽ സജ്ജമാക്കാനുള്ള പ്രധാനപ്പെട്ട ഇടപെടലുകളാണ്. പുതിയ അറിവിന്റെ അതിരുകളുമായി വിദ്യാഭ്യാസത്തെ ബന്ധിപ്പിക്കുകയും, ശാസ്ത്രവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയും, അധ്യാപകരെ പുതിയ കാലത്തിന്റെ പഠനരീതികൾക്കും സാങ്കേതികവിദ്യകൾക്കും അനുയോജ്യമായി സജ്ജരാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ വിദ്യാഭ്യാസവ്യവസ്ഥയുടെ ഭാവിക്ക് നിർണായകമായ പിന്തുണ നൽകും. ഇത്തരം സംരംഭങ്ങളെ ഒറ്റപ്പെട്ട പദ്ധതികളായി കാണാതെ, അറിവിന്റെ ലോകവും സ്‌കൂൾ വിദ്യാഭ്യാസവും അധ്യാപകരും തമ്മിൽ സജീവവും തുടർച്ചയുള്ളതുമായ ഒരു പാലം നിർമ്മിക്കുന്ന ദീർഘകാല ദൗത്യമായി കാണേണ്ടതുണ്ട്.

മാറിവരുന്ന കാലത്തിന്റെ ദിശകൾ മുൻകൂട്ടിക്കണ്ട്, വിദ്യാഭ്യാസത്തിന്റെ പുതിയ സാധ്യതകൾ തുറന്നിടാനുള്ള കേരള സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെയും പ്രതിബദ്ധതയുടെയും സാക്ഷ്യമാണ് ഈ ഇടപെടലുകൾ. അറിവും സാങ്കേതികവിദ്യയും അതിവേഗം മാറുന്ന ഈ പുതിയ യുഗത്തിൽ, കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെ പുതിയ ചിന്തകളുമായി ചേർത്തുപിടിച്ച് മുന്നേറാൻ ഇത്തരം സംരംഭങ്ങൾ വഴിയൊരുക്കും. ഈ ശ്രമങ്ങളിലൂടെ രൂപപ്പെടുന്ന പുതിയ വിദ്യാഭ്യാസ മാതൃകകൾ കേരളത്തിനപ്പുറത്തേക്കും പടർന്ന്, രാജ്യത്തിനും ഒരുപക്ഷേ ലോകത്തിനുതന്നെയും പിന്തുടരാവുന്ന മാതൃകകളായി മാറുമെന്ന പ്രതീക്ഷയോടെയാണ് ഈ പുതിയ അധ്യായത്തിലേക്ക് നാം പ്രവേശിക്കുന്നത്.