മലയാളി ലോകസിനിമയെ അടുത്തറിഞ്ഞ 30 വർഷങ്ങൾ
ചലച്ചിത്രോത്സവം@30>>സി.അജോയ്
സെക്രട്ടറി, ചലച്ചിത്ര അക്കാദമി
![]() |
കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉൽസവമായ ഐ.എഫ്.എഫ്.കെ 30ാം പതിപ്പിൽ എത്തിയിരിക്കുകയാണ്. ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ ജനപങ്കാളിത്തത്തോടെ 30 എഡിഷനുകൾ പൂർത്തിയാക്കുന്ന ഇന്ത്യയിലെ ഏകചലച്ചിത്രമേളയാണ് ഐ.എഫ്.എഫ്.കെ എന്ന് നമുക്ക് അഭിമാനപൂർവം പറയാം. കൊൽക്കത്ത ചലച്ചിത്രമേള മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കിയെങ്കിലും 2011 മുതലാണ് പൊതുജനങ്ങൾക്കായി തിയേറ്ററുകളുടെ വാതിൽ തുറന്നുകൊടുത്തത്.
അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിക്കാട്ടുന്നതിൽ ഐ.എഫ്.എഫ്.കെ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. സിനിമ എന്ന കലയ്ക്കും സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും കേരളം നൽകുന്ന ഗൗരവവും പ്രാധാന്യവും ലോകത്തെ വിളിച്ചറിയിച്ചത് ഐ.എഫ്.എഫ്.കെയാണ്. ഗൗരവമുള്ള സിനിമാ പ്രേമികൾ ഏറെയുള്ള നാടാണിതെന്ന് നമ്മുടെ മേളയിൽ അതിഥികളായി വന്ന പല വിദേശചലച്ചിത്രകാരരും പറഞ്ഞിട്ടുണ്ട്. പ്രേക്ഷകപങ്കാളിത്തം കൊണ്ടും പ്രദർശി പ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും ലോകത്തെ ഏറ്റവും മികച്ച മേളകളിലൊന്നായി പേരെടുക്കാൻ കഴിഞ്ഞ 29 വർഷംകൊണ്ട് ഐ.എഫ്.എഫ്.കെ ക്ക് കഴിഞ്ഞു.
ഐ.എഫ്.എഫ്.കെയുടെ
ഹ്രസ്വചരിത്രം
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ 1994 ഡിസംബർ 17 മുതൽ 23 വരെ കോഴിക്കോടാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെ ഐ.എഫ്.എഫ്.കെ 1995 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് നടന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ആദ്യമേളയായിരുന്നു അത്. 1998 ഏപ്രിൽ 5 മുതൽ 12 വരെ നടന്ന മൂന്നാമത്തെ മേളയിൽ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ഇ.കെ നായനാർ സർക്കാരിന്റെ തീരുമാനപ്രകാരം നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രിൽ മൂന്നു മുതൽ 10 വരെ കൊച്ചിയിൽ നടന്നു. നാലാംമേളയിൽ എത്തുമ്പോഴേക്കും ചലച്ചിത്ര നിർമ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐ.എഫ്.എഫ്.കെക്ക് ലഭിച്ചിരുന്നു. മൽസര വിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാർച്ച് 31 മുതൽ ഏപ്രിൽ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കു ശേഷം തിരുവനന്തപുരം സ്ഥിരംവേദിയായി നിശ്ചയിക്കുകയായിരുന്നു.
30ാമത് ഐ.എഫ്.എഫ്.കെ
30ാമത് ഐ.എഫ്.എഫ്.കെ 2025 ഡിസംബർ 12 മുതൽ 19 വരെയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. ഡിസംബർ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ എഴുപതോളം രാജ്യങ്ങളിൽനിന്നുള്ള 200ൽപ്പരം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുൻവർഷങ്ങളിലേതിനേക്കാൾ മുപ്പതോളം ചിത്രങ്ങൾ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദർശനം നടക്കുക. ഇത്തവണ ഒരു തിയേറ്റർ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്. 13000ൽപ്പരം പ്രതിനിധികൾ മേളയിൽ പങ്കെടുക്കും. 200ഓളം ചലച്ചിത്രപ്രവർത്തകർ അതിഥികളായി എത്തുന്നുണ്ട്. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണി പ്രവർത്തകർ, ഒഫീഷ്യൽസ്, ഗസ്റ്റ്, സ്പോൺസർമാർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ 15,000ത്തോളം പേരുടെ പങ്കാളിത്തം 30ാമത് ഐ.എഫ്.എഫ്.കെയിൽ ഉണ്ടാവും. ഹരിതനടപടിച്ചട്ടം പാലിച്ചുകൊണ്ടായിരിക്കും മേള സംഘടിപ്പിക്കുക.
സ്പിരിറ്റ് ഓഫ്
സിനിമ അവാർഡ്
30ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശിൽപ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാർഡ്. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്ന നിർഭയരായ വനിതാ ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെ യിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് ഏർപ്പെടുത്തിയത്. കുർദിഷ് സംവിധായിക ലിസ കലാൻ ആയിരുന്നു പ്രഥമ ജേതാവ്. ഇറാൻ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങൾക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യൻ സംവിധായിക പായൽ കപാഡിയ എന്നിവരാണ് മുൻവർഷങ്ങളിൽ ഈ പുരസ്‌കാരത്തിന് അർഹരായത്.
കറുത്ത വർഗക്കാരോടുള്ള വംശീയമുൻവിധികൾക്കെതിരെ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാർഷലിന്റെ ‘ബ്ളാക്ക് ബോഡീസ്'(2020) എന്ന ഹ്രസ്വചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മേളയുടെ ആദ്യ ചേഞ്ച്മേക്കർ അവാർഡ് നേടിയിട്ടുണ്ട്. കറുത്ത വർഗക്കാരുടെ ജീവിതാനുഭവങ്ങളിൽ ഊന്നിയുള്ള ഹേവൻ (2018) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവർ തന്റെ വരവറിയിച്ചത്. കലയിലൂടെ കറുത്ത വർഗക്കാരുടെ സമുദായത്തെ ശാക്തീകരിക്കുന്നതിനും സാമൂഹിക നീതിക്കും വേണ്ടി രൂപംകൊടുത്ത ‘മേക്ക് റിപ്പിൾസ്’ എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി ഫൈഫ്. ടെലിവിഷൻ രംഗത്തും പരസ്യചിത്രനിർമ്മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ ‘ബ്ളാക്ക് എലിവേഷൻ മാപ്പ്’ എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2025ലെ ടൊറന്റോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ കെല്ലിയുടെ ‘ഡീമൺസ്’ എന്ന ഹ്രസ്വചിത്രം ഔദ്യോഗിക സെലക്ഷൻ നേടി. സ്വന്തം ജനതയുടെ അതിജീവനവും സ്നേഹവും കരീബിയൻ പ്രവാസിജീവിതവും പ്രതിഫലിപ്പിക്കുന്നവയാണ് കെല്ലിയുടെ ചിത്രങ്ങൾ.
മേളയുടെ മുഖ്യ
ആകർഷണങ്ങൾ
അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ അറുപതിലധികം സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തിൽ എട്ടു സിനിമകൾ പ്രദർശിപ്പിക്കും. ഫിമെയ്ൽ ഫോക്കസ്, മിഡ്നൈറ്റ് സിനിമ, റെസ്റ്റോർഡ് ക്ളാസിക്സ് എന്നീ വിഭാഗങ്ങളിലും സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജന്മശതാബ്ദിവർഷത്തിൽ
ഘട്ടക്കിന്റെ നാല് ചിത്രങ്ങൾ
വിഖ്യാത ബംഗാളി സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹ ത്തിന്റെ ഏറ്റവും മികച്ച നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഘട്ടക്കിന്റെ വിഖ്യാതമായ വിഭജനത്രയ ത്തിലെ മൂന്ന് ചിത്രങ്ങളും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കോമൾ ഗാന്ധാർ, തിതാഷ് ഏക് തി നദിർ നാം, സുബർണരേഖ, മേഘെ ധക്ക താര എന്നീ ചിത്രങ്ങളുടെ പുനരുദ്ധരിച്ച പതിപ്പുകളാണ് പ്രദർശിപ്പിക്കുന്നത്. മാർട്ടിൻ സ്‌കോർസെസിയുടെ വേൾഡ് സിനിമാ പ്രൊജക്റ്റിന്റെ ഭാഗമായി ഇറ്റലിയിലെ റെസ്റ്ററേഷൻ ലാബറട്ടറിയിലാണ് ‘തിതാഷ് ഏക് തി നദിർ നാം’ പുനരുദ്ധരിച്ചത്. നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയാണ് മറ്റു മൂന്നു ചിത്രങ്ങളും 4 കെ റെസല്യൂഷനിൽ പുതുക്കിയിരിക്കുന്നത്.
ഘട്ടക്കിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് 1960ലെ ‘മേഘ ധക്ക താര’ (മേഘാവൃതമായ നക്ഷത്രം). ‘വിഭജന ത്രയം’ എന്നു വിളിക്കപ്പെടുന്ന ചിത്രങ്ങളിലേ ആദ്യത്തേതാണ് ഈ ചിത്രം. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവരുന്ന നീതയെന്ന യുവതിയുടെ സഹനങ്ങളുടെ കഥയാണിത്. വിഭജനത്രയത്തിലെ രണ്ടാമത്തെ സിനിമയായ കോമൾ ഗാന്ധാർ (1961) പുരോഗമന നാടകക്കൂട്ടായ്മയായ ഇപ്റ്റയിലെ രാഷ്ട്രീയ ഭിന്നതകൾ, വിഭജനത്തിന്റെ സംഘർഷങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. വിഭജനാനന്തര ബംഗാളിന്റെ പശ്ചാത്തലത്തിൽ അഭയാർഥികളാക്ക പ്പെട്ടവരുടെ വൈകാരികമായ അതിജീവനശ്രമങ്ങൾ അവതരിപ്പിക്കുന്നു സുബർണരേഖ (1962). സ്വാതന്ത്ര്യപൂർവ ഇന്ത്യയിലെ തിതാഷ് നദിക്ക് സമീപത്ത് ജീവിക്കുന്ന മാലോ എന്ന മുക്കുവസമൂഹ ത്തിന്റെ ജീവിതപ്രശ്‌നങ്ങളാണ് തിതാഷ് ഏക് തി നദിർ നാം (1973)ചർച്ചയ്‌ക്കെടുക്കുന്നത്.
റെട്രോസ്പെക്റ്റീവ്
യൂസഫ് ഷഹീനും സയ്യിദ് മിർസയും
വിഖ്യാത ഈജിപ്ഷ്യൻ സംവിധായകൻ യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മുന്നു ചിത്രങ്ങൾ റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. കെയ്റോ സ്റ്റേഷൻ (1958), അലക്സാൺഡ്രിയ എഗൈൻ ആന്റ് ഫോർ എവർ(1989), ദ അദർ (1999) എന്നീ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആയുഷ്‌കാല സംഭാവനയ്ക്കുള്ള കാൻ ചലച്ചിത്രമേളയുടെ 50ാമത് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ യൂസഫ് ഷഹീൻ 1950കൾ മുതൽ 2008ൽ 82ാം വയസ്സിൽ മരിക്കുന്നതു വരെ ഈജിപ്ഷ്യൻ സിനിമയിൽ സജീവമായിരുന്നു. ഒമർ ഷെരീഫ് എന്ന വിഖ്യാത നടന്റെ ചലച്ചിത്രപ്രവേശത്തിനും കരിയറിലെ വളർച്ചയ്ക്കും നിമിത്തമായ സംവിധായകനാണ് യൂസഫ് ഷഹീൻ. കെയ്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എക്കാലത്തെയും മികച്ച 100 ചിത്രങ്ങൾ തിരഞ്ഞെടുത്തപ്പോൾ അതിൽ 12 ചിത്രങ്ങളും യൂസഫ് ഷഹീനിന്റെതായിരുന്നു. അദ്ദേഹ ത്തിന്റെ എട്ട് ചിത്രങ്ങൾ കാൻ ചലച്ചിത്രമേളയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1979ൽ അലക്സാൻഡ്രിയ വൈ എന്ന ചിത്രത്തിന് ബെർലിൻ ചലച്ചിത്രമേളയിൽ സിൽവർ ബെയർ പുരസ്‌കാരം ലഭിച്ചിരുന്നു. അറബ് സിനിമയെ അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ദേശീയ ചലച്ചിത്രപുരസ്‌കാര ജേതാവായ സയ്യിദ് മിർസയുടെ മൂന്ന് ചിത്രങ്ങൾ റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കും. 1996ൽ രണ്ട് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങൾ നേടിയ ‘നസീം’, മികച്ച ഹിന്ദി ചിത്രത്തിനുള്ള 37ാമത് ദേശീയ പുരസ്‌കാരം നേടിയ ‘സലീം ലാംഗ്ഡേ പേ മത് രോ’, ‘അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ’ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിനു തൊട്ടു മുമ്പുള്ള ആറു മാസങ്ങളിൽ മുംബൈയിലെ ഒരു മുസ്ലിംകുടുംബത്തിലെ നസീം എന്ന 15കാരിയും മുത്തച്ഛനും തമ്മിലുള്ള ബന്ധത്തിലൂടെ വർഗീയസംഘർഷത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കുന്ന ചിത്രമാണ് ‘നസീം’. നഗരങ്ങളിലെ മുസ്ലിംകളുടെ അരികുവത്കരണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പരിശോധനയാണ് സലിംപാഷ എന്ന ഭിന്നശേഷിക്കാരന്റെ കഥ പറയുന്ന ‘സലീം ലാംഗ്ഡേ പേ മത് രോ’. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീണ ഒരു സമ്പന്ന ബിസിനസുകാരന്റെ മകന്റെ ലക്ഷ്യബോധമില്ലാത്ത ജീവിതയാത്ര അവതരിപ്പിക്കുകയാണ് ‘അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ’ എന്ന ചിത്രം.
പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 1976ൽ ബിരുദം നേടിയ സയ്യിദ് മിർസ പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തമായ അടിയൊഴുക്കുള്ള പ്രമേയങ്ങളാണ് സിനിമകൾക്ക് സ്വീകരിച്ചിരുന്നത്. നിലവിൽ കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സിന്റെ ചെയർമാൻ ആണ്.
ഫിലിംമേക്കർ ഇൻ ഫോക്കസ്
ഗരിൻ നുഗ്രോഹോ
ഫിലിംമേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ ഇന്തോനേഷ്യൻ സംവിധായകൻ ഗരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. സമകാലിക ലോക സിനിമയിലെ, പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ ശക്തമായ ശബ്ദങ്ങളിലൊന്നാണ് ഗരിൻ നുഗ്രോഹോ. കാൻ, വെനീസ്, ബെർലിൻ, ലൊക്കാർണോ മേളകളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
‘ബേഡ് മാൻ ടെയ്ൽ’, ‘എ പോയറ്റ്: അൺകൺസീൽഡ് പോയട്രി’, ‘സംസാര’, ‘വിസ്പേഴ്സ് ഇൻ ദ ഡബ്ബാസ്’, ‘ലെറ്റർ റ്റു ആൻ ഏയ്ഞ്ചൽ’ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പാപ്പുവ നഗരം സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു പെൺകുട്ടിയെ ചുംബിക്കുന്നതിനായി അവളെ പിന്തുടരുന്ന അർനോൾഡ് എന്ന 15 കാരന്റെ കഥ പറയുകയാണ് ‘ബേഡ് മാൻ ടെയ്ൽ’. 2001ലെ സിംഗപ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഫിപ്രസ്‌കി പുരസ്‌കാരം നേടിയ ചിത്രമാണ് ‘എ പോയറ്റ്: അൺകൺസീൽഡ് പോയട്രി’. ലൊകാർണോ മേളയിൽ സിൽവർ ലെപ്പേർഡ് അവാർഡും ഈ ചിത്രം നേടുകയുണ്ടായി. ജയിലിലെ രണ്ടു സെല്ലുകളിലായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പൂർണമായും ബ്ളാക് ആന്റ് വൈറ്റിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരിൽ തടവിലാക്കപ്പെടുന്ന കവി ഇബ്രാഹിം കദീറിന്റെ അനുഭവങ്ങളിലൂടെ ഇന്തോനേഷ്യയിലെ അനധികൃത തടവുകാരുടെ ദുരിത ജീവിതം നാം അറിയുന്നു.
2024ൽ പുറത്തിറങ്ങിയ നിശ്ശബ്ദ പ്രണയകഥയാണ് 1930 കളിലെ ബാലി പശ്ചാത്തലമായ ‘സംസാര’. താൻ പ്രണയിക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ അംഗീകാരം നേടുന്നതി നായി സമ്പന്നനാവുക എന്ന ലക്ഷ്യം മുൻനിർത്തി ആഭിചാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു ദരിദ്രന്റെ കഥയാണിത്. ‘വിസ്പേഴ്സ് ഇൻ ദ ഡബ്ബാസ്’ സമ്പന്നർക്കും പ്രബലർക്കുമൊപ്പം നിൽക്കുന്ന അഴിമതി നിറഞ്ഞ നീതിന്യായ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കേണ്ടിവരുന്ന ഒരു അഭിഭാഷകന്റെ ദുരവസ്ഥ വരച്ചുകാട്ടുന്നു. ലെറ്റർ റ്റു ആൻ ഏയ്ഞ്ചൽ (1994) ഭൂമിയെ സംരക്ഷിക്കുന്ന മാലാഖയിൽ വിശ്വസിക്കുന്ന ലെവ എന്ന ബാലന്റെ കഥ പറയുന്നു. സുംബ ദ്വീപിൽ ചിത്രീകരിച്ച ആദ്യ ചിത്രമാണ് ഇത്.
കൺട്രി ഫോക്കസ്
വിയറ്റ്നാം
വിയറ്റ്‌നാം യുദ്ധത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് കൺട്രി ഫോക്കസ് വിഭാഗത്തിൽ വിയറ്റ്‌നാമിൽനിന്നുള്ള അഞ്ച് ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൂയി താക് ചുയെൻ സംവിധാനം ചെയ്ത ‘ഗ്ലോറിയസ് ആഷസ്’ (Glorious Ashes), ട്രുങ് മിൻ ക്വി സംവിധാനം ചെയ്ത ‘ദി ട്രീ ഹൗസ്’ (The Tree House), ഫാം ങോക് ലാന്റെ ‘കു ലി നെവർ ക്രൈസ് ‘ (Cu Li Never Cries), ഡുവോങ് ഡിയോ ലിന്റെ ‘ ഡോണ്ട് ക്രൈ ബട്ടർഫ്ലൈ’ (Don’t Cry Bttuerfly), ട്രിൻ ദിൻ ലെ മിന്റിന്റെ ‘ വൺസ് അപ്പോൺ എ ലവ് സ്റ്റോറി’ (Once upon a Love Story) എന്നീ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫെസ്റ്റിവൽ ഫേവറിറ്റ്‌സ്
മുൻനിര ചലച്ചിത്രമേളകളിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ ആകർഷകമായ ഒരു പാക്കേജും മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാൻ ചലച്ചിത്രമേളയിൽ പാംദോർ നേടിയ ജാഫർ പനാഹിയുടെ ഇറ്റ് വോസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്, കാമറ ദോർ അവാർഡ് നേടിയ ദ പ്രസിഡന്റ്‌സ് കേക്ക്, ഗ്രാന്റ് പ്രി നേടിയ സെന്റിമെന്റൽ വാല്യു, മികച്ച സംവിധാനത്തിനും മികച്ച നടനുമുള്ള പുരസ്‌കാരങ്ങളും ഫിപ്രസ്‌കി അവാർഡും നേടിയ ദ സീക്രറ്റ് ഏജന്റ്, കാൻ മേളയിൽ ജൂറി പ്രൈസ് നേടിയ ചിത്രങ്ങളായ പോയറ്റ്, സിറാറ്റ്, മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ യങ് മദേഴ്‌സ്, പാംദോറിന് നാമനിർദേശം ചെയ്യപ്പെട്ട ദ മാസ്റ്റർമൈൻഡ്, വെനീസ് മേളയിൽ ആദ്യപ്രദർശനം നടത്തിയ സമകാലിക ചലച്ചിത്രാചാര്യൻ പാർക്ക് ചാൻ വുക്കിന്റെ നോ അദർ ചോയ്‌സ്, യാർഗോസ് ലാന്തിമോസിന്റെ ബുഗോണിയ, ബെർലിൻ മേളയിൽ ഗോൾഡൻ ബെയർ പുരസ്‌കാരം നേടിയ ഡ്രീംസ് (സെക്‌സ് ലവ്) തുടങ്ങിയവ ഈ വിഭാഗത്തിലെ മുഖ്യ ആകർഷണങ്ങളാണ്.
സ്മൃതിചിത്രങ്ങൾ
സംവിധായകൻ ഷാജി എൻ. കരുൺ, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവൻ നായർ എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗത്തിൽ ഇരുവരുടെയും രണ്ടു ചിത്രങ്ങൾ വീതം പ്രദർശിപ്പിക്കും.
എക്സിബിഷൻ
മേളയുടെ ഭാഗമായി മൂന്ന് എക്സിബിഷനുകൾ സംഘടിപ്പിക്കും. മേളയുടെ മൂന്നുപതിറ്റാണ്ടു നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ‘ഐ.എഫ്.എഫ്.കെ എക്സ്പീരിയൻസിയ’, ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇൻഫർമേഷൻ ആന്റ് കൾച്ചറൽ അഫയേഴ്സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്സിബിഷൻ എന്നിവ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് സജ്ജീകരിക്കും. ചലച്ചിത്രകലാസംവിധായകൻ കൂടിയായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ലൊക്കേഷൻ സ്‌കെച്ചുകൾ ന്യൂ തിയേറ്റർ പരിസരത്ത് പ്രദർശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
അനുബന്ധ പരിപാടികൾ
മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികൾ നഗരത്തിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയിൽ സംഘടിപ്പിക്കും. ഉദ്ഘാടന സമാപനച്ചടങ്ങുകളുടെ മുന്നോടിയായി സംഗീത പരിപാടികൾ അവതരിപ്പിക്കും.
പ്രസിദ്ധീകരണങ്ങൾ
30ാമത് ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് അക്കാദമിയുടെ മുഖമാസികയായ ചലച്ചിത്രസമീക്ഷ പ്രത്യേക പതിപ്പായി പ്രസിദ്ധീകരിക്കും. ചലച്ചിത്രമേളയുടെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന പതിപ്പ് കൂടുതൽ പേജുകളോടെയാണ് പ്രസിദ്ധീകരിക്കുന്നത്. ജന്മശതാബ്ദി വർഷത്തിൽ ഋത്വിക് ഘട്ടക്കിനുള്ള ആദരമായി അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ച് സി.എസ് വെങ്കിടേശ്വരൻ എഴുതിയ ‘കത്തിയെരിയുന്ന ലോകം-ഘട്ടക്കിന്റെ ജീവിതവും കാലവും’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കും. സംവിധായകൻ ഷാജി എൻ. കരുണിന്റെ സംഭാവനകൾ അടയാളപ്പെടുത്തി സജീവ് പാഴൂർ എഡിറ്റ് ചെയ്ത ‘കരുണയുടെ ക്യാമറ’, രാജീവ് നാഥിന്റെ അരനൂറ്റാണ്ട് നീണ്ട ചലച്ചിത്രജീവിതത്തെക്കുറിച്ച് അലക്‌സ് വള്ളികുന്നം തയാറാക്കിയ ‘തണൽ’, സൗണ്ട് ഡിസൈനർ ടി.കൃഷ്ണനുണ്ണിയുടെ ‘ശബ്ദേന്ദ്രജാലം’ എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിക്കും.
പുരസ്‌കാരങ്ങൾ
ഡിസംബർ 19ന് നിശാഗന്ധിയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധായക പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആർ.മോഹനൻ എൻഡോവ്മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായക പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഫിപ്രസ്‌കി, നെറ്റ്പാക് അവാർഡുകളും സമാപനച്ചടങ്ങിൽ സമ്മാനിക്കും.

