സാമൂഹികവിനിമയങ്ങളുടെ തിറയാട്ടക്കാലം
മനുഷ്യനിയന്ത്രണത്തിനുമപ്പുറമുള്ള പ്രതിഭാസങ്ങൾ നിമിത്തമുണ്ടാവുന്ന പ്രകൃതിക്ഷോഭം, കൃഷിനാശം, ജീവനാശം, സാംക്രമികരോഗങ്ങൾ എന്നിവയിൽ നിന്നുള്ള മോചനത്തിനുവേണ്ടി പ്രപഞ്ചശക്തികളേയും പ്രകൃതിയേയും ആരാധിക്കാൻ തുടങ്ങിയതിൽനിന്നാവണം ആചാരങ്ങളും അനുഷ്ഠാനങ്ങളും രൂപമെടുത്തതെന്നാണ് നരവംശശാസ്ത്രം പറയുന്നത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഓരോ സമൂഹത്തിലും അനവധി കലാരൂപങ്ങൾ രൂപപ്പെട്ടു. കേരളത്തിൽ അങ്ങോളമിങ്ങോളം ഇത്തരം ധാരാളം അനുഷ്ഠാനകലാരൂപങ്ങൾ കാണാൻ സാധിക്കും. സുഘടിത മതസംവിധാനം രൂപപ്പെടുന്നതിന് എത്രയോ മുമ്പേതന്നെ പ്രാചീനസമൂഹം അവരുടേതായ അനുഷ്ഠാന കലാരൂപങ്ങൾ രൂപപ്പെടുത്തിയിരുന്നു. അമ്മദൈവാരാധന, പ്രേതാരാധന, കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ആചാരങ്ങൾ എന്നിവയിലൂടെയാണ് കേരളത്തിൽ അനുഷ്ഠാനങ്ങൾ വികസിച്ചത്. ഇത്തരത്തിൽ രൂപമെടുത്ത ഒരേ ജനുസ്സിൽപെട്ട കലാരൂപങ്ങളാണ് തെയ്യവും തിറയും. ഉത്തര മലബാറിലാണ് തെയ്യം കൂടുതലായും പ്രചാരത്തിലുള്ളത്. തെയ്യം ദൈവം തന്നെയാകുമ്പോൾ ദൈവാരാധനയാണ് തിറ ലക്ഷ്യമിടുന്നത്.
ഉത്സവം കൊടിയേറുന്ന ദിവസമോ അതിന് മുമ്പുള്ള ദിവസമോ തിറ കെട്ടാൻ അവകാശമുള്ള സമുദായത്തിലെ കാരണവർ (കർമ്മാരി) നിറത്തിന് പണം വാങ്ങുന്നു. കയ്യിഷ്ടം വാങ്ങുക എന്ന് ഈ ചടങ്ങ് അറിയപ്പെടുന്നു. ഇളനീർകുല വരവ് (നേർച്ച വരവ്), ഇരുന്നു പുറപ്പാട്, കുളിച്ച് പുറപ്പാട്, അണിയറപ്പൂജ, കലശം എഴുന്നള്ളിപ്പ് മുതലായവ തിറയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്. കോടിമുണ്ട്, തലപ്പാളി, വെള്ളിപോള, പട്ടം, വിങ്ങാരൽ, കണ്ണാടിതോട, പീലികിരീടം, പരത്തിക്കണ്ണി, ഹസ്തകടകം, കൈമാല, കൊരലാരം, എകിറ്, ദംഷ്ട്ര, വഞ്ചി തുടങ്ങിയവയാണ് പ്രധാന ചമയങ്ങൾ. മുരിക്ക്, പാല മുതലായവ കൊണ്ടുള്ള നേരിയ പലക ഉപയോഗിച്ച് പല വലുപ്പത്തിലും ആകൃതിയിലുള്ള മുടികൾ തിറകൾക്ക് വേണ്ടി തയ്യാറാക്കുന്നു. ഇത് കൂടാതെ കുരുത്തോലമുടി, കൂമ്പ് മുടി, ചട്ടമുടി, തൊങ്ങൽ മുടി, പീലിമുടി എന്നിവയും ഉപയോഗിക്കാറുണ്ട്. ഉടുത്തുകെട്ടിന്റെ അവസാനമാണ് മുടി വക്കുക. കേരളീയ വർണ്ണശബളതയുടെ പ്രകടനമാണ് തിറയുടെ വേഷവിതാനങ്ങളിലൂടെയും മറ്റും കാണാനാവുന്നത്. കെട്ടിയാട്ടത്തിൽ ഓരോ മൂർത്തിക്കും സവിശേഷമായ വേഷങ്ങളുണ്ട്. വെള്ള, പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളാണ് മുഖത്തെഴുത്തിനായി സാധാരണ ഉപയോഗിക്കാറുള്ളത്. ചെണ്ട, വീക്ക് ചെണ്ട, ഇലത്താളം എന്നിവയാണ് പ്രധാനവാദ്യങ്ങൾ. തിറയാട്ടത്തിന്റെ നാലുഘട്ടങ്ങൾ കെട്ടിയാട്ടക്കാരും വാദ്യക്കാരും ഉത്സവദിവസം രാവിലെതന്നെ എത്തി പ്രാരംഭ ചടങ്ങുകൾ ആരംഭിക്കുന്നു. ഊരാളരോട് അനുവാദം വാങ്ങി കോലക്കാരൻ കാവിൽ പ്രവേശിക്കുന്നത് കാവുതീണ്ടൽ എന്നറിയപ്പെടുന്നു. കാവിലെത്തിയ കെട്ടിയാട്ടക്കാർ ‘കാവുണർത്തുന്നു’. ഈ ചടങ്ങോടുകൂടി ദൈവം ഉണർന്നെന്നാണ് വിശ്വാസം. ചിലയിടങ്ങളിൽ ഉത്സവത്തിന്റെ തലേ ദിവസം നട്ടത്തിറ കെട്ടിയാടുന്നു. വെള്ളാട്ട്, വെള്ളകെട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ തിറയാട്ടം നാല് ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നു. കെട്ടിയാട്ടത്തിൽ വെള്ളാട്ടമാണ് ആദ്യം നടത്തുന്നത്. വെള്ളാട്ടം ബാല്യത്തേയും തിറ യൗവനത്തേയും ചാന്താട്ടം വാർധക്യത്തേയും പ്രതിനിധീകരിക്കുന്നു. ലളിതമായ വേഷവിധാനങ്ങളാണ് വെള്ളാട്ടിനുള്ളത്. ഉടുത്ത് കെട്ട്, ചെറിയ മുടി, മാലകൾ തുടങ്ങിയയാണ് വേഷം. മുഖത്തും ദേഹത്തും മഞ്ഞൾ പുരട്ടുന്നു. പ്രതിഷ്ഠക്ക് നേരെ തൊഴുത് നിന്ന് വാദ്യക്കാരുടെ താളത്തിനനുസരിച്ച് കോലക്കാരൻ നൃത്തം ചെയ്യുന്നു ശേഷം തോറ്റം ചൊല്ലുന്നു. ഓരോ മൂർത്തിക്കും ഓരോ തോറ്റമാണ് ചൊല്ലുന്നത്. ചിലയിടങ്ങളിൽ അഞ്ചടിയാണ് ചൊല്ലാറുള്ളത്. ദേവതാ സ്തുതികളാണിവ. ഗുരുതി അർപ്പണവും കോഴിയറവും വെള്ളാട്ടിന് ചിലയിടങ്ങളിൽ കാണാറുണ്ട്. വെള്ളാട്ടത്തിനോടനുബന്ധിച്ച് ചിലയിടങ്ങളിൽ വെള്ളകെട്ട് എന്ന അനുഷ്ഠാനവും അരങ്ങേറാറുണ്ട്. താലപ്പൊലിയുടെ അകമ്പടിയോടെയാണ് മിക്കയിടത്തും പ്രധാനമൂർത്തിയുടെ തിറ കാവിലേക്ക് പ്രവേശിക്കുന്നത്. ഉടുത്ത് കെട്ട്, വലിയമുടി, മുഖത്തും നെഞ്ചിലും മനോഹരമായ എഴുത്ത്, മാലകൾ, കയ്യിൽ ആയുധങ്ങൾ എന്നിങ്ങനെ ആകർഷണീയമായാണ് തിറയുടെ വരവ്. തുടർന്നങ്ങോട്ട് നടയാട്ടം, ഗണപതിയാട്ടം, സരസ്വതീവന്ദനം എന്നിവ അരങ്ങേറുന്നു. ശേഷം വാദ്യമേളത്തിനനുസരിച്ച് മണ്ഡപത്തിനുചുറ്റം കെട്ടിയാട്ടക്കാരൻ നൃത്തം ചവിട്ടുന്നു. ചൂട്ട് കളിയും തിറയോടൊപ്പം ചിലയിടങ്ങളിൽ കാണാറുണ്ട്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന തിറയാട്ടത്തിന് ശേഷം അൽപം വിശ്രമിച്ച് അഞ്ചടി ചൊല്ലി ഉറയുന്നു. വാൾ, പരിച, ശൂലം എന്നിവയിൽ ഏതെങ്കിലുമൊരു ആയുധമെടുത്ത് അഭ്യാസപ്രകടനങ്ങൾ നടത്തി നേർച്ചക്കാർക്ക് അരുളപ്പാടും ഭക്തർക്ക് അനുഗ്രഹവും നൽകുന്നതോടെ തിറയാട്ടം അവസാനിക്കുന്നു.
ഭഗവതി, ഗുളികൻ തിറ, കരിയാത്തൻ തിറ, കുട്ടിച്ചാത്തൻ തിറ, ഭൈരവൻ തിറ, നാഗകാളി എന്നിവയാണ് പ്രധാന തിറകൾ. ഇവയ്ക്ക് പുറമേ കരിങ്കാളി, വീരഭദ്രൻ, പേരില്ലാത്തവൻ, അസുരാഴൻ, കുലവൻ, ചാമുണ്ഡി തുടങ്ങി ധാരാളം മറ്റു മൂർത്തികളുടേയും തിറകൾ കെട്ടിയാടാറുണ്ട്. ഒരു വിളവെടുപ്പുകാലം മുതൽ അടുത്ത കൃഷിയിറക്കും വരെ ഗ്രാമീണരുടെ സജീവത നിലനിന്നിരുന്നത് ഇത്തരം നാടൻ ഉത്സവാനുഷ്ഠാന രൂപങ്ങളിലൂടെയാണ്. വിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അപ്പുറം ഇത്തരം വേദികൾ സാമൂഹികവിനിമയങ്ങളുടെയും കച്ചവടത്തിന്റെയും സാംസ്‌കാരിക സംപ്രേഷണത്തിന്റേയും സ്വത്വപ്രകാശനത്തിന്റേയും ഇടം കൂടിയാവുന്നു. ജാതിഭേദമന്യേ സമൂഹത്തിലെ എല്ലാ കണ്ണികളും പരസ്പരം ഇണങ്ങിച്ചേരുന്നതിലൂടെ തിറയും ആ സാമൂഹികധർമ്മം തന്നെ നിറവേറ്റുന്നു.
|



ചാന്താട്ടം പ്രധാനമായും മലദൈവങ്ങൾക്കാണ് നടത്തുക. എല്ലാ മൂർത്തി കളുടേയും തിറകെട്ടിക്കഴിഞ്ഞാണിത്. കെട്ടിയാട്ടക്കാരിൽ തലമുതിർന്ന ആളാണ് വെള്ളാട്ടവും ചാന്താട്ടവും കെട്ടുക. കോലക്കാരൻ ഒറ്റ വെള്ളമുണ്ടുടുത്ത് അതിന് മുകളിൽ ചുവപ്പോ കറുപ്പോ തുണി ചുറ്റുന്നു. തിറകെട്ടിയ പ്പോഴുണ്ടായിരുന്ന എഴുത്ത് മാത്രമേ ശരീരത്തിലുണ്ടാവുകയുള്ളൂ. ചാന്താട്ടക്കാരൻ ശരീരമാകെ ചാന്ത് തേച്ച് കാവിന്റെ പലഭാഗത്തേക്കും ഓടാൻ ശ്രമിക്കുന്നു. അവസാനം ചാന്ത് കയ്യേൽപ്പിക്കുന്നു. പിറ്റേ ദിവസം ഉച്ചയോടെ കർമ്മങ്ങളെല്ലാം അവസാനിക്കും. ദേവനെ മണ്ഡപത്തിൽ കൂട്ടുകയാണ് അവസാന ചടങ്ങ്, ഈ സന്ദർഭത്തിലാണ് രാശി ചൊല്ലുന്നതും സ്തോത്രം ചൊല്ലുന്നതും.