നവകേരളം പുതുവഴികൾ
കേരളം വളർച്ചയിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്തുണ്ടായ വികസനത്തിന് പുതിയ ദിശാബോധം നൽകി കഴിഞ്ഞ ഒൻപത് വർഷമായി നവകേരള നിർമ്മാണപദ്ധതികൾ മുമ്പോട്ടുപോവുകയാണ്. വിജ്ഞാനസമ്പദ്ഘടനയുടെ അടിത്തറയിലുള്ള ഒരു പുതിയ കേരളം നാം പടുത്തുയർത്തുകയാണ്. എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യപരിരക്ഷ, എല്ലാ കുടുംബങ്ങൾക്കും വീട്, എല്ലാവർക്കും തൊഴിലും ജീവിതസൗകര്യവും എന്നിവ ഉറപ്പാക്കുന്ന ഒരു പുതുകേരളം. മതനിരപേക്ഷതയുടെ തെളിഞ്ഞ അന്തരീക്ഷത്തിൽ രൂപപ്പെട്ടുവരുന്ന പുതുകേരളം.
അടിസ്ഥാന ജീവിതസൗകര്യങ്ങളും സുസ്ഥിരവികസനവും ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസവ്യവസ്ഥയും ഉറപ്പാക്കിയതിന്റെ അടിത്തറയിൽ നിന്ന് നാം പുതിയ കാലത്തിലേക്ക് ഉയർന്നെത്തുകയാണ്. നമ്മുടെ സംസ്ഥാനം സമഗ്രപുരോഗതിയിലേക്കു നീങ്ങുകയാണ്.
അടിസ്ഥാനസൗകര്യവികസനം സുസ്ഥിരവികസനത്തിന്റെ നട്ടെല്ലാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ട് കിഫ്ബി വഴി നടപ്പാക്കിയ കാര്യങ്ങൾ ആർക്കും നേരിൽക്കാണാവുന്നതാണ്. ആർദ്രം മിഷൻ, വിദ്യാകിരണം, ഹരിതകേരളം, ലൈഫ് എന്നിവയുണ്ടാക്കിയ മാറ്റവും കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. വീടില്ലാത്ത കുടുംബങ്ങൾക്കെല്ലാം വീട് ലഭിക്കുന്ന നിലയുണ്ടാകുന്നു. ഭൂരഹിതർക്കു ഭൂമി ലഭിക്കുന്നു. രാജ്യത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നു. വ്യാപകമായി പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തെ മികച്ച സാമുദായിക സൗഹാർദവും സമാധാനവുമുള്ള നാടായി കേരളം മാറിയിരിക്കുന്നു. ഇനി വേണ്ടത് നവകേരള നിർമ്മിതിയാണ്. നവകേരള നിർമ്മിതി എന്നാൽ രാജ്യത്തെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള ജനതയായി കേരളജനതയെ ഉയർത്തുക എന്നതാണ്.
ലൈഫ്>>
അടച്ചുറപ്പുള്ള ഒരു വീടില്ലാത്ത മനുഷ്യർ കേരളത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന വലിയ സാമൂഹിക വെല്ലുവിളിയായിരുന്നു. 2017-ൽ സർക്കാർ ആരംഭിച്ച ലൈഫ് മിഷൻ ഈ പ്രശ്നത്തിന് ചരിത്രപരമായ മറുപടി നൽകി. ഒരു കുടുംബവും വീടില്ലാതെ കഴിയരുത് എന്ന പ്രഖ്യാപനവാക്യം സർക്കാരിന്റെ ഇച്ഛശക്തിയിലൂടെ യാഥാർഥ്യത്തിലേക്ക് നീങ്ങി. 2017 മുതൽ 2025 ഓഗസ്റ്റ് 31 വരെ 5,95,536 അപേക്ഷകൾ സർക്കാരിന് ലഭിച്ചു. ഇതിൽ 4,62,412 കുടുംബങ്ങൾക്ക് വീടുകളുടെ ഉടമസ്ഥാവകാശം ഉറപ്പിച്ചു. ശേഷിക്കുന്ന 1,33,124 അപേക്ഷകൾ നടപടിക്രമ ഘട്ടത്തിലാണ്. 2019-20 സാമ്പത്തികവർഷത്തിൽ പദ്ധതി വൻതോതിൽ വിപുലീകരിക്കപ്പെട്ടു. 9,20,260 വീടുകൾ ഉൾപ്പെടുത്തി. സ്വന്തം ഭൂമി ഉള്ളവർക്ക് വ്യക്തിഗത വീടുകൾ നിർമ്മിക്കാൻ സഹായം നൽകി. ഗുണഭോക്താക്കൾ കൂട്ടായ്മയായി നിർമ്മിക്കുന്ന അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുത്തി. സർക്കാർ ഭൂമിയിലും സ്വകാര്യഭൂമിയിലും ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച് നൽകി.
പുനർഗേഹം
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ സമുദ്രനിരപ്പ് ഉയരുകയും വേലിയേറ്റം ശക്തമാകുകയും തീരദേശത്ത് വർഷംതോറും വീടുകൾ തകർന്ന് കുടുംബങ്ങൾ നിരാലംബരാകുകയും ചെയ്യുന്ന അവസ്ഥയ്ക്ക് സർക്കാർ സ്ഥിരപരിഹാരം തേടി. അതാണ് പുനർഗേഹം പദ്ധതി. 2019-20 സാമ്പത്തിക വർഷത്തിൽ സർക്കാർ 2,450 കോടി രൂപ ചെലവിൽ പദ്ധതി പ്രഖ്യാപിച്ചു. ഇതിൽ 1,398 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും, 1,052 കോടി വകുപ്പിന്റെ ബജറ്റിൽ നിന്നുമാണ് കണ്ടെത്തിയത്.
വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന 22,174 കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്ക്
മാറ്റി പുനരധിവാസം നൽകുകയാണ് ലക്ഷ്യം. ഓരോ ഗുണഭോക്താവിനും പരമാവധി 10ലക്ഷം രൂപവരെ ധനസഹായം ലഭിക്കും. സുരക്ഷിത മേഖലയിൽ സ്വന്തമായി സ്ഥലമുള്ളവർക്ക് വീടുകൾ പണിയാൻ സഹായം ലഭിക്കും. ഗുണഭോക്തൃ കൂട്ടായ്മകൾക്ക് ഭൂമി കണ്ടെത്തി അപ്പാർട്ട്മെന്റ് നിർമ്മിക്കാം. സർക്കാർ ഭൂമിയിലും ഏറ്റെടുത്ത ഭൂമിയിലും ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച് നൽകും. 2024 ജനുവരി 5-ന് മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി, വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്ററിന് പുറത്തുള്ള സ്വന്തം സ്ഥലമുള്ള 355 ഗുണഭോക്താക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്തി. ഇവർക്കു വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപ വീതം അനുവദിച്ചു.
പദ്ധതി ആരംഭിച്ചതിനുശേഷം 9,104 കുടുംബങ്ങൾ മാറിത്താമസിക്കാൻ സമ്മതം അറിയിച്ചു. അവയിൽ 4,421 കുടുംബങ്ങൾ സ്വന്തം ഭൂമി കണ്ടെത്തി. 3,835 കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കി. 2,488 വീടുകൾ പൂർത്തിയായി. 568 കുടുംബങ്ങൾ വീടിന്റെ നിർമ്മാണം തുടങ്ങാനിരിക്കുകയാണ്. 779 വീടുകൾ വിവിധ ഘട്ടങ്ങളിൽ നിർമ്മാണത്തിലുണ്ട്. ഇതുവരെ 2,878 കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയായി, 5,361 പേർക്ക് സുരക്ഷിത താമസം ഉറപ്പിച്ചു.
പട്ടയ വിതരണം
കേരളത്തിന്റെ സാമൂഹികനീതി ഉറപ്പുവരുത്തിയ ചരിത്രപരമായ ഇടപെടലുകളിൽ ഒന്നാണ് ഭൂമിവിതരണം. 1960-കളിലെ ഭൂപരിഷ്‌കരണ നിയമങ്ങൾ ആയിരക്കണക്കിന് കർഷകരെ സാമൂഹിക അടിമത്തത്തിൽനിന്നും മോചിപ്പിച്ചു. ഭൂമി ഉടമസ്ഥാവകാശം ഇല്ലാതെ സാമൂഹികനീതി പൂർണ്ണമാകില്ല. അതിനാൽ ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകൽ സർക്കാരിന്റെ പ്രധാന സാമൂഹിക ദൗത്യമായിമാറി. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 3,57,898 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 1,77,011 എണ്ണം മുൻസർക്കാരിന്റെ കാലത്തും, 1,80,887 എണ്ണം ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തും നൽകി. ഇനി 1,42,102 പട്ടയങ്ങൾ കൂടി വിതരണം ചെയ്താൽ, മൊത്തം അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് ഭൂമി ഉടമസ്ഥാവകാശം ഉറപ്പാക്കാൻ സാധിക്കും. കേരളത്തിന്റെ സാമൂഹികസുരക്ഷയുടെ ചരിത്രത്തിലെ വലിയ നേട്ടംകൂടിയാണ് ഇത്. പട്ടയവിതരണം വേഗത്തിലും സുതാര്യമായും നടത്താൻ സർക്കാർ ആരംഭിച്ച പട്ടയമിഷൻ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി. പഞ്ചായത്തുകളിൽനിന്നും നിയമസഭാ മണ്ഡലങ്ങളിൽ വരെ പൊതുജനപ്രതിനിധികൾ പങ്കെടുത്ത പട്ടയസഭകൾ നടത്തി. പട്ടയങ്ങളുടെ വിതരണം സുതാര്യമായി നിരീക്ഷിക്കാൻ പട്ടയ ഡാഷ്ബോർഡ് സജ്ജീകരിച്ചു. നേരിട്ട് ജില്ലാതലത്തിൽ ഓൺലൈൻ പട്ടയ അദാലത്തുകൾ നടത്തി.
ആരോഗ്യം>>
മഹാമാരിക്കാലത്ത് രാജ്യത്തിനകത്തും പുറത്തും ആരോഗ്യസംവിധാനങ്ങൾ കനത്ത സമ്മർദത്തിലായപ്പോൾ, കേരളം വികേന്ദ്രീകൃത ആസൂത്രണം, സന്നദ്ധസേവനം, ഉത്തരവാദിത്വമുള്ള രാഷ്ട്രീയനേതൃത്വം, കരുത്തുറ്റ ആരോഗ്യസംവിധാനം തുടങ്ങിയ തനത് ശക്തികൾ ഉപയോഗിച്ച് പ്രതിസന്ധി ഭേദിച്ച് മുന്നേറി. ആവർത്തിച്ചുണ്ടായ പ്രളയങ്ങളും മണ്ണിടിച്ചിലുകളും, നിപ, മങ്കിപോക്സ്, സിക്ക തുടങ്ങിയ മഹാമാരികളും, ഇപ്പോൾ കാണുന്ന അമീബിക് മെനിഞ്ചൈറ്റിസും, കാൻസർ ഉൾപ്പെടെ ഉയർന്നുവരുന്ന പകരാവ്യാധികളും ചേർന്നപ്പോൾ, പൊതുജനാരോഗ്യമേഖല ഇതുവരെ കാണാത്ത വെല്ലുവിളികൾ നേരിട്ടു. നമ്മുടെ ആരോഗ്യസംവിധാനത്തിന് അവയെ ഫലപ്രദമായി നേരിടാനും പുതിയ നേട്ടങ്ങൾ കൈവരിക്കാനും കഴിഞ്ഞു. ഈ മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ആരോഗ്യവകുപ്പിനും വനിതാ-ശിശു വികസന വകുപ്പിനും രണ്ട് ഡസനിലേറെ ദേശീയ അവാർഡുകളും ബഹുമതികളും കഴിഞ്ഞ മൂന്നുവർഷക്കാലയളവിൽ ലഭിച്ചിട്ടുണ്ട്. ഈ വർഷങ്ങളിലെല്ലാം തന്നെ സൗജന്യ ചികിത്സ ഏറ്റവും കൂടുതൽ നൽകിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം, ആരോഗ്യമന്ഥൻ, കേരളം നേടി. ദേശീയ സെൻസസ് ഏജൻസി തന്നെ നടത്തുന്ന സാമ്പിൾ രജിസ്ട്രേഷൻ സർവെയുടെ കണക്കനുസരിച്ച് (SRS), നമ്മുടെ ശിശുമരണ നിരക്ക് (IMR) 1000 ജീവനുള്ള പ്രസവങ്ങളിൽ അഞ്ചിനോട് അടുക്കുന്ന നിലയിലാണ്. അത് അമേരിക്കയേക്കാൾ മെച്ചപ്പെട്ടതാണ്.
‘ആർദ്രം’ മിഷനും
ജീവിതശൈലിരോഗങ്ങളും
‘ആർദ്രം’ മിഷന്റെ ആദ്യഘട്ടത്തിൽ കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും പുതിയ ആശുപത്രികളുടെയും അടിസ്ഥാനസൗകര്യ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ, രണ്ടാംഘട്ടത്തിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആയി രൂപാന്തരപ്പെടുത്തിയ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി സമൂഹത്തിലെ രോഗബാധ കുറയ്ക്കുക എന്നതിനാണ് മുൻഗണന. ജീവിതശൈലിരോഗങ്ങളുടെ കാര്യത്തിൽ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘ശൈലി’ എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തിരം രോഗികളെ പ്രാദേശികതലത്തിൽ ആരോഗ്യസംവിധാനവുമായി ബന്ധിപ്പിക്കുകയും, അവരുടെ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. അർബുദരോഗങ്ങളുടെ നിയന്ത്രണത്തിനായി സർക്കാർ ”ആനന്ദം ആരോഗ്യം, അകറ്റാം അർബുദം” എന്ന പ്രത്യേക പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ സ്ത്രീകളുടെ കാൻസറുകൾ, പ്രത്യേകിച്ച് സ്തനാർബുദം (Breast cancer), ഗർഭാശയഗള ക്യാൻസർ (Cervical cancer) ലക്ഷ്യമാക്കി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ‘മിഡിൽ-ലെവൽ ഹെൽത്ത് കെയർ പ്രൊവൈഡർമാർ’ (MLHPs) അഥവാ പരിശീലനം നേടിയ നഴ്സുമാർ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിൽ സേവനം ആരംഭിച്ചു എന്നത് ഒരു വലിയ സാധ്യതയാണ്.

നവീന സാങ്കേതികവിദ്യകളും
ആരോഗ്യരംഗത്തെ
നവീകരണങ്ങളും
രോഗപ്രതിരോധം, രോഗനിർണ്ണയം, ചികിത്സാമേഖലകൾ നിർമ്മിതബുദ്ധി, മെഷീൻ ലേണിങ് പോലുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. സർക്കാർ സംവിധാനത്തിൽതന്നെ ആരംഭിച്ചിട്ടുള്ള റോബോട്ടിക് സർജറി, ‘G-gaiter’ (പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ടവർക്കും വീണ്ടും നടക്കാൻ സഹായിക്കുന്ന സംവിധാനം) എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്. അപൂർവരോഗങ്ങൾക്ക് വേണ്ടിയുള്ള ചെലവേറിയ മരുന്നുകളുടെ സൗജന്യവിതരണവും യാഥാർഥ്യമാക്കി. ഏകാരോഗ്യ പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് ഏകാരോഗ്യകേന്ദ്രം (State One Health Centre), രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമായി അമേരിക്കൻ ഐക്യനാടുകളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്ന സ്ഥാപനത്തിന്റെ മാതൃകയിൽ കേരള CDC നിപ/മഹാമാരി പ്രതിരോധത്തിനും ഗവേഷണത്തിനുമായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തനമാരംഭിച്ച ഏകാരോഗ്യ ഗവേഷണകേന്ദ്രം തുടങ്ങിയവ ഏതാനും വർഷങ്ങൾക്കുള്ളിൽ യാഥാർഥ്യമായവയാണ്. രോഗാണുക്കൾ മരുന്നുകളെ അതിജീവിക്കുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന പ്രതിഭാസത്തിനു തടയിടാൻ സംസ്ഥാനത്ത് നടപ്പാക്കികൊണ്ടിരിക്കുന്ന Kerala Antimicrobial Resistance Strategic Action Plan (KARSAP) രാജ്യത്തിന് മാതൃകയാണ്.
ജനകീയാരോഗ്യകേന്ദ്രങ്ങൾ
‘Hub-and-Spoke’ മോഡൽ ലബോറട്ടറി നെറ്റ്‌വർക്ക് ചെറിയ കേന്ദ്രങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു സമീപത്തെ വലിയ ആശുപത്രികളിൽ പരിശോധന നടത്തുകയും സമയബന്ധിതമായി ഫലം നൽകുകയും ചെയ്യുന്നു. രാജ്യത്ത്, നാഷണൽ ക്വാളിറ്റി അക്രിഡിറ്റേഷൻ സ്റ്റാൻഡേർഡ് (NQAS) സർട്ടിഫിക്കറ്റ് നേടിയതും, ദേശീയ ലക്ഷ്യ അംഗീകാരം നേടിയതും കൂടുതലായി കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളാണ്.
അപൂർവരോഗങ്ങൾക്ക്
മാതൃകാപദ്ധതികൾ
നേരത്തെ സൂചിപ്പിച്ചതുപോലെ കേരള യുണൈറ്റഡ് എഗൈൻസ്റ്റ് റെയർ ഡിസീസസ്'(KUARD) അഥവാ CARE അപൂർവരോഗങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ മാതൃകാ പദ്ധതിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ S.A.T. ആശുപത്രിയെ ഇത്തരം രോഗങ്ങളുടെ ചികിത്സയിൽ മികവിന്റെ കേന്ദ്രമാക്കി ഉയർത്തി, സ്പൈനൽ മസ്‌കുലാർ അട്രോഫി (SMA) എന്ന ബാല്യകാലത്ത് കാണപ്പെടുന്ന ഗുരുതരമായ ശാരീരികവൈകല്യത്തിന് ചികിത്സനൽകുന്ന പ്രത്യേക ക്ലിനിക്ക് ആദ്യമായി S.A.T. ആശുപത്രിയിൽ ആരംഭിച്ചു. SMA രോഗികൾക്ക് സ്പൈൻ ശസ്ത്രക്രിയയും ചെലവേറിയ മരുന്നുകളും സൗജന്യമായി ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി ഇതാണ്. ശ്രുതിതരംഗം പദ്ധതിയാണ് മറ്റൊന്ന്. ശ്രവണവൈകല്യമുള്ള കുട്ടികൾക്ക് കേൾവി ഉറപ്പാക്കാൻ, കൊക്ലിയർ ഇംപ്ലാ് ഉൾപ്പെടെയുള്ള ഇടപെടലുകൾ നടത്തുന്ന പരിപാടിയാണിത്. അനീമിയ അല്ലെങ്കിൽ വിളർച്ചയെ നേരിടാൻ, വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ‘Viva Kerala’ എന്ന പേരിൽ ഒരു അനീമിയരഹിത കേരളത്തിനുള്ള ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസം>>

വിദ്യാകിരണം
2017-18 മുതൽ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും പൊതുവിദ്യാഭ്യാസത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. സ്‌കൂളുകളും ക്ലാസ്മുറികളും പഠനസംവിധാനങ്ങളും വ്യാപകമായി ആധുനികവൽക്കരിച്ചു. കിഫ്ബിയുടെ ധനസഹായത്തോടെ ഭൗതികസൗകര്യവികസനം യാഥാർഥ്യമാക്കി.
ഹൈ ടെക് ക്ലാസ് മുറികൾ,
റോബോട്ടിക്സ് പഠനം
ഡിജിറ്റൽ വിടവില്ലാതെ എല്ലാകുട്ടികൾക്കും സാങ്കേതികവിദ്യാസൗഹൃദമായ വിദ്യാഭ്യാസം ഒരുക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയെന്ന് ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പത്തിക-സാമൂഹിക-ലിംഗപരമായ വിവേചനങ്ങൾ ഇല്ലാതെ എല്ലാ കുട്ടികൾക്കും വിവരസാങ്കേതികവിദ്യയിൽ തുല്യ അവസരങ്ങൾ ലഭിക്കണമെന്ന സർക്കാർ നിലപാട് പ്രാവർത്തികമാക്കുന്നതിൽ കേരളം വിജയിച്ചു. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഒരുക്കി. സാങ്കേതികവിദ്യയെ പഠനപ്രവർത്തനങ്ങളിൽ എങ്ങനെ ഉൾച്ചേർക്കാം എന്നതിന് സഹായകമായ പരിശീലനങ്ങൾ അധ്യാപകർക്കും നൽകി. അമ്പതിനായിരത്തിധികം ഹൈ ടെക് ക്ലാസ് മുറികൾ (എട്ടു മുതൽ 12 വരെ) സജ്ജമാക്കി. 11,000-ൽ അധികം പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾ സജ്ജമാക്കി. ടിങ്കറിങ് ലാബുകൾ, റോബോട്ടിക് ലാബുകൾ എന്നിവയും ഒരുക്കി. അധ്യാപകർക്കും വിദ്യാർഥികൾക്കും നിർമ്മിതബുദ്ധിയിൽ പരിശീലനം നൽകി.
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് പദ്ധതി യൂണിസെഫിന്റെ ഉൾപ്പെടെ രാജ്യാന്തരപ്രശംസ നേടി. 2025-26 അധ്യയനവർഷം മുതൽ രാജ്യത്താദ്യമായി പത്താം ക്ലാസിൽ റോബോട്ടിക്സ് പഠനം മുഴുവൻ കുട്ടികൾക്കും ഏർപ്പെടുത്തിയ സംസ്ഥാനമായി കേരളം. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി മൂന്ന് ലക്ഷം അമ്മമാർക്ക് സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിശീലനവും ഒരുക്കി.
അന്താരാഷ്ട്രപ്രസിദ്ധമായ
സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ
കേരളം പൊതുവിദ്യാഭ്യാസത്തിൽ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന രാജ്യത്തെ ഏക മാതൃകയാണ്. കൈറ്റിന്റെ പുതിയ ഓപറേറ്റിങ് സിസ്റ്റം സ്യൂട്ടായ കൈറ്റ് ജി.എൻ.യു ലിനക്സ് 22.04 ഇന്ന് മൂന്ന് ലക്ഷത്തിലധികം കമ്പ്യൂട്ടറുകളിൽ പ്രവർത്തിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതുകൊണ്ടുമാത്രം അക്കാദമിക നേട്ടത്തിനപ്പുറം 3,000 കോടി രൂപയുടെ ലാഭം സംസ്ഥാനത്തിന് കൈവന്നു. ഇതിൽ എഐ, മെഷീൻ ലേണിങ്, കമ്പ്യൂട്ടർ വിഷൻ എന്നിവയ്ക്ക് അനുയോജ്യമായ വിദ്യാഭ്യാസ ആപ്ലിക്കേഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സാൽസ്ബെർഗ് യൂണിവേഴ്സിറ്റിയുടെ ജിയോജിബ്ര, കൊളാറോഡോ യൂണിവേഴ്സിറ്റിയുടെ ഫെറ്റ്, എംഐടിയുടെ സ്‌ക്രാച്ച് തുടങ്ങി നൂറിലധികം അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ നമ്മുടെ സ്‌കൂളുകളിൽ ഉപയോഗിക്കാനായി കൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

ജനകീയമായി രൂപപ്പെടുത്തിയ പാഠ്യപദ്ധതി
10 വർഷമായി നിലനിന്നിരുന്ന പാഠപുസ്തകങ്ങളിൽ ആധുനികമായി വികസിച്ച അറിവുകളും സാങ്കേതിക വിദ്യാരംഗത്ത് വന്ന വികാസങ്ങളും ചേർത്തിട്ടില്ലാത്ത പശ്ചാത്തലത്തിൽ കേരളപാഠ്യപദ്ധതി ചട്ടക്കൂട് സമഗ്രമായി 2023ൽ പരിഷ്‌കരിച്ചു. ജനങ്ങളുടെ അഭിപ്രായങ്ങളും മറ്റും ശേഖരിക്കുന്നതിനായി പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ ചർച്ചകൾ നടത്തി. മൂന്നു ലക്ഷത്തിലധികം പേർ ജനകീയ ചർച്ചയുടെ ഭാഗമായി. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ കുട്ടികളുടെ അഭിപ്രായം തേടുക എന്ന സാധാരണ കാണാത്ത ഒരു പ്രക്രിയയും കേരളം അവലംബിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പൂർണ്ണപിന്തുണ ഉറപ്പാക്കുന്നതിനു വേണ്ടി രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങളും ഈ പരിഷ്‌കരണത്തിന്റെ ഭാഗമായി വികസിപ്പിച്ചു.
പഠനപോഷണ പദ്ധതികൾ
മലയാളഭാഷാ പഠനത്തിൽ പരിമിതി നേരിടുന്ന കുട്ടികൾക്കായി ‘മലയാളത്തിളക്കം’, ഇംഗ്ലീഷ് ഭാഷ പഠനത്തിനായി ‘ഹലോ ഇംഗ്ലീഷ്’ പദ്ധതിയും ഹിന്ദി പഠനത്തിനായി ‘സുരീലി ഹിന്ദി’ പദ്ധതിയും നടപ്പാക്കി. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയ്ക്കായി വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കി. ഗണിതത്തെ ആസ്വദിച്ച് പഠിക്കാൻ സഹായിക്കുന്ന ആഴത്തിലുള്ള ഗണിതപഠന രീതിയാണ് മഞ്ചാടി പദ്ധതി. 100 വിദ്യാലയങ്ങളിൽ ഗവേഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ പദ്ധതി 1400 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.
ഇൻക്ലൂസീവ് സ്പോർട്സ്
പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കും സ്പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും കായിക മികവ് പ്രകടിപ്പിക്കുന്നതിനും കായികമേളകളിൽ പങ്കെടുക്കുന്നതിനും ആയി സ്പോർട്സ് മാനുവൽ തയ്യാറാക്കി. അന്തർദേശീയ തലത്തിലെ പാരാലിമ്പിക്സ്, സ്വാർഫ് ഗെയിംസ് തുടങ്ങിയ മത്സരങ്ങളുടെ മാതൃക, സവിശേഷത, ഘടന എന്നിവയും കേരളത്തിന്റെ സാഹചര്യങ്ങളും പരിഗണിച്ചാണ് മാനുവൽ വികസിപ്പിച്ചിട്ടുള്ളത്.
പ്രാദേശിക പ്രതിഭാകേന്ദ്രങ്ങളും ഊരുവിദ്യാകേന്ദ്രങ്ങളും
സാമൂഹികമായി പിന്നാക്കം നിൽക്കുന്നതും എന്നാൽ പഠനപിന്തുണ ആവശ്യമുള്ളതുമായ കുട്ടികൾക്കായി പ്രാദേശിക പ്രതിഭാകേന്ദ്രങ്ങളും ഊരുവിദ്യാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഏതാണ്ട് 720 പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. 2023 വരെ 60 ഊരുവിദ്യാഭ്യാസങ്ങളും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനായി പഠിപ്പുറസി എന്ന പഠന പിന്തുണാപരിപാടി നടപ്പിലാക്കി. അവിടെ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ഭാഷയിൽ തന്നെ പഠനപദ്ധതി ആസൂത്രണം ചെയ്ത് ഇതുവഴി നടപ്പാക്കുന്നു. ഇടമലക്കുടിയിലെ എൽപി സ്‌കൂൾ, യുപി സ്‌കൂളിലായി ഈ കാലത്തിനിടയിൽ ഉയർത്തുകയുണ്ടായി.
ഹരിതകേരളം>>

നെറ്റ് സീറോ കാർബൺ കേരളം
പരിസ്ഥിതി പുന:സ്ഥാപനത്തിനായി നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ, പ്രാദേശിക ജൈവവൈവിധ്യം ഉറപ്പാക്കിയുള്ള പച്ചത്തുരുത്തുകൾ, ഇനി ഞാൻ ഒഴുകട്ടെ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ, മാലിന്യപരിപാലനരംഗത്തെ നൂതന പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും നേരിട്ടും നടത്തുന്നു.
ജലസംരക്ഷണം
കേരളത്തിന്റെ വികസനമുന്നേറ്റത്തിന് ജലമേഖലയുടെ പിന്തുണ ഉറപ്പാക്കുന്ന സമീപനരേഖയാണ് ഹരിതകേരളം മിഷൻ മുന്നോട്ടുവയ്ക്കുന്നത്. ജലസംരക്ഷണം, ജലവിഭവ പരിപാലനം, ജലസ്രോതസ്സുകളുടെ വീണ്ടെടുക്കൽ, ഭാവിയിലേക്ക് ആവശ്യമായി വരുന്ന നയപരമായ തീരുമാനങ്ങൾ തുടങ്ങിയവ ഈ സമീപനരേഖയിലെ സുപ്രധാന വിഷയങ്ങളാണ്. പുഴകൾക്ക് പുതുജീവൻ കിട്ടുംവിധം നദീപുനരുജ്ജീവന പ്രവർത്തനങ്ങൾ നടന്നു. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി ‘ഇനി ഞാനൊഴുകട്ടെ’ പരിപാടി സംഘടിപ്പിച്ചു. പശ്ചിമഘട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള നീർച്ചാൽ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി മാപത്തോണിലൂടെ അടയാളപ്പെടുത്തി. ഈ നീർച്ചാലുകളെ പൊതുജന പങ്കാളിത്തത്തോടെ ശുചിയാക്കിയും നീരൊഴുക്ക് പുനസ്ഥാപിച്ചും വീണ്ടെടുക്കാൻ ലക്ഷ്യമിട്ടുള്ള ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ ക്യാമ്പയിൻ പ്രവർത്തനം നടന്നുവരികയാണ്.

ശുചിത്വ-മാലിന്യസംസ്‌കരണം
ശുചിത്വ-മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം, ജാഗ്രതോത്സവം, ഹരിതോത്സവം, വൃത്തിയുള്ള നാടൊരുക്കാൻ വൃത്തിയുള്ള വീട് എന്നീ ക്യാമ്പയിനുകൾ നടന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമിട്ടു. ‘വഴികാട്ടാൻ വാഗമൺ’എന്ന പേരിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഹരിത പ്രോട്ടോക്കോൾ നടപ്പാക്കി. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വപദവിയിലേക്കെത്തി. സർക്കാർ ഓഫീസുകൾ ഹരിതചട്ടത്തിലേക്ക് മാറി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അജൈവ പാഴ്വസ്തു ശേഖരണത്തിനും അവയുടെ വേർതിരിക്കലിലും, കൈമാറ്റത്തിനുമായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ (MCF) സ്ഥാപിച്ചു. ശേഖരിച്ച മാലിന്യങ്ങൾ സംസ്‌കരണത്തിനായി അയക്കുന്നതിനും, പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനായി പൊടിക്കുന്നതിനുമായി റിസോർസ് റിക്കവറി ഫെസിലിറ്റി (RRF)സ്ഥാപിച്ചു. മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഖരമാലിന്യ സമാഹരണവും സംസ്‌കരണവും 100 ശതമാനത്തിലേക്കെത്തിക്കുന്നതിനുളള പ്രവർത്തനം പൂർത്തിയായി. മാലിന്യത്തിന്റെ ഉറവിടം മുതൽ സംസ്‌കരണം വരെ ട്രാക്ക് ചെയ്യുന്നതിനുളള ഓൺലൈൻ മോണിട്ടറിങ് സംവിധാനമായ ‘ഹരിതമിത്രം ആപ്പ്’ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പ്രാവർത്തികമാക്കി.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ
സംസ്ഥാനത്ത് 3053 ടൗണുകൾ ഹരിതസുന്ദര ടൗണുകളായി മാറിക്കഴിഞ്ഞു. കേരളം സമ്പൂർണ്ണ ഖരമാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ഹരിതകേരളം മിഷന്റെ ഏകോപനത്തിലുള്ള പ്രവർത്തനങ്ങളിലാണ്. ഹരിതസ്ഥാപനങ്ങൾ, ഹരിതടൂറിസം കേന്ദ്രങ്ങൾ, ഹരിതവിദ്യാലയങ്ങൾ, ഹരിതകലാലയങ്ങൾ, ഹരിതടൗണുകൾ, ഹരിത അയൽക്കൂട്ടം, ഹരിത ഓഫീസുകൾ, ഹരിതഗ്രന്ഥശാലകൾ തുടങ്ങിയവ ഇതിൽ പ്രധാനമാണ്.
ഹരിത പെരുമാറ്റച്ചട്ടം ജീവിതശൈലിയിൽ
മാലിന്യം കുറയ്ക്കുന്നതിലും പ്രകൃതിസൗഹൃദജീവിതം പിന്തുടരുന്നതിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി ഹരിതകേരളം മിഷൻ ഉൾപ്പെടെ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലം ദൃശ്യമായി തുടങ്ങി.
ജലബജറ്റ്
ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളേയും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കുന്ന പദ്ധതി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇന്ത്യയിൽ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ജലബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം കേരളമാണ്.
ജലഗുണ പരിശോധനാ ലാബ്
കിണറുകളിലെ ജലഗുണത പരിശോധിക്കുന്നതിനായി ഹയർസെക്കൻഡറി സ്‌കൂളുകളിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ജലപരിശോധനാലാബുകൾ 335 എണ്ണം പൂർത്തിയായി. എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും ഈ ലാബുകൾ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതുവരെയായി ഈ ലാബുകളിൽ 40,498 ടെസ്റ്റുകൾ പൂർത്തിയായി.
കൃഷിവ്യാപന പ്രവർത്തനങ്ങൾ
തരിശുനിലങ്ങളിലെ കൃഷിവ്യാപനം, ഹരിതസമൃദ്ധി വാർഡ്, കരനെൽക്കൃഷിയുൾപ്പെടെ അധിക നെൽക്കൃഷി, ജൈവപച്ചക്കറി കൃഷി വ്യാപനം, സ്‌കൂൾ വളപ്പുകളിലും വിവിധ സ്ഥാപനങ്ങളുടെ ഭൂമിയിലും പച്ചക്കറി കൃഷി, സംയോജിത കൃഷി പ്രോത്സാഹനം എന്നിങ്ങനെ കാർഷികമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. വിവിധ തോടുകളുടെ പുനരുജ്ജീവനം സാധ്യമായതോടെ 10,000 ലധികം ഏക്കറിൽ കൃഷി പുനരാരംഭിക്കാൻ കഴിഞ്ഞു. വ്യവസായവകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ കൃഷി നടപ്പാക്കുന്ന പ്രവർത്തനവും ഫലം കണ്ടു.
നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം
മൂന്നാറിനെ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യ സവിശേഷതകളെകുറിച്ച് അറിവ് പകരാനും അതുവഴി മൂന്നാർ സന്ദർശനം കൂടുതൽ ആസ്വാദ്യകരമാക്കാനും ലക്ഷ്യമിട്ടു ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രം ആരംഭിച്ചു.
പട്ടികജാതി പട്ടികവർഗക്ഷേമം>>

ഭൂമിയും പാർപ്പിടവും
ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുന്നു. ഭവനനിർമ്മാണ പദ്ധതിയിൽ, 2007-08 മുതൽ 2016-17 വരെ പട്ടികജാതി വികസന വകുപ്പ് ഏറ്റെടുത്തതിൽ പൂർത്തിയാകാത്ത വീടുകളുടെ പൂർത്തീകരണവും പുതിയ വീടുകളുടെ നിർമ്മാണവും ലൈഫ് മിഷൻ ഏറ്റെടുത്ത് നടപ്പിലാക്കുന്നു.
ഭൂരഹിതരായ പട്ടികവർഗ വിഭാഗക്കാർക്ക് ഭൂമി നൽകുന്നതും പുനരധിവാസ മേഖലകളുടെ സമഗ്ര വികസനവും ലക്ഷ്യംവെച്ച് 2001-ൽ പട്ടികവർഗ പുനരധിവാസ വികസന മിഷൻ (ട്രൈബൽ റീസെറ്റിൽമെന്റ് & ഡെവലപ്പ്‌മെന്റ് മിഷൻ (ടി.ആർ.ഡി.എം) രൂപീകരിച്ചു. തിരുവനന്തപുരം ഭൂരഹിത പട്ടികവർഗക്കാരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികവർഗ ഉപപദ്ധതി ഫണ്ട്, പ്രധാനമന്ത്രി ആവാസ് യോജന എന്നിവയിൽ നിന്നുമുള്ള വിഹിതവും ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്. സേഫ് (സെക്യൂർ അക്കോമഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം) പദ്ധതിപ്രകാരം പട്ടികവർഗ മേഖലകളിലെ ജീർണ്ണാവസ്ഥയിലുള്ള വീടുകളുടെ നവീകരികരണവും പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണവും നടക്കുന്നു.
പട്ടികജാതി-പട്ടികവർഗ സമുദായങ്ങളിലെ ജനങ്ങളുടെ താമസ പ്രദേശങ്ങളെ സൂചിപ്പിക്കാൻ ‘കോളനി’, ‘സെറ്റിൽമെന്റ്’, ‘ഊര്’ എന്നിവയ്ക്ക് പകരം ‘നഗർ’, ‘ഉന്നതി’, ‘പ്രകൃതി’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ കേരള സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു.
വിദ്യാഭ്യാസം
പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി പട്ടികജാതി വികസന വകുപ്പ് 87 നഴ്സറി സ്‌ക്കൂളുകൾ, 11 മോഡൽ റെസിഡൻഷ്യൽ സ്‌ക്കൂളുകൾ, 44 ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, 86 പ്രീ-മെട്രിക് ഹോസ്റ്റലുകൾ, 19 പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകൾ, 7 സബ്‌സിഡൈസ്ഡ് ഹോസ്റ്റലുകൾ, നാല് പ്രീ-എക്സാമിനേഷൻ പരിശീലന കേന്ദ്രങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാം ട്രെയിനിങ് സൊസൈറ്റി (ഐ.സി.എസ്.ഇ.റ്റി.എസ്), വടക്കാഞ്ചേരിയിലുള്ള കമ്മ്യൂണിറ്റി കോളേജ്, കോഴിക്കോടുള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്ഫോർമേഷൻ (സി.ആർ.ഇ.എസ്.റ്റി.), പാലക്കാട് ജില്ലയിലെ മെഡിക്കൽ കോളേജ് എന്നിവ നടത്തുന്നുണ്ട്. പ്രതിവർഷം ഏകദേശം 70 പട്ടികജാതി വിദ്യാർഥികൾക്ക് എംബിബിഎസ് കോഴ്സിന് പഠിക്കുന്നതിനുള്ള അവസരം പാലക്കാട് മെഡിക്കൽ കോളേജ് സൃഷ്ടിക്കുന്നു. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിൽ പഠിക്കുന്ന ഏകദേശം 6 ലക്ഷം പട്ടികജാതി വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2017-18 വർഷത്തിൽ ആരംഭിച്ചതാണ് ‘പഠനമുറികളുടെ നിർമ്മാണം’ എന്ന പദ്ധതി.
പ്രശസ്തമായ വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദതല (അല്ലെങ്കിൽ അതിനുമുകളിലുള്ള) കോഴ്സുകളിൽ പഠിക്കാനാഗ്രഹിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കായുള്ള മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പാണ് പട്ടികജാതി വികസന വകുപ്പിന്റെ ‘ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ്.
പട്ടികവർഗ കുട്ടികളുടെ പഠനമികവിന് ട്യൂഷനും ഇ-ലേണിങ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിനും കൊഴിഞ്ഞുപോക്ക് പരിഹരിക്കുന്നതിനും സ്‌കൂൾ റിറ്റൻഷൻ മെച്ചപ്പെടുത്തുന്നതിനും 343 സാമൂഹ്യ പഠനമുറികൾ സ്ഥാപിച്ചു. മെറിറ്റ് അടിസ്ഥാനമാക്കി വിദേശത്ത് ഉപരിപഠനം നടത്തുന്നതിനായി ഉന്നതി ഓവർസീസ് എജ്യൂക്കേഷൻ സ്‌കോളർഷിപ്പ് നൽകുന്നു. ഒഡെപെക്കുമായി (ODEPC) സഹകരിച്ച് പട്ടികവർഗ വിദ്യാർഥികൾക്ക് സാമ്പത്തികവും ലോജിസ്റ്റിക്കൽ പിന്തുണയും നൽകുന്നു.
നൈപുണ്യ പരിശീലനവും തൊഴിലും
പട്ടികജാതി-പട്ടികവർഗ യുവാക്കൾക്ക് കൊമേഴ്‌സ്യൽ പൈലറ്റ് പരിശീലനത്തിൽ സ്‌കോളർഷിപ്പ് അവസരങ്ങൾ വിപുലീകരിക്കുന്നതിനും അതിലൂടെ അവർക്ക് ആ മേഖലയിൽ ജോലി ഉറപ്പാക്കുന്നതിനുമായി ‘വിങ്‌സ്’ പദ്ധതി നടപ്പിലാക്കി. പട്ടികവർഗ വിഭാഗത്തിൽനിന്നും ആദ്യമായി ഒരാൾക്ക് ക്യാബിൻ ക്രൂ പരിശീലനം നൽകുവാനും കഴിഞ്ഞു. പട്ടികജാതി യുവാക്കൾക്ക് ഇന്ത്യയിലുടനീളമുള്ള അംഗീകൃത സ്ഥാപനങ്ങളിൽനിന്നും സിവിൽ സർവീസ് പരീക്ഷ കോച്ചിങ് നേടുന്നതിനായി സ്‌കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘ലക്ഷ്യ’ പദ്ധതി ആരംഭിച്ചത്.
പട്ടികജാതി യുവതി-യുവാക്കൾക്ക് ഇന്റേൺഷിപ്പുകൾ/ അപ്രന്റിസ്ഷിപ്പുകൾ/ പ്ലെയ്‌സ്മെന്റ് പരിശീലനം എന്നിവ നൽകുന്നതിനും, അതുവഴി അവർക്ക് മതിയായ പ്രൊഫഷണൽ പരിചയം നേടുന്നതിന് സഹായിക്കുന്നതിനുമായി ‘ട്രേസ്’ (ട്രെയിനിങ് ഫോർ കരിയർ എക്സലൻസ്) എന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്.
ജ്വാല (ജസ്റ്റിസ്, വെൽഫെയർ, ലീഗൽ അസിസ്റ്റൻസ്) പദ്ധതി പട്ടികവർഗ നിയമബിരുദധാരികൾക്ക് പ്രായോഗിക നിയമപരിശീലനം നൽകുന്നതിനായുള്ള സംരംഭമാണ്.
പട്ടികവർഗവികസനവകുപ്പിന്റെ ധനസഹായത്തോടെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) ആരംഭിച്ച സഹ്യകിരൺ സംരംഭം കേരളത്തിലെ പരമ്പരാഗത പട്ടികവർഗ്ഗ തൊഴിലുകളെ പുനരുജ്ജീവിപ്പിക്കുന്നു.
ഭക്ഷ്യസുരക്ഷയും പോഷകാഹാര
വികസന പരിപാടികളും
പട്ടികവർഗ വികസന വകുപ്പ്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റുമായി (സി.എം.ഡി) ചേർന്ന് ആരംഭിച്ച ഹരിതരശ്മി പദ്ധതി ഇടുക്കിയിലും വയനാട്ടിലുമുള്ള പട്ടികവർഗക്കാരുടെ ഉടമസ്ഥതയിലുള്ള ഉപയോഗിക്കപ്പെടാത്ത ഭൂമിയിൽ സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നു.
നമ്ത് വെള്ളാമെ ന്യൂട്രിഷ്യൻ ഡെഫിഷ്യൻസി ഇൻ ഫുഡ് ത്രൂ അഗ്രോളജി ഇൻ അട്ടപ്പാടി 41 ഉന്നതികളിലായുള്ള 1,887.3 ഏക്കറിൽ കൃഷി ചെയ്യുന്ന 1,315 കർഷകർക്ക് പ്രയോജനം ലഭ്യമാക്കി. തരിശുഭൂമിയിൽ സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചതിലൂടെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും സാമ്പത്തികനേട്ടങ്ങൾ ഉണ്ടാക്കിയെടുക്കുവാനും സാധിച്ചു.
പട്ടികവർഗകുടുംബങ്ങൾക്ക് അധിക തൊഴിലവസരങ്ങൾ നൽകുന്നതിനായി സംസ്ഥാന സർക്കാർ കേരള ട്രൈബൽ പ്ലസ് പദ്ധതി ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസം>>

നാലുവർഷ ബിരുദ പദ്ധതി
അന്യരാജ്യസർവകലാശാലകളിലെ നാലുവർഷ ബിരുദ പദ്ധതി പ്രോഗ്രാമുകളിൽ നമ്മുടെ വിദ്യാർഥികൾക്കു പ്രവേശനം നേടാനും അന്യരാജ്യവിദ്യാർഥികളെ ഇങ്ങോട്ടാകർഷിക്കാനും ഇത് അത്യാന്താപേക്ഷിതമാണ്. അധയനത്തിനും തുടർച്ചയായ മൂല്യനിർണ്ണയത്തിനും പ്രാധാന്യം നൽകുന്നതാണ് പുതിയ രീതി. വിദ്യാർഥികൾ ക്ലാസ്സ്മുറികളിലും ലൈബ്രറിയിലും ഇന്റർനെറ്റ് മുഖേനയും തുടർച്ചയായ പഠനത്തിൽ ഏർപ്പെടുന്നു. അവ തൃപ്തികരമായി കൈവരിക്കാൻ കഴിഞ്ഞോ എന്ന ആത്മപരിശോധനയും നടക്കുന്നു. സർവകലാശാല നടത്തുന്ന പരീക്ഷയും മൂല്യനിർണ്ണയവും ഉണ്ടായിരിക്കും. കുട്ടികളിൽ ഉത്തരവാദിത്വബോധവും അഭിരുചിയും ജിജ്ഞാസയും വളരുകയും അവർ പഠനോത്സുകരായിത്തീരുകയും ചെയ്യുന്ന രീതിയാണ് വിദേശരാജ്യങ്ങളിലെ മികവുറ്റ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാണുന്നത്. അത് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണം സാധ്യമാക്കുന്നു.
സർക്കാർ പദ്ധതികൾ /
അവാർഡുകൾ
തുടർച്ചയായി മികവു തെളിയിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അണ്ടർ ഗാജ്വേറ്റ് തലം തൊട്ട് ബിരുദാനന്തര പഠനം വരെ നൽകുന്ന മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് 2009 മുതൽ നൽകുന്നു. ഇത്രയധികം പേർക്കു സ്‌കോളർഷിപ്പ് ലഭിക്കുന്ന പദ്ധതി വേറൊരു സംസ്ഥാനത്തുമില്ല. ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കൈരളി അവാർഡുകൾ കേരളത്തിൽ മാത്രമുള്ളതാണ്. ചീഫ് മിനിസ്റ്ററുടെ പേരിൽ നവകേരള പോസ്റ്റു ഡോക്ടോറൽ ഫെലോഷിപ്പുകൾ ഏർപ്പെടുത്തി. ലൈഫ്ടൈം അച്ചീവ്മെന്റ് ഗ്ലോബൽ പ്രൈസ്, നാഷണൽ അവാർഡ്, ഗവേഷണ പുരസ്‌കാരം, ഗവേഷക പുരസ്‌കാരം എന്നിങ്ങനെയുള്ള അവാർഡുകൾ കഴിഞ്ഞ മുന്നു വർഷമായി നൽകിവരുന്നു. ഗവേഷണത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള പദ്ധതിയാണ്.

മികവിന്റെ മുപ്പതു കേന്ദ്രങ്ങൾ
മികവുറ്റ ഗവേഷണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്. ഇതനുസരിച്ചു ഇതിനകം ഇരുപതോളം കേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചു. കേരളസർവകലാശാലാ കാമ്പസിലെ ആസ്ട്രോ ഫിസിക്സ് താണു പത്മനാഭൻ കേന്ദ്രം, കൊച്ചി സർവകലാശാലയിലെ സ്യൂറോ ഡീജനറേഷൻ പഠനകേന്ദ്രം, മഹാത്മാഗാന്ധി സർവകലാശാലയിലെ അന്താരാഷ്ട്ര നാനോ ടെക്നോളജി പഠനകേന്ദ്രം, ഇൻസ്ട്രുമെന്റേഷൻ കേന്ദ്രം, ആനിമൽ സയൻസ് സർവകലാശാലയിലെ വൺ ഹെൽത്ത് പഠനകേന്ദ്രം, കോഴിക്കോട് സ്ഥിതി ചെയ്യുന്ന കേരള മാത്തമാറ്റിക്‌സ് പഠന കേന്ദ്രം എന്നിവയാണ് ഏതാനും ഉദാഹരണങ്ങൾ.
എറുഡൈറ്റ് സ്‌കോളർ ഇൻ
റെസിഡൻസ് പദ്ധതി
നോബൽ ലോറേറ്റുകളെ ക്ഷണിച്ചുവരുത്തുന്ന പദ്ധതിയാണിത്. ഇതിനകം പതിനാറോളം നോബൽ ലോറേറ്റുകളും പ്രഗത്ഭരായ മറ്റനേകംപേരും ഇതിനകം കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ വന്നു.
ബ്രെയിൻ ഗെയിൻ സ്‌കീം
ബ്രെയിൻ ഡ്രെയിൻ വഴി നമുക്ക് നഷ്ടപ്പെടുന്ന പോയവരെ താൽക്കാലത്തേക്കു കൊണ്ടുവരാനുള്ള ബ്രെയിൻ ഗെയിൻ സ്‌കീം ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി നടപ്പാക്കുന്നു.

കേരളത്തിൽ പഠിക്കുക
എന്ന പദ്ധതി
കാലികമായ അറിവും പ്രയോഗശേഷിയും പകരുന്ന ചെറുതും വലുതുമായ നൂതന പഠന പ്രോഗ്രാമുകൾ ആരംഭിച്ചുകൊണ്ട് നമ്മുടെ സർവകലാശാലകളിലേക്കും കോളേജുകളിലേക്കും വിദേശവിദ്യാർഥികളെ ആകർഷിക്കുന്ന പദ്ധതിയാണിത്. ഇവിടെ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. യുറോപ്യൻ രാജ്യങ്ങളിലും യു.എസ്സ്, യു.കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഹ്രസ്വകാല സ്വാശ്രയ കോഴ്സുകൾക്ക് ആവശ്യക്കാരേറെയാണ്. ദീർഘകാല പ്രോഗ്രാമുകൾ ചെയ്യാൻ ആഫ്രിക്കൻ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഏറെ വിദ്യാർഥികൾ എത്തുന്നുണ്ട്. ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിന് പ്രോഗ്രാമുകൾ ഇവിടെ ധാരാളമാണ്.

സ്‌കോളർ കണക്ട്
പുറത്ത് ഉന്നതവിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരെ നെറ്റ്‌വർക്കിലൂടെ ബന്ധപ്പെടാൻ സഹായിക്കുന്ന ആപ്പ് ആണിത്. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (കെഎസ്എച്ച്ഇസി) സ്‌കോളർ കണക്റ്റ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ആദ്യത്തെ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. കേരള വംശജരായ ആയിരക്കണക്കിന് അക്കാദമിക് വിദഗ്ധരും പ്രൊഫഷണലുകളും ലോകമെമ്പാടുമുള്ള സർവകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്നു. എന്നാൽ കേരളത്തിലെ കോളേജുകളുമായും സർവകലാശാല കളുമായും അവരെ ബന്ധിപ്പിക്കുന്നതിന് ശരിയായ സംവിധാനമില്ല. പ്രവാസി പണ്ഡിതരെയും പ്രാദേശിക സ്ഥാപനങ്ങളെയും ഒരുമിച്ച് പ്രവർത്തിക്കാൻ സഹായിക്കുന്ന സുരക്ഷിതവും ഉപയോക്തൃ സൗഹൃദ വുമായ മൊബൈൽ, വെബ് പ്ലാറ്റ്ഫോം വഴി സ്‌കോളർ കണക്റ്റ് ഈ വിടവ് നികത്തുന്നു.
ട്രാൻസ്ലേഷണൽ
ഗവേഷണം
ഗവേഷണംവഴി സൃഷ്ടിക്കപ്പെടുന്ന വിജ്ഞാനത്തെ നേരിട്ട് പ്രയോഗവും പ്രയോജനവും ഉൽപന്നങ്ങളും ആക്കി മാറ്റാൻ കഴിയണം. അതാണ് നോളേജ് ട്രാൻസ്ലേഷൻ അഥവാ ജ്ഞാന വിവർത്തനം. ട്രാൻസ്ലേഷണൽ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ഓരോ സർവകലാശാലയ്ക്കും 20 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളും ഇൻക്യുബേഷൻ സെന്ററുകളും പ്രവർത്തനക്ഷമമാകുന്നു. ഗവേഷണം സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും സഹായകമാവണം.
വ്യവസായം>>

വ്യവസായസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിച്ചു. ‘ഇൻവെസ്റ്റർ ഫ്രണ്ട്‌ലി’ നയങ്ങൾ, ഏകജാലക സംവിധാനം, ഐ.ടി. അടിസ്ഥാനസൗകര്യങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിവ സംസ്ഥാനത്തെ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കി. പുതുമുഖ വ്യവസായികൾക്കായി സ്റ്റാർട്ട്അപ്പ് മിഷൻ, യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ, പരിസ്ഥിതിസൗഹൃദപദ്ധതികൾ എന്നിവയും കേരളത്തെ വ്യവസായ സൗഹൃദമായി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. ‘വ്യവസായ സൗഹൃദ കേരളം’ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും തൊഴിൽ സൃഷ്ടിക്കുകയും സാമൂഹിക പുരോഗതിക്ക് വഴിതെളിക്കുകയും ചെയ്തു. വ്യവസായസൗഹൃദ റാങ്കിങ്ങിൽ 28-ൽ നിന്ന് 15-ാം സ്ഥാനത്തേക്കും ഇപ്പോൾ ഒന്നാം സ്ഥാനത്തേക്കും കേരളം കുതിച്ചു.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പുതിയ ലാൻഡ് അലോട്ട്‌മെന്റ് റൂൾ കൊണ്ടുവന്നു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം, ഘടനാ മാറ്റം, ആക്ടിവിറ്റി മാറ്റം, പട്ടയം എന്നിയുടെ നടപടിക്രമം ലളിതമാക്കി.
വ്യവസായനയം രൂപവൽക്കരിച്ചു. കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് അനുമതി നേടിയെടുത്തു. ടാസ്‌ക്‌ഫോഴ്സ് രൂപവൽക്കരിച്ച് നിർമ്മാണം അതിവേഗത്തിലാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 10,000 കോടിയിലധികം രൂപയുടെ നിക്ഷേപവും ലക്ഷത്തിലധികം തൊഴിലും ഇതുവഴി സൃഷ്ടിക്കപ്പെടും. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനും വ്യവസായ പുരസ്‌കാരങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി കൂട്ടുന്നതിനായുള്ള കയറ്റുമതി പ്രോത്സാഹനനയവും പ്രസിദ്ധീകരിച്ചു. കൂടാതെ ഇ.എസ്.ജി (പരിസ്ഥിതി, സാമൂഹിക, ഭരണ) നയം, ലോജിസ്റ്റിക്സ് നയം, ഗ്രാഫീൻ നയം എന്നിവയും തയ്യാറാക്കി.
ഗ്ലോബൽ സമ്മിറ്റുകൾ
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലോകോത്തര കമ്പനികളുടെ പ്രതിനിധികൾ ഉൾപ്പെടെ 5000 പേർ പങ്കെടുത്തു. 450-ൽ പരം താൽപര്യപത്രങ്ങളിലൂടെ 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിച്ചിട്ടുണ്ട്. താൽപര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ ഇതിനകം 31,429.15 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഇവയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ 40,439 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഐ.കെ.ജി.എസിൽ നിക്ഷേപ വാഗ്ദാനം ലഭിച്ച 20.28 ശതമാനം പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു.
വേൾഡ് എക്കണോമിക് ഫോറം വാർഷിക സമ്മിറ്റിലും ഇത്തവണ കേരളം പങ്കെടുത്തു. ഇന്ത്യയിലെ ആദ്യ ഇന്റർനാഷണൽ ജെൻ എ.ഐ കോൺക്ലേവ് കേരളത്തിൽ സംഘടിപ്പിച്ചു. കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്‌സ് റൗണ്ട് ടേബിൾ കോൺഫറൻസും സംഘടിപ്പിച്ചു.
സംരംഭക വർഷം പദ്ധതി
വ്യവസായവുമായി ബന്ധപ്പെട്ട് കേരളം നടപ്പിലാക്കിയ ഒരു പദ്ധതിക്ക് ചരിത്രത്തിലാദ്യമായി ദേശീയതലത്തിൽ അംഗീകാരം ലഭിച്ചത് സംരംഭക വർഷം പദ്ധതിക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് ആയി തിരഞ്ഞെടുത്തു. പദ്ധതിയിലൂടെ 3,53,133 സംരംഭങ്ങൾ ആരംഭിച്ചു. 22688.47 കോടി രൂപയുടെ നിക്ഷേപവും 7,49,712 തൊഴിലും കേരളത്തിലുണ്ടായി. 1,12,497 (31.86%) വനിതാ സംരംഭകരും 41 ട്രാൻസ്ജെൻഡേഴ്സും പദ്ധതിയുടെ ഭാഗമായി. പബ്ലിക് അഡ്മിനിസ്ട്രേഷൻ മേഖലയിൽ ലോകത്തെ ഏറ്റവും വലിയ വേദിയായ ‘അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ’ നൽകുന്ന ‘ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ’ എന്ന അംഗീകാരം പദ്ധതിക്ക് ലഭിച്ചു. 82 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത്.
1000 MSME കളെ നാലു വർഷത്തിനുള്ളിൽ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് മിഷൻ 1000. 260 എം.എസ്. എം.ഇ.കളെ ഇതിനായി തിരഞ്ഞെടുത്തു.
വ്യവസായ പാർക്കുകൾ
സ്വകാര്യ വ്യവസായ പാർക്കിൽ 38 പാർക്കുകൾക്ക് നിർമ്മാണ അനുമതി ലഭിച്ചു. ആറ് പാർക്കുകൾ പ്രവർത്തനമാരംഭിച്ചു. ബാക്കിയുള്ളവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ചേർന്നുള്ള ക്യാമ്പസ് വ്യവസായ പാർക്കുകൾ പദ്ധതിയിൽ 80ലധികം കോളേജുകൾ താൽപര്യം പ്രകടിപ്പിച്ചു. ആറ് ക്യാമ്പസുകൾക്ക് അംഗീകാരം നൽകി.
കിൻഫ്ര
ഗ്രഫീൻ പാർക്ക്, കിൻഫ്ര പെട്രോകെമിക്കൽ പാർക്ക്, കണ്ണൂരിൽ ലാൻഡ് ബാങ്ക്, മട്ടന്നൂരിൽ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് വിപുലീകരണം, കാക്കനാട് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ്ങ് ക്ലസ്റ്റർ, കിൻഫ്ര സ്‌പൈസസ് പാർക്ക് തുടങ്ങിയവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ. പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ സാധിച്ചു.
കെൽട്രോൺ
2023-24 സാമ്പത്തിക വർഷത്തിൽ കെൽട്രോൺ റെക്കോർഡ് വിറ്റുവരവായ 643.66 കോടി രൂപയും 42.52 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടി. ചന്ദ്രയാൻ 3 ദൗത്യത്തിൽ KMML, TCC, SIFL, KELTRON, SIDCO എന്നീ സ്ഥാപനങ്ങൾ പങ്കാളികളായി. ആദിത്യ L1 മിഷനിലും ഭാഗമായി. കെൽട്രോൺ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡിൽ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ ഫാക്ടറി ആരംഭിച്ചു. L&T യെ മത്സരാധിഷ്ഠിത ടെൻഡറിൽ പരാജയപ്പെടുത്തി നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ നേടിയെടുത്തു. ഇന്ത്യയിലുടനീളം എഫ്.സി.ഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലും സി.സി.ടി.വി ക്യാമറകളുടെ സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിങ്ങ്, കമ്മിഷനിങ്ങ് & ഓപ്പറേഷൻസ് എന്നീ പ്രവർത്തനങ്ങൾക്കായി 168 കോടി രൂപയുടെ ഓർഡർ കരസ്ഥമാക്കി.
സ്ത്രീപക്ഷനവകേരളം>>

സ്ത്രീശാക്തീകരണത്തിൽ ഇന്ത്യക്ക് മാതൃകയായ സംസ്ഥാനമാണ് കേരളം. വനിതാ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ഇരിക്കുന്നതിനുള്ള അവകാശം ഉൾപ്പെടുത്തി കേരളം ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെൻറ്സ് ആക്ട് ഭേദഗതി ചെയ്തു. ലിംഗഭേദമെന്യേ ഇഷ്ടമുള്ള, മാന്യമായ ഏത് വസ്ത്രവും ധരിക്കുന്നതിനു അധ്യാപകർക്ക് അനുമതി നൽകിയത്, സർവകലാശാലകളിലും ഐടിഐകളിലും പഠിക്കുന്ന പെൺകുട്ടികൾക്ക് മാസത്തിൽ രണ്ടുദിവസം ആർത്തവാവധി അനുവദിച്ചത്, 18 വയസ്സുകഴിഞ്ഞ സർവകലാശാല വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം പ്രസവാവധി അനുവദിച്ചത്, ആദ്യമായി അഗ്നിരക്ഷാസേനയിൽ വനിതാ ഓഫീസർമാരെ നിയമിച്ചത് എല്ലാം എടുത്തുപറയാവുന്നതാണ്.
സ്ത്രീസുരക്ഷയ്ക്കായി
സ്ത്രീകളുടെ ജീവിതനിലവാരവും സുരക്ഷിതത്വവും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനായി ഒട്ടേറെ നടപടികൾ വനിതാശിശു വികസന വകുപ്പ് കൈക്കൊണ്ടു. ഇവയ്ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്നും വിവിധ ഏജൻസികളിൽനിന്നും ലഭിക്കുന്നത്. 2023 ജനുവരിയിൽ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോർട്ടൽ ആരംഭിച്ചു. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 26,000ലധികം ആയി. വകുപ്പ് നടത്തിയ ക്യാമ്പയിന്റെ ഭാഗമായി 95 ഓളം സർക്കാർ വകുപ്പുകളിൽ വരുന്ന 19,000 ത്തിലധികം ഓഫീസുകളിൽ ഇതിനകം ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചു. ഐടി പാർക്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായസ്ഥാപനങ്ങൾ എന്നിവയും ഐ.സി. കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു.
നിയമവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിനും കുട്ടികളെ സാമൂഹിക ക്രമവുമായി പുനഃസംയോജിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാവൽ, കാവൽ പ്ലസ് പദ്ധതികൾക്ക് സുപ്രീം കോടതി അഭിനന്ദനം ലഭിച്ചു. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ യുഎൻ വിമണും അഭിനന്ദിച്ചു. വനിതകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രാപ്തരാക്കാൻ ഡിജിറ്റൽ പാഠശാല പദ്ധതി, സ്ത്രീകൾക്ക് വേണ്ടിയിട്ടുള്ള റീ സ്‌കില്ലിംഗ് പ്രോഗ്രാം, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പരിശീലനം, വിദേശത്ത് പോകുന്ന നഴ്‌സുമാർക്ക് വേണ്ടി പ്രത്യേക പരിശീലന പരിപാടി തുടങ്ങിയവ നടപ്പിലാക്കി.
സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിശ്ചയിച്ചു. സ്ത്രീധനത്തിനെതിരെയുള്ള പരാതികൾക്കും റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ പോർട്ടൽ സജ്ജമാക്കി. വിവാഹപൂർവ കൗൺസിലിങ്ങ് ആരംഭിച്ചു. ബാല്യകാലത്തിൽ തന്നെ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്താൻ ധീര പദ്ധതി നടപ്പിലാക്കി. പുതിയ നിർഭയ നയം കൊണ്ടുവന്നു. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി വനമിത്ര വനിതാ ശാക്തീകരണ പദ്ധതി നടപ്പാക്കി.
സ്ത്രീസംരംഭങ്ങൾക്ക് പിന്തുണ
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിങ്ങ് ഏജൻസിക്കുള്ള ദേശീയ അംഗീകാരം സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ലഭിച്ചു. സ്ത്രീകൾക്ക് സ്വയംതൊഴിലിനായി വായ്പ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സംസ്ഥാന സർക്കാരിന്റെ അംഗീകാരവും അനുമതിയുള്ള ഏജൻസി എന്ന നിലയിലാണ് പുരസ്‌കാരം. ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായി രണ്ടാംവർഷവും അംഗീകാരം ലഭിക്കുന്നത്. വനിതകളുടെ ഉന്നമനത്തിനായി വനിത വികസന കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. 2023-24 സാമ്പത്തികവർഷത്തിൽ 36,105 വനിതകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് 340 കോടി രൂപ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ 375 കോടി രൂപയുടെ വായ്പാവിതരണത്തിലൂടെ 75,000 വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാനാണ് പരിശ്രമിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വനിതാ വികസന കോർപ്പറേഷൻ മുഖേന കഴിഞ്ഞ നാലു വർഷത്തിൽ നാൽപതിനായിരത്തിലധികം വനിതാ സംരംഭങ്ങൾ തുടങ്ങി. ഇതിലൂടെ രണ്ടു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സംരംഭകത്വ പരിശീലനം നൽകുന്നു.
കെ-ഫോൺ>>
ഡിജിറ്റൽ സാക്ഷരതയിൽ മുൻപന്തിയിലുള്ള കേരളം, സമാനമായി കണക്ടിവിറ്റി നൽകുക എന്ന ലക്ഷ്യമാണ് കെ-ഫോൺ വഴി യാഥാർഥ്യമാക്കുന്നത്. മൂല്യവർദ്ധിത സർവീസുകളിലേക്ക് കടന്ന് കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാനത്തിന്റെ സ്വന്തം ഇന്റർനെറ്റ് സേവനം കെ-ഫോൺ പ്രവർത്തിക്കുന്നത്. മറ്റ് സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളോട് കിടപിടിക്കാൻ സാധിക്കുന്ന നിലവാരത്തിലുള്ള സേവനമാണ് കെ-ഫോൺ ഒരുക്കുന്നത്.
ഐപിടിവി, വിഎൻഒ ലൈസൻസ് എന്നീ അടുത്ത ഘട്ട പദ്ധതികളോടൊപ്പം, സംസ്ഥാനത്തിന് പുറത്തേക്കും സേവനം വ്യാപിപ്പിക്കാനുള്ള ISP ‘A’ ലൈസൻസും കെ-ഫോൺ നേടിയിട്ടുണ്ട്. ഇതിനോടകംതന്നെ സംസ്ഥാനത്താകെ ഒരു ലക്ഷത്തിൽപ്പരം ഉപഭോക്താക്കളെ കൈവരിച്ചെന്നത് ഈ പദ്ധതിയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് തെളിവാണ്. ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഇന്റർനെറ്റ് എത്തിച്ചേരുന്ന കേരളത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ ശക്തിയായി കെ-ഫോൺ മാറിക്കഴിഞ്ഞിരിക്കുന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകി, വിദ്യാഭ്യാസത്തിലും തൊഴിലിലും ഡിജിറ്റൽ ലോകത്തിന്റെ എല്ലാ അവസരങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കി. ഇതുവരെ 14,194 കുടുംബങ്ങൾക്കാണ് കെഫോൺ സൗജന്യ കണക്ഷൻ നൽകിയത്. അതിൽ കോട്ടൂർ പഞ്ചായത്തിലെ 103 ആദിവാസി കുടുംബങ്ങളും അട്ടപ്പാടിയിലെ 396 ആദിവാസി കുടുംബങ്ങളും ഉൾപ്പെടുന്നു. ഗതാഗത സൗകര്യങ്ങൾപോലും പരിമിതമായ എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കെ-ഫോൺ ബിപിഎൽ കണക്ഷനുകൾ ലഭ്യമാക്കിക്കഴിഞ്ഞു.

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മേഖലയിലും ഹൈസ്പീഡ് ഇന്റർനെറ്റ് സേവനമെത്തിക്കാൻ തയ്യാറെടുക്കുകയാണ് കെഫോൺ. ഇതിനായി നെല്ലിയാമ്പതി-കൊല്ലങ്കോട് ബാക്ക്‌ബോൺ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ പരിമിതമായ പ്രദേശങ്ങളിലാണ് കെഫോൺ ബ്രോഡ്ബാൻഡ് കണക്ഷനുകളെത്തിക്കുവാൻ തയ്യാറെടുക്കുന്നത്. 17 സർക്കാർ ഓഫീസുകൾക്കായിരിക്കും ആദ്യഘട്ടത്തിൽ കെഫോൺ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. തുടർന്ന് ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കെ-ഫോണിന്റെ അതിവേഗ ഇന്റർനെറ്റ് സേവനത്തിന്റെ ഗുണഭോക്താക്കളാകാം.
കേരളത്തിന്റെ ഐ.ടി ഇൻഫ്രാസ്ട്രക്ചർ വികസനവും ലക്ഷ്യമിടുന്നുണ്ട്. ഇന്റർനെറ്റ് കടന്നുചെല്ലാൻ പ്രയാസമേറുന്ന ഇത്തരം മേഖലകളിലേക്ക് ഫൈബറുകൾ വിന്യസിക്കുന്നത് വഴി ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് കണക്ഷനും ഒപ്പം മറ്റ് അനുബദ്ധ സേവനങ്ങളും ലഭ്യമാക്കാൻ കഴിയും. കെ-ഫോൺ കണക്ഷനുകൾക്കുപരി മറ്റ് ഇന്റർനെറ്റ് സേവനദാതാക്കൾക്കും കെഫോൺ ഫൈബറുകൾ ലീസിനെടുത്ത് ഇന്റർനെറ്റ് സേവനം നൽകാൻ ഇതുവഴി കഴിയും.
സംസ്ഥാനത്തെ 23,355 സർക്കാർ ഓഫീസുകളിൽ കെഫോൺ കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ബാക്കിയുള്ള സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കഴിഞ്ഞ ഒന്നര വർഷത്തോളമായി സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും, 2024 ജൂൺ മുതൽ നിയമസഭയിലും കെ-ഫോൺ കണക്ഷനാണ് ഉപയോഗിക്കുന്നത്.
നിലവിൽ 79,123 ഫൈബർ ടു ഹോം (FTTH) കണക്ഷനുകൾ പ്രവർത്തനക്ഷമമാണ്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും, സ്‌മോൾ & മീഡിയം എന്റർപ്രൈസസുകൾക്കുമായി 220 ഇന്റർനെറ്റ് ലീസ് ലൈൻ കണക്ഷനുകളും 265 എസ്.എം.ഇ ബ്രോഡ്ബാൻഡ് കണക്ഷനുകളും നിലവിലുണ്ട്. ഏഴായിരത്തോളം കിലോമീറ്റർ ഡാർക്ക് ഫൈബർ വാണിജ്യ അടിസ്ഥാനത്തിൽ പത്ത് ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്. 3,800 ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരാണ് കെ-ഫോണുമായി എഗ്രിമെന്റിലേർപ്പെട്ട് പ്രവർത്തിക്കുന്നത്.
ഇതുവരെ 1,25,548 കണക്ഷനുകൾ കെ-ഫോൺ പൂർത്തിയാക്കി കഴിഞ്ഞു. 2026 ഓടെ 2.5 ലക്ഷം കണക്ഷനുകൾ നൽകുകയാണ് ലക്ഷ്യം. പദ്ധതി പൂർണ്ണാർഥത്തിൽ സഫലമാകുമ്പോൾ, കേരളത്തിലെ എല്ലാ വീടുകളിലും ഓഫീസുകളിലും വ്യവസായ സ്ഥാപനങ്ങളിലും ഉയർന്ന വേഗതയിലും സ്ഥിരതയിലും ഇന്റർനെറ്റ് ലഭ്യമാകും.
ഏതൊരു സാധാരണക്കാർക്കും താങ്ങാനാകുന്ന രീതിയിൽ കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് കെ ഫോൺ ഉപഭോക്താക്കൾക്കായി ഉറപ്പുനൽകുന്നത്. 99.9 ശതമാനമാണ് ലഭ്യതാ നിരക്ക് കണക്കാക്കുന്നത്. വിനോദവും വിജ്ഞാനവും വിരൽത്തുമ്പിലൊരുക്കി 29ലധികം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും 350ലധികം ഡിജിറ്റൽ ടി.വി ചാനലുകളുമടങ്ങുന്ന സേവനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ ഫൈവ്, ഫാൻ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്സ് ടി.വി തുടങ്ങിയവ കെഫോൺ വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും.
മാലിന്യമുക്തം>>

മാലിന്യത്തിൽ നിന്ന് മോചനത്തിനായി വിവിധ പദ്ധതികളും പരിപാടികളും കോർത്തിണക്കി സംസ്ഥാനസർക്കാർ 2023 മെയ് മുതൽ നടപ്പിലാക്കിയ യജ്ഞമാണ് മാലിന്യമുക്തം നവകേരളം. ഇതിന്റെ രണ്ടാംഘട്ടം ജനകീയ യജ്ഞമായി 2024 ഒക്ടോബർ 2 മുതൽ മാർച്ച് 31 വരെയും നടപ്പിലാക്കി. മാലിന്യശേഖരണം, സംഭരണം, സംസ്‌കരണം എന്നിവയിൽ കേരളത്തിന്റെ ശേഷി വർധിപ്പിക്കുക, മാലിന്യപരിപാലനത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കുക, വിദ്യാലയങ്ങൾ, പൊതുവിടങ്ങൾ മുതലായവ മാലിന്യമുക്തമാക്കി ഹരിത പദവി നേടിയെടുക്കുക, മാലിന്യപരിപാലനത്തിൽ വിവിധ വകുപ്പുകളുടെ സംയോജനം സാധ്യമാക്കുക എന്നിവയായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പ് നേതൃത്വം നൽകിയ ഈ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
രാജ്യത്ത് എല്ലായിടത്തും നഗരങ്ങൾ കേന്ദ്രീകരിച്ചു മാത്രമാണ് മാലിന്യ പരിപാലനം കാര്യക്ഷമമായി നടക്കുന്നതെങ്കിൽ കേരളം നിശ്ചയിച്ച ലക്ഷ്യം 941 ഗ്രാമപഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിങ്ങനെ കേരളത്തിലെ 1034 തദ്ദേശസ്ഥാപനങ്ങളും മാലിന്യമുക്തമാക്കുക എന്നതായിരുന്നു. സമ്പൂർണ്ണമായി മാലിന്യമുക്തമാക്കണമെങ്കിൽ ജൈവ, അജൈവ ദ്രവമാലിന്യങ്ങൾ പൂർണ്ണമായി കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നതിനാൽ ആദ്യഘട്ടത്തിൽ പ്രധാനമായും അജൈവമാലിന്യം കൈകാര്യം ചെയ്യൽ, ഹരിത പദവി നേടിയെടുക്കൽ, നിയമനടപടി സ്വീകരിക്കൽ എന്നിവയെ അടിസ്ഥാനമാക്കി 13 മാനദണ്ഡങ്ങൾ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങളെ വിലയിരുത്തിയത്. അങ്ങനെ ആകെ 1034-ൽ 1021 തദ്ദേശസ്ഥാപനങ്ങളും മാലിന്യമുക്തമായി പ്രഖ്യാപിച്ചു.

പുതുമയായി
വൃത്തി ക്ലോൺക്ലേവ്
2025 ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് കനകക്കുന്നിൽ തദ്ദേശസ്വയംഭരണവകുപ്പ് നടത്തിയ ‘വൃത്തി കോൺക്ലേവ്’ ഈ പ്രഖ്യാപനംകൊണ്ടും മാലിന്യ പരിപാലനരംഗത്തെ വിദഗ്ധരുടെയും ജനങ്ങളുടെയും പങ്കാളിത്തം കൊണ്ടും പുതിയ ആശയങ്ങളുടെ പേരിലും ശ്രദ്ധേയമായി.
ഹരിതമിത്രം ആപ്പ്
അജൈവമാലിന്യം ശേഖരിക്കുന്നതിൽ പ്രത്യേകിച്ച് ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിച്ച് വാതിൽപ്പടി ശേഖരണം സാധ്യമാക്കുന്നതിൽ ഉണ്ടായ വലിയ മാറ്റമാണ്. 2023 മാർച്ചിൽ 376 തദ്ദേശസ്ഥാപനങ്ങളിലായി 11.24 ലക്ഷം വീടുകൾ /സ്ഥാപനങ്ങളിൽ നിന്നാണ് ഹരിതമിത്രം ആപ്പ് ഉപയോഗിച്ച് മാലിന്യ ശേഖരണം നടന്നിരുന്നതെങ്കിൽ ഇപ്പോഴത് 1019 തദ്ദേശസ്ഥാപനങ്ങളിലായി 90 ലക്ഷം പേരിലേക്ക് വ്യാപിപ്പിക്കാൻ സാധിച്ചു. ബാക്കി 15 തദ്ദേശസ്ഥാപനങ്ങളും മറ്റ് ഡിജിറ്റൽ ആപ്പുകൾ ഉപയോഗിക്കുന്നു.
ഇക്കാലയളവിലെ മറ്റൊരു ശ്രദ്ധേയമായ നേട്ടം ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവിൽ ഉണ്ടായ വർധനവാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുമായി ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്വകാര്യ എംപാനൽഡ് ഏജൻസികൾ എന്നിവ ചേർന്ന് നീക്കം ചെയ്തത് 1,52,602 ടൺ മാലിന്യമാണ്. ഇത് കൈകാര്യം ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങളായ mini MCF, MCF, RRF എന്നിവയുടെ ശേഷിയും വലിയ തോതിൽ വർധിച്ചു.
അതിദാരിദ്ര്യ നിർമ്മാർജന യജ്ഞം>>

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ആദ്യ ദിവസമായ 2021 മെയ് 20ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുമെന്ന ചരിത്രപരമായ തീരുമാനമെടുത്തത്.
2023 ൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ് – കേരളത്തിലെ ദരിദ്രർ സംസ്ഥാന ജനസംഖ്യയുടെ 0.55 ശതമാനം മാത്രമാണ്. 1973-74 ൽ കേരളത്തിലെ ദരിദ്രർ സംസ്ഥാന ജനസംഖ്യയുടെ 59.74 ശതമാനമായിരുന്നു.
ആദ്യഘട്ടം
വിശദമായ സർവെയാണ് ആദ്യം ആരംഭിച്ചത്. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ ക്ലേശഘടകങ്ങളെ അടിസ്ഥാനമാക്കി 2021 ജൂലൈയിൽ ആരംഭിച്ച് 2022 ജനുവരിയിൽ പൂർത്തിയാക്കിയ സർവെയിലൂടെ ലഭിച്ച വിവരങ്ങൾ സൂക്ഷ്മവിശകലനം ചെയ്ത് 64,006 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തി.
മരണം, മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം, പട്ടികയിലെ ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ അതിദരിദ്രരുടെ കണക്കിൽ പിന്നെയും കുറവുണ്ടായി. അന്തിമ കണക്കിൽ കേരളത്തിലെ അതിദരിദ്ര കുടുംബങ്ങൾ 55852 ആണ്.
മൈക്രോ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനം
ഭക്ഷണം ആവശ്യമുണ്ടെന്ന് കണ്ടെത്തിയ 20,654 കുടുംബങ്ങളിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ കഴിയുന്ന 18,421 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളും അതിന് കഴിയാത്ത 2233 കുടുംബങ്ങൾക്ക് ജനകീയ ഹോട്ടലുകൾ, സാമൂഹ്യ അടുക്കളകൾ എന്നിവ വഴി പാകം ചെയ്ത ഭക്ഷണവും എത്തിക്കുന്നു.
ആരോഗ്യം ക്ലേശഘടകമായ കുടുംബങ്ങളിൽ 29,478 ഗുണഭോക്താക്കൾക്ക് മരുന്ന് ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നു. സാന്ത്വന ചികിത്സ ആവശ്യമുള്ള 4870 ഗുണഭോക്താക്കൾക്ക് അത് കൃത്യമായി നൽകുന്നു. അവയവ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് ഗുണഭോക്താക്കൾക്ക് വേണ്ട സഹായം നൽകുവാനും കഴിഞ്ഞു.
വരുമാനം ക്ലേശഘടകമായുള്ള 5350 കുടുംബങ്ങളിൽ ജീവനോപാധിക്കുള്ള പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ള 4395 കുടുംബങ്ങൾക്ക് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഉജ്ജീവനം’ പദ്ധതി വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ടും മറ്റ് വകുപ്പുകൾ മുഖേനയും വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സഹായം നൽകി.
വീട് മാത്രം ആവശ്യമുള്ള 3773 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ആനുകൂല്യം നൽകി. വസ്തുവും വീടും ആവശ്യമുള്ള 1253 കുടുംബങ്ങളുടെ വീട് നിർമ്മാണം പൂർത്തിയായി. ഭവനപുനരുദ്ധാരണം ആവശ്യമുള്ള കുടുബങ്ങൾക്ക് വർധിപ്പിച്ച ആനുകൂല്യം നൽകുകയും 5144 വീടുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമി കണ്ടെത്തുന്നതിനായി ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതി എല്ലാ ജില്ലകളിലും നടന്നുവരുന്നു. ഇതുവരെ 205.7 സെന്റ് ഭൂമിയും റവന്യു വകുപ്പ് മുഖേന 2863.508 സെന്റ് റവന്യു ഭൂമിയും കണ്ടെത്തിയിട്ടുണ്ട്.
ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, സാമൂഹികക്ഷേമ പെൻഷൻ, തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് എന്നിവയടക്കമുള്ള അവകാശരേഖകൾ ഇല്ലാതിരുന്ന 21263 പേർക്ക് അവ നൽകി. ആവശ്യമായവർക്ക് പാചകവാതക കണക്ഷൻ, വൈദ്യുതി കണക്ഷൻ എന്നിവ ലഭ്യമാക്കി. 1747 വിദ്യാർഥികൾക്ക് സൗജന്യ യാത്രാ പാസ് ലഭ്യമാക്കി.
പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ 2023 നവംബർ ഒന്നിന് പൂർത്തിയായിരുന്നു. അന്ന് ‘കേരളീയം’ പരിപാടിയിൽ 30658 (47.89%) കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പിഎസ് സി നിയമനങ്ങൾ>>

ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ സർക്കാർ സർവീസിലെ മുഴുവൻ തസ്തികകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്ന രാജ്യത്തെ ഏക പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. മറ്റു സംസ്ഥാനങ്ങളിൽ ഉയർന്ന തസ്തികകളിൽ മാത്രമാണ് പബ്ലിക് സർവീസ് കമ്മീഷൻ മുഖേന തിരഞ്ഞെടുപ്പ് നടത്തുന്നത്.
ഏകദേശം 100ൽ പരം സർക്കാർ വകുപ്പുകൾ, നൂറിലധികം കമ്പനികൾ/ബോർഡുകൾ/കോർപ്പറേഷനുകൾ, സർവകലാശാലകൾ തുടങ്ങിയിടങ്ങളിലായി 1763 തസ്തികകളിൽ കമ്മീഷൻ തിരഞ്ഞെടുപ്പ് നടത്തി വരുന്നു.
ആകെ നിയമന ശിപാർശകൾ, തിരഞ്ഞെടുപ്പ് നടത്തുന്ന തസ്തികകളുടെ എണ്ണം, തിരഞ്ഞെടുപ്പിന് അവലംബിക്കുന്ന വ്യത്യസ്ത രീതികൾ, ആകെ നടത്തുന്ന പരീക്ഷകൾ, ഓരോ വർഷവും അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ എണ്ണം എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ.
വർഷംതോറും മുപ്പതിനായിരത്തിലധികം നിയമന ശിപാർശകൾ നൽകിവരുന്നു. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനും മുഴുവൻ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളും നൽകുന്ന നിയമന ശിപാർശകളുടെ ആകെ എണ്ണത്തിന്റെ അറുപത് ശതമാനം വരും.
തിരഞ്ഞെടുപ്പ് നടപടികൾ ആസ്ഥാന, മേഖലാ, ജില്ലാ ഓഫീസുകളിൽ വികേന്ദ്രീകരിച്ചു നടപ്പാക്കി വരുന്ന രാജ്യത്തെ ഏക പബ്ലിക് സർവീസ് കമ്മീഷനാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. മനുഷ്യവിഭവ ശേഷിയുടെ കാര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ രാജ്യത്ത് ഒന്നാമത്. രാജ്യത്ത് കമ്പ്യൂട്ടർവത്ക്കരണം നടപ്പാക്കിയ ആദ്യ പബ്ലിക് സർവീസ് കമ്മീഷനുകളിൽ ഒന്നാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതോടുകൂടി ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ പബ്ലിക് സർവീസ് കമ്മീഷനായി കേരള പി എസ് സി മാറും.
തുടർച്ചയായ റാങ്ക് ലിസ്റ്റുകൾ
പ്രധാനപ്പെട്ട റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നു.
യൂണിഫോംഡ് ഫോഴ്സുകളിൽ
വാർഷിക തിരഞ്ഞെടുപ്പ്
യൂണിഫോംഡ് ഫോഴ്സുകളിലെ ട്രെയിനിങ് നിർബന്ധമാക്കിയിട്ടുളള പോലീസ് കോൺസ്റ്റബിൾ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, എക്സൈസ് ഇൻസ്പെക്ടർ, സിവിൽ എക്സൈസ് ഓഫീസർ, ഫയർ & റെസ്‌ക്യൂ ഓഫീസർ തുടങ്ങിയ തസ്തികകളുടെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വർഷമായി നിജപ്പെടുത്തിയിരിക്കുന്നു.
വാർഷിക പരീക്ഷ കലണ്ടർ
തിരഞ്ഞെടുപ്പ് നടപടികൾ സമയബന്ധിതമാക്കുന്നതിനും ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുപ്പിനുളള സൗകര്യത്തിനായും ജനുവരി ഒന്നിന് തന്നെ വാർഷിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കുന്നു.
പരീക്ഷകൾ, നിയമന ശിപാർശകൾ
- ഒരു വർഷം ശരാശരി 800 ഓളം വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു വരുന്നു.
- ഓരോ വർഷവും ഒരു കോടിയിൽപ്പരം അപേക്ഷകൾ ലഭിക്കുന്നു; 60 ലക്ഷത്തോളം ഉദ്യോഗാർഥികൾ പരീക്ഷകളിൽ പങ്കെടുക്കുന്നു.
- ഓരോ വർഷവും 50000ൽ പരം ഉദ്യോഗാർഥികൾക്കായി അഭിമുഖ പരീക്ഷയും വിവിധ തസ്തികകളിലായി 30000 പേർക്ക് കായിക്ഷമതാ പരീക്ഷയും നടത്തിവരുന്നു.
- ഇത്രയും വിപുലവും വൈവിധ്യവുമായ തിരഞ്ഞെടുപ്പ് നടത്തുന്ന മറ്റൊരു റിക്രൂട്ടിങ് സംവിധാനവും രാജ്യത്ത് നിലവിലില്ല.
സാങ്കേതികവിദ്യയുടെ ഉപയോഗം
അപേക്ഷ സ്വീകരിക്കുന്നതു മുതൽ നിയമന ശിപാർശ നൽകുന്നതു വരെയുളള മുഴുവൻ പ്രവർത്തനങ്ങളും കമ്പ്യൂട്ടർ അധിഷ്ഠിതമായി നടപ്പിലാക്കുന്നു.
കമ്മീഷനിൽ ഉപയോഗിച്ചു വരുന്ന സോഫ്റ്റുവെയറുകൾ കമ്മീഷന്റെ സാങ്കേതികവിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് വികസിപ്പിച്ച് പരിപാലിച്ചു വരുന്നത്. ഇത് രാജ്യത്ത് തന്നെ ഒരു അപൂർവ മാതൃകയാണ്.
ഭക്ഷ്യപൊതുവിതരണം>>

രാജ്യത്ത് 2013-ൽ ഭക്ഷ്യ ഭദ്രതാ നിയമം നിലവിൽ വന്നുവെങ്കിലും കേരളത്തിൽ നടപ്പിലാക്കുന്നത് 2016-ലാണ്. സമഗ്രമായ മാറ്റങ്ങളോടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലാണ് കേരളം നിയമം നടപ്പാക്കിയത്. സംസ്ഥാനത്ത് പ്രവർത്തിച്ചുവന്ന നാനൂറോളം സ്വകാര്യ മൊത്ത റേഷൻ വിതരണക്കാരെ പൂർണ്ണമായും ഒഴിവാക്കി NFSA ഗോഡൗണുകൾ സ്ഥാപിച്ചു. ഇ-പോസ് മെഷീൻ സ്ഥാപിച്ച് ബയോമെട്രിക്ക് സംവിധാനം വഴി കൃത്യമായ റേഷൻ വിതരണം ഉറപ്പുവരുത്തി. ദേശീയ ഭക്ഷ്യഭദ്രതാ നിയമം പ്രകാരം നഗര ജനസംഖ്യയുടെ 50%വും ഗ്രാമീണ ജനസംഖ്യയുടെ 75%വും ഭക്ഷ്യഭദ്രതാ പദ്ധതിയിൽ ഉൾപ്പെടുത്തണം. കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് നഗര ജനസംഖ്യയുടെ 39%വും ഗ്രാമീണ ജനസംഖ്യയുടെ 53%വുമാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്.
ഈ നിയമമനുസരിച്ച് അന്ത്യോദയ അന്ന യോജന (AAY), മുൻഗണനാ വിഭാഗം (Priority House Hold -PHH) എന്നിങ്ങനെ രണ്ട് വിഭാഗമായി ഉപഭോക്താക്കളെ തരംതിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മേൽ വിഭാഗങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്തവരും എന്നാൽ ഭക്ഷ്യ സബ്സിഡിയ്ക്ക് അർഹരായിട്ടുളളവരുമായ കുടുംബങ്ങളെ NPS (Non Priority Subsidy) വിഭാഗത്തിൽ ഉൾപ്പെടുത്തി. കോൺവെന്റുകൾ, സന്യാസിമഠങ്ങൾ, ഓർഫണേജുകൾ, ഓൾഡേജ് ഹോം എന്നിവിടങ്ങളിലെ അന്തേവാസികൾക്കായി പ്രത്യേകം റേഷൻകാർഡ് (ബ്രൗൺ കാർഡ്) അനുവദിച്ചു. നിലവിൽ കേരളത്തിൽ അഞ്ച് തരം റേഷൻ കാർഡുകളുണ്ട്.

ഒപ്പം പദ്ധതി
ഭക്ഷ്യഭദ്രതാ നിയമത്തിന്റെ 30-ാം വകുപ്പ് പ്രകാരം ഉൾവനങ്ങളിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് സഞ്ചരിക്കുന്ന റേഷൻകടയുടെ സേവനം നടപ്പിലാക്കി. കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യം വീട്ടിലെത്തിക്കുന്നതിനായി ‘ഒപ്പം’ പദ്ധതി ആരംഭിച്ചു. റേഷൻ കാർഡ് സേവനങ്ങൾ പൂർണ്ണമായും ഓൺലൈനാക്കി.

ഇ – റേഷൻ കാർഡുകളും
കെ സ്റ്റോറും
സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു. സ്മാർട്ട് കാർഡുകളുടെ രൂപത്തിൽ കാർഡുടമയുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിക്കൊണ്ട് ഇ-റേഷൻ കാർഡുകളാക്കി. ബാങ്കിങ്, utility payments, CSC സേവനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പാചകവാതകം തുടങ്ങിയവ റേഷൻകടകൾ വഴി നടപ്പാക്കുന്ന കെ-സ്റ്റോർ ആക്കി മാറ്റുന്ന നടപടികളും നടക്കുന്നു. ”വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകുന്ന ‘സുഭിക്ഷ’ ഹോട്ടലുകൾ ആരംഭിച്ചു. ഉപഭോക്തൃ സംരക്ഷണം കാര്യക്ഷമമാക്കാൻ ജില്ലാ മീഡിയേഷൻ സെല്ലുകൾ, പരാതികൾ ഇ-ഫയലിങ് നടത്താനുള്ള സൗകര്യം എന്നിവ നടപ്പാക്കി.
സംസ്ഥാന ഭക്ഷ്യകമ്മിഷൻ
സംസ്ഥാനത്ത് 2019-ൽ രൂപീകരിച്ച സംസ്ഥാന ഭക്ഷ്യകമ്മിഷൻ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് യഥാസമയം നിർദേശങ്ങൾ/റിപ്പോർട്ടുകൾ നൽകുന്നു. പരാതികൾ സംസ്ഥാന ഭക്ഷ്യകമ്മിഷൻ നേരിട്ടും, വെബ്സൈറ്റ്, ഇ-മെയിൽ, ടെലഫോൺ വഴിയും നൽകാം.
പ്രവാസം>>

മലയാളിപ്രവാസത്തിന്റെ ഏറ്റവും വിശ്വസനീയമായ കണക്കുകൾ കേരള മൈഗ്രേഷൻ സർവേ വഴിയാണ് ലഭ്യമാകുന്നത്. കേരള മൈഗ്രേഷൻ സർവേ (KMS) 2023 പ്രകാരം, കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം ഏകദേശം 2.2 ദശലക്ഷം ആണ്. ജിസിസി (GCC) രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ ദീർഘകാലമായി മുന്നിൽനിൽക്കുന്ന ഒരു മേഖലയായി കേരളം അറിയപ്പെട്ടിരുന്നുവെങ്കിലും, ഇപ്പോൾ ലക്ഷ്യസ്ഥാനങ്ങളിലും കുടിയേറ്റത്തിന്റെ സ്വഭാവത്തിലും വൈവിധ്യവൽക്കരണം സംഭവിക്കുന്നു. കേരള മൈഗ്രേഷൻ സർവേ (KMS) 2023 സൂചിപ്പിക്കുന്നത്, ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2018-ലെ 89.2% -ൽനിന്ന് 2023-ൽ 80.5% ആയി കുറഞ്ഞു എന്നാണ്.
പ്രവാസി കേരളീയർ (എൻ.ആർ.കെ) നാട്ടിലേക്ക് അയയ്ക്കുന്ന പണം കേരളത്തിന്റെ ജിഡിപിയുടെ വലിയൊരു ശതമാനം വരും. ഇത് നാടിന് സാമ്പത്തിക സ്ഥിരത നൽകുക മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിൽ നിക്ഷേപം സാധ്യമാക്കുകയും ചെയ്യുന്നു. പ്രവാസികൾക്ക് ആഴത്തിലുള്ള സാമൂഹിക സ്വാധീനവും സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളിലായാലും കോവിഡ് മഹാമാരി പോലുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളിലായാലും മാനുഷിക ശ്രമങ്ങളിൽ അവരുടെ ഇടപെടൽ കേരളത്തിന്റെ ഐക്യദാർഢ്യം, സഹാനുഭൂതി, സാമൂഹിക സേവനം എന്നിവയടങ്ങുന്ന മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രവാസികൾ വഹിച്ച പങ്ക് നിസ്തുലമാണ്.

പ്രവാസി വകുപ്പ് രാജ്യത്താദ്യം
പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. 1996-ൽ കേരളം നോൺ-റെസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ് (NORKA) പ്രവാസി കേരളീയകാര്യ വകുപ്പ് ഒരു സർക്കാർ വകുപ്പായി സ്ഥാപിച്ചു. 2002ൽ സ്ഥാപിതമായ നോർക്ക വകുപ്പിന്റെ നിർവ്വഹണവിഭാഗമായ (Field Agency) നോർക്ക-റൂട്ട്സ്, സംസ്ഥാനതല കുടിയേറ്റ ഭരണതലത്തിലെ അനുകരണനീയമായ മാതൃകയാണ്.

നോർക്ക റൂട്സിനു പുറമേ നാലുസ്ഥാപനങ്ങൾ കൂടി നോർക്ക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു. 2009-ൽ സ്ഥാപിതമായ നോർക്ക വെൽഫെയർ ബോർഡ്, പ്രവാസി പെൻഷൻ സ്‌കീം പോലുള്ള ക്ഷേമപരിപാടികൾ കൈകാര്യം ചെയ്യുന്നു. പ്രവാസി കേരളീയർ (എൻ.ആർ.കെ.കൾ) ഉന്നയിക്കുന്ന പരാതികളും തർക്കങ്ങളും പരിഹരിക്കുന്ന ഒരു അർദ്ധ ജുഡീഷ്യൽ സ്ഥാപനമാണ് എൻ.ആർ.ഐ.(കെ) കമ്മീഷൻ. 2017-ൽ നിലവിൽ വന്ന ലോകകേരളസഭ, നയരൂപീകരണത്തിൽ പ്രവാസികൾക്ക് പങ്കുചേരാനുള്ള ഒരു വേദി ഒരുക്കുന്നു. നിലവിൽ 103 രാജ്യങ്ങളിൽനിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികൾ സഭയുടെ ഭാഗമാണ്. 2019ൽ സ്ഥാപിതമായ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് ലിമിറ്റഡ് (OKIH) പ്രവാസികൾക്ക് കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനപദ്ധതികളിൽ നിക്ഷേപം നടത്താൻ സൗകര്യമൊരുക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ഒൻപതുവർഷക്കാലംകൊണ്ട് നോർക്കയുടെ പദ്ധതി വിഹിതത്തിൽ അഞ്ചിരട്ടി വർധനവാണ് ഉണ്ടായത്. നോർക്കയുടെ ആദ്യ പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട്സ് ഫോർ റിട്ടേൺ മൈഗ്രന്റ്സ് (NDPREM) 2013 മുതൽ നാളിതുവരെ 8900ൽപരം സ്ഥാനങ്ങൾ ആരംഭിക്കുവാൻ ധനസഹായം നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് തിരികെയെത്തിയ പ്രവാസികൾക്കായി ആരംഭിച്ച പ്രവാസി ഭദ്രത മറ്റൊരു പുനരധിവാസ പദ്ധതിയാണ്. അടിയന്തിരസഹായവും പ്രതിസന്ധിഘട്ടങ്ങളിലുള്ള ഇടപെടലുകളും ഉറപ്പുവരുത്തുന്ന ‘സാന്ത്വന’ പോലെയുള്ള സമാശ്വാസപരിപാടികൾ (Distress Support Programs), ഐഡന്റിറ്റി ഡോക്യുമെന്റേഷൻ, നോർക്ക കെയർ, പ്രവാസി രക്ഷാ എന്നീ ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാപദ്ധതികൾ (Social Security Schemes), സുതാര്യമായ റിക്രൂട്ട്മെന്റ് വഴി സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്തുന്ന പദ്ധതികൾ എന്നിവയും നോർക്ക വകുപ്പിന്റെ ഭാഗമാണ്.
മത്സ്യത്തൊഴിലാളി ക്ഷേമം>>

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനത്തിൽ, പ്രത്യകിച്ച് അവരുടെ വിദ്യാഭ്യാസം, ക്ഷേമം, തൊഴിൽ എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്.
പുനർഗേഹം
കടൽക്ഷോഭ ഭീഷണിയിൽ ദുരിതമനുഭവിക്കുന്നവരെ സുരക്ഷിതമേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന പുനർഗേഹം പദ്ധതി മത്സ്യത്തൊഴിലാളിക്ഷേമം ഉറപ്പാക്കുന്നതിലെ വിപ്ലവകരമായ ചുവടുവെപ്പാണ്. 22,174 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ്പദ്ധതിയിൽ ഇതുവരെ 9,104 കുടുംബങ്ങളാണ് മാറി താമസിക്കുന്നതിന് സന്നദ്ധമായിട്ടുള്ളത്. ഇതിൽ 2,528 കുടുംബങ്ങൾ സ്വന്തം ഭവനങ്ങൾ പൂർത്തിയാക്കിയപ്പോൾ 722 കുടുംബങ്ങൾ ഫ്ളാാറ്റുകളിലേക്ക് താമസം മാറി. 775 വീടുകളുടെയും 804 ഫ്ളാറ്റുകളുടെയും പണി പുരോഗമിക്കുന്നു. പദ്ധതിക്കായി 2450 കോടി വകയിരുത്തുകയും, നാളിതുവരെ 493.41 കോടി രൂപ അനുവദിച്ചതിൽ 449.5 കോടി രൂപ ഇതിനോടകം വിനിയോഗിക്കുകയും ചെയ്തു.
വിദ്യാതീരം, തൊഴിൽതീരം
വിദ്യാഭ്യാസ രംഗത്ത്, വിദ്യാതീരം പദ്ധതി മുഖേന ഒരു വലിയ വിപ്ലവം തന്നെ സൃഷ്ടിക്കുന്നതിന് സാധിച്ചു. പ്രവേശന പരീക്ഷക്കുള്ള പരിശീലന സഹായം നൽകുന്നത് വഴി കഴിഞ്ഞ പത്തുവർഷത്തിനിടെ 97 വിദ്യാർഥികൾക്ക് MBBS പ്രവേശനവും, 72 പേർക്ക് 805, BAMS, BHMS, BVSc തുടങ്ങിയ മറ്റു മെഡിക്കൽ കോഴ്സുകളിലും പ്രവേശനം സാധ്യമാക്കി. കൂടാതെ, 264 പേർ മറ്റു പ്രൊഫഷണൽ കോഴ്സുകളിലും പ്രവേശനം നേടി. 2024-25 വർഷം പരിശീലനം ലഭിച്ച വിദ്യാർഥികളിൽ 26 വിദ്യാർഥികൾ മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കൽ പ്രവേശന പരീക്ഷയുടെ പരിശീലനത്തിന് 1.25 ലക്ഷം രൂപയും, NIT/IIT പ്രവേശനത്തിന് 70,0083 രൂപയും വരെ സാമ്പത്തിക സഹായം നൽകുന്നുണ്ട്.
മത്സ്യവിപണനത്തിനു പോകുന്ന വനിതകളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. യും ഫിഷറീസ് വകുപ്പും സംയുക്തമായി 2021-22 സാമ്പത്തിക വർഷം ആരംഭിച്ച സമുദ്ര ബസ് സർവീസ് മുഖേന മത്സൃവിപണനത്തിലേർപ്പെട്ടുന്ന വനിതകൾക്ക് സൗജന്യയാത്ര ഉറപ്പാക്കി. വിഴിഞ്ഞം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് രണ്ട് ബസ്സുകളും പൂന്തുറ ഡിപ്പോയിൽ നിന്നു ഒരു ബസ്സുമാണ് ഇതിനായി സർവീസ് നടത്തുന്നത്.
തൊഴിൽ, സാമൂഹികക്ഷേമം എന്നീ മേഖലകളിലും വകുപ്പ് വലിയ ഊന്നൽ നൽകി. തൊഴിൽതീരം പദ്ധതി വഴി യുവതീ-യുവാക്കൾക്ക് സ്വയംതൊഴിൽ പരിശീലനവും വായ്പാസഹായവും നൽകി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സാഫ് മുഖേന 607 ചെറുകിട തൊഴിൽ യൂണിറ്റുകളും, 546 JLG യൂണിറ്റുകളും ആരംഭിച്ചു. ഈ യുണിറ്റുകളുടെ വാർഷിക വരുമാനം 100 കോടിരൂപയിൽ നിന്ന് 136.5 കോടി രൂപയായി ഉയർന്നു. ഒരിക്കൽ നഷ്ടത്തിലായിരുന്ന മത്സ്യഫെഡ് 6.4968 കോടി രൂപ ലാഭവും, അഡാക് 4.3 കോടി രൂപ ലാഭവും നേടി.
ഇൻഷുറൻസ് പരിരക്ഷ
മത്സ്യത്തൊഴിലാളി ഇൻഷുറൻസ് പരിരക്ഷ അഞ്ച് ലക്ഷത്തിൽനിന്നും പത്ത് ലക്ഷമാക്കി. 2018-19 സാമ്പത്തിക വർഷം മുതൽ പ്രീമിയം തുകയുടെ 90% സർക്കാർ വിഹിതമൊടുക്കിക്കൊണ്ട് മത്സ്യബന്ധനയാനങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. മണ്ണെണ്ണയുടെ ദൗർലഭ്യവും വിലവർധനയും പരിഗണിച്ച്, മണ്ണെണ്ണ എൻജിനുകളെ പെട്രോൾ 16 എഞ്ചിനുകളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്.
520 FRP വള്ളങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. സുരക്ഷാ ഉപകരണങ്ങളായ ജി.പി.എസ്, ലൈഫ് ബോയെ, ഏഎക്കോസൂണ്ടർ, DAT, VHF മറൈൻ റേഡിയോ എന്നിവ വിതരണം ചെയ്തു. കടലിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ തത്സമയ ആശയവിനിമയം ഉറപ്പാക്കുന്നതിനായി 40,005 രൂപയോളം വിലവരുന്ന ട്രാൻസ്പോണ്ടറുകൾ സൗജന്യമായി യാന ഉടമകൾക്ക് വിതരണം ചെയ്യുന്നു. 40,000 ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു.
കൃത്രിമപ്പാരുകൾ :
മത്സ്യോൽപ്പാദനത്തിൽ വർധന
കടൽമത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും, സംസ്ഥാനത്തെ പരമ്പരാഗത മത്സൃത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യലഭൃതയും വരുമാന വർധനവും ലക്ഷ്യമിട്ട് കൃത്രിമപ്പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ 16 മത്സ്യഗ്രാമങ്ങളിലായി 4190 കൃത്രിമപ്പാരുകൾ നിക്ഷേപിച്ചു.
പട്ടയം-മലയോരജനത>>

അഞ്ച് വർഷം; മൂന്ന് ലക്ഷം പട്ടയം
ഈ സർക്കാർ അധികാരമേറ്റ ശേഷം 2,23,945 കുടുംബങ്ങൾക്കാണ് പട്ടയം നൽകിയത്. ഇത് ചരിത്രനേട്ടമാണ്. സർക്കാരിന്റെ കാലാവധി പൂർത്തിയാക്കും മുമ്പ് മൂന്ന് ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പട്ടയ മിഷൻ, പട്ടയ അസംബ്ലി, പട്ടയ ഡാഷ് ബോർഡ്, അദാലത്തുകൾ എന്നിവയിലൂടെ ജനകീയമായ മുന്നേറ്റമാണ് നടക്കുന്നത്. ചട്ടങ്ങളും നിയമങ്ങളും ഉപയോഗപ്പെടുത്തി അർഹരായവർക്കെല്ലാം സംസ്ഥാന സർക്കാർ പട്ടയം നൽകും.
മഞ്ചേരിയിലെ സത്രം ഭൂമി, കണ്ണൂർ ജില്ലയിലെ മൊറാഴ, മലപ്പുറം ജില്ലയിലെ കൊടയ്ക്കൽ ടൈൽസ് ഫാക്ടറി, തൃശൂർ ജില്ലയിലെ തെലുങ്കർ നഗർ, തൃശൂരിലെ തന്നെ ഒളകര ആദിവാസി ഉന്നതി എന്നിങ്ങനെ വിവിധ ഇടങ്ങളിലെ പട്ടയവിതരണം സർക്കാരിന് സാക്ഷാത്കരിക്കാനായി.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വിതരണം ചെയ്ത 1,77,011 പട്ടയങ്ങൾ ഉൾപ്പെടെ കഴിഞ്ഞ എട്ട് വർഷം കൊണ്ട് 4,00,956 പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 43,058 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. രണ്ട് സർക്കാരുകളും ചേർന്ന് 10 വർഷക്കാലയളവിൽ അഞ്ച് ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റുകയാണ് ലക്ഷ്യം.
മലയോര പട്ടയം
നിലവിൽ റവന്യൂ വകുപ്പ് ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ദൗത്യമാണ് മലയോര പട്ടയ വിതരണം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമാണ് പുതിയ സംയുക്ത പരിശോധന, പുതിയ അപേക്ഷ എന്നത്. കേന്ദ്ര വനം മന്ത്രിയും സഹമന്ത്രിയുമായും സംസ്ഥാന റവന്യൂ, വനം മന്ത്രിമാരും രണ്ട് വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ വരെയുള്ള ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ കൂടിക്കാഴ്ച അനുകൂലമായ തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ അതിവേഗ ഇടപെടലുകളാണ് നടക്കുന്നത്. വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയിൽ സ്ഥിരതാമസം നടത്തുന്ന അർഹരായവർക്ക് പട്ടയം അനുവദിക്കാനുള്ള നടപടികൾ അതത് വകുപ്പുകളുടെ അനുമതിയോടെ നടക്കുന്നുണ്ട്.
ഡിജിറ്റൽ റീസർവെ
അക്ഷരാർത്ഥത്തിൽ ഒരു രണ്ടാം ഭൂപരിഷ്‌കരണമാണ് ഡിജിറ്റൽ റീ സർവെയിലൂടെ നടപ്പിലാവുന്നത്. സർക്കാർ അധികാരത്തിൽ വന്നശേഷം, എല്ലാ ഭുരേഖകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ റീ സർവെ ചെയ്യുന്നതിനായി റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 858.42 കോടി രൂപയുടെ ഒരു ബൃഹത് പദ്ധതി തയ്യാറാക്കി. സിഒആർഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആർടികെ, റോവർ, ഇടിഎസ് ഡ്രോൺ, ലിഡാർ എന്നിവ ഉപയോഗിച്ച് 2026-നുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ റീസർവെ പൂർത്തിയായ വില്ലേജുകളിൽ സർവെ വകുപ്പിന്റെ ഇ-മാപ്, റവന്യു വകുപ്പിന്റെ റെലിസ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ എന്നീ സോഫ്റ്റ് വെയറുകൾ സംയോജിപ്പിച്ച് ഒരു ഇന്റഗ്രേറ്റഡ് പോർട്ടൽ (ഐഎൽഐഎംഎസ്) നിലവിൽ വന്നു. ആദ്യഘട്ടത്തിലെ 200 വില്ലേജുകളുടെയും, രണ്ടാംഘട്ടത്തിലെ 91 വില്ലേജുകളുടെയും മൂന്നാം ഘട്ടത്തിലെ ആറ് വില്ലേജുകളിലെയും (ആകെ 297) ഡിജിറ്റൽ റീസർവെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. മൂന്ന് ഘട്ടങ്ങളിലെയും കൂട്ടി ഇതുവരെ 51.43 പാഴ്സലുകളിലായി 6.9 ലക്ഷം ഹെക്ടർ ഭൂമിയിലാണ് റീസർവെ നടന്നത്. 176 വില്ലേജുകളിൽ സർവെ നടപടികൾ പുരോഗമിക്കുകയാണ്.
പോലീസ്>>

രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേന എന്ന ഖ്യാതി കേരളാ പോലീസിന് സ്വന്തമാണ്. ക്രമസമാധാനപാലനത്തിൽ മുൻ നിരയിയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിയമസംഹിതയിലൂടെ കമ്മ്യൂണിറ്റി പോലീസിങ്ങ് സംവിധാനം നടപ്പിലാക്കിയ ദക്ഷിണേഷ്യയിലെ ആദ്യത്തെ സംസ്ഥാനവുമാണിത്. ഈ ജനസൗഹൃദ പോലീസ് സംവിധാനമാണ് ജനമൈത്രി പോലീസ്.
രാജ്യത്തെ നിരവധി പോലീസ് പരിഷ്‌കാരങ്ങളും നൂതന പദ്ധതികളും ആവിഷ്‌കരിച്ചത് കേരള പോലീസാണ്. നൂതന ആശയങ്ങളായ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോർഡ്, പോലീസ് പരാതി പരിഹാര അതോറിറ്റി, സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷൻ, പോലീസ് വെൽഫയർ ബ്യൂറോ, കമ്മ്യൂണിറ്റി പൊലീസിങ് തുടങ്ങിയവ കേരളാ പോലീസ് ആക്ട് പ്രകാരം രൂപീകരിച്ചു. കൗമാരക്കാരിലെ വ്യതിചലന സ്വഭാവത്തെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നതിനും യുവാക്കൾക്കിടയിൽ നല്ല പൗരത്വ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയെ ദേശീയ അടിസ്ഥാനത്തിൽ നടപ്പിൽ വരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിക്കുകയും തുടർന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പദ്ധതി നടപ്പിൽ വരുത്തുകയും ചെയ്തു.
സൈബർ സുരക്ഷ
സൈബർ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന സൈബർ ഡോം, സൈബർ സുരക്ഷയെക്കുറിച്ചുള്ള രാജ്യാന്തര വാർഷിക സമ്മേളനം ആയ കൊക്കൂൺ എന്നിവ സമൂഹഹൃദയത്തിൽ ഹൃദ്യമായ സ്ഥാനം നേടാൻ സഹായകമായി. ഓൺലൈൻ സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സൈബർ ഡിവിഷൻ മികച്ച രീതിയിൽ സൈബർ കുറ്റകൃത്യങ്ങളെ കണ്ടെത്തുകയും തടയുകയും ചെയ്യുന്നു. 2025 ജനുവരി ഒന്നുമുതൽ ജൂലൈ 31 വരെ 413 കോടി രൂപ തട്ടിയെടുത്തതിൽ 66.88 കോടി രൂപ തിരികെ പിടിക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് വർധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച എക്കണോമിക്സ് ഓഫൻസസ് വിങ് ഡാർക്ക് വെബ്ബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളെ ഗ്രാപ്നൽ എന്ന സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കുന്നു.
എഐ അധിഷ്ഠിത സൈബർ സുരക്ഷയായ സെക്യൂരിറ്റി ഓപ്പറേഷൻ സെന്ററിനും ഇക്കാലയളവിൽ തുടക്കംകുറിച്ചു. വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങളിൽ വ്യക്തികൾ മാത്രമല്ല സ്ഥാപനങ്ങളും സംഘടനകളും ഇരകളാണ്. ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിലും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സേനയിലെ കമ്പ്യൂട്ടറുകൾക്കും മറ്റു അനുബന്ധ ഉപകരണങ്ങൾക്കും സൈബർ സുരക്ഷാ കവചം ഒരുക്കാൻ പോലീസ് നടപടി സ്വീകരിച്ചത്. കേരള പോലീസിന്റെ സൈബർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ പ്രവർത്തിക്കുന്നു. സൈബർ സുരക്ഷ-പ്രതിരോധത്തിന് വേണ്ടി നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല പോലീസ് സേനയാണ് കേരള പോലീസ്.
പോലീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാനസൗകര്യങ്ങൾ വിപുലമായി മെച്ചപ്പെടുത്തി. വിവിധ ജില്ലകളിലായി ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയും വിവിധ ഘട്ടങ്ങളിലായി വകുപ്പിലേക്ക് നിരവധി പുതിയ വാഹനങ്ങൾ വാങ്ങുകയും ചെയ്തു.
പുരസ്‌കാരങ്ങളും അംഗീകാരങ്ങളും
ഇതിനിടെ ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കേരളാ പോലീസിനെ തേടിയെത്തി. ആലത്തൂർ പോലീസ് സ്റ്റേഷൻ സംസ്ഥാനത്തെ ഏറ്റവും മികച്ചതും രാജ്യത്തെ മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായും അംഗീകാരം ലഭിച്ചു. കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു. തലശ്ശേരി, മുഹമ്മ, പട്ടണക്കാട്, പെരുമ്പാവൂർ സബ് ഡിവിഷൻ, കോട്ടപ്പടി എന്നീ പോലീസ് സ്റ്റേഷനുകൾക്ക് ഐഎസ്ഒ അംഗീകാരം ലഭിച്ചു. ഇന്ത്യയിൽത്തന്നെ ആദ്യ ബി.ഐ.എസ് അംഗീകാരം ലഭിക്കുന്ന പോലീസ് സ്റ്റേഷനാണ് ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ പോലീസ് സ്റ്റേഷൻ.
ജനങ്ങൾക്കായി പ്രവർത്തിക്കുന്ന പോലീസിന്റെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും ബോധിപ്പിക്കാനായി പരാതി പരിഹാരസംവിധാനം സജ്ജമാക്കുകയും അത് മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളിലെ മാനസിക വിഷമങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായുള്ള ചിരി പദ്ധതിക്കും കുട്ടികളിലെ സൈബർ അടിമത്തം തടയുന്നതിനും അതിൽ അകപ്പെട്ടവരെ തിരികെ സന്തോഷകരമായ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള ഡി- ഡാഡ് പദ്ധതിക്കും മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽനിന്ന് ലഭിക്കുന്നത്.
കുടുംബശ്രീ>>

ദാരിദ്ര്യനിർമ്മാർജനം ലക്ഷ്യമിട്ടുകൊണ്ടാണ് കുടുംബശ്രീക്ക് തുടക്കമിട്ടത്. പ്രാദേശിക സാമ്പത്തികവികസനത്തിനും ഊന്നൽ നൽകിയുള്ള കുടുംബശ്രീയുടെ പദ്ധതി പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഈ ലക്ഷ്യം ഏറെ അർഥപൂർണമായി സാക്ഷാത്ക്കരിക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 48 ലക്ഷം കുടുംബശ്രീ കുടുംബങ്ങൾ ഈ മുന്നേറ്റത്തിൽ നിസ്വാർഥമായ പങ്കുവഹിക്കുന്നു. നീതി ആയോഗിന്റെ 2021ലെ കണക്കുകൾ പ്രകാരം 0.71 ആണ് സംസ്ഥാനത്ത് ദാരി{Zyത്തിന്റെ തോത്. എന്നാൽ 2024 ലെ കണക്കുകൾ പ്രകാരം അത് 0.48 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
കുടുംബശ്രീയുടെ അടുത്ത ലക്ഷ്യം അയൽക്കൂട്ട വനിതകൾക്ക് മെച്ചപ്പെട്ട തൊഴിലും വരുമാന വർധനവുമാണ്. നിലവിൽ സൂക്ഷ്മസംരംഭ മേഖലയിൽ 1,57,057 സൂക്ഷ്മസംരംഭങ്ങളും അതിൽ 3,18,265 അംഗങ്ങളുമുണ്ട്. അടുത്ത ഒരു വർഷത്തിനുളളിൽ മൂന്നുലക്ഷം വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകി വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കും. നിലവിൽ കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 20 ശതമാനമാണ്. ഇത് 50 ശതമാനമാക്കി ഉയർത്തും.
കെ 4 കെയർ
ലോകത്തിനുമുന്നൽ അഭിമാനപൂർവം സമർപ്പിക്കാവുന്നതും കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചതുമായ ‘കൊച്ചി മെട്രോ’, ‘വാട്ടർ മെട്രോ’ എന്നിവയിൽ കുടുംബശ്രീ വനിതകളാണ് ജോലി ചെയ്യുന്നത്. വിവിധ ഗാർഹിക പരിചരണങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ‘കെ 4 കെയർ’ പദ്ധതിയിലൂടെ കെയർ എക്കണോമിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അറുനൂറിലേറെ സ്ത്രീകൾക്ക് ഇതിനകം മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കി.
ഓൺലൈൻ വ്യാപാരത്തിലും വിജയം
കുടുംബശ്രീ ഉൽപന്നങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ‘പോക്കറ്റ് മാർട്ട്’ വഴി ഓൺലൈൻ വ്യാപാര രംഗത്തേക്കും കുടുംബശ്രീ കടക്കുകയാണ്. ഉച്ചഭക്ഷണം ലഭ്യമാക്കുന്ന ലഞ്ച് ബെൽ, ഉപഭോക്താക്കൾക്ക് മികച്ച നിലവാരത്തിൽ വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ ലഭ്യമാക്കുന്ന പ്രീമിയം കഫേ റെസ്റ്റൊറന്റുകൾ, വിദ്യാർഥികൾക്ക് ആവശ്യമായ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ലഭ്യമാക്കുന്നതിനായി വിദ്യാലയങ്ങളിൽ ആരംഭിച്ച മാ കെയർ എന്നീ പദ്ധതികളെല്ലാം സൂക്ഷ്മസംരംഭ മേഖലയെ സജീവമാക്കുന്നു. ഹരിതകർമ്മ സേന കേരളത്തെ മാലിന്യ വിമുക്തമാക്കി ശുചിത്വ കേരളം സൃഷ്ടിക്കുന്നതിൽ അഭിനന്ദനാർഹമായ പങ്കുവഹിച്ചുകൊണ്ട് മുന്നേറുകയാണ്.
നൂതന സാങ്കേതികവിദ്യകൾ സ്വീകരിച്ചുകൊണ്ട് കാർഷിക മേഖലയ്ക്ക് ആധുനികതയുടെ മുഖം നൽകുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നൂറ്റിയെൺപതിലേറെ സാങ്കേതിക വിദ്യകളാണ് ഇന്ത്യയിലെ പ്രശസ്ത കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും കുടുംബശ്രീ സ്വന്തമാക്കിയത്. ഉപഭോക്താക്കൾക്ക് ശുദ്ധമായ ചിക്കൻ ലഭ്യമാക്കുന്ന കേരള ചിക്കൻ പദ്ധതി വഴി നാളിതുവരെ കർഷകർക്ക് 394 കോടി രൂപയാണ് വരുമാന ഇനത്തിൽ ലഭിച്ചത്. കേരള ചിക്കൻ ഉൽപാദനം 50 ശതമാനം വർധിപ്പിച്ചുകൊണ്ട് കൂടുതൽ വനിതകൾക്ക് തൊഴിലും വരുമാനവുമൊരുക്കും.
പട്ടികവർഗമേഖലയിലെ
സംരംഭകത്വം
പട്ടികവർഗമേഖലയിലെ വനിതകളുടെ സംരംഭക വികസനത്തിനായി ‘കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ അഥവാ കെ-ടിക്’, പട്ടികവർഗ മേഖലയിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപരിശീലനം ലഭ്യമാക്കുന്ന ‘കമ്മ്യൂണിക്കോർ’, ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ബഡ്സ് സ്ഥാപനങ്ങൾ, ജെൻഡർ അവബോധ പ്രവർത്തനങ്ങൾ, അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയകേന്ദ്രമൊരുക്കുന്ന ‘സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക് എന്നിങ്ങനെ ഒട്ടനവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ), ദേശീയ നഗര ഉപജീവന ദൗത്യം, സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) എന്നിവയിലെ കുടുംബശ്രീ പദ്ധതികളെല്ലാം ദേശീയതലത്തിൽവരെ അംഗീകാരം നേടിയവയാണ്.
