മാറുന്നുണ്ടോ മലയാള സിനിമ

jithin3

കഴിഞ്ഞ പത്തുവർഷങ്ങളായി മലയാള സിനിമയെക്കുറിച്ച് ഏറ്റവും തവണ ആവർത്തിക്കപ്പെട്ട വാക്ക് മാറ്റം എന്നതായിരിക്കണം.കോവിഡാനന്തര കാലഘട്ടത്തിൽ, ഒ.ടി.ടി.കളുടെയും മറ്റും പശ്ചാത്തലത്തിൽ മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയിൽ വലിയ സ്വീകാര്യതയുണ്ടായി. 2024 മലയാള സിനിമയെ സംബന്ധിച്ച് വാണിജ്യപരമായും ഇന്ത്യ ഒട്ടാകെയുള്ള സ്വീകാര്യതയിലും വലിയ ഉണർവുണ്ടായ വർഷമാണ്. മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ആവേശം, പ്രേമലു തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ തന്നെ ചലനം സൃഷ്ടിച്ചു. സംഘർഷഘടന, വിക്ടോറിയ, കിസ് വാഗൺ തുടങ്ങിയ മികച്ച പരീക്ഷണാത്മക സിനിമകളും ഉണ്ടായി.

2025 പക്ഷേ മലയാളം മുഖ്യധാര സിനിമയ്ക്ക് വലിയ ആശ്വാസം നൽകുന്ന ഒന്നല്ല. മുമ്പത്തേതുപോലെ ഏതു സിനിമയും ബോക്സ് ഓഫീസിലും ജനങ്ങളിലും സ്വീകാര്യത സൃഷ്ടിക്കും എന്ന ചിന്തയിൽ നിർമ്മിച്ച ശരാശരി സിനിമകൾ മാത്രമാണ് ഈ വർഷം മലയാളത്തിൽ ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയത്. തുടരും, ഹൃദയപൂർവം, എമ്പുരാൻ, ലോക തുടങ്ങിയ ചിത്രങ്ങൾ എല്ലാം ആഖ്യാനത്തിലും പ്രമേയത്തിലും ശരാശരിയോ ശരാശരിക്ക് താഴെയോ നിൽക്കുന്ന ചിത്രങ്ങൾ മാത്രമാണ്. തെലുങ്ക്, തമിഴ്, കന്നട സിനിമകളിൽ ഇപ്പോൾ ഇറങ്ങുന്ന പാൻ-ഇന്ത്യൻ സിനിമകളുടെ ഫോർമാറ്റിനെ മലയാളത്തിലേക്ക് പറിച്ചുനടുവാനുള്ള ശ്രമം ഈ സിനിമകളിലെല്ലാം നമുക്ക് കാണാനാവും.

jithin1ഈ വർഷം മലയാള സിനിമയെ സംബന്ധിച്ച് ആഖ്യാനത്തിലോ പ്രമേയത്തിലോ ഏതെങ്കിലും നിലയ്ക്ക് പരീക്ഷണങ്ങൾക്ക് ശ്രമിക്കുന്നത് മുഖ്യധാരാസിനിമകൾ അല്ല, മറിച്ച് തിയറ്റർ, ഒ.ടി.ടി., യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൊന്നും റിലീസ് ആവാത്ത സ്വതന്ത്രസിനിമകളാണ്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഇടം നേടിയ ചിത്രങ്ങളെല്ലാം കേരളത്തിലെ ആദ്യത്തെ പ്രദർശനങ്ങളായിരിക്കും.

ബുസാൻ ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടിയ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് എന്ന ചിത്രം ഏറെ ശ്രദ്ധേയമാണ്. ഡൽഹി പോലൊരു നഗരത്തിൽ മധ്യവർഗ ജീവിതം നയിക്കുന്ന വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീയും ഒന്നിച്ചുജീവിക്കുമ്പോൾ എത്തിപ്പെടുന്ന സന്ദിഗ്ധതകളാണ് പ്രമേയം. ഒരു ഘട്ടത്തിൽ വച്ച് അവർക്ക് അഭയം നഷ്ടമാവുന്നു. അഭയാർഥികളെ പോലെ ഡൽഹിയിലെ വഴികളിലേക്ക് വലിച്ചെറിയപ്പെടുന്ന അവരുടെ സംഘർഷങ്ങളും പ്രണയം അവരുടെ ഉൾജീവിതത്തിൽ നിറയ്ക്കുന്ന സന്ദിഗ്ധതകളും ഏറെ കൈയടക്കത്തോടെ ഈ ചിത്രം അവതരിപ്പിക്കുന്നു. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ രേഖാരാജാണ് ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

മനുഷ്യബന്ധങ്ങളും സങ്കീർണ്ണതകളും

ഉടലാഴം എന്ന ചിത്രത്തിനു ശേഷം ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത തന്തപ്പേര് (Life of phallus) എന്ന ചിത്രം ചോലനായ്ക്കർ സമുദായത്തിന്റെ അസ്തിത്വദുഃഖങ്ങളെ രാഷ്ട്രീയപരമായും സാമൂഹികപരമായും നോക്കുന്ന ചിത്രമാണ്. അഭിനേതാക്കളിൽ ഭൂരിഭാഗവും ആദിവാസിസമൂഹത്തിൽ നിന്നുതന്നെയാകുന്നത് ഈ ചിത്രത്തിന് ഒരു നവഭാവുകത്വം നൽകുന്നുണ്ട്. 2023ൽ മികച്ച നടിക്കും മികച്ച നവാഗത ചിത്രത്തിനും ഉള്ള പുരസ്‌കാരം ലഭിച്ച തടവ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ റസാക്കിന്റെ രണ്ടാമത്തെ ചിത്രം മോഹം ശ്രദ്ധേയമായ ചലച്ചിത്രാവതരണമാണ്. ഏറ്റവും നിസ്സഹായരായ, ചുറ്റുമുള്ളവരുടെ ശ്രദ്ധയിൽനിന്ന് മനപ്പൂർവമോ അല്ലാതെയോ അപ്രത്യക്ഷരാവുന്നവർ, വിവാഹവും ഗർഭധാരണവും നൽകുന്ന മാനസിക സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ ചിത്രം അതിസൂക്ഷ്മമായി അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ സമീപകാലത്തിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് ഷെറി ഗോവിന്ദൻ. ഷെറിയുടെ സിനിമകൾ വാസ്തവത്തിൽ മലയാള സിനിമാസമൂഹം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടതുണ്ട്. അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളായ ക ഖ ഗ ഘ ങ, അവനോവിലോന തുടങ്ങിയ ചിത്രങ്ങൾ വാസ്തവത്തിൽ സംസ്ഥാന പുരസ്‌കാരങ്ങൾക്ക് പോലും അർഹമായ സിനിമകളായിരുന്നു. ഷെറിയുടെ സമസ്താ ലോക എന്ന ചിത്രം മനുഷ്യബന്ധങ്ങളുടെ ലളിതവും അതേസമയം സങ്കീർണ്ണവുമായ ചില നേരങ്ങളുടെ പരീക്ഷണാത്മകവും ദൃശ്യമികവുമുള്ള അവതരണമാണ്.

ഈ ഫെസ്റ്റിവൽ കാലത്ത് ഏറ്റവും ആഘോഷിക്കപ്പെടാൻ സാധ്യതയുള്ള രണ്ടു ചിത്രങ്ങൾ പ്രശസ്ത സംവിധായകൻ ജിയോ ബേബി സംവിധാനം ചെയ്ത എബ്ബ് എന്ന ചിത്രവും നടൻ രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും എന്ന ചിത്രവും ആയിരിക്കും. പുതിയകാല സ്ത്രീ-പുരുഷ ബന്ധങ്ങളുടെ, അതിനകമേയുള്ള പുരുഷാധിപത്യ പ്രവണതകളെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ജിയോ ബേബിയുടെ എബ്ബ്. പൊറാട്ടുനാടകം എന്ന ഫോക്ക്ലോറിന്റെ പശ്ചാത്തലത്തിൽ പുറത്താക്കപ്പെടുന്ന മനുഷ്യരുടെ സങ്കടങ്ങളെ ഗ്രാമീണമായ സംഘർഷങ്ങളോട് കോർത്തിണക്കിക്കൊണ്ട് അതീവ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് പെണ്ണും പൊറാട്ടും.

jithin2ഫെസ്റ്റിവലിൽ ഇടം പിടിച്ചില്ലെങ്കിലും അർജുൻ എന്ന പുതുമുഖ സംവിധായകൻ എടുത്ത കള്ളൻ പോപ്പ് എന്ന ചിത്രം മലയാളത്തിൽ ഇറങ്ങിയ പരീക്ഷണാത്മക സിനിമകളിൽ ഏറ്റവും മിഴിവുറ്റതാണ്. ഒരു പോലീസുകാരന്റെ വീട്ടിലേക്ക് കയറി വരുന്ന കള്ളന്റെ പൗരത്വത്തെക്കുറിച്ചുള്ള ആകുലതകളും കള്ളനും പോലീസും നിർമ്മിക്കുന്ന അപൂർവമായ ഒരു ലോകത്തിന്റെ കൊടുക്കൽ വാങ്ങലുകളും ആണ് ഈ ചിത്രം. ഫേസ്ബുക്കിലെ ചെറുകാർട്ടൂണുകളിലൂടെ ശ്രദ്ധേയനായ നിപിൻ നാരായണൻ സംവിധാനം ചെയ്ത കാത്തിരിപ്പ് എന്ന ചിത്രം പരീക്ഷണാത്മകവും ഉദ്വേഗജനകവുമാണ്. അതിവിചിത്രമായ ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളെ കാണാനെത്തുന്ന അതിഥിയിലൂടെ, അവർ തമ്മിൽ നിർമ്മിക്കുന്ന സംഭാഷണങ്ങളിലൂടെ ഈ ചിത്രം പുതിയൊരു ഭാവുകത്വത്തെ മുന്നോട്ടുവെക്കുന്നു.

മിനി ഐ.ജി. സംവിധാനം ചെയ്ത ആദി സ്നേഹത്തിന്റെ വിരുന്ന് മേശ എന്ന ചിത്രവും പുതിയകാല മനുഷ്യബന്ധങ്ങളെ കുറിച്ചാണ്. ആദിത്യ ബേബി സംവിധാനം ചെയ്ത അംബ്രോസിയ, കെ.ശ്രീകുമാർ സംവിധാനം ചെയ്ത അന്യരുടെ ആകാശങ്ങൾ, കെ.റിനോഷൻ സംവിധാനം ചെയ്ത ശവപ്പെട്ടി, അരുൺ വർധൻ സംവിധാനം ചെയ്ത ഒരു അപസർപ്പക കഥ, ശ്രീജിത് എസ് കുമാർ-ഗ്രിറ്റോ വിൻസെന്റ് എന്നിവർ സംവിധാനം ചെയ്ത ശേഷിപ്പ്, വിഷ്ണു ബി ബീന സംവിധാനം ചെയ്ത ചാവുകല്യാണം എന്നീ ചിത്രങ്ങളും പ്രമേയത്തിന്റെ പുതുമ കൊണ്ടും ആഖ്യാനത്തിന് മികവുകൊണ്ടും കേരള രാജ്യന്തര മേളയിൽ ഇടംപിടിച്ച സിനിമകളാണ്.

 

Spread the love