സാധ്യമാകുന്നു ഇ-റവന്യൂ വകുപ്പ്

കെ. രാജന്‍
റവന്യൂ വകുപ്പ് മന്ത്രി

 

ഉദ്യോഗസ്ഥ കേന്ദ്രീകൃതമായിരുന്ന റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കുക എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്. ഇതിൻ്റെ ഭാഗമായി ഡിജിറ്റൽ വൽക്കരണത്തിന് ഊന്നൽ നൽകി, അടിമുടി നവീകരണത്തിൻ്റെ  പാതയിലാണ് റവന്യൂ വകുപ്പ്. വകുപ്പിനെ പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നവംബര്‍ ഒന്നിനകം വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ എല്ലാ ഓഫീസുകളെയും ഓൺലൈനാക്കും. പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗവും വർധിപ്പിച്ച് കുറഞ്ഞ കാലത്തിനുള്ളില്‍ എല്ലാ സേവനങ്ങളും വിരൽതുമ്പിൽ  ലഭ്യമാക്കുന്ന വിധത്തില്‍ വകുപ്പിനെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനായി വില്ലേജ് ഓഫീസുകളിലേക്കും താലൂക്ക് ഓഫീസുകളിലേക്കും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി ലഭ്യമായിട്ടുണ്ട്.

ഇ-സാക്ഷരതയ്ക്ക് ഊന്നൽ

പൂർണമായും റവന്യൂ സാക്ഷരത കൈവരിക്കുന്നതിനും വകുപ്പ് മുഖ്യപരിഗണന നൽകുന്നു. സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതു പോലെ ഒരു വർഷക്കാലത്തിനുള്ളിൽ റവന്യൂ വകുപ്പിന്റെ ഓൺലൈൻ പ്രവര്ത്തവനങ്ങളുടെ സാക്ഷരത ഉറപ്പാക്കുകയാണ് ലക്ഷ്യം. വില്ലേജ് ഓഫീസുകളില്‍ നിന്ന് 20 സർട്ടിഫിക്കറ്റുകളാണ് ഓൺലൈനായി നൽകുന്നത്. ഓൺലൈൻ അപേക്ഷ നൽകുന്നത് സംബന്ധിച്ച് സാധാരണ ജനങ്ങള്ക്ക് അവബോധം നൽകുന്നതിന് നടപടി സ്വീകരിക്കും. സർക്കാർ ഉദ്യോഗസ്ഥര്‍,വില്ലേജ് തല ജനകീയ സമിതി അംഗങ്ങള്‍, കോളേജ്, സ്‌കൂള്‍ വിദ്യാർത്ഥികൾ വിദ്യാര്ഥിരകള്‍ എന്നിവരെയെല്ലാം പങ്കാളികളാക്കിയാണ് റവന്യൂ ഇ-സാക്ഷരത പരിപാടി നടപ്പാക്കുന്നത്. എല്ലാ വീടുകളിലും ഒരാൾക്കെങ്കിലും ഡിജിറ്റല്‍ ഉപകരണം ഉപയോഗിച്ച് അനിവാര്യമായ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ജനങ്ങളെ പ്രാപ്തരാക്കാനാണ് ശ്രമം.

ഡിജിറ്റല്‍ റീസർവ്വെ 

സംസ്ഥാനത്ത് 200 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസർവ്വെ നടന്നു വരികയാണ്. ആകെയുള്ള 1666 വില്ലേജുകളില്‍ ഡിജിറ്റല്‍ സർവ്വെ ചെയ്തിട്ടില്ലാത്ത 1550 വില്ലേജുകളില്‍ നാലു വർഷം കൊണ്ട് സർവ്വെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഐക്യ കേരള രൂപീകരണ ചരിത്രത്തില്‍ ആദ്യമായി കേരളം പൂർണ്ണമായും ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുകയാണെന്നതാണ് സുപ്രധാനം. ഇതിനായി റീ ബിൽഡ് കേരള പദ്ധതിയില്‍ ഉൾപ്പെടുത്തി 807 കോടി രൂപ സർക്കാർ  അനുവദിച്ചിട്ടുണ്ട്.

നൂതന സാങ്കേതിക വിദ്യ

ഡിജിറ്റല്‍ സർവ്വെ നടപ്പിലാക്കുന്നതിനു വേണ്ടി വകുപ്പിലെ ജീവനക്കാർക്കു പുറമെ സാങ്കേതിക പരിജ്ഞാനമുള്ള 1500  സർവെയർമാരെയും 3200 സഹായികളെയും താൽക്കാലികമായി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖാന്തരം നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗതിയിലാണ്.

നൂതന സർവ്വെ സാങ്കേതിക വിദ്യകളായ Continuously Operating Reference Stations (CORS), Real Time Kinematic (RTK) Rover, Robotic ETS, Drone എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ സർവ്വെ നടത്തുന്നത്. സംസ്ഥാനത്ത് 28 ഇഛഞ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന പ്രവർത്തനവും അന്തിമഘട്ടത്തിലാണ്. ഈ കൺട്രോൾ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്ന സിഗ്‌നലുകള്‍ ഉപയോഗിച്ച് RTK മെഷീനുകളുടെ സഹായത്തോടെ അതിവേഗവും കൃത്യവും സുതാര്യവുമായി ഡിജിറ്റല്‍ സർവ്വെ പൂർത്തിയാക്കാൻ സാധിക്കും. പ്രായോഗികമാകുന്ന മേഖലകളില്‍ ഡ്രോൺ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.

കേരളത്തിൻ്റെ സമ്പൂർണ്ണ കഡസ്ട്രല്‍ സർവ്വെ സാധ്യമാക്കുന്നതോടൊപ്പം ടോപോഗ്രാഫിക്കല്‍ സർവ്വേയും നടത്തുന്നുണ്ട്. ഇതിലൂടെ സംസ്ഥാനത്തിൻ്റെ എല്ലാ ഭൂപ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന വിധത്തിൽ സ്വകാര്യ ഭൂമിയും സർക്കാർ  ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ഡിജിറ്റല്‍ സർവ്വെ പൂർത്തിയാക്കി ഡിജിറ്റല്‍ ഭൂരേഖകള്‍ തയ്യാറാക്കുന്നതോടെ വിവിധ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി ഇവ നടപ്പാക്കുന്നതിനും സഹായകരമാകും.

ഡിജിറ്റല്‍ ഭൂ സർവ്വേ- നേട്ടങ്ങൾ

• ഭൂമി സംബന്ധമായ വിവരങ്ങൾക്ക് കൃത്യതയും സുതാര്യതയും

• റവന്യു, രജിസ്ട്രേഷന്‍, സർവ്വെ വകുപ്പുകളിലെ ഭൂസംബന്ധമായ സേവനങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാകും.

• അപേക്ഷകള്‍ ഓൺലൈനായി കൊടുക്കുവാനും പരിഹരിക്കാനും സാധിക്കും.

• ഭൂമിസംബന്ധമായ സേവനങ്ങള്ക്ക് പല ഓഫീസുകളില്‍ കയറിയിറങ്ങേണ്ട.

• ഡിജിറ്റല്‍ ഭൂരേഖകള്‍ പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാം.

Spread the love