സ്ത്രീ മുന്നേറ്റത്തിന്റെ എട്ട് വർഷം

അവകാശങ്ങൾക്കുവേണ്ടി, ആത്മാഭിമാനത്തോടെ ജീവിക്കാനായി നടന്ന സ്ത്രീപോരാട്ടങ്ങളുടെ ഭൂതകാലമുള്ള നാടാണ് കേരളം. സ്ത്രീ സ്വാതന്ത്ര്യം നവോത്ഥാനകാലത്തിന്റെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു. സ്വാതന്ത്ര്യാനന്തരം വർധിതമായ തോതിൽ സ്ത്രീകളുടെ പൊതുജീവിതപ്രവേശവും വിവിധതലങ്ങളിലെ മുന്നേറ്റവും ഉണ്ടായി. സ്ത്രീ വിദ്യാഭ്യാസത്തിൽ നമുക്കുള്ള താൽപര്യവും മികവും ഇതിനു സഹായകമായി. ജനകീയാസൂത്രണത്തിലൂടെ സാധ്യമായ അധികാര വികേന്ദ്രീകരണവും ജനപ്രതിനിധികൾക്കുള്ള സ്ത്രീ സംവരണവും വലിയ മാറ്റങ്ങളുണ്ടാക്കി. 90കൾക്ക് ശേഷം കുടുംബശ്രീ പോലുള്ള പദ്ധതികൾ പ്രാദേശികതലത്തിൽ സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യനിർമ്മാർജനത്തിലും സർക്കാരിന് സഹായകമായി.

സ്ത്രീ മുന്നേറ്റത്തിലെ ഈ പ്രശസ്തമായ കേരളമാതൃകയെ കൂടുതൽ കരുത്തുറ്റതാക്കുന്ന നയങ്ങളും പ്രവർത്തനങ്ങളുമാണ് 2016 മുതൽ കേരളം നടപ്പാക്കിവരുന്നത്. സ്ത്രീ സുരക്ഷ, ക്ഷേമം, ശാക്തീകരണം എന്നിങ്ങനെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന പദ്ധതികളാണ് വനിതാശിശു വികസനവകുപ്പും പോലീസ് ഉൾപ്പെടെയുള്ള മറ്റു വിവിധ സർക്കാർ സംവിധാനങ്ങളും കൈക്കൊള്ളുന്നത്. രാജ്യത്തിനുതന്നെ മാതൃകയായ സംസ്ഥാനത്തിന്റെ വനിതാവികസന രംഗത്തെ കഴിഞ്ഞ എട്ടുവർഷത്തെ പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുകയാണ് ഈ ലക്കം സമകാലിക ജനപഥം.

ടി.വി.സുഭാഷ് ഐ.എ.എസ്
എഡിറ്റർ

Spread the love