പൗരബോധമുള്ള പുരോഗതി കേരളത്തിന് മറ്റൊരു പൊൻതൂവൽ
ദേശീയാംഗീകാരം>>

|
സാമൂഹിക, പൗരബോധാധിഷ്ഠിത പുരോഗതിയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം. ‘ഇന്ത്യടുഡേ’ നടത്തിയ പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ (ജെഡിബി) സർവെയിലാണ് കേരളം ഒന്നാമതെത്തിയത്. പൗരബോധം, പൊതുസുരക്ഷ, ലിംഗസമത്വം, വൈവിധ്യവും വിവേചനവും എന്നീ നാല് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സർവെ നടത്തിയത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ നടത്തി. പൊതുക്ഷേമത്തിന് നൽകുന്ന പ്രാധാന്യവും സാമൂഹികനിയമങ്ങൾ പാലിക്കുന്നതിലുള്ള പ്രതിബദ്ധതയും കേരളീയർക്കിടയിലെ ഉയർന്ന പൗരബോധവും ലിംഗസമത്വത്തിനും സാമൂഹിക സൗഹാർദത്തിനും നൽകുന്ന പ്രാധാന്യവും കണക്കിലെടുത്താണ് കേരളത്തിന് ഒന്നാംസ്ഥാനം ലഭിച്ചത്. സാമൂഹികമുന്നേറ്റത്തിൽ കേരളത്തെ രാജ്യത്തിലെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്നും ‘ഇന്ത്യടുഡേ’ സർവെയിൽ പറയുന്നു. ഉയർന്ന വിദ്യാഭ്യാസവും ആരോഗ്യപരിപാലനസൗകര്യങ്ങളും ക്രമസമാധാന സംവിധാനങ്ങളുമുള്ള കേരളത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന പൗരബോധവും സാമൂഹികബോധവും ഉണ്ടെന്നാണ് കണ്ടെത്തൽ. സർവേയിലെ ഓരോ വിഷയവും പ്രത്യേകം എടുത്തു പരിശോധിക്കേണ്ടതാണ്. കേരളത്തിന്റെ മതനിരപേക്ഷസംസ്‌കാരമാണ് ഈ നേട്ടങ്ങളുടെ അടിത്തറ. പൊതുവിഷയങ്ങളിൽ ഒന്നിച്ചുനിൽക്കാൻ കേരളത്തിന് കഴിയുന്നതും ഈ മതനിരപേക്ഷസംസ്‌കാരം നിലനിൽക്കുന്നതുകൊണ്ടാണ്. ഏത് പ്രതിസന്ധിയിലും ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ അതിർവരമ്പുകളില്ലാതെ മലയാളികൾക്ക് ഒന്നിച്ചുനിൽക്കാൻ കഴിയും. പ്രളയകാലത്തും മണ്ണിടിച്ചിലിലും കോവിഡ്, നിപ വ്യാപനകാലത്തും വിമാനാപകടം സംഭവിച്ചപ്പോഴുമെല്ലാം ഈ ഒരുമ ലോകം കണ്ടതാണ്. ഈ ഒത്തൊരുമിക്കലിന്റെ അനേകം കഥകൾ ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. സാമൂഹികപരിഷ്‌കരണത്തിൽ ഊന്നിയ നവോത്ഥാനപ്രസ്ഥാനങ്ങളാണ് കേരളത്തിന് ഈ ഐക്യത്തിന്റെ വിത്തുപാകിയത്. സാമൂഹികസമത്വം എന്ന ആശയം ശക്തമായി മുന്നോട്ടുവച്ചതും ഈ നവോത്ഥാനപ്രസ്ഥാനങ്ങളാണ്. ഏത് പ്രതിസന്ധിക്കിടയിലും സാമൂഹികസുരക്ഷയിലൂന്നിയ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നിയമപരിപാലനത്തിൽ രാജ്യത്തിന് മാതൃകയായ പോലീസ് സംവിധാനമാണ് സംസ്ഥാനത്തുള്ളത്. ക്രമസമാധാന പരിപാലനത്തിനൊപ്പം നിയമബോധവത്കരണത്തിലും ഏറെ മുന്നിലാണ് കേരളം. അവകാശബോധമുള്ള, ആത്മവിശാസമുള്ള ജനതയാണ് ഇവിടെയുള്ളത്. നീതി ആയോഗിന്റെ സുസ്ഥിര വികസന റാങ്കിങ് ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുന്ന കേരളത്തിന്റെ വികസനക്കുതിപ്പിന് ഒരു പൊൻതൂവലാണ് ഇന്ത്യടുഡേ സർവേ ഫലം. സന്തോഷത്തിന്റെ സൂചിക ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയ രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സന്തോഷത്തിന്റെ സൂചികയിലാണ്. വികസിത, അർധവികസിത രാഷ്ട്രങ്ങളെപ്പോലെ കേരളവും ഇപ്പോൾ ചിന്തിക്കുന്നത് സന്തോഷത്തിന്റെ സൂചികയെക്കുറിച്ചാണ്. കേരളത്തിൽ പല തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലും ഹാപ്പിനസ് സ്‌ക്വയറുകൾ തന്നെയുണ്ട്. ദാരിദ്ര്യവും പട്ടിണിയുമുള്ള ഒരു സമൂഹത്തിന് സന്തോഷസൂചികയെക്കുറിച്ച് സംസാരിക്കാനാകില്ല. അതിനാൽ ഈ സർക്കാർ അധികാരത്തിൽവന്നതിനു ശേഷം ആദ്യം സ്വീകരിച്ച നടപടി അതിദാരിദ്ര്യം തുടച്ചുനീക്കുക എന്നതായിരുന്നു. ആ വലിയ ചുവടുവയ്പ്പ് ഈ കേരളപ്പിറവി ദിനത്തിൽ സാർഥകമായി. ദാരിദ്ര്യവും നിരക്ഷരതയും അവസാനിപ്പിക്കാനും പശ്ചാത്തലസൗകര്യ വികസനത്തിൽ ഏറെ മുന്നേറാനും കഴിഞ്ഞതുകൊണ്ടാണ് കേരളത്തിന് സന്തോഷസൂചികയെക്കുറിച്ച് സംസാരിക്കാനാകുന്നത്. അതിദാരിദ്ര്യ മുക്തമെന്ന വലിയ നേട്ടം കേരളം കൈവരിക്കുമ്പോൾ ചൈനയും വിയറ്റ്നാം പോലുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ് മുൻഗാമികളായുള്ളത്. നാലു ദശാബ്ദം നീണ്ട പ്രവർത്തനത്തിന്റെ ഫലമായാണ് 2021ൽ ചൈനയ്ക്ക് ഇത് സാധിച്ചത്. കേരളമാകട്ടെ, കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലും.
|
