സ്ത്രീ ശാക്തീകരണവും നവകേരളവും

CM Photo

പിണറായി വിജയൻ
മുഖ്യമന്ത്രി

നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ കഴിഞ്ഞ ഒൻപത് വർഷമായി സംസ്ഥാന സർക്കാർ പ്രവർത്തിച്ചുവരുന്നത്. ഈ കാഴ്ചപ്പാടോടെ സ്ത്രീസുരക്ഷയിലും സ്ത്രീശാക്തീകരണത്തിലും മാതൃകാപരമായ നിരവധി ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നിൽക്കുന്നതിനു പിന്നിലുള്ള ഒരു കാരണം കേരളത്തിൽ സ്ത്രീകൾക്കു ലഭിക്കുന്ന തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തികാവസ്ഥ വളരെ യധികം മെച്ചപ്പെട്ടതാണ്. നമ്മുടെ നവോത്ഥാനപ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലം മുതലുള്ള പുരോഗമന സർക്കാരുകൾ നടപ്പാക്കിയ സ്ത്രീസൗഹൃദനയങ്ങളും അതിനു വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദ്യാഭ്യാസമാണ്. ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക് തുടർച്ചയായി രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസത്തിൽ എത്രയോ കാലം മുമ്പുതന്നെ ലിംഗസമത്വം കൈവരിച്ച നാടാണ് നമ്മുടേത്. പ്രൊഫഷണൽ യോഗ്യത, ഉന്നതവിദ്യാഭ്യാസം എന്നിവ നേടിയവരുടെ പട്ടികയിലും കേരളത്തിലെ സ്ത്രീകൾ തന്നെയാണ് മുന്നിൽ.

ഐക്യകേരള രൂപവൽക്കരണത്തിനു ശേഷം തരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഇ എം എസ് സർക്കാർ മുന്നോട്ടു വച്ച കാഴ്ചപ്പാട് പുതിയ കേരളം സൃഷ്ടിക്കുക എന്നതായിരുന്നു. സമൂഹത്തിലെ പരമ്പരാഗത അധികാര ഘടനയിൽ ഇടർച്ചയുണ്ടാക്കുന്നതിന് കാരണമാകുന്ന ഭൂപരിഷ്‌കരണം, മിനിമം കൂലി ഉറപ്പാക്കൽ, വിദ്യാഭ്യാസ – ആരോഗ്യമേഖലകളുടെ ജനാധിപത്യവൽരണം തുടങ്ങിയ നിർണ്ണായക നടപടികൾ സ്വാതന്ത്ര്യലബ്ധിക്കു ശേഷം മറ്റൊരു സംസ്ഥാനത്തും സൃഷ്ടിക്കപ്പെടാത്ത സാമൂഹികമാറ്റത്തിനു കേരളത്തിൽ കളമൊരുക്കി. സ്ത്രീകളായിരുന്നു ഈ മാറ്റത്തിന്റെ ഗുണഫലം ലഭിച്ച പ്രധാനവിഭാഗം.

1987 ലെ നായനാർ സർക്കാർ നടപ്പിലാക്കിയ സമ്പൂർണ്ണ സാക്ഷരതാപ്രസ്ഥാനം അക്ഷരാഭ്യാസത്തിന്റെ പുതിയ അറിവുകളിലേക്ക് സ്ത്രീകളെ നയിക്കുക മാത്രമല്ല ചെയ്തത്. സാക്ഷരതാപ്രസ്ഥാനമെന്ന ബൃഹത്തായ ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് സ്ത്രീകളെ മാറ്റുകയും ചെയ്തു. 1996 ൽ നടപ്പാക്കിയ ജനകീയാസൂത്രണ പ്രക്രിയ അധികാരവികേന്ദ്രീകരണം സാധ്യമാക്കിയതിലൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ള പാർശ്വവൽരിക്കപ്പെട്ടവർക്ക്  പ്രാദേശിക വികസനത്തിൽ സംഭാവന ചെയ്യാൻ കഴിയുന്ന പരിസരം ഒരുക്കി.

സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യംവെച്ച് ആരംഭിച്ച കുടുംബശ്രീ ഇന്നു ലോകത്തിനു തന്നെ മാതൃകയാണ്. മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളും 48 ലക്ഷം അംഗങ്ങളുമുള്ള കുടുംബശ്രീ ലോകത്തെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായി വളർന്ന് പന്തലിച്ചു നിൽക്കുന്നു

2010 ൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം വനിതാസംവരണം നടപ്പാക്കി. അങ്ങനെ ചെയ്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതോടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലേക്കുള്ള സ്ത്രീ പ്രവേശനത്തിന്റെ പുത്തൻ കുതിപ്പിന് സാഹചര്യമൊരുങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിൽ പകുതിയും സ്ത്രീകൾക്കായി സംവരണം ചെയ്ത ഏക സംസ്ഥാനമാണ്  കേരളം.

സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യംവെച്ച് ആരംഭിച്ച കുടുംബശ്രീ ഇന്നു ലോകത്തിനു തന്നെ മാതൃകയാണ്. മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളും 48 ലക്ഷം അംഗങ്ങളുമുള്ള കുടുംബശ്രീ ലോകത്തെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായി വളർന്ന് പന്തലിച്ചു നിൽക്കുന്നു. സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളിലൂടെ സ്വയംപര്യാപ്തമായ വലിയൊരു സ്ത്രീസമൂഹത്തെ സൃഷ്ടിക്കുവാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കാൽനൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ ഇന്ന് സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന വികസന ഏജൻസിയായി മാറിയിരിക്കുന്നു.

നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഒൻപത് വർഷമായി സംസ്ഥാന സർക്കാർ പ്രവർത്തിച്ചുവരുന്നത്. ഈ കാഴ്ചപ്പാടോടെ സ്ത്രീസുരക്ഷയിലും സ്ത്രീശാക്തീകരണത്തിലും മാതൃകാപരമായ നിരവധി ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പ് ആരംഭിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്.

സ്ത്രീകൾക്കായുള്ള ജൻഡർ ബജറ്റിങ്ങ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് 1997 ൽ കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലാണ്. 2008 ൽ സംസ്ഥാന സർക്കാർ ആദ്യമായി ജെൻഡർ ബജറ്റ് നടപ്പിലാക്കി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും പഞ്ചായത്തുകൾ സ്ത്രീകൾക്കായി പ്രത്യേക വനിതാഘടക പദ്ധതി നടപ്പാക്കുന്നില്ല.

2017-18 മുതൽ എല്ലാ വർഷവും സംസ്ഥാന ബജറ്റിനൊപ്പം വാർഷിക ജെൻഡർ ബജറ്റും അവതരിപ്പിച്ചു വരുന്നുണ്ട്. 2025-26 ൽ കേരളത്തിൽ ജെൻഡർ ബജറ്റ് ഈ വർഷത്തെ ആകെ ബജറ്റിന്റെ 20.8 ശതമാനമാണ്. തുടർച്ചയായ വർധനവാണ് സ്ത്രീകൾക്കായുള്ള പദ്ധതി വിഹിതത്തിൽ വരുത്തുന്നത്. വനിതാശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ, വനിതാവികസന കോർപ്പറേഷൻ, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ജെൻഡർ പാർക്ക് തുടങ്ങിയവ വഴി സ്ത്രീകളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് വലിയ ഇടപെടൽ നടത്തിവരുന്നുണ്ട്.

cm 1 1

ഇതിനൊക്കെ പുറമെ പോലീസ് സേനയിലേക്ക് സ്ത്രീകളുടെ പ്രത്യേക റിക്രൂട്ടിങ് യാഥാർഥ്യമാക്കിയതും പ്രത്യേക സ്ത്രീ ബറ്റാലിയൻ രൂപവൽരിച്ചതും അഗ്‌നിരക്ഷാസേനയിൽ ആദ്യമായി വനിത ഫയർ ഓഫീസർമാരെ നിയമിച്ചതുമൊക്കെ നമ്മുടെ ഓർമ്മയിലുണ്ടാവും. സ്ത്രീസുരക്ഷ ഉറപ്പുവരുത്താനായി പോലീസും ശക്തമായ ഇടപെടലുകളാണ് നടത്തിവരുന്നത്. നിർഭയ പദ്ധതിക്കു പുറമെ പോലീസിന്റെ ആഭിമുഖ്യത്തിൽ അപരാജിതാ ഹെൽപ്പ് ലൈൻ, പോലീസ് സ്റ്റേഷനുകളിലെ വനിതാ ഹെൽപ്പ് ഡെസ്‌ക്, പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്റ്റ്, സൈബർ പോലീസ് സ്റ്റേഷനുകൾ, വിമൻ സെൽഫ് ഡിഫൻസ് ട്രെയിനിങ് എന്നിവയും നിലവിലുണ്ട്.

ഗാർഹിക പീഡന നിരോധനം, സ്ത്രീധന നിരോധനം തുടങ്ങിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ മുൻപന്തിയിലാണ് കേരളം. സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കുന്നതിലും കേരളം മാതൃകാപരമായി മുന്നേറിയിരിക്കുന്നു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവ പരിഹരിക്കുന്നതിനായി ഇവയെ ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിൽ ഉൾപ്പെടുന്ന കുറ്റവാളികൾ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നിൽ എത്തിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അടുത്തിടെ നമ്മുടെ നാട്ടിലുണ്ടായ സംഭവങ്ങൾ പരിശോധിച്ചാൽ ആർക്കുമിത് മനസ്സിലാക്കാവുന്നതേയുള്ളു. ഏതു മേഖലയിലും സ്ത്രീകൾക്ക് തലയുയർത്തിത്തന്നെ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കും.

സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ മൂലം തൊഴിലിടങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പുവരുത്തിയ കേരളത്തിന്റെ നടപടി രാജ്യത്തിനാകെ മാതൃകയായിരുന്നു. സംസ്ഥാനത്തെ എല്ലാ കടകളിലും സ്ഥാപനങ്ങളിലും പ്രത്യേകിച്ച് വസ്ത്ര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് ഇത് വലിയ ആശ്വാസം നൽകിയിട്ടുണ്ട്.

കോളേജ്, സർവകലാശാല വിദ്യാർഥിനികൾക്ക് ആർത്തവ, പ്രസവാവധി അനുവദിച്ചുകൊണ്ടും കേരളം രാജ്യത്തിനു മാതൃകയായി. രാജ്യത്ത് ആദ്യമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്കു കൂടി പ്രസവാനുകൂല്യം നൽകിയും കേരളം മാതൃകയായി. നിയമപ്രകാരം അവർക്ക് 26 ആഴ്ചത്തെ പ്രസവാവധിക്ക് അർഹതയുണ്ട്. പ്രസവാവധിയുടെ കാലയളവിൽ മുഴുവൻ ശമ്പള ആനുകൂല്യങ്ങളും ചികിത്സാച്ചെലവുകൾക്കായി 3,500 രൂപ ഒറ്റത്തവണ ഗ്രാന്റും ലഭിക്കും.

തൊഴിലിടങ്ങളിലും ഓഫീസുകളിലും സ്ത്രീകൾ നേരിടുന്ന ശാരീരിക – മാനസിക പീഡനങ്ങളെ സംബന്ധിച്ച പരാതികളിൽ സമയബന്ധിതമായി തീർപ്പുണ്ടാക്കും. നീതി വൈകിപ്പിച്ചുകൊണ്ട് നീതി നിഷേധിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പോഷ് ആക്റ്റ് പ്രകാരം എല്ലാ ഓഫീസുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപവൽക്കരിച്ചുവെന്ന നേട്ടവും കേരളം കൈവരിച്ചു.

സാമ്പത്തികമായ സ്വാതന്ത്ര്യം നേടിയാൽ മാത്രമേ സ്ത്രീകൾക്ക് സാമൂഹിക മുന്നേറ്റം കൈവരിക്കാൻ കഴിയുകയുള്ളു. അതിന് ഏറെ ആവശ്യം തൊഴിൽ നേടുക എന്നതാണ്. 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച നോളജ് എക്കോണമി മിഷൻ വഴി സ്ത്രീകൾക്കായി പ്രത്യേക തൊഴിൽ മേളകളും നൈപുണ്യ പരിശീലന ക്ലാസ്സുകളും നടപ്പാക്കിവരുന്നുണ്ട്. നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് വിദേശത്തേക്ക് കുടിയേറാനുള്ള മികച്ച അവസരങ്ങൾ നോർക്കയിലൂടെയും ഒഡെപെക്കിലൂടെയും ഒരുക്കുന്നുണ്ട്.

cm2

സംരംഭക രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. സംരംഭക വർഷം പദ്ധതിയിലൂടെ മൂന്നരലക്ഷം സംരംഭങ്ങൾ ആരംഭിച്ചതിൽ ഒരു ലക്ഷത്തിലധികം വനിതാ സംരംഭകരുടേതാണ്‌. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പ് നയം രൂപീകരിച്ച് മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ. അതിൽത്തന്നെ വനിതാസംരംഭകരുടെ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പിന്തുണ നൽകുന്നുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പ്രൊഡക്റ്റൈസേഷൻ ഗ്രാന്‌റിന് ഒൻപത് വനിതാ സംരംഭകരുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ അർഹമായി. ഒരു കോടിയിലേറെ രൂപയാണ് ഗ്രാന്റായി അനുവദിച്ചത്. അതിനു പുറമെ സോഫ്റ്റ് ലോണായി ഇവർക്ക് 6 ശതമാനം പലിശ നിരക്കിൽ 15 ലക്ഷം രൂപ വീതം ലഭ്യമാക്കുകയും ചെയ്യും. വിമൻസ് സ്റ്റാർട്ടപ്പ് സമ്മിറ്റും സംഘടിപ്പിക്കുകയുണ്ടായി.

സംസ്ഥാനത്തിന്റെ മാലിന്യനിർമ്മാർജന പദ്ധതിയിലെ ചാലകശക്തിയും ഹരിതകർമ്മസേനയിലൂടെ സ്ത്രീകളാണ്. കേരളത്തിലെ സ്ത്രീകളുടെ വികസനത്തിനു വേണ്ട ശക്തമായ അടിത്തറ നമ്മൾ ഒരുക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഉന്നത വിദ്യാഭ്യാസമേഖലയിലെ സ്ത്രീപങ്കാളിത്തം. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇക്കാര്യത്തിൽ കേരളത്തിനുള്ളത് എന്നാണ് നാഷണൽ സർവേ ഓൺ ഹയർ എജ്യൂക്കേഷൻ വ്യക്തമാക്കുന്നത്. അതായത്, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകൾ കേരളത്തിലുണ്ട്. അവരുടെ ശേഷികളെ കൂടുതൽ വികസിപ്പിച്ചുകൊണ്ട് വ്യവസായ, ഉൽപാദന, തൊഴിൽ രംഗങ്ങളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാൻ കഴിയണം.

സംരംഭക രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. സംരംഭക വർഷം പദ്ധതിയിലൂടെ മൂന്നരലക്ഷം സംരംഭങ്ങൾ ആരംഭിച്ചതിൽ ഒരു ലക്ഷത്തിലധികം വനിതാ സംരംഭകരുടേതാണ്‌

വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും അടിത്തറയിൽ നവകേരളത്തിലേക്ക് നടത്തുന്ന വികസനക്കുതിപ്പിൽ തുല്യനീതിയും ലിംഗതുല്യതയും ഉറപ്പുവരുത്തി മുന്നേറാനാണ് കേരളം ശ്രമിക്കുന്നത്. ഇത്തരമൊരു ആധുനിക സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കേരളത്തിലെ സ്ത്രീകളെ കൊണ്ടുവരാൻ സഹായകരമാകുന്ന നിരവധി അനുകൂല ഘടകങ്ങൾ ഇന്ന് നമുക്കുണ്ട്. രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ഉന്നതവിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ നിലവാരം, തൊഴിൽ വൈദഗ്ധ്യത്തിനും മെച്ചപ്പെട്ട തൊഴിലിനും വേണ്ടിയുള്ള പെൺകുട്ടികളുടെ താൽപര്യം, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ ഉയർന്ന സ്ത്രീ പ്രാതിനിധ്യം, കുടുംബശ്രീയിലൂടെ ഉൾപ്പെടെ വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ വർധിച്ച സ്ത്രീപങ്കാളിത്തം തുടങ്ങി അനുകൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തി നവകേരളത്തിലേക്കുള്ള മുന്നേറ്റം നമുക്ക് സാധ്യമാക്കാം.

Spread the love