മേള ഒരു സാംസ്‌കാരിക വിനിമയം കൂടിയാണ്
ചലച്ചിത്രോത്സവം@30>>കെ.പി കുമാരൻ

ഐഎഫ്എഫ്കെ പോലെയൊരു മേള ആരംഭിക്കാനും അത് തുടർച്ചയായി സംഘടിപ്പിക്കാനും സാധിച്ചത്
കേരളത്തിന് ഒരു മികച്ച സിനിമാസംസ്‌കാരമുള്ളതുകൊണ്ടാണ്
തിരുവനന്തപുരം വേദിയായ ഐഎഫ്എഫ്ഐയുടെ പ്രചോദനം
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) മുമ്പ് രാജ്യത്തെ പല നഗരങ്ങളിലായിട്ടാണ് നടന്നിരുന്നത്. 1988 ൽ ഫെസ്റ്റിവെലിന് തിരുവനന്തപുരം വേദിയായി. നോൺ-കോമ്പിറ്റിറ്റിവ് ഫിലിമോത്സവ് എന്ന രീതിയിലാണ് അന്ന് ഐഎഫ്എഫ്ഐ തിരുവനന്തപുരത്ത് നടന്നത്. നിരവധി ലോകസിനിമകൾ കാണാനുള്ള അവസരം ഇതിലൂടെ കാണികൾക്ക് ലഭിച്ചു. ഈ അനുഭവം കേരളത്തിന് സ്വന്തമായി ഒരു രാജ്യാന്തര ചലച്ചിത്രമേള എന്ന ആശയത്തിന് പ്രചോദനമായിട്ടുണ്ട്. നമ്മുടെ മേളയ്ക്കായുള്ള ‘ഒരു വേക്ക് അപ്പ് കോൾ’ എന്നു പറയാം.
കേരളത്തിന് ഒരു സിനിമാസംസ്‌കാരമുണ്ട്
ഐഎഫ്എഫ്കെ പോലെയൊരു മേള ആരംഭിക്കാനും അത് തുടർച്ചയായി സംഘടിപ്പിക്കാനും സാധിച്ചത് കേരളത്തിന് ഒരു മികച്ച സിനിമാസംസ്‌കാരമുള്ളതുകൊണ്ടാണ്. സിനിമാ, സാംസ്‌കാരിക പ്രവർത്തകരുടെയും ഭരണകർത്താക്കളുടെയും പിന്തുണ മേളയ്ക്ക് എല്ലാ കാലത്തും ലഭിച്ചിട്ടണ്ട്. സിനിമാപ്രവർത്തകർ മാത്രം വിചാരിച്ചാൽ ഒരു മേള നടത്താനാകില്ലല്ലോ. അതിന് അതതു കാലത്ത് ഭരിക്കുന്ന സർക്കാരിന്റെ പിന്തുണ കൂടി വേണം. എന്നാലേ എല്ലാവരും ഒത്തുചേർന്നുള്ള ഒരു മേള സംഘടിപ്പിക്കാനും വിജയത്തിലെത്തിക്കാനുമാകൂ. ഐഎഫ്എഫ്കെയുടെ കാര്യത്തിൽ ആ പിന്തുണ എല്ലാക്കാലത്തും മികച്ച രീതിയിൽ തന്നെ ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ആരംഭിച്ചതും ചിത്രാഞ്ജലി സ്റ്റുഡിയോ ആരംഭിച്ചതും പിന്നീട് ചലച്ചിത്ര അക്കാദമിക്ക് തുടക്കമിട്ടതുമെല്ലാം കേരളത്തിന്റെ സിനിമാ സംസ്‌കാരത്തിന് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണയുടെ പ്രതിഫലനമാണ്. സിനിമയെയും ചലച്ചിത്രമേളയെയും സംബന്ധിച്ച് സർക്കാർ ഒരുക്കുന്ന അനുകൂല സാഹചര്യം ഏറെ പ്രധാനമാണ്. കെഎസ്എഫ്ഡിസിയും പിന്നീട് ചലച്ചിത്ര അക്കാദമിയും സ്ഥാപിച്ചതിലൂടെ ഐഎഫ്എഫ്കെയുടെ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനായി.
അന്താരാഷ്ട്ര നിലവാരമുള്ള മേള
രാജ്യാന്തര ചലച്ചിത്രമേള എന്ന പേരിനൊത്ത പെരുമയിലേക്ക് പെട്ടെന്നു തന്നെ എത്താൻ ഐഎഫ്എഫ്കെയ്ക്കായി. ആദ്യത്തെ മേള ആർക്കൈവ്സിൽ നിന്നും മറ്റും സിനിമകൾ സംഘടിപ്പിച്ച് നടത്തുകയായിരുന്നു. പിന്നീട് വിദേശരാജ്യങ്ങളിൽ നിന്ന് സിനിമകൾ എത്തിക്കാനും പ്രദർശിപ്പിക്കാനുമായി. ഈയൊരു വളർച്ചയും സ്വീകാര്യതയും വേഗത്തിൽ സംഭവിച്ച ഒന്നാണ്. തീർത്തും സന്തോഷമുളവാക്കുന്ന കാര്യമാണത്. അത് നേരത്തെ പറഞ്ഞതുപോലെ കേരളത്തിന്റെ സിനിമാ, സാംസ്‌കാരിക മുഖത്തിന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്.
ചെറുപ്പക്കാരുടെ മേള
ഐഎഫ്എഫ്കെയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം ഇത് ചെറുപ്പക്കാരുടെ മേള എന്ന നിലയിലാണ്. തുടക്കകാലത്തെ അപേക്ഷിച്ച് ഇപ്പോൾ ഓരോ വർഷം ചെല്ലുംതോറും ചലച്ചിത്ര മേള കാണാനെത്തുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിച്ചുവരുന്നു എന്നതാണ്. സിനിമയെ ഗൗരവമായി കാണുന്നവരായിരിക്കുമല്ലോ അവരെല്ലാം. അതിൽ പലരും പിന്നീട് സിനിമാപ്രവർത്തകരായി മാറിയിട്ടുമുണ്ട്. ഇത് മേള കൊണ്ട് മലയാള സിനിമയ്ക്ക് ഉണ്ടായ ഒരു ഗുണപരമായ മാറ്റമാണ്.
സാധ്യമാകുന്ന
സാംസ്‌കാരിക വിനിമയം
ഒരു രാജ്യാന്തര ചലച്ചിത്രമേള സാധ്യമാക്കുന്നത് സാംസ്‌കാരിക വിനിമയം കൂടിയാണ്. പല രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ നമുക്കു മുന്നിൽ പ്രദർശനത്തിനെത്തുമ്പോൾ പല തലത്തിലുള്ള അറിവും അനുഭവങ്ങളും ജീവിതങ്ങളുമാണ് മുന്നിൽ തെളിയുന്നത്. അത് പൂർണ്ണമായ തലത്തിൽ ഉൾക്കൊണ്ടു വേണം സിനിമ കാണാൻ. പുതിയ തലമുറ കാണികളോട് എനിക്ക് അതാണ് പറയാനുള്ളത്. അത് ഉപദേശമായിട്ടല്ല, പുതിയ തലമുറ പൊതുവേ ഗൗരവമുള്ള കാര്യങ്ങളോട് വിമുഖത കാണിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ കാലത്ത് സിനിമ പൂർണ്ണമായും സാമ്പത്തിക നേട്ടമാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ അതിനൊപ്പം ഗൗരവമുള്ള സിനിമകൾ കാണാനുള്ള ഇടം കൂടി സാധ്യമാകണം. ഐഎഫ്എഫ്കെ പോലുള്ള മേളകൾ സൃഷ്ടിക്കുന്നത് ആ ഇടമാണ്. അത് നിലനിൽക്കണം.
സാംസ്‌കാരിക ജീവിതത്തിലെ പ്രതിഫലനം
ഐഎഫ്എഫ്കെ പോലെയൊരു മേള വിജയകരമായി നടത്തിക്കൊണ്ടുപോകാൻ കേരളത്തിനാകുന്നുണ്ട്. ഓരോ വർഷവും അതിന്റെ നിലവാരം വർധിക്കുന്നു. കാണികളുടെ എണ്ണവും വർധിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ സാംസ്‌കാരിക ജീവിതത്തിലും സമൂഹത്തിലും മേള ഏതു തരത്തിലുള്ള സ്വാധീനവും മാറ്റവുമുണ്ടാക്കി എന്നതു കൂടി ചിന്തിക്കേണ്ടതാണ്. മേളയുടെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടുള്ള അർഥപൂർണ്ണമായ സിനിമകൾ ഉണ്ടാകുന്നുണ്ടോ എന്നതും പരിശോധിക്കണം.
സിനിമയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചവർ
നമ്മുടെ ചലച്ചിത്രമേള 30 വർഷത്തിലെത്തുമ്പോൾ സിനിമയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച നിരവധി പേരെ ഓർമ്മിക്കുന്നു. പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അരവിന്ദൻ, ജോൺ എബ്രഹാം, അസീസ്… അങ്ങനെ പോകുന്നു പേരുകൾ. കഴിവുള്ളവരും ശ്രദ്ധിക്കപ്പെടാതെ പോയവരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. അവരെയെല്ലാം നമ്മൾ ഓർമിക്കണം.
വ്യക്തിപരമായ സന്തോഷം
എന്റെ സിനിമകളിൽ പലതും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചുവെന്നത് വ്യക്തിപരമായ സന്തോഷമാണ്. അതിഥിയും തോറ്റവും ആകാശഗോപുരവും ഗ്രാമവൃക്ഷത്തിലെ കുയിലുമെല്ലാം പല വർഷങ്ങളിൽ മേളയിൽ കാണികളുടെ മുന്നിലെത്തി.
