മുന്നേറ്റത്തിന്റെ ഒൻപത് വർഷം
കേരളത്തിന്റെ സമഗ്രവികസനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് രണ്ടാം പിണറായി വിജയൻ സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. മന്ത്രിസഭയുടെ നാലാം വാർഷികം 2025 ഏപ്രിൽ 21 മുതൽ മെയ് 30 വരെ സംസ്ഥാനമെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങുകയാണ്. 2016ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ ഭരണത്തുടർച്ച എന്ന നിലയിൽ കണക്കാക്കുമ്പോൾ ഒൻപത് വർഷത്തെ വികസനനേട്ടങ്ങളുടെ ആഘോഷമായി അത് മാറുന്നു. 2016 മുതൽ സർക്കാർ വിഭാവനം ചെയ്യുന്നത് എല്ലാവരെയും ചേർത്തുപിടിക്കുന്ന, സർവതലസ്പർശിയായ വികസനക്ഷേമപ്രവർത്തനങ്ങളുടെ ഒരു നവകേരളസൃഷ്ടിയാണ്്. ആ ലക്ഷ്യത്തിൽ എടുത്തുപറയാവുന്ന ഒട്ടേറെ നേട്ടങ്ങൾ നമുക്കുണ്ടായി. നടപ്പിലാക്കുക അസാധ്യമെന്നു കരുതിയ വിഴിഞ്ഞം പോലുള്ള സ്വപ്നപദ്ധതികൾ യാഥാർഥ്യമായി. ഗെയിൽ പൈപ്പ് ലൈനും കൊച്ചി മെട്രോയും വാട്ടർ മെട്രോയുമൊക്കെ ഈ വികസനസാക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. മുൻവിധികളെ ഇല്ലാതാക്കി വ്യവസായ, സംരംഭകരംഗങ്ങളിൽ കേരളം ദേശീയമാതൃക സൃഷ്ടിച്ചു. കെ സ്മാർട്ട് പോലെ ഇ സേവനങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന പദ്ധതികൾ നടപ്പാക്കി. മാലിന്യമുക്തകേരളം സൃഷ്ടിക്കുന്നതിലും അതിദാരിദ്ര്യനിർമ്മാർജനത്തിലും വ്യക്തമായ സമയപരിധി കണക്കാക്കി മുന്നേറ്റം ഉറപ്പാക്കി. പ്രകൃതിദുരന്തങ്ങളും മഹാമാരികളും ഒറ്റക്കെട്ടായി തരണം ചെയ്താണ് സംസ്ഥാനം ഈ നേട്ടങ്ങൾ കൈവരിച്ചതെന്നത് തിളക്കം കൂട്ടുന്നു. കേരളത്തിന്റെ വളർച്ചയുടെ അംഗീകാരമായി നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങളും ഇക്കാലയളവിൽ ലഭിക്കുകയുണ്ടായി. വിവിധ മേഖലകളിലായി സംസ്ഥാന സർക്കാർ കൈവരിച്ച വികസനപ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്ന പ്രത്യേക ലക്കമാണ് ഈ ലക്കം സമകാലിക ജനപഥം.
ടി.വി. സുഭാഷ് ഐ.എ.എസ്
എഡിറ്റർ
