ക്രോധദേവതമാരും കാവ്യോപാസകരും
അനുഷ്ഠാനങ്ങളാൽ അങ്കനം ചെയ്യപ്പെട്ട ജീവിതമായിരുന്നു പ്രാചീനമനുഷ്യരുടേത്. കാർഷികഗ്രാമീണതയിലും അവ നിലനിന്നു. അവയിൽ ഏറ്റവും പ്രാചീനമായത് നരബലി തന്നെയാവാം. നരബലിക്കു ശേഷമാണ് മൃഗബലിയും മൃഗബലിയെ പ്രതീകാത്മകമായ അനുഷ്ഠാനമാക്കുന്ന പതിവുകളും. അതിനാൽ അനുഷ്ഠാനങ്ങളെ പ്രതീകമായോ ബിംബമായോ പ്രമേയമായോ സ്വീകരിക്കുന്ന മലയാള കവിതയിലെ സന്ദർഭങ്ങളെക്കുറിച്ചുള്ള ഈ ലഘുസമീക്ഷയിൽ ആദ്യം കടന്നു വരുന്ന കവിത, പി.യുടെ ‘നരബലി’ തന്നെ.
ഈ കവിതയുടെ അനുഷ്ഠാനപരതയെ മുൻനിർത്തി വിമർശകനായ വി. രാജകൃഷ്ണൻ എഴുതുന്നു-
‘വായനക്കാരുടെ ഭാഗത്തു നിന്ന് വൈകാരികതലത്തിൽ സമ്പൂർണ്ണമായ പങ്കാളിത്തം ആവശ്യപ്പെടുന്ന ചില സാഹിത്യകൃതികളില്ലേ, അവയ്ക്കിടയിലാണ് ‘നരബലി’യുടെ സ്ഥാനം. ഈ കവിതയ്ക്കൊപ്പം സഞ്ചരിക്കുന്നതിനിടയിൽ നിങ്ങൾക്ക് നിമിഷ നേരത്തേയ്ക്കെങ്കിലും ഇതിലെ കഥാനായകന്റെ കിരാതമായ ഭക്തി പ്രകടനം അസഹനീയമായി അനുഭവപ്പെടുന്നുവെങ്കിൽ അവിടെ വച്ച് നിങ്ങളും പാഠവും (text)തമ്മിലുള്ള ബന്ധം മുറിയുന്നു. നേരേമറിച്ച്, കവി ഒരുക്കുന്ന ആഭിചാരത്തിന് ആദ്യം കീഴ്‌പ്പെട്ടതിനു ശേഷം നിങ്ങൾക്കു പുറത്തുകടന്ന് നിങ്ങളുടെ യുക്തിക്കും സാംസ്‌കാരികാവബോധത്തിനുമനുസരണമായി കവിതയുടെ ഉള്ളടക്കത്തെ ചോദ്യം ചെയ്യുകയോ തള്ളിപ്പറയുകയോ ഒക്കെയാവാം. ഗോത്രാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്തിപ്പറയാറുള്ള പ്രേക്ഷകപങ്കാളിത്തത്തിന്റെ രഹസ്യാകർഷണം (participatory mystique) എന്ന ഗുണവിശേഷമില്ലേ, അത്’ നരബലി’യുടെ ആസ്വാദനത്തിൽ ഒരു നിർണ്ണായകഘടകമായി മാറുന്നു’.
കാവിലെ പാട്ട്
ഇടശ്ശേരിയുടെ ‘കാവിലെ പാട്ടാ’ണ് ഈ ശ്രേണിയിൽ ഇതിനോടു തൊട്ടു നിൽക്കുന്ന മറ്റൊരു കവിത. നരബലി തന്നെയാണ് ഇവിടെയും കവിതയുടെ പ്രമേയ കേന്ദ്രം. കുപിതയായ ദേവി, ശാന്തയായ കഥയാണ്, ആവിഷ്ടതയുടെ മുഹൂർത്തത്തിൽ ദേവിയായി മാറുന്ന ‘ചോപ്പൻ’- കോമരം – തന്നെത്തന്നെ ആഞ്ഞാഞ്ഞു വെട്ടുന്നതിന്റെ പിന്നിലെ കഥയും, അതു പറയുന്നത്. ഒരു ചെറുവാല്യക്കാരന്റെ ചോര കുടിച്ച് കുപിതയും രക്തപാനാസക്തയുമായ ദേവി പണ്ടൊരിക്കൽ തന്റെ ക്രോധദാഹം ശമിപ്പിച്ചതിലുള്ള പശ്ചാത്താപമാണത്. ഒപ്പം നിർഭയനായ ആ ചെറുപ്പക്കാരന്റെ പ്രാണത്യാഗവും അവന്റെ അമ്മയുടെ ത്യാഗവും പ്രശംസിക്കപ്പെടുന്നു. ഏതായാലും അന്നു മുതൽ ദേവി സൗമ്യയായി, ചോപ്പനിലാവേശിച്ച് സ്വയം വെട്ടി ചോര വീഴ്ത്തുന്നവളായി മാറുന്നു.
കടമ്മനിട്ടയുടെ
ക്രോധദേവത
കടമ്മനിട്ടയിലാണ് പിന്നീട് ഈ ക്രോധദേവത ആവേശിച്ച്, രാഷ്ട്രീയക്രോധം നിറഞ്ഞ കവിതയുടെ കറുപ്പും കരുത്തുമായി മാറിയത്. പടയണി എന്ന അനുഷ്ഠാനകലാരൂപത്തിൽ നിന്നു സ്വീകരിച്ച താളങ്ങൾ മാത്രമായിരുന്നില്ല കടമ്മനിട്ടയെ ഒരു ഗോത്രമൂപ്പന്റെ ഇരമ്പുന്ന പ്രവചനസ്വരമുള്ള കവിയാക്കി മാറ്റിയത്, ആ കവിതയുടെ ഉള്ളും ഉടലും ഉയിരും ഏതോ അനുഷ്ഠാനകലയുടെ ചടുലവൈദ്യുതി പായുന്നതായിരുന്നു. ‘കുറത്തി’യിലും കാട്ടാളനിലും’ കിരാതവൃത്ത’ത്തിലും ‘ശാന്ത’യിലും എല്ലാം അതുണ്ട്.’നെഞ്ചത്തൊരു പന്തം കുത്തി’യാണ്, ‘നീറായ വനത്തിൻ നടുവിൽ’ കാട്ടാളൻ നിൽക്കുന്നത്. അങ്ങനെ നിൽക്കുന്നത് പടയണിക്കോലമാണ്. പടയണിപ്പാട്ടിന്റെ താളവും പാളക്കോലത്തിന്റെ ദൃശ്യഗരിമയും കടമ്മനിട്ടക്കവിതയുടെ ഉരിയും പൊരുളും ഉശിരുമായി മാറി. ‘ശാന്ത’യെ മുൻനിർത്തിയാണ് ‘കടമ്മനിട്ടയുടെ കവിതക’ളുടെ അവതാരികാകാരനായ നരേന്ദ്രപ്രസാദിന്റെ ഈ നിരീക്ഷണം –
‘പുരുഷശക്തിയുടെ അഭിനിവേശത്താൽ ഇണയെ വികാരവതിയാക്കുന്നതും ഒരു ഗ്രാമത്തെ ചലനാത്മകമാക്കുന്നതും ഒരു ദേവിയെ ഉണർത്തിയെടുക്കുന്നതും ഒന്നു തന്നെയായിത്തീരുന്ന ദർശനത്തിന്റെ ആത്യന്തികനിമിഷത്തിൽ, കടമ്മനിട്ടയുടെ സർവസിദ്ധികളും ഒരു ബിന്ദുവിൽ കൂടിച്ചേരുന്നു. ഇന്ത്യൻകവിതയിലെ അപൂർവസുന്ദരമായ ഈ ദർശനം, അതിന്റെ മൺചുവയുള്ള സത്യസ്ഥിതിയോടെയും, അതിപൗരാണികമായ ആദിബിംബങ്ങളോടെയും, പാരമ്പര്യത്തെ പുന:സൃഷ്ടിച്ചു മാനുഷികവും നാടോടിയുമാക്കുന്ന വിപ്ലവപരതയോടെയും ആന്തരികസത്യത്തിന്റെ പ്രവചനമായി മലയാളകവിതയെ സമ്പന്നമാക്കുന്നു’.
ഉച്ചാടനവും ആവാഹനവും പോലുള്ള അനുഷ്ഠാനങ്ങളുടെ രാഷ്ട്രീയഭാഷ്യമായിരുന്നു ആറ്റൂർ രവിവർമ്മയുടെ ‘സംക്രമണം’. അത് വിശന്നു ചത്തവളുടെ ഉയിരിനെ ക്ഷുധാർത്തമായ വ്യാഘ്രശരീരത്തിൽ സന്നിവേശിപ്പിച്ച് പ്രതികാരസന്നദ്ധമാക്കുന്നു.
കീഴാളക്രോധത്തിന്റെ
ആവിഷ്‌കാരങ്ങൾ
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘തേർവാഴ്ച’,’ബലി’ എന്നീ ആദ്യകാലകവിതകളിലാണ് ബലിസന്നദ്ധമായ യുവത്വമായി ഈ അനുഷ്ഠാനോർജം വീണ്ടുമുയിർക്കുന്നത്
‘കഥകളിങ്ങനെ കരഞ്ഞടങ്ങുമ്പോൾ
മുതുമുത്തച്ഛന്മാരനുഗ്രഹിക്കണേ
കുലപരമ്പരേ, കനിയണേ പാപ-
ഗ്രഹങ്ങൾ കോൽത്തിരി പിടിക്കണേ,പ്രേത-ബലിക്കു ഞാനീറനുടുത്തു നിൽക്കുന്നേൻ.
കനക്കുമന്തി തൻ കുരലു ചെത്തുന്നേൻ
കറുത്തവാവലിൻ കുരലുരിക്കുന്നേൻ’
(തേർവാഴ്ച).

ഡി. വിനയചന്ദ്രന്റെ ‘വംശഗാഥ’,’ സ്റ്റുഡിയോ’ ,’ യാത്രപ്പാട്ട്’ ,’ കോലങ്ങൾ’,’തിരണ്ടുകല്യാണത്തോറ്റം’,’കൂന്തച്ചേച്ചി’ തുടങ്ങിയ കവിതകളിലും കാണാം അനുഷ്ഠാനങ്ങളുടെ ചൊല്ലും ചുണയും ചൂടും തുടിക്കുന്ന കാവ്യമുഹൂർത്തങ്ങൾ.
‘വരണൊണ്ടേ
വരണൊണ്ടേ
അമ്മൻകോലം
വരണൊണ്ടേ
മൂവന്തിയരങ്ങിൽ നിന്നേ
മൂലോകം മുക്കണ്ണായേ
മുക്കണ്ണിൽ മുക്കാലങ്ങൾ
പാടുന്നു പടിയുന്നു
വരണൊണ്ടേ വരണൊണ്ടേ
അമ്മൻകോലം
വരണൊണ്ടേ’
(കോലങ്ങൾ).
കീഴാളക്രോധത്തിന്റെ ആവിഷ്‌കാരപ്രകാരമെന്ന നിലയ്ക്കാണ് എഴുപതുകളിൽ കടമ്മനിട്ടയും ഡി. വിനയചന്ദ്രനും ആറ്റൂരും ഇത്തരം കവിതകൾ എഴുതിയതെങ്കിൽ, അതിനു മുൻപു തന്നെ പി.യിൽ രാഷ്ട്രീയക്രോധമായി മാറിയ ഗാഢമായ ബലിബോധം പ്രവർത്തിച്ചിരുന്നു എന്നു നമ്മൾ കണ്ടു കഴിഞ്ഞു.’ കാവിലെപ്പാട്ടി’ലെയും അടിസ്ഥാനഭാവം ഈ ബലിസന്നദ്ധമായ പൗരുഷമെന്ന, രാഷ്ട്രീയം കൂടിയായ, അനുഷ്ഠാനസങ്കല്പനമാണ്. ടി.പി.രാജീവൻ എന്ന കവി പിൽക്കാലത്ത്, കൊല്ലം പിഷാരികാവിലെ കാളീപൂജയുടെ വിരാമം കുറിക്കുന്ന വാർഷികച്ചടങ്ങായ ‘അരിങ്ങാടെറിയലി’നെ പരാമർശിച്ചുകൊണ്ടാണ് തന്റെ പദ്യാത്മകമായ പരിസ്ഥിതികവിത അവസാനിപ്പിക്കുന്നത്. ആ വരി ഇങ്ങനെ –
‘അരിങ്ങാടെറിഞ്ഞിതാ കാവടച്ചൂ’. ബലിബോധവും മാതൃദേവതാപൂജയുടെ ഊർജവും ഒരുവനെ/ഒരുവളെ വിപ്ലവസന്നദ്ധനും/ സന്നദ്ധയും പ്രതിരോധസജ്ജരുമാക്കുന്നു.
