മേളയുടെ മുപ്പത് ആണ്ടുകൾ

കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ അഭിമാന സ്തംഭമാണ് ഐഎഫ്എഫ്കെ. മൂന്ന് പതിറ്റാണ്ടുകാലംകൊണ്ട് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായി മാറാൻ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി. ഇന്ത്യയിലെ മുൻനിര സാംസ്‌കാരിക പരിപാടികളിൽ ഒന്നായി അംഗീകരിക്കപ്പെടുന്ന ഐഎഫ്എഫ്കെ സാംസ്‌കാരിക വകുപ്പിനു വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ജനകേന്ദ്രീകൃതമായ ചലച്ചിത്രമേളയായി അറിയപ്പെടുന്ന ഐഎഫ്എഫ്കെ ലോകോത്തര സംവിധായകരുടെയും സാങ്കേതിക പ്രവർത്തകരുടെയും സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധേയമാണ്. സമകാലിക ലോകസിനിമയിലെ ഏറ്റവും മികച്ച പാക്കേജുകളും മേളയെ വേറിട്ടുനിർത്തുന്നു.
ആദ്യ പതിപ്പ്
കോഴിക്കോട്ട്
ആദ്യത്തെ ഐഎഫ്എഫ്കെ 1994 ഡിസംബർ 17 മുതൽ 23 വരെ കോഴിക്കോട്ടാണ് നടന്നത്. ലൂമിയർ ബ്രദേഴ്‌സിന്റെ ആദ്യ സിനിമയുടെ പൊതു പ്രദർശനത്തിന്റെ 100-ാം വാർഷികമായ 1994-ൽ ലോക സിനിമയുടെ ശതാബ്ദി ആഘോഷ വേളയിലാണ് ഈ മേള നടന്നത്. സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന ആശയമാണ് ഐഎഫ്എഫ്കെയുടെ രൂപവൽക്കരണത്തിലേക്ക് നയിച്ചത്. അന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആയിരുന്ന കെ.ജയകുമാർ ആയിരുന്നു കേരളത്തിന് സ്വന്തമായി ഒരു രാജ്യാന്തര ചലച്ചിത്രമേള എന്ന ആശയത്തിന് തുടക്കം കുറിച്ചത്.
ഐഎഫ്എഫ്കെ തുടങ്ങുന്നതിനു മുമ്പ് ലൂമിയർ ഫിലിം ഫെസ്റ്റിവെൽ, ഫിലിം ആർക്കൈവ്സുമായി ചേർന്ന് എല്ലാ ശനിയാഴ്ചകളിലും സിനിമ പ്രദർശിപ്പിക്കുന്ന ഫിലിം സർക്കിൾ തുടങ്ങി നിരവധി ഫിലിം ഫെസ്റ്റിവലുകൾ കേരളത്തിൽ സജീവമായിരുന്നു. ഇവയിലെല്ലാം ലോക സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. പല ഫെസ്റ്റിവെലുകളിലും ഉദ്യോഗസ്ഥരുടെയും ഒരു വിഭാഗം ആളുകളുടെയും മാത്രം പങ്കാളിത്തമുള്ളവയായിരുന്നു. യഥാർഥ സിനിമാ പ്രേമികൾ ഇതിനു പുറത്തായിരുന്നു. ഇത്രയും സിനിമയുടെ ശേഖരം ഇവിടെയുണ്ടെന്ന അറിവാണ് കേരളത്തിന് സ്വന്തമായി ഒരു ചലച്ചിത്ര മേള എന്ന ആലോചനയിലേക്ക് എത്തിച്ചത്. അന്തർദേശീയ സിനിമകൾ കാണാനുള്ള വേദി എന്ന നിലയിലാണ് ആദ്യം നടന്നത്. എല്ലാ വർഷവും ഫെസ്റ്റിവൽ നടത്തുകയെന്ന ആശയം അന്ന് ഇല്ലായിരുന്നു. വിജയിക്കുമോ എന്ന് ഉറപ്പില്ലാതെ ആശങ്കയോടെയാണ് ആദ്യത്തെ മേള നടന്നത്. അത് മറികടന്ന് ആദ്യത്തെ മേള വിജയകരമായി സംഘടിപ്പിക്കാൻ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് (കെഎസ്എഫ്ഡിസി)സാധിച്ചു. പ്രധാന വേദിയായിരുന്ന കോഴിക്കോട് ടാഗോർ തിയേറ്ററിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനായിരുന്നു ആദ്യ ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്തത്. പൂനെ ഫിലിം ആർക്കൈവിൽ നിന്നുള്ള സിനിമകളും പലയിടങ്ങളിൽ നിന്നായി ശേഖരിച്ച സിനിമകളുമടക്കം 100 സിനിമകളാണ് ആദ്യമേളയിൽ പ്രദർശിപ്പിച്ചത്. നാഷണൽ ഫിലിം ആർക്കൈവിന്റെ സ്ഥാപക ഡയറക്ടറായ പി.കെ.നായരായിരുന്നു സിനിമകൾ സംഘടിപ്പിക്കാൻ മുൻകൈയെടുത്തത്. കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ ചലച്ചിത്ര പ്രദർശനങ്ങൾ നടന്നു.
മുൻ ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ. മനോജ് കുമാർ പറയുന്നു: അക്കാലത്താണ് ചെലവൂർ വേണു കോഴിക്കോട് ഒരു ചലച്ചിത്ര മേള നടത്താനുള്ള അപേക്ഷ പിആർഡിക്കും കെഎസ്എഫ്ഡിസിക്കും സാംസ്‌കാരിക വകുപ്പിനും അപേക്ഷ കൊടുക്കുന്നത്. അതുമായി ബന്ധപ്പെട്ട സംസാരത്തിനിടയിലാണ് കോഴിക്കോട് വച്ച് സർക്കാരിനു തന്നെ ഫെസ്റ്റിവെൽ നടത്താമല്ലോ എന്ന ആശയം ഉരുത്തിരിയുന്നത്. അന്ന് പിആർഡി, സംസ്‌കാരിക, ടൂറിസം വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു കെ. ജയകുമാർ. ഈ അനുകൂല സാഹചര്യം ഫെസ്റ്റിവൽ ആലോചനയക്കും നടത്തിപ്പിനും ഗുണകരമായി. കെ. ജയകുമാറിന് ആർക്കൈവ് ഡയറക്ടർ പികെ നായരുമായുള്ള ബന്ധവും ഗുണം ചെയ്തു. പികെ നായർക്ക് പൂനെയിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ ഫെസ്റ്റിവൽ നടത്തിയ അനുഭവം ഐഎഫ്എഫ്കെയുടെ ആദ്യ പതിപ്പിനെ വലിയ രീതിയിൽ സഹായിച്ചു.
മൂന്നാം ലോകരാജ്യ
സിനിമകൾക്ക് പ്രാധാന്യം
സിനിമയിൽ മൂന്നാം ലോക രാജ്യങ്ങളുടെ കാഴ്ചപ്പാടുകൾ കാണേണ്ടതുണ്ട് എന്ന നിലപാട് ആദ്യ ഐഎഫ്കെയിൽ തന്നെ മുന്നോട്ടുവച്ചിരുന്നു. റാംബോ എന്ന അമേരിക്കൻ സിനിമയെ മുൻനിർത്തിയാണ് അന്ന് ഈ കാഴ്ചപ്പാട് ഉയർന്നുവന്നത്. അമേരിക്ക മൂന്നാം ലോക രാജ്യമായ വിയറ്റ്നാമിൽ നടത്തുന്ന ആക്രമണത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ഈ സിനിമ. അതേസമയം വിയറ്റ്നാം ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലെ മനുഷ്യരുടെ കാഴ്ചപ്പാട് കാണിക്കുന്ന സിനിമകൾക്ക് നമ്മുടെ ഫെസ്റ്റിവൽ പ്രാധാന്യം നൽകണമെന്നായിരുന്നു സർക്കാർ ചൂണ്ടിക്കാണിച്ചത്.
ആദ്യ ഫെസ്റ്റിവെലിന് ഒരു അക്കാദമിക് തലം ഇല്ലായിരുന്നു. പി ഗോവിന്ദപ്പിള്ള കെഎസ്എഫ്ഡിസി ചെയർമാൻ ആയിരുന്നപ്പോൾ ഫെസ്റ്റിവൽ സംഘാടനത്തിന് കുറേക്കൂടി ദിശാബോധം വന്നു. കലാഭവൻ തിയേറ്റർ കോംപ്ലക്സിൽ ആയിരുന്നു കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തിലുള്ള ഫെസ്റ്റിവൽ ഓഫീസ്. ഫെസ്റ്റിവലിനായി വിദേശത്തുനിന്ന് സിനിമകൾ കിട്ടാൻ അക്കാലത്ത് വളരെ പ്രയാസമായിരുന്നു. ഇമെയിൽ, മൊബൈൽ ഫോൺ സംവിധാനങ്ങളില്ല. സിനിമ ലഭിക്കുന്നതിന് ഫാക്സ് അയച്ച് മറുപടി സന്ദേശത്തിന് കാത്തിരിക്കണമായിരുന്നു. യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ ടൈം സോണിന് അനുസരിച്ച് ഓഫീസ് പ്രവർത്തിക്കേണ്ടി വന്നിരുന്നു. ഫെസ്റ്റിവൽ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വലിയ കഷ്ടപ്പാടും വിയർപ്പുമുണ്ട്.
1999ലെ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവം കൂടി കെ. മനോജ് കുമാർ ഓർമ്മിക്കുന്നു. ഫെസ്റ്റിവലിന്റെ രണ്ടു ദിവസം മുമ്പാണ് നടത്തിപ്പിനുള്ള ഫണ്ട് അനുവദിക്കുന്നത്. 40 ലക്ഷം രൂപയോളം വരുന്ന ഈ തുക മേളയുടെ തലേന്ന് ചാക്കിനകത്ത് കെട്ടിയാണ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്നത്. ആ വണ്ടി ഒരു ഓട്ടോറിക്ഷയുമായി ഇടിച്ചു. പ്രശ്നം പോലീസ് സ്റ്റേഷനിൽ എത്തുന്നു. മന്ത്രി ടി കെ രാമകൃഷ്ണന്റെ ഓഫീസ് ഇടപെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. എന്നാൽ ഇത്രയും പൈസ കണ്ടെത്തിയതു കാരണം പണവുമായി പോയ ഉദ്യോഗസ്ഥരെ പോലീസ് സുരക്ഷയിൽ താമസിപ്പിച്ച് പിറ്റേന്നാണ് കോഴിക്കോട് എത്തിച്ചത്.
വളർച്ചയുടെ ഘട്ടം
കോഴിക്കോട്ടെ മേള നൽകിയ ആത്മവിശ്വാസത്തിൽ നിന്നാണ് 1995 ൽ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയുടെ രണ്ടാമത്തെ പതിപ്പ് സംഘടിപ്പിച്ചത്. ചലച്ചിത്ര വികസന കോർപ്പറേഷനാണ് ഇതിന് മുൻകൈ എടുത്തത്. തിരുവനന്തപുരം ടാഗോർ, കൈരളി, ശ്രീ, കലാഭവൻ തിയേറ്ററുകളിലായിട്ടാണ് ചലച്ചിത്രമേള അരങ്ങേറിയത്. തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 1998 ൽ ഫെസ്റ്റിവെൽ വീണ്ടും തിരുവനന്തപുരത്ത് നടന്നു.
1998-ൽ സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതുവരെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് മേള നടത്തിയിരുന്നത്. സിനിമയുടെ പ്രചാരണത്തിനായുള്ള മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ഐഎഫ്എഫ്‌കെയുടെ നടത്തിപ്പ് അക്കാദമിയെ ഏൽപ്പിച്ചു. പിന്നീട് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ (എഫ്‌ഐഎപിഎഫ്) ഫെസ്റ്റിവലിന് അംഗീകാരം നൽകി.
മൂന്നാം പതിപ്പിൽ മലയാള സിനിമയെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനായി വിദേശ പ്രതിനിധികളെ കൊണ്ടുവന്നു. ആഫ്രോ-ഏഷ്യൻ സിനിമകൾക്കുള്ള അവാർഡുകൾ, മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും പ്രത്യേക വിഭാഗങ്ങൾ ഉൾപ്പെടുത്തൽ തുടങ്ങിയ ആശയങ്ങളും ആ വർഷം തന്നെ ആരംഭിച്ചു.
1999 ൽ ഫെസ്റ്റിവൽ വീണ്ടും കോഴിക്കോട്ടേക്കെത്തി. ആ വർഷം മത്സരവിഭാഗം സിനിമകൾ എന്ന പാക്കേജ് മേളയിൽ ഉൾപ്പെടുത്തിയത് മേളയുടെ വളർച്ചയിലെ നാഴികക്കല്ലായിരുന്നു. ഇതോടെ ഐഎഫ്എഫ്‌കെ ലോക ഭൂപടത്തിൽ ഇടംനേടി. ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള പുതിയ ചിത്രങ്ങളെയാണ് മത്സരവിഭാഗം പാക്കേജിൽ ഉൾപ്പെടുത്തിയത്.
നാലാം പതിപ്പിന് 2000 ത്തിൽ എറണാകുളമാണ് ആതിഥേയത്വം വഹിച്ചത്. ഏഷ്യയിലെ ഏറ്റവും കൂടുതൽ കാണികളുടെ പങ്കാളിത്തമുള്ള മേളകളിലൊന്നായി ഇത് വളരെ പെട്ടെന്ന് മാറി. 2000 ത്തിന്റെ തുടക്കത്തിൽ മേളയുടെ സംഘാടനത്തിലും സ്വഭാവത്തിലും ഗുണനിലവാരത്തിലും വലിയ മാറ്റമുണ്ടായി.
ടൂറിങ് ഫെസ്റ്റിവെൽ എന്ന രീതി അവസാനിപ്പിച്ച് ഐഎഫ്എഫ്കെയ്ക്ക് ഒരു സ്ഥിരം വേദി വേണമെന്ന ആശയം രൂപപ്പെട്ടു. അതിനെ തുടർന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ യശസ്സും ഗൗരവവും നിലനിർത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ഐഎഫ്എഫ്കെയുടെ സ്ഥിരം വേദിയായി അംഗീകരിച്ചു. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾക്കാണ് ഐഎഫ്എഫ്കെ പ്രാമുഖ്യം നൽകുന്നത്. ലോകസിനിമകളും മറ്റ് ഇന്ത്യൻ ഭാഷാ ചിത്രങ്ങളും മലയാളിക്ക് പരിചയപ്പെടുത്തുക എന്നതാണ് ചലച്ചിത്രോത്സവത്തിന്റെ ലക്ഷ്യം.

ഫെസ്റ്റിവെലിന്റെ
ജനകീയതയും തലമുറ മാറ്റവും
ഡിസംബർ മാസത്തെ ആദ്യ ആഴ്ചകളിലായി നടന്നുവരുന്ന ഫെസ്റ്റിവെൽ ഇന്ന് രാജ്യത്തെ ശ്രദ്ധേയ മേളകളിലൊന്നായി സിനിമാപ്രേമികൾ അംഗീകരിച്ചുകഴിഞ്ഞു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള 10000 ത്തിലധികം പ്രതിനിധികൾ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഓരോ വർഷവും മേളയുടെ ജനബാഹുല്യം വർധിച്ചുവരുന്നതായാണ് കാണുന്നത്. ലോകത്തിലെ മിക്കവാറും എല്ലാ സിനിമകളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഒരു കാലത്തുപോലും ആളുകൾ ഫെസ്റ്റിവലിനായി തിയേറ്ററുകളിൽ വന്നുചേരുന്നു. ഇത് സിനിമയുടെ ബിഗ് സ്‌ക്രീൻ നൽകുന്ന മാന്ത്രികതയാണ്. തിയേറ്ററിലെ ആൾക്കൂട്ടത്തിനിടയിൽ അവരിൽ ഒരാളായി ഇരിക്കുമ്പോഴാണ് സിനിമയെന്ന കലാരൂപം നൽകുന്ന ആസ്വാദനക്ഷമത അതിന്റെ പൂർണ്ണതയിലെത്തുന്നത് എന്ന മനോവികാരം തന്നെയാകാം കാണികളെ ചലച്ചിത്ര മേളയിലേക്ക് പിന്നെയും ആകർഷിക്കുന്ന ഘടകം.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ചലച്ചിത്രമേളകൾക്ക് ഒരു വരേണ്യ മനോഭാവം ഉണ്ടായിരുന്നു. മേളയുടെ ജനാധിപത്യവൽക്കരണത്തിലൂടെയാണ് അത് ഇല്ലാതാക്കിയത്. പാസുകൾ വിതരണം ചെയ്ത് ആഗ്രഹിക്കുന്നവർക്ക് സിനിമ കാണാനുള്ള അവസരമൊരുക്കി. ഇതേ മാതൃക ഐഎഫ്എഫ്കെയും പിന്തുടർന്നു. പരീക്ഷണാർഥം നടത്തിയ ആദ്യ മേളയിലും തുടർന്ന് തുടക്കകാലത്തെ ചില മേളകളിലും ഒരു വിഭാഗം കാണികൾ മാത്രമായിരുന്നു ഭാഗമായത്. പിന്നീട് ഘട്ടംഘട്ടമായി കൂടുതൽ പേരിലേക്കും സാമാന്യജനതയിലേക്കും മേള വളർച്ച പ്രാപിച്ചു.
തുടക്കകാലത്ത് മുതിർന്നവരുടെ പ്രാതിനിധ്യമായിരുന്നു ഐഎഫ്എഫ്കെയിൽ കൂടുതലായി കണ്ടിരുന്നതെങ്കിൽ ചെറുപ്പക്കാരുടെ മേള എന്ന നിലയിലേക്കുള്ള മാറ്റമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കണ്ടുവരുന്ന സവിശേഷത. ഗൗരവമായി സിനിമയെ സമീപിച്ചിരുന്ന ഒരുകൂട്ടം മധ്യവയസ്‌കരുടെ ഇടമായി നിലനിന്നിരുന്ന ചലച്ചിത്രമേളയിലേക്ക് പെട്ടെന്നാണ് ചെറുപ്പക്കാരും വിദ്യാർഥികളുമായ ഒരു തലമുറ കടന്നുവന്നത്. സിനിമ കാണുന്ന ശീലത്തിൽ വന്ന മാറ്റവും ലോകസിനിമയെ വലിയ സ്‌ക്രീനിൽ അടുത്തുകാണാനുള്ള അവസരവും ഇവരെ ഐഎഫ്എഫ്കെയിലേക്ക് അടുപ്പിച്ചു. ചലച്ചിത്ര പഠനം സിലബസിന്റെ ഭാഗമായതും ഒരു കാരണമായി.

പുതുതലമുറ സിനിമ കാണാനെത്തുന്നത് ബൗദ്ധികവ്യായാമം എന്ന നിലയിൽ മാത്രമല്ല. വൈവിധ്യമാർന്ന വസ്ത്രങ്ങൾ ധരിച്ച് തെരുവുകളെ അലങ്കരിക്കുന്ന ഒരു ജനക്കൂട്ടം കൂടിയായി അവർ മാറുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഐഎഫ്എഫ്‌കെ കാഴചവൃന്ദത്തിൽ സംഭവിച്ച ഒരു പ്രധാന മാറ്റമാണിത്. വിപണിയിലെ പുതിയ ഫാഷൻ, വസ്ത്രധാരണ ട്രെൻഡുകളെ ചേർത്തുവച്ച് യാഥാസ്ഥിതിക ചലച്ചിത്രപ്രേമികളിൽ നിന്ന് വേറിട്ട കാണികളുടെ ഒരു മുഖം ഇത് ഐഎഫ്എഫ്‌കെയ്ക്ക് നൽകിയിട്ടുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ജീവിതാഘോഷങ്ങളുടെ, സാമൂഹിക മാറ്റത്തിന്റെ പ്രകടനപരത കൂടിയാണ് ഇത്തരം മേളകൾ.
മറ്റൊരു പ്രധാന കാര്യം മേളയിലെ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചു എന്നതാണ്. ഇപ്പോൾ സിനിമ കാണാൻ കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരുന്നു. ചലച്ചിത്ര പ്രവർത്തന മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിച്ചതും വിദ്യാർഥികളായ പെൺകുട്ടികളുടെ സാന്നിധ്യവും ഈ എണ്ണപ്പെരുക്കത്തിലെ വസ്തുതകളാണ്.
മലയാള സിനിമയിലെ സ്വാധീനം
മലയാള സിനിമയുടെ വളർച്ചയിൽ ഐഎഫ്എഫ്കെയ്ക്ക് സുപ്രധാന പങ്കുണ്ട്. ലോകസിനിമയിലെ മാറ്റങ്ങൾ മേള മലയാള സിനിമയ്ക്ക് കാണിച്ചുകൊടുത്തു. സിനിമാഭിരുചിയുള്ള ചെറുപ്പക്കാർക്ക് ലോക സിനിമയിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത് കേരള രാജ്യാന്തര ചലച്ചിത്രമേളയാണ്. ലോക സിനിമയുമായുള്ള സമ്പർക്കം യുവചലച്ചിത്ര പ്രവർത്തകർക്ക് വ്യത്യസ്ത തരം കഥകൾ കൈകാര്യം ചെയ്യാനുള്ള ധൈര്യം നേടിക്കൊടുത്തു. ഇത് ഐഎഫ്എഫ്കെ നൽകിയ സ്വാധീനം കാരണമാണ്. ഇന്ന് വേറിട്ട പ്രമേയങ്ങൾ അവതരിപ്പിക്കാൻ മലയാള സിനിമയ്ക്ക് സാധിക്കുന്നത് ഐഎഫ്എഫ്കെ നൽകിയ പരിശീലനവും ധൈര്യവും കൊണ്ടുകൂടിയാണ്. ഐഎഫ്എഫ്കെ തങ്ങളുടെ ചലച്ചിത്ര വിദ്യാലയമാണെ് അഭിപ്രായപ്പെട്ട നിരവധി പുതുതലമുറ സംവിധായകരുണ്ട്. മലയാളികളുടെ ചിന്താഗതിയെ രൂപപ്പെടുത്തിയ മേള പ്രേക്ഷകരുടെ കാഴ്ചനിലവാരം വർധിപ്പിച്ചു. ഈ മാറ്റങ്ങൾ ക്രമാനുഗതമായി സംഭവിച്ചതാണ്. വ്യത്യസ്ത ആഖ്യാനങ്ങൾ കാണുമ്പോൾ കാഴ്ചപ്പാടുകളും മാറുന്നു. മുഖ്യധാര, സമാന്തര സിനിമാ പ്രവർത്തകരെ ഒരുപോലെ ആകർഷിക്കാൻ ചലച്ചിത്രമേളയ്ക്ക് സാധിച്ചിട്ടുണ്ട്.

പാക്കേജുകളും പുരസ്‌കാരങ്ങളും
എട്ട് ദിവസത്തെ ഫെസ്റ്റിവലിൽ അന്താരാഷ്ട്ര മത്സരവിഭാഗം, മലയാളം സിനിമ ടുഡേ, ഇന്ത്യൻ സിനിമ നൗ, വേൾഡ് സിനിമ, കൺട്രി ഫോക്കസ്, പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ റിട്രോസ്‌പെക്റ്റീവ്സ്, കൺടംപററി ഫോക്കസ്, ഹോമേജുകൾ, വിവിധ ക്യൂറേറ്റഡ് പാക്കേജുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സിനിമകളുടെ പ്രദർശനം നടത്തുന്നു. ചലച്ചിത്ര പ്രദർശനങ്ങൾക്കൊപ്പം ഓപ്പൺ ഫോറം, വർക്ക്‌ഷോപ്പുകൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നു. വാർഷിക അരവിന്ദൻ സ്മാരകപ്രഭാഷണം ഫെസ്റ്റിവലിലെ പ്രധാന പരിപാടികളിലൊന്നാണ്. ഓപ്പൺ ഫോറം ചർച്ചകൾ ചലച്ചിത്ര സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. സിനിമ കാണുന്നതിനൊപ്പം സംവിധായകരോടും സാങ്കേതിക പ്രവർത്തകരോടും സംവദിക്കാൻ കാണികൾ താത്പര്യപ്പെടുന്നുണ്ട്.
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം, മികച്ച സംവിധായകനുള്ള രജത ചകോരം, മികച്ച നവാഗത സംവിധായകൻ, അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ പ്രേക്ഷക പുരസ്‌കാരം, മികച്ച ഏഷ്യൻ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള നാറ്റ്പാക് പുരസ്‌കാരം, മികച്ച ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള ഫിപ്രെസി അവാർഡ്, മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള കെ.ആർ. മാഹനൻ അവാർഡ്, ഹസൻകുട്ടി അവാർഡ് (മീരാ നായർ ഏർപ്പെടുത്തിയ അവാർഡ്) തുടങ്ങിയവയാണ് മേളയിൽ നൽകുന്ന അംഗീകാരങ്ങൾ. സിനിമാ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും നൽകുന്നു.
