വൃത്തിയുള്ള കേരളം
സംസ്ഥാനത്തെ മാലിന്യപ്രശ്‌നങ്ങളുടെ പ്രതീകമായിരുന്നു ഒരു കാലത്ത് ബ്രഹ്മപുരം. ഇന്നത് മാറ്റത്തിന്റെ, പ്രതീക്ഷയുടെ, നിശ്ചയദാർഢ്യത്തിന്റെ തെളിച്ചമുള്ള ചിത്രമാണ്. 39 ഏക്കറുള്ള മാലിന്യക്കൂനയ്ക്ക് തീപിടിച്ച് ജനജീവിതം ദുസ്സഹമാക്കിയ സംഭവത്തിന് രണ്ട് വർഷം പിന്നിടുമ്പോൾ അതേ പ്രദേശത്തെ മാലിന്യം 75 ശതമാനം നീക്കംചെയ്തു കഴിഞ്ഞു. 18 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു. അവിടൊരു പൂന്തോട്ടവും കളിസ്ഥലവും ഒരുങ്ങിക്കഴിഞ്ഞു. വോളിബോൾ കോർട്ടും ക്രിക്കറ്റ് പിച്ചും ഒരുങ്ങി. പുതുതായി നിർിച്ച ക്രിക്കറ്റ് പിച്ചിൽ മന്ത്രി നേരിട്ടെത്തി ക്രിക്കറ്റ് കളിച്ചത് വലിയ വാർത്തയുമായി.
706.55 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രകാരം ബാക്കി പ്രദേശത്ത് ആർഡിഎഫ് പ്ലാന്റ്, ഊർജോത്പാദന പ്ലാന്റ്, കമ്പോസ്റ്റ് പ്ലാന്റ്, കെട്ടിട നിർമ്മാണ പൊളിക്കൽ മാലിന്യ പുനരുപയോഗ പ്ലാന്റ്, വിജ്ഞാന കേന്ദ്രം, ഗ്രീൻ ബെൽറ്റ്, പൊതു സൗകര്യങ്ങൾ, വിശ്രമമുറി, പൊതുവിനോദ സ്ഥലം, സോളാർ പ്ലാന്റ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ നിർാണഘട്ടത്തിലാണ്.
അസാധ്യം എന്ന് എഴുതിത്തള്ളിയ ബ്രഹ്മപുരം ഒരു മാതൃകയാണ്. മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരം സാധ്യമാണെന്ന പാഠം കേരളത്തിനും രാജ്യത്തിനും പഠിപ്പിച്ച മാതൃകാ പദ്ധതി. ബ്രഹ്മപുരം മാത്രമല്ല, ഗുരുവായൂരും കുന്നംകുളവും കുരീപ്പുഴയും വടക്കാഞ്ചേരിയും ഇരട്ടയാറുമെല്ലാം മാലിന്യസംസ്‌കരണം അസാധ്യമല്ലെന്ന വലിയ പാഠം പകർന്നു നൽകുന്നുണ്ട്.
മാലിന്യമുക്തമായ ഒരു നവകേരളം പ്രഖ്യാപിക്കാനൊരുങ്ങുന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിന് കരുത്താവുകയാണ് ഈ മാതൃകകൾ. വൃത്തിയുള്ളൊരു കേരളം സാധ്യമാക്കുന്നതിന് സർക്കാരിനൊപ്പം പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും തയ്യാറായാൽ നല്ല ഫലം കാണുമെന്നും ഇവ തെളിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആഴമുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ് ഈ ലക്കം സമകാലിക ജനപഥം.
ടി.വി. സുഭാഷ് ഐ.എ.എസ്
എഡിറ്റർ
