സിനിമയോടല്ല അഭിനയത്തോടാണ് അഭിനിവേശം
അഭിമുഖം >>മധു/ രമ്യ രാജൻ
കാലാന്തരത്തിൽ സിനിമയ്ക്ക് വന്ന പരിണാമത്തിലും തലമുറമാറ്റത്തിലും നിറസാന്നിധ്യമായ ഒരാൾ. മലയാള സിനിമ പിച്ചവയ്ക്കുന്ന കാലം മുതൽ ഈ മധുവസന്തം നമ്മോടൊപ്പം ഉണ്ട്. അഭിനേതാവായും സംവിധായകനായും നിർമ്മാതാവായും സിനിമയിൽ നിറഞ്ഞുനിന്ന, മലയാള സിനിമാലോകത്തിന്റെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന, ഇപ്പോൾ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന മധുവിന് പക്ഷേ സിനിമയെക്കുറിച്ച് ചോദിച്ചാൽ ഇന്നും ചെറുപ്പമാണ്. കറുത്തമ്മയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പരീക്കുട്ടിയെപോലെ സിനിമയ്ക്കായി അദ്ദേഹം തന്നാലാവുന്ന വിധം അധ്വാനിച്ചു. ആരോഗ്യം അനുവദിക്കുന്നതുവരെ അഭിനയരംഗത്ത് സജീവമായിരുന്നു. ഇപ്പോഴും സിനിമകാണലും സന്ദർശകരെ സ്വീകരിക്കലും ഒക്കെയായി തിരക്കിലാണ് അദ്ദേഹം. സിനിമയോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറയുന്നത്. കാലമെത്ര കടഞ്ഞാലും തീരാത്ത അനുഭവസമ്പത്ത്. ചെമ്മീൻ സിനിമയ്ക്ക് 60 വയസ്സാകുന്ന വേളയിൽ ചെമ്മീനിന്റെ വിശേഷങ്ങളോടൊപ്പം പുതിയ കാലത്തെ സിനിമകളെക്കുറിച്ചും നടൻ മധു മനസ്സുതുറക്കുന്നു. ചെമ്മീൻ സിനിമ ഇറങ്ങിയിട്ട് 60 വർഷമാകുന്നു. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ സിനിമയുടെ മുഖമാകാൻ കഴിഞ്ഞു. അന്നത്തെ കാലം എങ്ങനെ ഓർത്തെടുക്കുന്നു? ഞാൻ നോവൽ വായിച്ചിരുന്നു. വളരെ ഇഷ്ടപ്പെട്ട നോവലായിരുന്നു. പഠിക്കുന്ന കാലത്ത് മൂന്നോ നാലോ തവണ നോവൽ വായിച്ചിട്ടുണ്ട്. പരീക്കുട്ടിയെ നോവൽ വായിച്ചപ്പോഴേ ഇഷ്ടമായി. അങ്ങനെ വളരെ പരിചിതനായിരുന്നു പരീക്കുട്ടി. പിന്നെയാണ് സിനിമയിലേക്ക് രാമു കാര്യാട്ട് വിളിക്കുന്നത്. വളരെ സന്തോഷം തോന്നി. ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്നീഷ്യൻമാരെയും മലയാളത്തിലെ മികച്ച നടന്മാരേയും ഒരുമിച്ചു ചേർത്ത ചിത്രമാണ് ചെമ്മീൻ. ഞാനായിരുന്നു യഥാർഥത്തിൽ അതിൽ പുതുമുഖം. അന്ന് എനിക്ക് പ്രത്യേക ഇമേജ് ഉണ്ടായിരുന്നില്ല. അതായിരിക്കാം പരീക്കുട്ടിയായി എന്നെ തിരഞ്ഞെടുത്തത്. ചെമ്മീനിന്റെ അരങ്ങത്തും അണിയറയിലും ഉള്ളവർ ഇന്ത്യയിലെ നമ്പർ വൺ ആയിരുന്നു. രാമു കാര്യാട്ട് ഒരു മികച്ച ഓർഗനൈസറാണ്. അതിന്റെ ഭാഗമായതിൽ അതിയായ സന്തോഷം. ചെമ്മീനിലെ പാട്ടുകൾ? ചെമ്മീനിലെ മറ്റ് പാട്ടുകളെക്കുറിച്ച് സംശയം ഇല്ലായിരുന്നു. എന്നാൽ മന്നാഡെ പാടിയ മാനസമൈനേ വരൂ എന്ന ഗാനം, അതിലെ അദ്ദേഹത്തിന്റെ ഉച്ചാരണം- പ്രേക്ഷകർ എങ്ങിനെ സ്വീകരിക്കുമെന്ന് ഭയമുണ്ടായിരുന്നു. എന്നാൽ പാട്ടിന്റെ ആത്മാവ് എന്നത് വേറെ തന്നെയാണ്. ആ പാട്ട് ഉയർത്തിവിട്ട വൈകാരികത കാരണം ഉച്ചാരണം എല്ലാവരും മറന്നു എന്നുള്ളതാണ് സത്യം. മലയാളത്തിലെ ഏറ്റവും നല്ല പാട്ടുകളിൽ ഒന്നായി ഈ പാട്ട് ഉയർന്നുവന്നു. പാട്ട് നല്ലതാണെങ്കിൽ ഭാഷ പ്രശ്നമല്ല. പരീക്കുട്ടി എന്ന കാമുകൻ എങ്ങനെയായിരുന്നു? പരീക്കുട്ടിയുടെ സ്നേഹം ഒരു നിഷ്‌കാമകർമ്മമായിരുന്നു. ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെയാണ് പരീക്കുട്ടി കറുത്തമ്മയെ സ്നേഹിച്ചത്. നീ പോയാലും നിന്നെ ഓർത്ത് ഉറക്കെ ഉറക്കെ പാടുമെന്നാണ് പരീക്കുട്ടി പറയുന്നത്. സ്നേഹത്തിന്റെ ഇത്തരം ഒരു തലം ചെമ്മീനിൽ മാത്രമേയുള്ളൂ. 60 വർഷത്തിന് ഇപ്പുറം പ്രണയത്തോടുള്ള എതിർപ്പ് നമ്മുടെ നാട്ടിൽ കൂടിയിട്ടേ ഉള്ളൂ. ചെമ്മീനിൽ കടലും ഒരു കഥാപാത്രമായിരുന്നുവല്ലോ? ചെമ്മീനിൽ മനുഷ്യരെ കാണിക്കുന്നതിലേറെ കാണിച്ചത് കടലിനെയാണ്. ചെമ്മീൻ വീണ്ടും തിയേറ്ററുകളിൽ എത്തിയാൽ കാണാനാളുണ്ടാകും. ചെമ്മീൻ എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന സിനിമയല്ലേ. നാനൂറോളം സിനിമകളിൽ അഭിനയിച്ചു. അഭിനേതാവെന്ന നിലയിൽ ഹൃദയത്തോട്ചേർന്നു നിൽക്കുന്ന വേഷങ്ങൾ ഏതൊക്കെയാണ്? 420 സിനിമകൾ ചെയ്തു. എല്ലാ കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടുതന്നെയാണ് അഭിനയിച്ചത്. ഭാർഗവീനിലയം, ഉമ്മാച്ചു, പ്രിയ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും കുടുംബസമേതത്തിലെ രാഘവക്കുറുപ്പും പ്രിയപ്പെട്ടതാണ്. കൂടുതൽ ഓർത്ത് പറയാൻ വയ്യ. പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്തു. അവാർഡുകൾ വാരിക്കൂട്ടുകയും ബോക്സ് ഓഫീസ് വിജയം നേടുകയും ചെയ്തു. ‘പ്രിയ’ ഒക്കെ ട്രെൻഡ് സെറ്ററായി. കാണുന്നവരും കേൾക്കുന്നവരുമാണ് സിനിമയെക്കുറിച്ച് അഭിപ്രായം പറയേണ്ടത്. മാറ്റം എല്ലാ ദിവസവും സംഭവിക്കുന്നു. സംവിധായകർ പറഞ്ഞുകൊടുക്കുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങൾ രൂപപ്പെട്ടുവരുന്നത്. അഭിനയിച്ച് കാണിക്കാൻ അറിയാത്ത സംവിധായകരും ഉണ്ട്. നിർമ്മാതാവെന്ന നിലയിലും വേറിട്ട പാതയിലൂടെ സഞ്ചരിക്കാനും നിരവധി പ്രതിഭകളെ അവതരിപ്പിക്കാനും ശ്രദ്ധിച്ചു. ഉമ സ്റ്റുഡിയോ യിലൂടെ മലയാള സിനിമയ്ക്ക് അങ്ങ് നൽകിയ സംഭാവനയെ എങ്ങനെ നോക്കിക്കാണുന്നു? ഞാൻ സിനിമയ്ക്ക് സംഭാവന നൽകിയത് അല്ല. ഞാൻ എന്റെ സൗകര്യത്തിന് സിനിമ ഷൂട്ട് ചെയ്യാൻ വേണ്ടിയാണ് സ്റ്റുഡിയോ ആരംഭിച്ചത്. പുറത്തുള്ള സ്റ്റുഡിയോകളിൽ ഷൂട്ട് ചെയ്യുമ്പോൾ എന്തെങ്കിലും അസൗകര്യം വന്നാൽ ഡേറ്റ് നീട്ടാൻ പറ്റിയെന്ന് വരില്ല. നമുക്ക് തന്ന സമയം കഴിഞ്ഞാൻ അവിടെ വേറെ സെറ്റ് ഇടും. വാടകവീടിനേക്കാൾ സ്വന്തം വീട്ടിൽ താമസിക്കുന്നതിന്റെ സുഖം വേറെയാണ്. മാറ്റങ്ങൾ എന്നും നല്ലതാണ്. പണ്ടൊക്കെ ഒരു ഫോൺ ചെയ്യണമെങ്കിൽ കോൾ ബുക്ക് ചെയ്ത് കാത്തിരിക്കണമായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ലോകത്തിൽ മാറ്റം എന്നത് സ്ഥിരമായിട്ടു ള്ളതാണ്. മാറ്റങ്ങൾ ചിലപ്പോൾ നല്ലതാകാം. ചിലപ്പോൾ തിരിച്ചും സംഭവിക്കാം. പുതിയ സാങ്കേതികവിദ്യ വരുമ്പോൾ അതിനെ സ്വീകരിക്കുന്നത് നല്ല കാര്യമല്ലേ…ഞാൻ സംവിധാനം ചെയ്ത സിനികളിൽ അന്നത്തെ കാലത്തെ മികച്ച ടെക്നിക്സ് തന്നെ ഉപയോഗി ച്ചിട്ടുണ്ട്. ദേശീയ, അന്തർദേശീയ തലത്തിൽ മലയാള സിനിമ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നകാലഘട്ടമാണിത്. എന്താണ് പറയാനുള്ളത്? എല്ലാ ഭാഷകളിലും നല്ല സിനിമകൾ ഇറങ്ങുന്നുണ്ട്. സിനിമകൾ കാണാറുണ്ടോ. അടുത്ത കാലത്ത് ഏറ്റവും മികച്ചതായി തോന്നിയ സിനിമകളും അഭിനേതാക്കളും? അങ്ങനെ പ്രത്യേകിച്ച് ആരും ഇല്ല. പുതിയ ആളുകളെ കാണാനോ സംസാരിക്കാനോ കഴിയാറില്ല. പുതുമുഖ നടീനടന്മാരോടൊപ്പം അഭിനയിക്കാൻ പറ്റിയില്ല. അഭിനയി ക്കാൻ നവരസങ്ങൾ വേണം. എല്ലാ രസങ്ങളും എല്ലാവർക്കും പ്രകടിപ്പിക്കാൻ സാധിക്കണമെന്നില്ല. ഒ.ടി.ടിയും മറ്റ് പുതിയ സാങ്കേതികവിദ്യകളും സിനിമയുടെ ഇതിവൃത്തത്തെയും അവതരണ ശൈലിയെയും എങ്ങനെ സ്വാധീനിച്ചിട്ടുണ്ട്? പുതിയ സിനിമകൾ ഒ.ടി.ടിയിലാണ് ഇപ്പോൾ കാണുന്നത്. തിയേറ്ററിൽ പോയി കാണാൻ കഴിയാത്തവർക്ക് വലിയ അനുഗ്രഹമാണ് ഒ.ടി.ടി. ചിലർക്ക് തിയേറ്ററിൽ പോയി സിനിമ കണ്ടാലേ തൃപ്തിവരൂ. ക്രിക്കറ്റ് ടിവിയിൽ കാണുന്നതും ഗ്രൗണ്ടിൽ നേരിട്ട് കളി കാണുന്നതും തമ്മിൽ വലിയ അന്തരമുണ്ടല്ലോ. ഗ്രൗണ്ടിൽ കാണുമ്പോൾ ടിവിയിലേതുപോലെ എല്ലാം കാണാനും അറിയാനും പറ്റില്ല. എന്നാലും ഗ്യാലറിയിലെ ഓളവും കാണികളുടെ ആർപ്പുവിളികളും എല്ലാവരും ഇഷ്ടപ്പെടുന്നു. കുറച്ചുനാളായി പുതിയ സിനിമകൾ കാണുന്നത് കുറവാണ്. ലോക കണ്ടു. സിനിമയിൽ തിരക്കേറിയിരുന്ന സമയത്ത് കാണാൻ കഴിയാതിരുന്ന സിനിമകൾ ഇപ്പോൾ കാണാൻ ശ്രമിക്കാറുണ്ട്. ഇത്രയും പതിറ്റാണ്ടുകൾക്കു ശേഷവും സിനിമയോടുള്ള പാഷൻ നിലനിർത്തുന്നത് എങ്ങനെ? എനിക്ക് സിനിമയോടല്ല അഭിനയത്തോടാണ് അഭിനിവേശം. പണ്ടത്തെ കാലത്ത് ഇത്രയധികം സിനിമകൾ ഇല്ലല്ലോ. അന്ന് ഉണ്ടായിരുന്നത് നാടകമാണ്. നാടകത്തിൽ താൽപര്യം ഉണ്ടായിരുന്നതുകൊണ്ടാണ് അഭിനയിക്കാൻ ആഗ്രഹം തോന്നിയത്. അതിനാലാണ് അഭിനയം പഠിക്കാൻ പോയത്. ചിത്രകാരന് പെയ്ന്റും ബ്രഷും ഉള്ളതുപോലെ, പാട്ടുകാരന് വരികളും സംഗീതവും ഉള്ളതുപോലെ ഒരു അഭിനേതാവിന് ഏറ്റവും വേണ്ടത് ആരോഗ്യമുള്ള ശരീരമാണ്. ശരീരമാണ് അയാളുടെ ആയുധം. ശബ്ദവും പ്രധാനമാണ്.
എന്റെ എല്ലാ സിനിമകളും നല്ലതാണ്. കാലികപ്രസക്തിയുള്ള കുടുംബ ചിത്രങ്ങളാണ് മിക്കവാറും ചെയ്തിട്ടുള്ളത്. ജീവിതവുമായി ബന്ധപ്പെട്ട കഥകളായിരുന്നു എല്ലാം. പല സിനിമകളിലും കർക്കശക്കാരനായിരുന്നു ജീവിതത്തിൽ അങ്ങനെ ആയിരുന്നോ? കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 30-ാം വാർഷികമാണല്ലോ..ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുത്തിട്ടുള്ള ആളെന്ന നിലയിൽ എങ്ങിനെയാണ് ഇതിനെ നോക്കികാണുന്നത്? ഫിലിം ഫെസ്റ്റിവലുകൾ ഒരു കൂട്ടായ്മയാണ്. നല്ല അനുഭവമാണത്. ഡെൽഹി, മദ്രാസ്, ബോംബെ, കൽക്കട്ട, ഗോവ എന്നീ ചലച്ചിത്രമേളകളിൽ പോയിട്ടുണ്ട്. അന്ന് കേരളത്തിൽ സിനിമ കാണാൻ സൗകര്യം ഇല്ലാതിരുന്നതുകൊണ്ടാണ് പുറത്ത് പോയത്. കേരളത്തിൽ എല്ലാ വർഷവും ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നു. ഫിലിം ഫെസ്റ്റിവലിലെ സിനിമകൾ നമുക്ക് മറ്റിടങ്ങളിലും കാണാനുള്ള സൗകര്യം ഇന്നുണ്ട്. ഗോവ ഫെസ്റ്റിലാണ് മറ്റ് സംസ്ഥാനങ്ങളിലെ കൂടുതൽ നല്ല ചലച്ചിത്രങ്ങൾ കാണാൻ കഴിയുന്നത്. മോസ്‌കോ ഫെസ്റ്റിവലിലും പോയിട്ടുണ്ട്. സിനിമ സ്വപ്നം കാണുന്ന പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്? സിനിമയിൽ ആരേയും വരുത്താൻ പറ്റില്ല. സിനിമയിലേക്ക് കയറ്റിവിടാൻ പറ്റിയേക്കും. എന്നാൽ സ്വന്തം ശക്തിയിൽ മാത്രമേ ഒരു ആർട്ടിസ്റ്റിന് സിനിമയിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. ദിനചര്യ, വായന? ഞാൻ ജീവിക്കുന്നത് രാത്രിയിലാണ്. രാത്രി 10.30ന് ശേഷമാണ് പത്രങ്ങൾ തന്നെ വായിക്കുന്നത്. ഇഷ്ടപ്പെട്ട മാഗസിന്റെ തലക്കെട്ടുകൾ മാത്രമേ വായിക്കാൻ പറ്റുന്നൂള്ളൂ. എല്ലാവരും പുസ്തകങ്ങൾ കൊണ്ടുതരും. ഞാൻ വായിക്കാമെന്ന് പറയും. വായിക്കാനും ഇഷ്ടമാണ്..പക്ഷേ പറ്റുന്നില്ല. |








