ലോകത്തിനു മുന്നിൽ മറ്റൊരു അഭിമാനമാതൃക കൂടി
2025 സെപ്റ്റംബർ 1
ഈ കേരളപ്പിറവി ദിനത്തിൽ കൊച്ചുകേരളം വികസിത ലോകരാഷ്ട്രങ്ങൾക്കൊപ്പം നിൽക്കാനാവുന്ന അഭിമാനദീപ്തമായ ഒരു പ്രഖ്യാപനത്തിന് കാതോർക്കാൻ ഒരുങ്ങുകയാണ്. കേരളം അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായെന്ന പ്രഖ്യാപനം. ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഭൂപ്രദേശമാവുകയാണ് നമ്മുടെ നാട്. കണ്ടെത്തിയ 64,006 അതിദരിദ്രരാണ് ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കപ്പെടുന്നത്. അതു മാത്രമല്ല, അവർക്ക് തുടർന്ന് അന്തസ്സുള്ള ജീവിതം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സംസ്ഥാനം കൈക്കൊള്ളുന്നു.
ഇപ്പോൾത്തന്നെ ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നീതി ആയോഗിന്റെ കണക്കനുസരിച്ച്. നമ്മുടെ ജനസംഖ്യയുടെ 0.55 ശതമാനം മാത്രമാണ് അതിദരിദ്രർ. ചിട്ടയായ പ്രവർത്തനത്തിലൂടെ ഈ കുറഞ്ഞ ശതമാനം ദാരിദ്ര്യവും ഇല്ലാതാക്കാൻ സംസ്ഥാന സർക്കാരിനു സാധിച്ചു. ഭക്ഷണം, ആരോഗ്യം, ഉപജീവനമാർഗം, പാർപ്പിടം തുടങ്ങി ദാരിദ്ര്യമുക്തിയിലേക്കുള്ള ഓരോ പ്രശ്നങ്ങളും ഘട്ടം ഘട്ടമായി പരിഹരിച്ചാണ് ഈ നേട്ടത്തിലെക്കെത്തിയത്.
പലവിധ കാരണങ്ങളാൽ അതിദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ട മനുഷ്യരെ ഒരു നാട് കൈപിടിച്ചുയർത്തിയതിന്റെ അനുഭവകഥകൾ കൂടിയാണത്. എല്ലാ ഭേദചിന്തകളും മറന്ന് സംസ്ഥാന സർക്കാരിനൊപ്പം കേരളം നിലകൊണ്ട അനന്യമായ ദേശീയമാതൃക.
ടി വി സുഭാഷ് ഐ എ എസ്
എഡിറ്റർ
