സർക്കാർ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം

syma pic

ശ്യാമ എസ് പ്രഭ
സ്റ്റേറ്റ് ട്രാൻസ്‌ജെൻഡർ സെൽ ബോർഡ് അംഗം
പ്രോജക്റ്റ് ഓഫീസർ

നിയമനിർമ്മാണമുൾപ്പെടെയുള്ള മേഖലകളിൽ ട്രാൻസ് സമൂഹത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കിയാൽ നല്ല മാറ്റങ്ങൾ ഉണ്ടാകുമെന്ന വിശ്വാസമുണ്ട്. ഈ സർക്കാർ ഒപ്പമുണ്ടെന്ന ആത്മവിശ്വാസവുമുണ്ട്

സാമൂഹികമായ ചൂഷണങ്ങൾക്കും അധിക്ഷേപങ്ങൾക്കും വിധേയരായ മനുഷ്യരാണ് നോൺ-ബൈനറി വിഭാഗത്തിലുള്ള ജനങ്ങളെല്ലാം. ഒരുകാലത്ത് പൊതുവിടങ്ങൾ ഇവർക്ക് അപ്രാപ്യമായിരുന്നു. സാധാരണ മനുഷ്യരെപ്പോലെ അവരെ കാണാനോ അംഗീകരിക്കാനോ സമൂഹത്തിന് കഴിഞ്ഞിരുന്നില്ല. പ്രതൽപ്പാദനം എന്ന വിഷയം പാഠപുസ്തകത്തിൽ ഉണ്ടെങ്കിലും ക്ലാസ്സിൽ പഠിപ്പിക്കാൻ മുതിരാത്ത അധ്യാപകർ ‘അത് വീട്ടിൽ പോയി വായിച്ചാൽ മതി,’ എന്നാണ് കുട്ടികളോട് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി. അക്കാദമിക രംഗത്തെ ഈ മാറ്റം മറ്റ് പല മേഖലയിലും മാറ്റം കൊണ്ടുവരാൻ കാരണമായിട്ടുണ്ട്.

സാധാരണരീതിയിൽ സ്ത്രീകളുടെയോ പുരുഷന്മാരുടെയോ പ്രതിഷേധങ്ങളെ സാമാന്യവൽക്കരിക്കാറില്ല. എന്നാൽ ഞങ്ങൾ പ്രതിഷേധിക്കുമ്പോൾ ഇതേ സമൂഹം പ്രതികരിക്കുന്നത് മറ്റൊരു രീതിയിലാണ്. ‘ട്രാൻസ്ജെൻഡർമാർ മുഴുവൻ പ്രശ്നക്കാരാണ്’ എന്നൊരു പൊതുബോധം എല്ലായിടങ്ങളിലും, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, കാണാറുണ്ട്. ഇത് തിരുത്തപ്പെടേണ്ടതാണ്.

ട്രാൻസ്‌ജെൻഡർ വ്യക്തികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ ഏറെ മാറ്റമുണ്ടായിട്ടുണ്ട്. പോലീസിന്റെ സമീപനത്തിലുണ്ടായ മാറ്റം എടുത്തുപറയേണ്ടതാണ്. ബോധവൽക്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമാണ് ഇത് സാധ്യമായത്. സംസ്ഥാന സർക്കാർ ഈ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. ക്യാമ്പസുകളിൽ തുടക്കമിട്ട ക്വിയർ ക്ലബ്ബുകൾ, പ്രൈഡ് എന്ന ക്വിയർ മനുഷ്യരുടെ കൂട്ടായ്മ, അനന്യം പദ്ധതി ഇതൊക്കെ ഞങ്ങൾക്ക് സാമൂഹിക സ്വീകാര്യത വളർത്താൻ സഹായിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ പലരും ഞങ്ങൾക്ക് പിന്തുണ നൽകുമ്പോഴും സമൂഹത്തിലെ ഭൂരിഭാഗത്തിനും ഇപ്പോഴും തെറ്റായ ധാരണകളാണ് നോൺ-ബൈനറി മനുഷ്യരോടുള്ളത്. സമൂഹം ഇനിയും മാറാനുണ്ട്.

വിദ്യാഭ്യാസം ഇപ്പോഴും ബാലികേറാമലയാണ്. ഭൂരിഭാഗം ട്രാൻസ്ജെൻഡർ വ്യക്തികളും വിദ്യാസമ്പന്നരല്ല. കൗമാരപ്രായത്തിൽതന്നെ ശാരീരിക-മാനസിക മാറ്റങ്ങൾ സംഭവിക്കുമ്പോൾ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാൽ പലരും കുടുംബത്തിൽനിന്ന് പുറത്താക്കപ്പെടുന്നു. ചിലർ ഒളിച്ചോടുന്നു. പഠനം ഇതോടെ അവസാനിക്കും. പ്രശ്നങ്ങളോട് അതിവൈകാരികമായി പ്രതികരിക്കുന്നവരാണ് ഞങ്ങൾ. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ഉയർന്ന വിദ്യാഭ്യാസം വേണമെന്നുള്ള തിരിച്ചറിവ് ഞങ്ങളിൽ പലരും ഇനിയും തിരിച്ചറിയേണ്ടതുണ്ട്.

എല്ലാവരിലുമെന്നപോലെ കൗമാരകാലമാണ് ഞങ്ങളും സ്വത്വം തിരിച്ചറിയുന്ന കാലം. പെണ്ണായാൽ മുടി നീട്ടി വളർത്തണം, ആണായാൽ മീശയുണ്ടാകും എന്നൊക്കെ സാമാന്യമനുഷ്യർ അളക്കുന്ന കാലം. പക്ഷെ ഞങ്ങളോ? പൊട്ടുതൊടാനും കമ്മൽ കുത്താനും ആഗ്രഹിക്കുന്ന ആൺകുട്ടി. പെണ്ണിഷ്ടങ്ങളിൽ സന്തോഷം കണ്ടെത്താനാവാത്ത പെൺകുട്ടി. തിരിച്ചറിവിന്റെ തുടക്കത്തിൽ തന്നെ സമൂഹത്തിന്റെ കുറ്റപ്പെടുത്തൽ. വീട്ടുകാരുടെ നിസ്സംഗത. കൂട്ടുകാരുടെ കളിയാക്കൽ. സമൂഹത്തിനും വീട്ടുകാർക്കും വേണ്ടാത്തവരെന്ന് മുദ്രകുത്തുമ്പോൾ ഞങ്ങളിൽ നിറയുന്ന നിസ്സഹായത ആരും അറിയുന്നില്ല.

ഈ സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നു എന്നതിലാണ് ആശ്വാസം. ഇതൊരു മാനസികാവസ്ഥയല്ല, മറിച്ച് ശാരീരികമായ മാറ്റമാണ് എന്ന് തിരിച്ചറിയണം. നിയമനിർമ്മാണമുൾപ്പെടെയുള്ള മേഖലകളിൽ ട്രാൻസ് സമൂഹത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കിയാൽ നല്ല മാറ്റങ്ങൾ ഉണ്ടാകുമെന്ന വിശ്വാസമുണ്ട്. ഈ സർക്കാർ ഒപ്പമുണ്ടെന്ന ആത്മവിശ്വാസവുമുണ്ട്.

Spread the love