വയോജന കമ്മിഷൻ നിലവിൽ വരുമ്പോൾ
വയോജനക്ഷേമം>>അഷ്റഫ് കാവിൽ
മുൻ അസിസ്റ്റൻറ് ഡയറക്ടർ , സാമൂഹികനീതി വകുപ്പ്
രാജ്യത്തെ ആദ്യത്തെ വയോജന കമ്മിഷൻ കേരളത്തിൽ. വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി, വയോജന സൗഹൃദസംസ്ഥാനമായി കേരളത്തെ മാറ്റുക കൂടിയാണ് വയോജന കമ്മിഷൻ രൂപവൽക്കരണത്തിന്റെ ലക്ഷ്യം |
വയോജന സമൂഹത്തിന്റെ ദീർഘകാലത്തെ ആവശ്യം യാഥാർഥ്യമാക്കിക്കൊണ്ട് കേരളത്തിൽ വയോജന കമ്മിഷൻ നിലവിൽ വന്നിരിക്കുകയാണ്. ഇന്ത്യയിൽ ദേശീയ തലത്തിലോ മറ്റു സംസ്ഥാനങ്ങളിലോ വയോജന കമ്മീഷനു കൾ നിലവിലില്ല. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ ആദ്യത്തെ വയോജന കമ്മിഷൻ എന്ന പ്രത്യേകത കൂടി കേരള സംസ്ഥാന വയോജന കമ്മീഷന് അവകാശപ്പെട്ടതാണ് .തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന വയോജന കമ്മിഷൻ ചെയർപേഴ്സണായി കെ. സോമപ്രസാദും, അംഗങ്ങളായി അമരവിള രാമകൃഷ്ണൻ, ഇ.എം.രാധ, കെ.എൻ.കെ നമ്പൂതിരി, പ്രൊഫ. ലോപസ് മാത്യു എന്നിവരും ചുമതലയേറ്റു കഴിഞ്ഞു. പിണറായി വിജയൻ സർക്കാർ ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ധാനം കൂടിയാണ് വയോജന കമ്മിഷൻ രൂപവൽക്കരണത്തിലൂടെ യാഥാർഥ്യമാകുന്നത്. 
പുതിയ യുഗത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിൽ ആദ്യമായി സംസ്ഥാന നിയമസഭ പാസാക്കിയ കേരള സംസ്ഥാന വയോജന കമ്മീഷൻ ആക്ട് 2025 പ്രകാരമാണ് കമ്മീഷൻ നിലവിൽ വന്നിരിക്കുന്നത്. കമ്മീഷനിൽ ഒരു ചെയർപേഴ്സണും 4 അംഗങ്ങളും ഉണ്ടായിരിക്കും. ഗവൺമെൻറ് സെക്രട്ടറിയുടെ പദവിയുള്ള ചെയർ പേഴ്സൺ ഉൾപ്പെടെ കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും. അവരിൽ ഒരാൾ പട്ടികജാതികളിലോ പട്ടിക ഗോത്ര വർഗങ്ങളിലോപെട്ടയാളും ഒരംഗം വനിതയും ആയിരിക്കും. സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ സെക്രട്ടറിയായും നിയമ വകുപ്പ് ജോയിൻ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ രജിസ്ട്രാറായും ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ കമ്മീഷൻ ഫിനാൻസ് ഓഫീസറായും സർക്കാർ നിയമിക്കും. ചെയർപേഴ്സൺന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി സ്ഥാനം ഏറ്റെടുത്തത് മുതൽ മൂന്നുവർഷം വരെ ആയിരിക്കും.
60 വയസ്സ് പൂർത്തിയായിട്ടുള്ള വ്യക്തിയെയാണ് കേരള സംസ്ഥാന വയോജന കമ്മീഷൻ ആക്ട് ‘വയോജനം’ എന്ന് നിർവചിച്ചിരിക്കുന്നത്.വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകുക, വയോജനങ്ങളുടെ കഴിവുകളും പരിചയ സമ്പത്തും പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുക, വയോജനങ്ങൾക്ക് പുനരധിവാസവും നിയമസഹായവും ലഭ്യമാക്കുക വയോജനങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുക എന്നിവയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ. വയോജനക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി ഭരണഘടനയിലും നിലവിലുള്ള നിയമങ്ങളിലുമുള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച പരിശോധനയും അന്വേഷണവും നടത്തി പരിഹാര മാർഗങ്ങൾ കമ്മീഷൻ ശുപാർശ ചെയ്യും. വയോജന ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കും. ഉപേക്ഷിക്കപ്പെടുകയോ അനാഥരാവുകയോ ചെയ്യുന്ന വയോജനങ്ങളെ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വയോജന ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് സർക്കാരിന് ഉപദേശം നൽകും. വയോജനങ്ങളുടെ അവകാശം ക്ഷേമം സംരക്ഷണം എന്നിവ നിഷേധിക്കപ്പെടുന്നതോ അതിക്രമങ്ങൾ ഉണ്ടാകുന്നതോ ആയ പരാതി ലഭിക്കുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് കഴിയുന്നത്ര വേഗം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കുകയും തുടർനടപടികൾക്ക് ശുപാർശ നൽകുകയും ചെയ്യും. അർഹമായ കേസുകളിൽ നിയമസഹായ അതോറിറ്റികളുടെ സഹായം ലഭ്യമാക്കും. വയാജനങ്ങൾ കഴിയേണ്ടിവരുന്ന ജയിലുകൾ, ലോക്കപ്പുകൾ, കസ്റ്റഡിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികളിൽ ഉടൻ പരിശോധന നടത്തി ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കും. വയോജനങ്ങളുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കും. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാർ ഏൽപ്പിക്കുന്ന മറ്റു ചുമതലകളും കമ്മീഷൻ നിർവഹിക്കും.

സിവിൽ കോടതിയുടെ
അധികാരങ്ങൾ
ചുമതലകൾ നിർവഹിക്കുമ്പോൾ കമ്മീഷന് 1908 ലെ സിവിൽ നടപടി നിയമ സംഹിത പ്രകാരം വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ ഉണ്ടായിരിക്കും. വ്യക്തികളെ വിളിച്ചു വരുത്തുന്നതിനും സത്യപ്രസ്താവനയിന്മേൽ വിസ്തരിക്കുന്നതിനും കമ്മീഷന് അധികാരം ഉണ്ടായിരിക്കും. രേഖകൾ കണ്ടെടുക്കാനും ഹാജരാക്കാനും ആവശ്യപ്പെടാനും തെളിവ് സ്വീകരിക്കാനും കോടതികൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൊതുരേഖകൾ ആവശ്യപ്പെടാനും കമ്മീഷന് അധികാരമുണ്ടായിരിക്കും. സർക്കാർ അനുമതിയോട് കൂടി സർക്കാർ ഉദ്യോഗസ്ഥരുടെയും കോർപ്പറേഷനുകൾ, ബോർഡുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഉദ്യോഗസ്ഥരുടെയും സേവനങ്ങൾ പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതിന് കമ്മീഷന് അധികാരം ഉണ്ടായിരിക്കും.
ചെയർപേഴ്സണ് യുക്തമെന്ന് തോന്നുന്ന സ്ഥലത്തും സമയത്തും നടപടികൾ പാലിച്ചുകൊണ്ട് കമ്മീഷന്റെ യോഗം ചേരാം. ഏതെങ്കിലും പ്രത്യേക വിഷയം പരിഗണിക്കുന്നതിന് ആ വിഷയത്തിൽ പ്രാവീണ്യമുള്ള വ്യക്തികളുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് തോന്നുന്ന പക്ഷം രണ്ടിൽ കൂടാത്ത വിദഗ്ധരെ പ്രത്യേക ക്ഷണിതാക്കളായി കമ്മീഷന് വിളിക്കാം. ഇവർക്ക് കമ്മീഷൻ യോഗങ്ങളിൽ പങ്കെടുക്കാമെങ്കിലും വോട്ടവകാശം ഉണ്ടായിരിക്കില്ല.
കമ്മീഷൻ അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട കക്ഷികൾക്ക് നേരിട്ടോ പ്രതിനിധിയോ വഴി വിശദീകരണം നൽകുന്നതിന് ന്യായമായ അവസരം നൽകും. കമ്മീഷൻ നടത്തിയ അന്വേഷണ ത്തിന്റെ റിപ്പോർട്ട് വ്യക്തമായ ശുപാർശയോടെ നടപടിക്കും പ്രശ്നപരിഹാരത്തിനുമായി അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിനകം സർക്കാറിലേക്ക് അയയ്ക്കും. സർക്കാരിന്റെ മുൻകൂർ അനുവാദത്തോടെയും വ്യവസ്ഥകൾക്ക് വിധേയമായും സാഹിത്യ, സാംസ്‌കാരിക, കായിക മേഖലകളിൽ വയോജനങ്ങളുടെ അഭിരുചിയും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് എൻഡോവ്മെന്റുകൾ രൂപീകരിക്കുന്നതിന് സമ്മാനങ്ങളോ പുരസ്‌കാരങ്ങളോ നൽകാൻ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സംഭാവനയായോ വിഹിതമായോ മറ്റേതെങ്കിലും പേരിലോ കമ്മീഷന് പണം സ്വീകരിക്കാം.
സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്നാണ് കമ്മീഷൻ ചെലവുകൾക്കുള്ള തുക വിനിയോഗിക്കേണ്ടത്. കമ്മീഷന്റെ വരവ് ചെലവ് കണക്കുകൾ അക്കൗണ്ട് ജനറൽ ഓരോ സാമ്പത്തിക വർഷവും ഓഡിറ്റ് നടത്തണം. ഓഡിറ്റ് റിപ്പോർട്ട് കമ്മീഷൻ സർക്കാറിന് അയച്ചുകൊടുക്കേണ്ടതും സർക്കാർ അത് ലഭിച്ച തീയതി മുതൽ ആറുമാസത്തിനകം നിയമസഭ മുമ്പാകെ വെക്കേണ്ടതുമാണ്. ഓരോ സാമ്പത്തിക വർഷത്തിലും കമ്മീഷൻ ഏറ്റെടുത്ത പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും പൂർണ്ണവിവരങ്ങൾ കാണിക്കുന്ന ഒരു വാർഷിക റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണം. ഈ റിപ്പോർട്ട് ലഭിച്ചതിനുശേഷം ആറുമാസത്തിനകം അത് സർക്കാർ നിയമസഭ മുമ്പാകെ വെക്കേണ്ടതുമുണ്ട്.
വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവരെ പീഡനങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും അവഗണനയിൽ നിന്നും രക്ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി നമ്മുടെ രാജ്യത്ത് ‘മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം.’ പ്രബല്യത്തിൽ ഉണ്ട്. ഈ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങളും കേരളത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. വയോജന ക്ഷേമം ലക്ഷ്യമാക്കി മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള സംസ്ഥാനനയവും കേരളത്തിൽ നിലവിലുണ്ട്. ഈ സംവിധാനങ്ങൾക്ക് പുറമേ സംസ്ഥാനത്ത് വയോജന കമ്മീഷൻ കൂടി യാഥാർഥമാകുന്നതോടെ വയോജനങ്ങളുടെ അവകാശസംരക്ഷണവും ക്ഷേമവും പുനരധിവാസവും കൂടുതൽ ഉറപ്പുവരുത്താൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആവശ്യമായ സന്ദർഭങ്ങളിൽ വയോജനങ്ങൾക്ക് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്താനും വയോജനക്ഷേമത്തിനായുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും കമ്മീഷൻ ഇടപെടലിലൂടെ സാധ്യമാവും. വയോജനങ്ങൾക്കെതിരെ അതിക്രമം ഉണ്ടായാൽ കുറ്റക്കാർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കാൻ കഴിയും. വയോജനങ്ങൾക്കെതിരെ ഉണ്ടാകുന്ന നീതിനിഷേധങ്ങൾ അന്വേഷിച്ച് യുക്തമായ റിപ്പോർട്ട് സർക്കാരിന് നൽകാം. വയോക്ഷേമ മേഖലയിൽ പോരായ്മകൾ ഉണ്ടാകുമ്പോൾ അവ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാരിനു ശുപാർശ നൽകാം.
വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി വയോജന സൗഹൃദസംസ്ഥാനമായി കേരളത്തെ മാറ്റുക കൂടിയാണ് വയോജന കമ്മീഷൻ രൂപവൽക്കരണത്തിന്റെ ലക്ഷ്യം.

