ലക്ഷ്യം സ്ത്രീസൗഹൃദ കേരളം

veena

വീണാ ജോർജ്
ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി

ആരോഗ്യവും സുരക്ഷിതത്വവും ആത്മവിശ്വാസവുമുള്ള സ്ത്രീകളാണ് പുരോഗമനനിലപാടുള്ള ഏതൊരു നാടിന്റെയും അടയാളം. ആ ലക്ഷ്യത്തിലേക്ക് രാജ്യത്തിന് മാതൃകയായി മുന്നേറുകയാണ് കേരളം

ഈ വർഷം നവംബറിൽ ലോക ബാങ്ക് സംഘടിപ്പിച്ച വാർഷിക മീറ്റിങ്ങിൽ സ്ത്രീ ശാക്തീകരണത്തെറിച്ചുള്ള ചർച്ചകളിൽ പാനലിസ്റ്റ് ആയി ഞാൻ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. വനിതകളുടേയും കുട്ടികളുടേയും ക്ഷേമം ഉറപ്പാക്കുന്നതിന് കേരളം നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്. സ്ത്രീസൗഹൃദ കേരളമാണ് ലക്ഷ്യമിടുന്നത്. വനിതാനയം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിന് ‘വിവാകേരളം’ ‘കാൻസർ ക്യാമ്പയിൻ’ എന്നിവ സംഘടിപ്പിച്ചു. ട്രൈബൽ തീരദേശ മേഖലകളിൽ കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ഈ ക്യാമ്പയിനുകൾ. തൊഴിലിടങ്ങളിലെ സ്ത്രീപാതിനിധ്യം വർധിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കി. സ്‌കില്ലിങ്, റീ സ്‌കില്ലിങ്, അപ് സ്‌കില്ലിങ്, പ്രോഗ്രാമുകൾ, വനിതാ ഹോസ്റ്റലുകൾ, വനിതാഹോസ്റ്റലുകളിൽ ചൈൽഡ് കെയർ സെന്റർ, തൊഴിലിടങ്ങളിൽ ക്രെഷ്‌ സംവിധാനം എന്നിവ നടപ്പാക്കി. ഒറ്റയ്ക്കായി പോകുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായും വിധവകളുടെ മക്കൾക്കുള്ള ഉന്നതപഠനത്തിനായും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വിനോദത്തിന്റെ ഇടങ്ങൾ സ്ത്രീകളുടേത്‌ കൂടിയാണ്. ഈ ലക്ഷ്യം മുൻനിർത്തി സിനിമാ തിയറ്ററുകളിൽ സ്ത്രീകൾക്ക്  സെക്കൻഡ് ഷോ സിനിമ കാണുന്നതിനായുള്ള സജ്ജീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാതലത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി 94 തിയറ്ററുകളിലായി സിനിമാ പ്രദർശനം സംഘടിപ്പിക്കുന്നു. വനിതകളായ എംഎൽഎമാർ, ജനപ്രതിനിധികൾ, ജില്ലാ കളക്ടർമാർ, പോലീസ് മേധാവികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ സംഘടനകളിലെ പ്രതിനിധികൾ, ഹരിത കർമ്മസേന, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ ഉൾപ്പെടെ 10,166 പേർ പ്രസ്തുത സെക്കൻഡ് ഷോ സിനിമാ പ്രദർശനത്തിൽ പങ്കെടുത്തു.

VEENA GEORGE1

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളുടെ വികസനത്തിൽ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നവിധം കേരളം മുൻപന്തിയിലാണ്. മാതൃശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അത് വികസിത രാജ്യത്തോട് തുല്യമാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സമസ്ത മേഖലകളിലും സ്ത്രീകൾ മുന്നോട്ട് കുതിക്കുകയാണ്. ഉയർന്ന ആയുർദൈർഘ്യം കേരളത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ, സാങ്കേതിക വിദ്യാഭ്യാസം ഒഴികെ മറ്റെല്ലാ മേഖലകളിലും പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ വലിയ തോതിൽ കൂടുതലാണ്

കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായി വിദ്യാഭ്യാസത്തെ കണക്കാക്കാം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ, സാങ്കേതിക വിദ്യാഭ്യാസം ഒഴികെ മറ്റെല്ലാ മേഖലകളിലും പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ വലിയ തോതിൽ കൂടുതലാണ്. സ്ത്രീകളുടേയും കുട്ടികളുടേയും വികസനത്തിനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. 2017-ൽ പ്രത്യേകമായി വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചു. ഈ വകുപ്പിന് കീഴിൽ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2017-18 മുതൽ എല്ലാ വർഷവും ബജറ്റിനൊപ്പം കേരളത്തിലെ വാർഷിക ജെൻഡർ ബജറ്റും അവതരിപ്പിക്കുന്നു.

തൊഴിൽ സുരക്ഷയും
സാമ്പത്തിക ഉന്നമനവും

സ്ത്രീകളുടെ ജീവിതനിലവാരവും സുരക്ഷിതത്വവും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനായി ഒട്ടേറെ നടപടികൾ വനിതാശിശു വികസന വകുപ്പ് കൈക്കൊണ്ടു. ഇവയ്ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്നും വിവിധ ഏജൻസികളിൽനിന്നും ലഭിക്കുന്നത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ദേശീയ അംഗീകാരം സംസ്ഥാന വനിതാ വികസന കോർറേഷന് ലഭിച്ചു. സ്ത്രീകൾക്ക് സ്വയം തൊഴിലിനായി വായ്പ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സംസ്ഥാന സർക്കാരിന്റെ അംഗീകാരവും അനുമതിയുള്ള ഏജൻസി എന്ന നിലയിലാണ് പുരസ്‌കാരം. ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായി രണ്ടാംവർഷവും അംഗീകാരം ലഭിക്കുന്നത്. വനിതകളുടെ ഉന്നമനത്തിനായി വനിത വികസന കോർറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.

VEENA GEORGE2

സ്ത്രീപക്ഷ ഉന്നമനത്തിനായി നിലകൊള്ളുന്ന സംസ്ഥാന സർക്കാർ വനിതകളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനു വേണ്ടി നിരവധി പദ്ധതികളും പരിപാടികളും നടപ്പാക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സംരംഭകത്വ വികസന പരിപാടികൾ. വനിത വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാനായി വലിയ പ്രയത്‌നമാണ് നടത്തി വരുന്നത്. ഈ കാലഘട്ടത്തിൽ മാത്രം അരലക്ഷത്തിലധികം സ്ത്രീ സംരംഭകരുണ്ട്. രണ്ടുലക്ഷത്തിൽപരം ആളുകൾക്ക് വനിത വികസന കോർപറേഷനിലൂടെ തൊഴിൽ നൽകാനാകുന്നുണ്ട്.

70 ശതമാനത്തിന് മുകളിലാണ് പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളത്. പല തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകളാണ് കൂടുതൽ. ആരോഗ്യരംഗത്തും 70 ശതമാനത്തിലധികം സ്ത്രീകളാണ്. തൊഴിൽ ചെയ്യുന്ന സ്ത്രീകൾ കേരളത്തിൽ കൂടുതലാണ്. എങ്കിലും വിദ്യാഭ്യാസം നേടുന്നവരും തൊഴിൽ ചെയ്യുന്ന സ്ത്രീകളും തമ്മിൽ വലിയ ഗ്യാപ്പ് ഉണ്ട്. ഐടി മേഖലകളിലുൾപ്പെടെ പലപ്പോഴും സ്ത്രീകൾ കൊഴിഞ്ഞുപോകുന്ന അവസ്ഥയുമുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ
എല്ലാ സ്ഥാപനങ്ങളിലും പരാതിപരിഹാര സമിതികൾ

സ്ത്രീകളുടെ ഉന്നമനത്തോടൊപ്പം അവർക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള അന്തരീക്ഷവും ഉറപ്പാക്കാനായി നടപടി സ്വീകരിച്ചു. 2013ലാണ് രാജ്യത്ത് തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാൻ പോഷ് ആക്ട് POSH Act, The Sexual Harassment of Women at Workplace Prevention, Prohibition and Redressal Act, 2013) നിലവിൽ വന്നത്. 2023 ജനുവരിയിലാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി പോഷ് ആക്ട് പ്രകാരമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോർട്ടൽ ആരംഭിച്ചത്.
ആ ഘട്ടത്തിൽ ആയിരത്തോളം സ്ഥാപനങ്ങളിൽ മാത്രമായിരുന്നു നിയമപ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതികൾ ഉണ്ടായിരുന്നത്. 2024 ആഗസ്റ്റിൽ വകുപ്പ് ജില്ലാടിസ്ഥാനത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. എന്നാലിപ്പോൾ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം 26,000ലധികം ആയി ഉയർന്നു. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും നിയമപ്രകാരം ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കേണ്ടതുണ്ട്. ഇപ്പോൾ വകുപ്പ് നടത്തിയ ക്യാമ്പയിന്റെ ഭാഗമായി 95 ഓളം സർക്കാർ വകുപ്പുകളിൽ വരുന്ന 19,000 ത്തിലധികം ഓഫീസുകളിൽ ഇതിനകം ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ച് കഴിഞ്ഞു. ഇതിനോടൊപ്പം ഐടി പാർക്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയും ഐ.സി. കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ യുഎൻ വിമണും അഭിനന്ദിച്ചിരുന്നു. വനിതകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രാപ്തരാക്കാൻ ഡിജിറ്റൽ പാഠശാല പദ്ധതി, സ്ത്രീകൾക്ക് വേണ്ടിയിട്ടുള്ള റീ സ്‌ക്രില്ലിങ് പ്രോഗ്രാം, സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പരിശീലനം, വിദേശത്ത് പോകുന്ന നഴ്‌സുമാർക്ക് വേണ്ടി പ്രത്യേക പരിശീലന പരിപാടി തുടങ്ങിയവ നടപ്പിലാക്കി. സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി, എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിശ്ചയിച്ചു. സ്ത്രീധനത്തിനെതിരെയുള്ള പരാതികൾക്കും റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ പോർട്ടൽ സജ്ജമാക്കി. വിവാഹപൂർവ കൗൺസിലിങ് ആരംഭിച്ചു. ബാല്യകാലത്തിൽതന്നെ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്താൻ ധീര പദ്ധതി നടപ്പിലാക്കി. പുതിയ നിർഭയ പോളിസി കൊണ്ടു വന്നു. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി വനമിത്ര വനിതാ ശാക്തീകരണ പദ്ധതി നടപ്പാക്കി.

സ്ത്രീകളുടെ ആരോഗ്യത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’എന്ന പേരിൽ ഒരു ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചു. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗളാർബുദം (സെർവിക്കൽ കാൻസർ) എന്നിവയ്ക്ക് സ്‌ക്രീനിങ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കി. സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

ആരോഗ്യവും സുരക്ഷിതത്വവും ആത്മവിശ്വാസവുമുള്ള സ്ത്രീകളാണ് പുരോഗമനനിലപാടുള്ള ഏതൊരു നാടിന്റെയും അടയാളം. ആ ലക്ഷ്യത്തിലേക്ക് രാജ്യത്തിന് മാതൃകയായി മുന്നേറുകയാണ് കേരളം. എല്ലാവരും ഒപ്പം ഉണ്ടാകണം.

Spread the love