സന്തോഷത്തിന്റെ ഇടങ്ങൾ

 

പൊതുജനങ്ങൾക്ക് സ്വസ്ഥമായി വന്നിരിക്കാനും കൂട്ടുകൂടാനും കളിക്കാനും വിനോദപരിപാടികൾക്കും കായികാഭ്യാസത്തിനും എല്ലാം സൗകര്യമൊരുക്കുന്നതിനായാണ് തദ്ദേശ സ്വയംഭരണവകുപ്പ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്കുകൾ ആരംഭിക്കണം എന്ന നിർദേശം നൽകിയത്. നൂറുകണക്കിന് ഹാപ്പിനസ് പാർക്കുകളാണ് സംസ്ഥാനത്ത് ഇതിനോടകം ആരംഭിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിലാണ് ഇവ സജ്ജമാക്കിയിട്ടുള്ളത്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയ രാജ്യങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് സന്തോഷത്തിന്റെ സൂചികയിലാണ്. വികസിത, അർധവികസിത രാഷ്ട്രങ്ങളെപ്പോലെ കേരളവും ഇപ്പോൾ ചിന്തിക്കുന്നത് സന്തോഷത്തിന്റെ സൂചികയെക്കുറിച്ചാണ്. കേരളത്തിൽ പല തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലും ഹാപ്പിനസ് സ്‌ക്വയറുകൾതന്നെയുണ്ട്. ദാരിദ്ര്യവും പട്ടിണിയുമുള്ള ഒരു സമൂഹത്തിന് സന്തോഷസൂചികയെക്കുറിച്ച് സംസാരിക്കാനാകില്ല. അതിനാൽ ഈ സർക്കാർ അധികാരത്തിൽവന്നതിനുശേഷം ആദ്യം സ്വീകരിച്ച നടപടി അതിദാരിദ്ര്യം തുടച്ചുനീക്കുക എന്നതായിരുന്നു. ആ വലിയ ചുവടുവയ്പ്പ് ഈ കേരളപ്പിറവി ദിനത്തിൽ സാർഥകമാകുന്നു. ദാരിദ്ര്യവും നിരക്ഷരതയും അവസാനിപ്പിക്കാനും പശ്ചാത്തലസൗകര്യ വികസനത്തിൽ ഏറെ മുന്നേറാനും കഴിഞ്ഞതുകൊണ്ടാണ് കേരളത്തിന് സന്തോഷസൂചികയെക്കുറിച്ച് സംസാരിക്കാനാകുന്നത്.

സ്ഥിരം ഇരിപ്പിടങ്ങൾ, വിനോദോപാധികൾ, സെൽഫി കോർണർ, കഫറ്റീരിയ, മൊബൈൽ റീ ചാർജിങ് സൗകര്യം, വൈഫൈ, കുടിവെള്ളം, ശുചിമുറി, വസ്ത്രം മാറ്റാനുള്ള സൗകര്യം, ആകർഷകമായ ലൈറ്റുകൾ, ചെറിയ ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള സൗകര്യം, വർക്ക് ഫ്രം പാർക്ക്, കമ്യൂണിറ്റി യോഗ, ത്രീഡി തിയറ്റർ സിസ്റ്റം, റേഡിയോ, സൈക്കിൾ ട്രാക്ക്, നീന്തൽക്കുളം, ഓപ്പൺ ജിം, കുട്ടികളുടെ ലൈബ്രറി, മാലിന്യശേഖരണ സംവിധാനം, മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ, പ്രദേശത്തെ കലാകാരരുടെ പരിപാടികൾ, ഭക്ഷ്യമേള തുടങ്ങി ഓരോ തദ്ദേശസ്ഥാപനവും സ്വന്തം ശേഷിക്കും ഭാവനയ്ക്കും അനുസരിച്ച് സൗകര്യങ്ങളും പരിപാടികളും സജ്ജമാക്കുന്നു.

50 സെന്റിൽ കുറയാത്ത സ്ഥലം കണ്ടെത്തി സ്പോൺസർഷിപ്, സിഎസ്ആർ എന്നിവയിലൂടെയാണ് പാർക്ക് സജ്ജമാക്കിയത്. മുൻപ് മാലിന്യം തള്ളിയിരുന്ന സ്ഥലങ്ങളും കാടുമൂടിയ പ്രദേശങ്ങളുമെല്ലാം ഇത്തരത്തിൽ നവീകരിക്കപ്പെട്ടു. പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഐക്യവും സൗഹൃദവും വളർത്താനും ഈ ഇടങ്ങൾ ഉപകരിക്കുന്നു.

 

 

Spread the love