സ്ത്രീസൗഹൃദ നവകേരളം

2025 ആഗസ്റ്റ് 1

 

ടി വി സുഭാഷ് ഐ എ എസ്
എഡിറ്റർ

കേരള സമൂഹത്തിന്റെ പകുതിയിലധികം വരും സ്ത്രീ ജനസംഖ്യ. പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക മുന്നേറ്റം ഏറെ ദൃശ്യമായ നാടാണ് കേരളം. നാം വിഭാവനം ചെയ്യുന്നതും ഒരു സ്ത്രീപക്ഷ നവകേരളമാണ്. ഈ ലക്ഷ്യത്തോടെ 2016 മുതൽ സംസ്ഥാന സർക്കാർ ക്രിയാത്മകമായ നയങ്ങൾ രൂപവൽക്കരിച്ചു. ഫലപ്രാപ്തിയിലെത്തിയ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെന്നപോലെ സാമൂഹിക ശാക്തീകരണത്തിലും ലോകത്തിനു മാതൃകയായ കുടുംബശ്രീ പ്രസ്ഥാനം നമ്മുടെ അഭിമാനമാണ്. സംസ്ഥാനം സമ്പൂർ ദാരിദ്ര്യ നിർമ്മാർജന പ്രഖ്യാപനത്തിലേക്കു നീങ്ങുമ്പോൾ ആ ലക്ഷ്യപ്രാപ്തിയിൽ കുടുംബശ്രീയുടെ പങ്കും സുപ്രധാനമാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പ് തന്നെ ആരംഭിച്ച ആദ്യസംസ്ഥാനമായി കേരളം മാറി. വനിതാക്ഷേമം, വികസനം, സുരക്ഷ തുടങ്ങിയവയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ വകുപ്പിനായി. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയിൽ വസ്ത്രശാലകളുൾപ്പെടെയുള്ള ഇടങ്ങളിൽ ഇരിക്കാനുള്ള അവകാശം ഉറപ്പാക്കി. എല്ലാ സർക്കാർ ഓഫീസുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപവൽക്കരിച്ച സംസ്ഥാനവും കേരളമാണ്. സംരംഭകരംഗത്തും സ്ത്രീപങ്കാളിത്തം വർധിപ്പിക്കുന്നതിനു സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. സംരംഭകവർഷം പദ്ധതിയിലൂടെ ഒരുലക്ഷം വനിതാസംരംഭകരെ സൃഷ്ടിക്കാനായി എന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ സ്ത്രീശാക്തീകരണത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളാണ് ഈ ലക്കം സമകാലിക ജനപഥത്തിന്റെ കവർസ്റ്റോറി.

Spread the love