വഴി വെട്ടിയ ധീരര്‍
വഴി വെട്ടിയ ധീരര്‍
സുകന്യ എന്‍
മാധ്യമപ്രവര്‍ത്തക
മര്‍ദ്ദനങ്ങള്‍ക്കു മുമ്പില്‍ തളരാത്ത സ്വ.ലേ
1943 മാര്‍ച്ച് 27, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിംഗിള്‍ സെല്ലിലെ അരണ്ട വെളിച്ചത്തില്‍ കാരിരുമ്പുകള്ക്കപ്പുറം നാല് സെല്ലുകളിലായി അവര്‍… അപ്പു, ചിരുകണ്ടന്, അബൂബക്കര്‍, കുഞ്ഞമ്പു. അവരുടെ കഴുത്തില്‍ കൊലക്കയര്‍ വീഴാന്‍ രണ്ടു ദിവസങ്ങള്‍ കൂടി മാത്രം. പക്ഷേ അവര്‍ തളർന്നിരുന്നില്ല. അവരുടെ സ്വരം ഇടറിയിരുന്നില്ല. അസാധാരണമായ ഒരു തിളക്കം ആ കണ്ണുകളില്‍ ഉണ്ടായിരുന്നു. അവര്‍ പറഞ്ഞു. ”ഞങ്ങള്‍ ഭീരുക്കളായല്ല കൊല മരത്തിലേക്ക് കയറിയതെന്ന് ജനങ്ങളോട് പറയണം. ഞങ്ങള്‍ എന്തിനു വേണ്ടി ജീവിച്ചു എന്നും മരിക്കാന്‍ പോകുന്നത് എന്തിനാണെന്നും ആരും മറക്കാതിരിക്കാന്‍ പറയണം. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടം തുടരണം”. കയ്യൂര്‍ സമര സേനാനികളുടെ ഈ വാക്കുകള്‍ അന്ന് ദേശാഭിമാനി പത്രത്തിന് വേണ്ടി റിപ്പോർട്ട് ചെയ്തത് പി. യശോദ ടീച്ചര്‍ ആയിരുന്നു. മലയാളത്തിലെ ആദ്യത്തെ വനിതാ റിപ്പോർട്ടർ.
മലബാറിലെ മഹിളാ പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടക കൂടിയായിരുന്ന യശോദ ടീച്ചര്‍ക്ക് പത്രപ്രവര്‍ത്തനം എന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. കണ്ണൂര്‍ കീച്ചേരിയില്‍ അടിയേരി ജാനകിയുടെയും പയ്യനാടന്‍ ഗോവിന്ദന്റെയും മകളായി ജനിച്ച യശോദ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കോൺഗ്രസിൽ ആകൃഷ്ടയായി തീർന്നു. സഹപാഠികളായ രണ്ട് വിദ്യാര്‍ഥികളെ ഗാന്ധി കീ ജയ് എ് വിളിച്ചതിന് 36 അടി ശിക്ഷ വിധിച്ച സംഭവം യശോദയുടെ മനസ്സിനെ സ്പർശിച്ചു. പയ്യന്നൂരിൽ ഗാന്ധിജി വന്നപ്പോൾ അദ്ദേഹത്തെ കാണാന്‍ അവള് പോയി.
1931ല്‍ അധ്യാപികയായതോടെ സംഘടനാ രംഗത്ത് സജീവമായി. 1939ല്‍ മലബാര്‍ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ മാനേജര്‍മാരുടെ ചൂഷണത്തിനെതിരെ സമരം നടന്നപ്പോൾ അതില്‍ പങ്കെടുത്ത് തുടർന്ന് സർട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് പൊതു രംഗത്തേക്ക് ടീച്ചര്‍ വരുന്നത്. 1942 സെപ്റ്റംബറില്‍ ദേശാഭിമാനി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ ലേഖികയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 40 കളുടെ തുടക്കത്തില്‍ പട്ടാമ്പിയിൽ ചേർന്ന അഖില മലബാര്‍ മഹിളാ സംഘം രൂപീകരണ യോഗത്തില്‍ പങ്കെടുത്ത ടീച്ചര്‍ ആ വാര്‍ത്ത റിപ്പോർട്ട് ചെയ്തു. ആര്യാ പള്ളം, വി പി ദേവകി, ഉമാദേവി അന്തര്‍ജനം തുടങ്ങിയവരൊക്കെ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 1943 ഡിസംബര്‍ സിന്ധില്‍ (ഇപ്പോള്‍ പാകിസ്ഥാനില്‍) നടന്ന ആള് ഇന്ത്യ വിമൺസ് കോൺഫറൻസിൽ മലബാറിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത യശോദ ടീച്ചര്‍ ആ സമ്മേളനത്തിന്റെ വിശദാംശങ്ങളും പത്രത്തില്‍ എഴുതി.
കണ്ണൂരിലെ കാവുമ്പായിയിലും കണ്ടക്കൈയിലും കയരളത്തുമൊക്കെ 1946ല്‍ നടന്ന കര്‍ഷക സമരങ്ങളെ തുടർന്ന് അരങ്ങേറിയ പോലീസ് തേർവാഴ്ച ദേശാഭിമാനിയില്‍ റിപ്പോർട്ട് ചെയ്തത് യശോദ ടീച്ചറാണ്. അന്നത്തെ അനുഭവങ്ങള്‍ പില്ക്കാലത്ത് ടീച്ചര്‍ ഓർത്തെടുക്കുന്നുണ്ട്. പ്രദേശങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. ഗ്രാമങ്ങളിലെ പുരുഷന്മാര് അധികവും ഒളിവില്‍ ആയിരുന്നു. സ്ത്രീകള്‍ കണ്ണീരോടെ തങ്ങള്‍ അനുഭവിച്ച ഭീകരമായ മര്‍ദ്ദനമുറകള്‍ വിവരിച്ചു. ഗര്‍ഭിണിയായ സ്ത്രീയെ ഇറക്കി വിട്ട് വീട് മുദ്ര വച്ചതും പ്രസവിച്ചു കിടക്കുന്ന സ്ത്രീയെ കുളിപ്പിക്കാനുള്ള വെള്ളം തിളപ്പിക്കാനുള്ള കലമടക്കം എം എസ് പിക്കാർ (മലബാര്‍ സ്പെഷ്യല്‍ ആംഡ് പോലീസ്) തച്ചുടച്ചതും അവര്‍ പറഞ്ഞു. കണ്ടക്കൈയില്‍ സ്ത്രീകളെ അണി നിരത്തി പൊട്ടിയ കലങ്ങള്‍ കുട്ടയിലാക്കി തലയിലേറ്റി അധികാരിയുടെ വീട്ടുമുറ്റത്തേക്ക് ജാഥ സംഘടിപ്പിച്ച 75 കാരിയായ കുഞ്ഞാക്കമ്മയെ അവിടെവച്ച് കണ്ടു. കലംകെട്ട് സമരത്തിനു നേതൃത്വം നല്കിയ കുഞ്ഞാക്കമ്മയെ അറസ്റ്റ് ചെയ്ത് രണ്ടു മാസമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
കാവുമ്പായി സമരത്തെ തുടർന്ന് ഇരിക്കൂര്‍ ഫര്‍ക്കയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടയായ സംഭവവും ടീച്ചര്‍ അനുസ്മരിക്കുന്നുണ്ട്. ”പയ്യാവൂരില്‍ ഞങ്ങള്‍ എത്തുമ്പോള്‍ രാത്രിയായി. കാട്ടിലൂടെയാണ് യാത്ര. നരിയും മറ്റുമുള്ള കാടാണ്. ഒരു തരത്തില്‍ നേരം വെളുപ്പിച്ചു. അന്ന് നടന്നു ചെന്നത് ചെറിയമ്മയുടെ (കാവുമ്പായി സമര പോരാളി) വീട്ടിലാണ്. പോലീസ് അതിക്രമങ്ങളെക്കുറിച്ചന്വേഷിക്കാന്‍ മദിരാശി ഗവൺമെന്റ് നിയോഗിച്ച പത്രപ്രതിനിധി സംഘത്തോടൊപ്പം ടീച്ചര്‍ ഈ സ്ഥലങ്ങളെല്ലാം സന്ദർശിച്ചിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകരായ പാമ്പന്‍ മാധവന്, തെരുവത്ത് രാമന് തുടങ്ങിയവര്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നു.
സ്വാതന്ത്യ ലബ്ധിക്കു ശേഷവും കമ്മ്യൂണിസ്റ്റുകാരി എന്ന നിലയില്‍ നിരവധി മര്‍ദ്ദനങ്ങള്‍ യശോദ ടീച്ചര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. 1948 ലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ കാലത്ത് അവര്‍ ഒളിവില്‍ കഴിഞ്ഞ വീട് എസ് ഐ രയരപ്പന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വളഞ്ഞു. ടീച്ചറുടെ മുടിയില്‍ പിടിച്ച് നിലത്തു വീഴ്ത്തി വലിച്ചു. തല ചുമരില്‍ ഇടിച്ച് ഇവളാണല്ലേ നമ്മുടെ സ്വ.ലേ.(സ്വന്തം ലേഖിക) എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. തുടർന്ന് മൂന്നു വര്‍ഷത്തോളം വീണ്ടും ഒളിവു ജീവിതം. അതുവരെ ദേശാഭിമാനി ലേഖികയായിരുന്നു യശോദ ടീച്ചര്‍. വടക്കേ മലബാറില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്കിയ കാന്തലോട്ട് കുഞ്ഞമ്പു ആയിരുന്നു ടീച്ചറുടെ ജീവിത പങ്കാളി. കുഞ്ഞമ്പു 1977ലെ കേരള നിയമസഭയില്‍ അംഗമായിരുന്നു. കുറച്ചു കാലം വനം മന്ത്രിയും ആയിരുന്നു. ഈ ദമ്പതികള്‍ക്ക് മക്കളില്ല.
2004 ജൂലൈ 28 ആയിരുന്നു ടീച്ചറുടെ അന്ത്യം. 1997 ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കവേ സ്വാതന്ത്ര്യ സമരത്തിന്റെ സുവര്‍ണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട പ്രത്യേക ഫീച്ചര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യശോദ ടീച്ചറെ ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചത്. വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലത്ത് ധീരമായി പത്രപ്രവര്‍ത്തനം രംഗത്തേക്ക് കടന്നുവന്ന ആ ധീര വനിതയുടെ അനുഭവം എക്കാലത്തുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണ്.
ഹലീമ ബീവി – ആദ്യത്തെ പത്രാധിപ
ഇരുപതാമത്തെ വയസ്സില്‍ പത്രാധിപയാവുക, അതും ഒരു മുസ്ലിം പെൺകുട്ടി 1930 കളില്‍ സ്വന്തം ജീവിതം കൊണ്ട് കേരളീയ സമൂഹത്തെ ഞെട്ടിച്ച വനിതയാണ് ഹലീമ ബീവി. സ്വന്തം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയായിരുന്നു അവരുടെ പോരാട്ടം. വിദ്യാഭ്യാസത്തിലൂടെ സമുദായത്തെ ഉന്നതിയിൽ എത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനുള്ള മാധ്യമം ആയിട്ടാണ് അവര്‍ പത്രപ്രവര്‍ത്തനത്തെ കണ്ടത്.
1918 ല്‍ മൈതീന്‍ ബീവി-പീര്‍ മുഹമ്മദ് ദമ്പതികളുടെ മകളായി അടൂരിലാണ് അവര്‍ ജനിച്ചത്. ഏഴാം ക്ലാസ് വരെ മാത്രമേ അവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ. എന്നാൽ അത് ഒരിക്കലും അവര്‍ക്ക് പരിമിതിയായി മാറിയിട്ടില്ല. മികച്ച പ്രാസംഗികയും ലേഖികയുമായി അവര്‍ വളർന്നു. 1938 ലാണ് തിരുവല്ലയില്‍ നിന്നും മുസ്ലിം വനിത എന്ന പേരില്‍ മാസിക തുടങ്ങുന്നത്. അതിന്റെ പത്രാധിപയായിട്ടാണ് അവര്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്നത്. പതിനാറാമത്തെ വയസ്സില്‍ അവര്‍ കെ എം മുഹമ്മദ് മൗലവിയെ വിവാഹം കഴിച്ചു. എഴുത്തുകാരനും പണ്ഡിതനും ആയിരുന്ന ഭര്‍ത്താവിന്റെ പിന്തുണ ഹലീമ ബീവിക്ക് സഹായകമായി.
കൊടുങ്ങല്ലൂരിലേക്ക് പിന്നീട് പ്രസിദ്ധീകരണം മാറ്റിയെങ്കിലും യാഥാസ്ഥിതികരുടെ എതിര്‍പ്പും സാമ്പത്തിക പ്രതിസന്ധിയും കാരണം മാസിക നിര്‍ത്തി വയ്ക്കേണ്ടതായി വന്നു. പിന്നീട് 1944 ഭാരതചന്ദ്രിക എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം അവര്‍ ആരംഭിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍, ബാലാമണിയമ്മ, പി.കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, ജി ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന് നായര്‍ തുടങ്ങി അക്കാലത്തെ പ്രമുഖരെല്ലാം ഭാരതചന്ദ്രികയില്‍ എഴുതിയിട്ടുണ്ട്. 1946ല്‍ മാസികയെ ദിനപ്പത്രം ആക്കി മാറ്റാന്‍ തീരുമാനിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പത്രം അടച്ചു പൂട്ടേണ്ടി വന്നു. 1970 ലാണ് ആധുനിക വനിത എന്ന പ്രസിദ്ധീകരണം ആരംഭിച്ചതെങ്കിലും ഒമ്പതു ലക്കം മാത്രമേ പ്രസിദ്ധീകരിക്കാന്‍ ആയുള്ളൂ.
മുസ്ലിം സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് അവര്‍ നിരന്തരം എഴുതിയത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിന് ഉത്തരവാദികള്‍ മതവിധികളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരാണ് എന്നതായിരുന്നു അവരുടെ നിലപാട്. സ്ത്രീകളെ സമുദ്ധരിക്കാതെ സമുദായവും സമൂഹവും രാജ്യവും പുരോഗമിക്കുകയില്ല എന്ന് അവര്‍ അടിയുറച്ചു വിശ്വസിച്ചു.
അടിയുറച്ച കോൺഗ്രസ് പ്രവർത്തകയായിരുന്നു ഹലീമാബീവി. സ്വതന്ത്ര സമരത്തില്‍ പങ്കെടുത്ത അറസ്റ്റ് വരിച്ച അവര്‍ ഡിസിസി അംഗമായിരുന്നു. തിരുവല്ല മുസ്ലിം വനിത സമാജം, തിരുവല്ല താലൂക്ക് മുസ്ലിം ലീഗ് യൂണിയന് സെക്രട്ടറി, പെരുമ്പാവൂര്‍ മഹിള മണ്ഡലം ഭാരവാഹി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. കേരളത്തിലെ മുസ്ലിം സ്ത്രീകളില്‍ ആദ്യമായി നഗരസഭാംഗമായ വ്യക്തി കൂടിയാണ് ഹലീമ ബീവി. തിരുവല്ല നഗരസഭ കൗൺസിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അവര്‍ അഞ്ചു വര്‍ഷം ആ പദവിയില്‍ തുടർന്നു. സര് സിപിയുടെ ഭരണത്തിനെതിരെ പ്രവര്‍ത്തിച്ചത് കാരണം അവരുടെ ഭര്‍ത്താവിന് ജോലി നഷ്ടമായി. പക്ഷേ ആ പ്രതിസന്ധിയിലും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാനും പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെടാനും ഇരുവരും തയ്യാറായില്ല. 1992ല്‍ ഭര്‍ത്താവിന്റെ മരണത്തോടെ അവര്‍ പൊതു രംഗത്ത് നിന്ന് വിടവാങ്ങി. മകളോടൊപ്പം പിന്നീട് പെരുമ്പാവൂരിലാണ് അവര്‍ താമസിച്ചത്. 2000 ജനുവരി 14ന് നിര്യാതയായി.
