പ്രവാസി സൗഹൃദ നാട്

മനുഷ്യവംശത്തിന്റെ വികാസപരിണാമ ചരിത്രം കുടിയേറ്റങ്ങളുടെയും കൂടി ചേരലുകളുടെയുമാണ്. പ്രവാസവുമായി ബന്ധപ്പെടാത്തതും പ്രവാസത്തിലൂടെ കടന്നുപോകാത്തതുമായ ഒരു സമൂഹവും ലോകചരിത്രത്തിലുണ്ടായിട്ടില്ല. വിശ്വപൗരൻ എന്ന അപരനാമത്തിൽ അറിയപ്പെടുവരാണ് പ്രവാസികൾ. നമ്മുടെ നാടിന്റെ സംസ്കൃതിയെ ലോകത്തിന് പരിചയപ്പെടുത്തിയവരാണ് പ്രവാസികൾ. പുറമെ പ്രവാസികളുടെ ജീവിതം വർണാഭമാണെങ്കിലും അവരുടെ ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് കടന്നാൽ അത് ദുരിതപൂർണ്ണവും ത്യാഗനിർഭരമായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. പ്രയാസങ്ങളിലൂടെയും യാതനകളിലുടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയ പ്രവാസി സമൂഹം നമ്മുടെ നാടിന്റെ വളർച്ചയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും നൽകിയതും ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകളെ മനസാക്ഷിയുള്ള ആർക്കും വിസ്മരിക്കാൻ കഴിയുകയില്ല. കേരളീയ പൊതുസമൂഹത്തിനും ഇവരുടെ നൊമ്പരങ്ങളെ ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഇവിടെയാണ് കേരളം എന്ന പ്രവാസി സൗഹൃദ സംസ്ഥാനം വേറിട്ട്നിൽക്കുന്നത്. ഇന്ത്യയിൽ പ്രവാസികൾക്ക് വേണ്ടി ക്ഷേമപദ്ധതികൾ ആരംഭിക്കുകയും പ്രവാസികളോട് അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് കേരളത്തിൽ മാത്രമാണ്. 2021 ലെ സർക്കാരിന്റെ ഒന്നാം ബജറ്റിൽ തന്നെ പ്രവാസി പെൻഷൻ 3000 ഉം 3500 ഉം ആക്കി ഉയർത്തിയും പ്രവാസിക്ഷേമത്തിന് 147.50 കോടി രൂപ വകയിരുത്തുകയും ചെയ്തുകൊണ്ട് പ്രവാസി സമൂഹമില്ലാതെ കേരളത്തിന് മുന്നോട്ട് ഗമിക്കാൻ കഴിയില്ലെന്നു പ്രഖ്യാപിക്കുകയാണ് ചെയ്തത്. നൂതനമായ പല പദ്ധതികളും പ്രവാസികൾക്കായി ആവിഷ്കരിച്ച് കേരളത്തെ ഒരു വിജ്ഞാന കേരളമാക്കി മാറ്റാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തിയിരിക്കുകയാണ്. 
നോർക്കയിലൂടെയും പ്രവാസി ക്ഷേമനിധി ബോർഡിലൂടെയും കേരള സർക്കാർ നൽകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ആശ്വാസ നടപടികളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. 2016 ൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ 1.25 ലക്ഷം ആയിരുന്നു. ക്ഷേമനിധി അംഗങ്ങളുടെ എണ്ണം. ഇപ്പോൾ അത് 7,64,871 ആണ്. 2009 ൽ 500, 1000 രൂപയായിരുന്ന പെൻഷൻ 2016 ൽ ഏകീകരിച്ച് 2000 രൂപയായി വർധിപ്പിച്ചു. 2021 ൽ രണ്ടാമതും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വപ്പോൾ പ്രവാസി പെൻഷൻ 3000, 3500 ആയി ഉയർത്തി. പ്രവാസി സമൂഹത്തിന്റെ ജീവിതം കൂടുതൽ സുരക്ഷിതമാക്കുന്ന ഒരു അവസ്ഥയിലേക്ക് മുന്നോട്ട് കൊണ്ടുപോകാൻ ഇതുവഴി കഴിഞ്ഞു.
പൊതുജന സമ്പർക്ക പരിപാടി – അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിച്ചതിലൂടെ പൊതുജനങ്ങൾക്കിടയിൽ ബോർഡിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും അംഗത്വം വർധിപ്പിക്കുന്നതിനും അംഗങ്ങൾക്ക് നിരവധി സേവനങ്ങൾ നൽകുന്നതിനും സാധിച്ചു.
2017 ൽ സമ്പൂർണ്ണ ഓൺലൈൻ അംഗത്വ സംവിധാനത്തിലേക്ക് തുടക്കമിടുകയും ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ബോർഡിൽ അംഗത്വം നേടുന്നതിനും ഇതുവഴി സാധ്യമായിക്കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി 2017 ൽ മലപ്പുറത്ത് നിർവഹിക്കുകയും ചെയ്തു.
പേയ്മെന്റ് ഗേറ്റ് വേ സംവിധാനം നടപ്പാക്കുക വഴി പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് അംശദായം അടക്കുന്നതിന് കൂടുതൽ സഹായകമായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ മുഖേന പ്രവാസി ക്ഷേമ ബോർഡിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും പ്രവാസികൾക്ക് സഹായകരമായ രീതിയിൽ ലഭ്യമാക്കാൻ സാധിച്ചു.
ക്ഷേമനിധി ആരംഭിച്ച് ഇതുവരെയായി പെൻഷൻ അർഹത നേടിയ 82,000 ത്തോളം പെൻഷൻകാർക്ക് ഏതാണ്ട് 1000 കോടി രൂപയിലധികം പെൻഷനും ആനുകൂല്യങ്ങളുമായി നൽകാൻ ക്ഷേമനിധി ബോർഡിന് കഴിഞ്ഞിട്ടുണ്ട്. ഇത് ഇന്ത്യയുടെ പ്രവാസചരിത്രത്തിലെ രജതരേഖയാണ്. പ്രവാസിസമൂഹത്തെ ഹൃദയത്തോട് ചേർത്ത ഒരു സംസ്ഥാന സർക്കാർ ഒട്ടനവധി പ്രവാസി സൗഹൃദ നടപടികൾ സ്വീകരിക്കുമ്പോഴും അതിനെ പരിപൂർണ്ണമായും ഉപയോഗപ്പെടുത്താൻ പ്രവാസികൾ ശ്രമിക്കുന്നുണ്ടോ എന്നത് സ്വയം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
പെൻഷൻ
അറുപത് വയസ്സ് പൂർത്തിയായതും, അഞ്ചുവർഷത്തിൽ കുറയാത്ത കാലയളവിൽ തുടർച്ചയായി അംശദായം അടച്ചിട്ടള്ളതുമായ ഓരോ പ്രവാസി കേരളീയനായ (വിദേശം)-(1എ) അംഗത്തിന് 3500 രൂപയും, ഓരോ മുൻ പ്രവാസി കേരളീയനായ (വിദേശം)-(1ബി) അംഗത്തിനും പ്രവാസി കേരളീയൻ (ഭാരതം)- (2എ) അംഗത്തിനും മൂവായിരം രൂപയും പ്രതിമാസ മിനിമം പെൻഷൻ അനുവദിച്ചുവരുന്നു.
അഞ്ചുവർഷത്തിൽ കൂടുതൽ കാലം തുടർച്ചയായി അംശദായം അടച്ചിട്ടുള്ള അംഗങ്ങൾക്ക്, അവർ പൂർത്തിയാക്കിയ ഓരോ അംഗത്വ വർഷത്തിനും നിശ്ചയിച്ചിട്ടുള്ള മിനിമം പെൻഷൻ തുകയുടെ മൂന്ന് ശതമാനത്തിന് തുല്യമായ തുക കൂടി അധിക പെൻഷനായി നൽകുന്നുണ്ട്.
കുടുംബപെൻഷൻ
പെൻഷൻ അർഹത നേടിയതിന് ശേഷം ഒരംഗം മരണമടയുന്നപക്ഷം അംഗത്തിന്റെ കുടുംബാംഗങ്ങൾക്ക് പ്രതിമാസ കുടുംബ പെൻഷൻ അർഹത ഉണ്ടായിരിക്കുന്നതാണ്.
അവശതാപെൻഷൻ
തന്റെ നിത്യവൃത്തിക്കായി ഏതെങ്കിലും തൊഴിൽ ചെയ്യുന്നതിന് സ്ഥായിയായ ശാരീരിക അവശത മൂലം കഷ്ടത അനുഭവിക്കുന്നതും 60 ശതമാനം അവശതയുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രം സമർപ്പിക്കുന്നവർക്കും ക്ഷേമനിധിയിൽ മൂന്നുവർഷത്തിൽ കുറയാത്ത കാലയളവിൽ തുടർച്ചയായി അംശദായമടച്ചിട്ടുള്ളതുമായ ഒരംഗത്തിന് അർഹതപ്പെട്ട പെൻഷൻ തുകയുടെ 40 ശതമാനത്തിനു തുല്യമായ തുക പ്രതിമാസ അവശതാപെൻഷനായി ലഭിക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്.
മരണമടയുന്ന അംഗങ്ങളുടെ
ആശ്രിതർക്ക് ധനസഹായം
ഈ പദ്ധതിയിൽ അംഗമായിരിക്കെ മരണമടയുന്ന പ്രവാസി കേരളീയരായ (വിദേശം)-(എ) അംഗത്തിന്റെ ആശ്രിതർക്ക് അൻപതിനായിരം രൂപയും വിദേശത്തു നിന്നും തിരിച്ചുവന്ന പ്രവാസി കേരളീയനായ (വിദേശം)-(1ബി) അംഗത്തിന്റെ ആശ്രിതർക്ക് മുപ്പതിനായിരം രൂപയും, പ്രവാസി കേരളീയനായ (ഭാരതം)-(2എ) അംഗത്തിന്റെ ആശ്രിതർക്ക് ഇരുപത്തയ്യായിരം രൂപയും, കൽപിത അംഗങ്ങളുടെ ആശ്രിതർക്ക് ഇരുപതിനായിരം രൂപയും മരണാനന്തര ധനസഹായത്തിന് അർഹതയുണ്ടായിരിക്കും.
ചികിത്സാസഹായം
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സക്കായി ഒരംഗത്തിന് മുഴുവൻ അംഗത്വകാലയളവിൽ അമ്പതിനായിരം രൂപയെന്ന പരമാവധി പരിധിക്ക് വിധേയമായി ധനസഹായത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്.
വിവാഹധനസഹായം
കുറഞ്ഞത് മൂന്ന് വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചുവരുന്നതോ വിവാഹത്തിനു മുമ്പായി മൂന്ന് വർഷത്തെ അംശദായം മുൻകൂറായി അടച്ചിട്ടുള്ളതോ ആയ അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കളുടേയും വനിതാഅംഗങ്ങളുടേയും വിവാഹച്ചെലവിനായി പതിനായിരം രൂപ ഒരംഗത്തിന് നിധിയിൽ നിന്നും ലഭിക്കുന്നതാണ്. എന്നാൽ രണ്ടിൽ കൂടുതൽ തവണ ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല.
പ്രസവാനുകൂല്യം
തുടർച്ചയായ രണ്ടുവർഷക്കാലം തുടർച്ചയായി അംശദായം അടച്ചിട്ടള്ള ഒരു വനിതാ അംഗത്തിന് പ്രസവത്തിന് മൂവായിരം രൂപ ധനസഹായത്തിന് അർഹതയുണ്ട്. എന്നാൽ ഒരംഗത്തിന് രണ്ടിൽ കൂടുതൽ തവണ ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല. ഗർഭം അലസൽ സംഭവിച്ച വനിതാഅംഗത്തിന് രണ്ടായിരം രൂപ ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. എന്നാൽ, രണ്ടു തവണ പ്രസവാനുകൂല്യമോ ഗർഭം അലസലിനുള്ള ആനുകൂല്യമോ രണ്ടും കൂടിയോ ലഭിച്ച അംഗത്തിന് തുടർന്ന് ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല.
വിദ്യാഭ്യാസ ആനുകൂല്യം
രണ്ടുവർഷമെങ്കിലും നിധിയിൽ തുടർച്ചയായി അംശദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കൾക്ക് ഒരു കുട്ടിക്ക് എന്ന പരിധിക്ക് വിധേയമായി വിദ്യാഭ്യാസ ഗ്രാന്റിന് അർഹതയുണ്ടായിരിക്കും. ബോർഡ് നിശ്ചയിച്ചിട്ടുളള മാനദണ്ഡ പ്രകാരം ഗ്രാന്റിന് അപേക്ഷ സമർപ്പിച്ചവർക്ക് കോഴ്സിനെ അടിസ്ഥാനപ്പെടുത്തി പരമാവധി നാലായിരം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നുണ്ട്.
പ്രവാസി ഡിവിഡന്റ് പദ്ധതി
പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങൾ ഫലപ്രദമായി ജന്മനാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സർക്കാർ ആവിഷ്കരിച്ച ദീർഘകാല നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. കേരള പ്രവാസി ക്ഷേമ ബോർഡ് കിഫ്ബിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയർക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പ് നൽകുന്ന ഈ പദ്ധതിക്ക് നല്ല സ്വീകരണമാണ് പ്രവാസികൾ നൽകിവരുന്നത്.
ദീർഘകാലമായി പ്രവാസികൾ ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു പ്രവാസികൾക്ക് സുരക്ഷിതമായ ഒരു നിക്ഷേപ പദ്ധതി. ദീർഘകാലം വിദേശത്ത് പണിയെടുത്ത് മിച്ചം വരുന്ന സമ്പാദ്യം ഒരു സ്ഥിരനിക്ഷേപമായി എങ്ങനെ നിക്ഷേപിക്കണമെന്ന് അറിയാത്ത പാവപ്പെട്ട പ്രവാസികളുടെ മുന്നിലേക്കാണ് ഈ ആശയം കേരള പ്രവാസി ക്ഷേമ ബോർഡ് മുന്നോട്ടുവെച്ചത്. വാർധക്യകാലത്ത് മക്കളെ ആശ്രയിക്കാതെ ജീവിതപങ്കാളികൾക്ക് സുരക്ഷിതമയ ഒരു ജീവിതം മുന്നോട്ട് വെക്കുന്നതായിരുന്നു പ്രവാസി ഡിവിഡന്റ് പദ്ധതി. നിയമസഭയുടെ അംഗീകാരത്തോടുകൂടി പ്രവാസി ഡിവിഡൻറ് പദ്ധതി യാഥാർഥ്യമായി. 2019 ഡിസംബർ 14 ന് മുഖ്യമന്ത്രി പ്രവാസികൾക്കായി പദ്ധതി സമർപ്പിച്ചു.
മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ഈ പദ്ധതിയിൽ നിക്ഷേപകർക്ക് നിക്ഷേപ തീയതി മുതൽ 3 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് 10 ശതമാനം വാർഷിക നിരക്കിലുള്ള ഡിവിഡന്റ് പ്രതിമാസമായി ലഭിക്കും. ആദ്യ മൂന്നു വർഷങ്ങളിലെ ഡിവിഡന്റ് നിക്ഷേപ തുകയോടൊപ്പം കൂട്ടിച്ചേർത്ത തുകയ്ക്കാണ് ഇപ്രകാരം ഡിവിഡന്റ് നൽകുന്നത്. നിക്ഷേപകരുടെ കാലശേഷം ജീവിത പങ്കാളിക്ക് ഡിവിഡന്റ് ലഭ്യമാകും. അതിനുശേഷം നോമിനിക്ക് ആദ്യ മൂന്ന് വർഷത്തെ ഡിവിഡന്റ് സഹിതം നിക്ഷേപത്തുക തിരികെ നൽകും. പ്രവാസികൾക്ക് സാമ്പത്തിക സുരക്ഷയോടൊപ്പം സാമൂഹ്യ പരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരം മൂന്നുവർഷം പൂർത്തിയാക്കിയ നിക്ഷേപകരുടെ പ്രതിമാസ ഡിവിഡ് 2023 ജനുവരി മാസം മുതൽ നൽകി തുടങ്ങിയിട്ടുണ്ട്. ഇതുവരെയായി 330.39 കോടി രൂപയാണ് പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ നിക്ഷേപമായി സമാഹരിച്ചത്.
പ്രവാസി ഭവന പദ്ധതി
പ്രവാസി നിധി അംഗങ്ങൾ ബാങ്കുകൾ /ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുക്കുന്ന 20 ലക്ഷം രൂപ വരെയുളള ഭവന വായ്പകൾക്ക് 5% സർക്കാർ വായ്പാസബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയാണിത്. പദ്ധതി 2022-23 മുതൽ പദ്ധതി ആരംഭിക്കുകയും അർഹരായവർക്ക് ആനുകൂല്യം വിതരണം ചെയ്ത് വരുന്നു. പ്രവാസി ക്ഷേമനിധി അംഗങ്ങൾ ബാങ്കുകൾ /ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുക്കുന്ന 20 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് 5 ശതമാനം സർക്കാർ വായ്പാസബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2022-23 ൽ ആരംഭിച്ച പദ്ധതിയിൽ അർഹരായവർക്ക് ആനുകൂല്യം വിതരണം ചെയ്തുവരുന്നു. പ്രവാസത്തെ ആശ്രയിക്കുന്ന എല്ലാ മലയാളികൾക്കും ആശ്രയിക്കാനും ഉപയോഗപ്പെടുത്താനും കഴിയുന്ന മാതൃകയായ, കേരളത്തിലെ പ്രവാസി ക്ഷേമ പദ്ധതികളെ കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കാൻ നമുക്ക് ഒന്നായി പരിശ്രമിക്കാം. അതിനുള്ള ഏറ്റവും നല്ല അവസരമാണ് പ്രവാസി മലയാളികളുടെ അഭിമാനവേദിയായ ലോക കേരള സഭ. മലയാളികളുടെ ജീവിത സാഹചര്യങ്ങളെയും അവരുടെ പ്രശ്നങ്ങളെയും എല്ലാറ്റിലും ഉപരിയായി അവരുടെ നവകേരള വികസന കാഴ്ചപ്പാടുകളെയും വിശദമായി ചർച്ച ചെയ്യുവാൻ ലോക കേരള സഭയുടെ സമ്മേളനം ഉപകാരപ്രദമാകും.
