ഭവന രഹിതരില്ലാത്ത കേരളത്തിലേക്ക്
ഭവന രഹിതരില്ലാത്ത കേരളത്തിലേക്ക്
പിണറായി വിജയന്‍
മുഖ്യമന്ത്രി
സർവതല സ്‌പർശിയായതും സാമൂഹിക നീതിയില്‍ അധിഷ്‌ഠിതവുമായ വികസനം ഉറപ്പാക്കിയാണ് ഭരണത്തുടര്‍ച്ചയുടെ പത്താം വര്‍ഷത്തില്‍ സര്‍ക്കാറിന്റെ മുന്നേറ്റം. എല്ലായിടത്തും വികസന പദ്ധതികള്‍ നടപ്പിലാക്കിയും എല്ലാ പൗരന്മാര്‍ക്കും വികസന പദ്ധതികളുടെ ഗുണം ഉറപ്പാക്കിയുമാണ് നമ്മുടെ പ്രവര്‍ത്തനം. നവകേരള നിര്‍മ്മിതി എന്ന പുരോഗമനാശയവും അത് യാഥാർഥ്യമാക്കുന്നതിനുള്ള പ്രായോഗിക നടപടികളം എല്ലാ മേഖലയിലും സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസന മേഖലയിലും വ്യവസായ വളര്‍ച്ചയിലും സംരംഭക പ്രോത്സാഹനത്തിലും കേരളത്തെപ്പറ്റിയുള്ള മുന്‍വിധികള്‍ തിരുത്തിയെഴുതി മുന്‍പൊരിക്കലുമില്ലാത്ത വിധം നാം കൈവരിച്ച നേട്ടങ്ങൾ കൺമുന്നിലുണ്ട്.
ഇതോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സുരക്ഷയിലും ചരിത്രപരമായിത്തന്നെ നമ്മുടെ സംസ്ഥാനത്തിനുള്ള മുന്‍നില കാക്കുന്നതിനും കുറവുകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും നാം ശ്രദ്ധിക്കുന്നു. ആരും വിശന്നിരിക്കരുത്. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള ഭവനങ്ങള്‍ വേണം. സുരക്ഷിത ജീവിതം ഉണ്ടാകണം. അക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ ഈ സര്‍ക്കാരിന്റെ കരുതലും ആര്‍ദ്രതയും ഇടപെടലും എല്ലായിടത്തുമെത്തുന്നുണ്ട്.
അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി മറികടന്നും പ്രതിമാസം ക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താക്കളില്‍ എത്തിക്കാന്‍ നാം ശ്രമിക്കുന്നത്. അതു കൊണ്ടാണ് നമുക്കിടയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും അതിദാരിദ്ര്യ നിര്‍മ്മാര്‍ജന യജ്ഞം എന്ന പദ്ധതി നടപ്പിലാക്കുന്നത്. 64,006 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ജീവിതത്തിലേക്ക് കരകയറാന്‍ രാജ്യത്താദ്യമായി നമ്മള്‍ ഒരുക്കുന്ന അതി സൂക്ഷ്‌മ പദ്ധതിയിലൂടെ അർഹതപ്പെട്ടവർക്ക് ഭക്ഷണവും ചികിത്സയും അവകാശ രേഖകളും നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം കേരളപ്പിറവിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
മനുഷ്യാന്തസ്സും ആത്മാഭിമാനത്തോടെയുള്ള ജീവിതവും ഉറപ്പാക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാണ് തല ചായ്ക്കാന്‍ സുരക്ഷിതമായ ഒരു വീടെന്ന് നമുക്കറിയാം. ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. 2011ലെ പാര്‍പ്പിട സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 1000 പേര്‍ക്ക് 273 വീടുകള്‍ ആണെങ്കില്‍ കേരളത്തില്‍ 1000 പേര്‍ക്ക് 336 വീടുകള്‍ വീതമുണ്ട്. വീടുകളുടെ ഗുണമേന്മയിലും ദേശീയതലം എടുത്താല്‍ നാം മെച്ചപ്പെട്ട നിലയിലാണ്.
എന്നിരുന്നാലും പാർപ്പിട പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. ലക്ഷം വീടുകള്‍ പോലെ ഭവന പദ്ധതികള്‍ പലതും വന്നിട്ടും, പൊതുവില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗം ആളുകള്‍ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാനായിരുന്നില്ല. ഇതിനൊരു ശാശ്വത പരിഹാരമായാണ് 2016ലെ സര്‍ക്കാര്‍ എല്ലാ ഭവന രഹിതര്‍ക്കും അടച്ചുറപ്പുള്ള വീടുകള്‍ ലഭ്യമാക്കുവാനായി ലൈഫ് പദ്ധതി ആവിഷ്‌കരിച്ചത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സംയോജിപ്പിച്ച സമഗ്ര പദ്ധതിയായാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്ര ഭവന പദ്ധതികളിലെ സബ്‌സിഡി തുക കുറവായതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും ചേർന്ന് ബാക്കി തുക കണ്ടെത്തി വേര്‍തിരിവില്ലാതെ സംസ്ഥാന നിരക്കിലാണ് ധനസഹായം നൽകുന്നത്.
നാല് ലക്ഷം രൂപയുടെ ആനുകൂല്യമാണ് പദ്ധതിയിലൂടെ നൽകുന്നത്. സങ്കേതങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും അധിവസിക്കുന്ന പട്ടികവർഗ വിഭാഗക്കാര്‍ക്ക് ആറ് ലക്ഷം രൂപയുടെ ആനുകൂല്യവും നല്‍കും. ലൈഫ് ഭവന പദ്ധതി പ്രകാരം ഈ വര്‍ഷം ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 5,82,172 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണ സഹായം അനുവദിച്ചു. അവയില്‍ 4,57,055 കുടുംബങ്ങള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 125,117 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. അഭിമാനാര്‍ഹമായ നേട്ടമാണ് സംസ്ഥാനത്തിന്റേത് എന്ന് നിസ്സംശയം പറയാം.
കേവലം ഒരു ഭവന നിര്‍മ്മാണ പദ്ധതിയായല്ല ലൈഫ് വിഭാവനം ചെയതത്. വൃദ്ധരും രോഗികളും ക്ലേശമനുഭവിക്കുന്നവരുമായ കുടുംബാംഗങ്ങളെ സംരക്ഷിക്കാനും വരും തലമുറയെ സാമൂഹിക ബോധമുള്ള നല്ല പൗര ജനങ്ങളായി വളര്‍ത്തിയെടുക്കാനും ഉതകുന്ന ഇടങ്ങളുണ്ടാകണമെന്ന സമീപനത്തില്‍ അധിഷ്‌ഠിതമാണ് ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനു പുറമെ സ്വന്തമായി തൊഴില്‍ ചെയ്‌ത് ഉപജീവനം നിർവഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള ശാക്തീകരണ പ്രക്രിയ ഇതില്‍ ഉൾച്ചേർത്തിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും അതി ദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയിലൂടെ കണ്ടെത്തിയ അതി ദരിദ്രര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കാനും ലൈഫ് ശ്രദ്ധിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് വിലക്കുറവില്‍ നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കിയത് ലൈഫ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കി. പെയിന്റ്, സിമന്റ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയറിങ് ഉപകരണങ്ങള്‍, സാനിട്ടറി ഉപകരണങ്ങള്‍, വാട്ടർ ടാങ്ക് തുടങ്ങിയവ വിലക്കുറവിലാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി വരുന്നത്.
സംസ്ഥാനത്തെ അര്‍ഹരായ എല്ലാ ഭവന രഹിതരുടേയും പുനരധിവാസം എന്നത് ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. സ്വന്തമായി ഭൂമിയുള്ള ഭവന രഹിതരെ സഹായിക്കുന്നതിനൊപ്പം ഭൂരഹിത ഭവന രഹിതര്‍ക്കായി ഭൂമിയും കണ്ടെത്തേണ്ടതുണ്ട്. എന്നാൽ അര്‍ഹരായ എല്ലാവര്‍ക്കും സര്‍ക്കാര്‍ തന്നെ ഭൂമി വാങ്ങി നല്‍കുക എന്നത് തീര്‍ത്തും അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് ജനപങ്കാളിത്തം കൂടി ഉറപ്പാക്കി ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിന്‍ 2021ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ക്യാമ്പയിന്‍ പ്രഖ്യാപിച്ചതു മുതല്‍ ഒട്ടേറെ സുമനസ്സുകളും സ്ഥാപനങ്ങളും സംഘടനകളും സ്വന്തം ഭൂമിയില്‍ നിന്ന് ഒരു ഭാഗം നീക്കിവയ്ക്കാന്‍ തയ്യാറായി മുന്നോട്ടു വന്നു. ഭവന പ്രശ്‌നം പരിഹരിക്കുന്നതിന് ഉണ്ടായ ഈ ജനപങ്കാളിത്തം പ്രചോദനമേകുന്നതാണ്.
തീരദേശ ജനതയ്ക്കായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന പുനര്‍ഗേഹവും ഭവന പ്രശ്‌നത്തിന് സമഗ്ര പരിഹാരം കാണാനുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയാണ്. തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന മുഴുവന്‍ ജനവിഭാഗങ്ങളേയും സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.
സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിത മുന്നേറ്റവും ഉറപ്പാക്കുന്നതിലെ വലിയൊരു ചുവടാണ് ഭവന രഹിതരില്ലാത്ത കേരളത്തിനായുള്ള ലൈഫ് പദ്ധതി.
