ലഹരിവലയിൽ കുടുങ്ങില്ല കേരളം

മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായി മാറിയിരിക്കുന്നു മയക്കുമരുന്ന് ദുരുപയോഗം. അതിർത്തികളില്ലാത്ത, പണക്കൊതിയും ലഹരി അടിമത്തവും ഇഴചേർന്നു കിടക്കുന്ന, അതിശക്തമായ മയക്കുമരുന്ന് ശൃംഖല രാജ്യാന്തരതലത്തിൽ തന്നെ രാഷ്ട്രങ്ങൾക്ക് തലവേദനയാണ്. ജനതയുടെ, പ്രത്യേകിച്ചും കൗമാര, യൗവനങ്ങളുടെ, ശാരീരികവും മാനസികവുമായ ആരോഗ്യം തകർക്കുന്ന ലഹരിവല ഭേദിക്കാൻ മിക്ക രാജ്യങ്ങളും കടുത്ത നടപടികൾ സ്വീകരിക്കുന്നു. എന്നിട്ടും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 29 കോടിയിലേറെ ആൾക്കാർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായുണ്ട്‌. ആഗോള ലഹരിമാഫിയ വലക്കണ്ണികളുടെ കരുത്തും വ്യാപനശേഷിയും എത്ര ഭയാനകമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

ഭാവിതലമുറയുടെ ആരോഗ്യവും ഊർജവും ക്രിയാത്മകതയും തകർക്കുന്ന ലഹരിവിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാടേണ്ടതിന്റെ പ്രാധാന്യം കേരളവും തിരിച്ചറിയുന്നു. ചെറിയ അളവിൽ തുടങ്ങുന്ന മയക്കുമരുന്ന് ഉപയോഗം പോലും നിയന്ത്രണാതീതമായി മാറും. അക്രമാസക്തിയിലേക്കും അരാജകത്വത്തിലേക്കും നയിക്കും. വ്യക്തിയുടെ ആരോഗ്യവും ക്രമേണ സാമൂഹികാരോഗ്യവും നശിപ്പിക്കുന്ന തരത്തിൽ വളരാവുന്ന ഈ തിന്മയ്ക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണപ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. മയക്കുമരുന്ന് വ്യാപനത്തിന് തടയിടുന്നതിനായി എക്സൈസ്, പോലീസ് വകുപ്പുകൾ കർക്കശമായ നടപടികളും കൈക്കൊള്ളുന്നു.

എന്നാൽ ഈ വിഷവലയുടെ കണ്ണികൾ ഭേദിക്കുന്നതിന് ഭരണതലത്തിലുള്ള നടപടികൾ മാത്രം പോര. പൊതുസമൂഹത്തിന്റെയാകെ ജാഗ്രത്തായ സഹകരണം അതിനാവശ്യമാണ്. മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിന്റെ പ്രസക്തിയിലേക്കാണ് ഈ ലക്കം വിരൽചൂണ്ടുന്നത്.

ടി.വി. സുഭാഷ് ഐ.എ.എസ്
എഡിറ്റർ

Spread the love