വഴികാട്ടിയായി കോട്ടയം
അതിദാരിദ്ര്യ നിർമ്മാർജനം>>ഷിബു ഇ. വി, ഐ പി ആർ ഡി
അതിദരിദ്രരില്ലാത്ത ആദ്യജില്ല എന്ന നേട്ടം കൈവരിച്ച് കോട്ടയം |
കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കോട്ടയം സംസ്ഥാനത്തിന് വഴികാട്ടിയായി മാറി. ഇന്ത്യയിൽത്തന്നെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായിരിക്കും കോട്ടയം.
അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താനുള്ള അതിദാരിദ്ര്യ നിർണ്ണയ വിവരശേഖരണ പ്രക്രിയ കോട്ടയം ജില്ലയിൽ 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. ജനകീയമായാണ് സർവേ നടപടികൾ നടത്തിയത്. 1344 എന്യൂമറേഷൻ സംഘങ്ങൾ സർവേയിൽ പങ്കാളികളായി. 2688 എന്യുമറേറ്റർമാർ പങ്കെടുത്തു. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും ഗ്രാമസഭാ ചർച്ചകളും നടന്നു. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം (വീടില്ലാത്തവർ, വീടും സ്ഥലവും ഇല്ലാത്തവർ) എന്നീ ക്ലേശഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണ്ണയിച്ചത്.

2022 ജനുവരി 10ന് അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച ജില്ലയായി കോട്ടയം. 1071 പേരെ സർവേയിൽ കണ്ടെത്തി. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ സൂപ്പർ ചെക്കിലൂടെ ഒഴിവാക്കി. അന്തിമപട്ടികയിൽ 903 പേരെ അതിദരിദ്രരായി കണ്ടെത്തി. അതിദരിദ്രരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി 2022 ആഗസ്റ്റിൽ 978 മൈക്രോപ്ലാനുകൾ തയ്യാറാക്കി. സംസ്ഥാനത്ത് ആദ്യമായി മൈക്രോപ്ലാനുകൾ തയ്യാറാക്കിയതും കോട്ടയമാണ്.
2022 ഒക്ടോബറിൽ നിർവഹണം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യനിർവഹണം ആരംഭിച്ചതും കോട്ടയത്താണ്. തദ്ദേശ സ്വയംസ്ഥാപനങ്ങൾ വഴി മൈക്രോ പ്ലാനുകൾ നടപ്പാക്കി. മൈക്രോ പ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി. ഭക്ഷണത്തിനു ബുദ്ധിമുട്ട് നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത് ഭക്ഷണം നൽകൽ തുടങ്ങിയവ ലഭ്യമാക്കി തുടർന്നുവരുന്നുണ്ട്. ഇത്തരത്തിൽ 605 കുടുംബങ്ങൾക്കാണ് സേവനം നൽകുന്നത്.
സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലമാണ് കണ്ണൂർ ജില്ലയിലെ ധർമ്മടം. 2025 ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നിർവഹിച്ചത്. ധർമ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മികച്ച പ്രവർത്തനങ്ങൾ നടത്തി അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. 2021 ആഗസ്റ്റ് മുതൽ അതിദരിദ്രരെ കണ്ടെത്തുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ‘റൈറ്റ് ടു സ്വിഫ്റ്റ് അസിസ്റ്റൻസ്’ സംരംഭവും മൈക്രോ പ്ലാനുകളും ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത മണ്ഡലം എന്ന ലക്ഷ്യം കൈവരിച്ചത്. ഹ്രസ്വകാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികൾ, ഉടൻ നടപ്പിലാക്കുന്നവ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാനിലൂടെ സേവനങ്ങൾ നൽകിയത്. എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 196 കുടുംബങ്ങളാണ് ഗുണഭോക്താക്കളായുള്ളത്. അതിദരിദ്ര വിഭാഗത്തിലുള്ളവർക്ക് അവകാശ രേഖകളായ റേഷൻ കാർഡ്, ഭിന്നശേഷി കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സാമൂഹിക സുരക്ഷ പെൻഷൻ എന്നിവ ലഭ്യമാക്കി. ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. 20 പേർക്ക് ആധാർ കാർഡ്, 4 പേർക്ക് ജോബ് കാർഡ്, 4 പേർക്ക് ഗ്യാസ് കണക്ഷൻ, 31 പേർക്ക് വോട്ടർ ഐ ഡി, 12 പേർക്ക് റേഷൻ കാർഡ്, രണ്ട് പേർക്ക് ഹെൽത്ത് ഇൻഷുറൻസ്, രണ്ട് പേർക്ക് സെക്യൂരിറ്റി പെൻഷൻ എന്നിവ ലഭ്യമാക്കി. ഭക്ഷണം ആവശ്യമായ 19 കുടുംബങ്ങളിൽ 79 പേർക്കും ഭക്ഷണം ഗ്രാമപഞ്ചായത്തുകൾ വഴിയും കുടുംബശ്രീ സന്നദ്ധ സംഘടനകൾ വഴിയും എത്തിച്ചു നൽകി. ആരോഗ്യ സേവനങ്ങൾ ആവശ്യമായ 139 കുടുംബങ്ങളിൽ എല്ലാവർക്കും സേവനങ്ങൾ ഹെൽത്ത് സെന്റർ മുഖേനയും, പാലിയേറ്റീവ് കെയർ സംവിധാനം വഴിയും നൽകുകയും വരുമാനം ലഭ്യമാക്കുന്നതിന് 20 കുടുംബങ്ങൾക്ക് വിവിധ വകുപ്പുകൾ മുഖേനയും ഗ്രാമപഞ്ചായത്ത് പദ്ധതിയിലൂടെയും, കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വരുമാനദായിക സംവിധാനങ്ങൾ വഴിയും ലഭ്യമാക്കി. വീട് ആവശ്യമായ 83 പേരിൽ ലൈഫ് പദ്ധതിയിലൂടെ 27 പേർക്ക് വീടും ആറ് പേർക്ക് വീടും സ്ഥലവും അനുവദിക്കുകയും 40 പേർക്ക് ഗ്രാമപഞ്ചായത്ത് മുഖേന ഭവന പുനരുദ്ധാരണത്തിനുള്ള തുക അനുവദിക്കുകയും ചെയ്തു. മൂന്ന് കുടുംബങ്ങൾക്ക് ടോയ്ലെറ്റ്, ഒരു കുടുംബത്തിന് കുടിവെള്ള കണക്ഷൻ എന്നിവ അനുവദിച്ചതിലൂടെ പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും വാസയോഗ്യമായ ഭവനം എന്ന സ്വപ്നം സാധ്യമാക്കാൻ സാധിച്ചു. |
മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് അവ ലഭ്യമാക്കി. പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായിരുന്ന 206 കുടുംബങ്ങൾക്കും സേവനം നൽകുന്നു. ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന 6 കുടുംബങ്ങൾക്കും ലഭ്യമാക്കി. വരുമാനമാർഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ – ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ആറ് കുടുംബങ്ങൾക്കും മറ്റ് വകുപ്പുകൾ വഴി അഞ്ച് കുടുംബങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾ വഴി അഞ്ച് കുടുംബങ്ങൾക്കും വരുമാനമാർഗം ലഭ്യമാക്കി.
ഭവനരഹിതരും, ഭൂരഹിത ഭവനരഹിതരും ആയ മുഴുവൻ പേർക്കും സുരക്ഷിത വാസസ്ഥലങ്ങൾ ഉറപ്പാക്കി. അതിദരിദ്ര്യ കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്ക് വീട് ഉറപ്പാക്കി. വീടും വസ്തുവും വീടും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റി. ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതി, സ്പോൺസർഷിപ്പ്, മറ്റ് സന്നദ്ധ സംഘടനകളുടെ സഹായം വഴിയാണ് ഇവ യാഥാർഥ്യമാക്കിയത്.
490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള അവകാശരേഖകൾ ലഭ്യമാക്കി. 55 വിദ്യാർഥികൾക്ക് സൗജന്യ ബസ് പാസും ലഭ്യമാക്കി. ഈ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനൊപ്പം പഠനമാർഗ നിർദേശ പരിപാടികളും ഒരുക്കി. പദ്ധതിയുടെ ഭാഗമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നിവരെ പുനരധിവസിപ്പിക്കാനും, ചികിത്സയ്ക്കുമുള്ള നടപടികൾ സ്വീകരിച്ചു.
2021 ഒക്ടോബറിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്.ഷിനോ എന്നിവരുടെ ചുമതലയിൽ തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തിലാണ് വിവിധ സർക്കാർ വകുപ്പുകളെ പങ്കെടുപ്പിച്ചു ജില്ലയിൽ അതിദാരിദ്ര്യ നിർമ്മാർജന ലക്ഷ്യം നേടുന്നതിനുള്ള പ്രവൃത്തികൾക്കു തുടക്കമിട്ടത്. പിന്നീടു വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കെ.വി.ബിന്ദുവും ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരിയും പ്രവർത്തനങ്ങൾ തുടർന്നു. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗറിന്റെയും ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെയും പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസിന്റെയും നേതൃത്വത്തിലാണ് ലക്ഷ്യം പൂർത്തീകരിച്ചത്.
