പ്രവാസികൾക്ക് ഒരു പൊതുവേദി

അഞ്ചാമത് ലോക കേരള സഭ 2026 ജനുവരി 29, 30, 31 തീയതികളിൽ കേരള നിയമസഭാസമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരുകയാണ്. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾ (NRKs), ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മലയാളികൾ, വിദേശജോലി പൂർത്തിയാക്കി കേരളത്തിൽ തിരിച്ചെത്തി പുനരധിവ സിച്ച പ്രവാസികൾ എന്നിവരെ ഉൾപ്പെടുത്തി ഏകദേശം 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിച്ചുകൊണ്ടുവരാനും സംസ്ഥാനത്തിന്റെ വികസനപ്രക്രിയയിൽ പ്രവാസി പങ്കാളിത്തം സ്ഥാപനവൽക്കരിക്കാനുമായി 2018-ൽ ആരംഭിച്ച ശ്രമങ്ങളുടെ ഫലമായാണ് ലോക കേരള സഭ രൂപം കൊണ്ടത്. കേരളത്തിലെ ജനപ്രതിനിധികൾക്കും ആഗോള മലയാളി സമൂഹത്തിനുമിടയിൽ നേരിട്ടുള്ള സംവാദത്തിനുള്ള ഒരു പൊതുവേദിയായി ഇത് പ്രവർത്തിക്കുന്നു. പ്രവാസികൾ നേരി ടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കൂട്ടായ പ്രവർത്തനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തികവികസനത്തിനായി സൃഷ്ടിപരമായ ആശയങ്ങളും സംഭാവനകളും നൽകുന്നതിനുമാണ് സഭ ലക്ഷ്യമിടുന്നത്. പ്രദേശിക പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി പരിഹരിക്കുന്നതിനായി മേഖലാഅടിസ്ഥാനത്തിലും പ്രാദേശികതലത്തിലും ലോക കേരള സഭാ സമ്മേളനങ്ങൾ ഇടയ്ക്കിടെ സംഘടിപ്പിക്കപ്പെടുന്നു.
ഇതുവരെ ലോക കേരള സഭയുടെ നാല് പതിപ്പുകളും മൂന്ന് മേഖലാസമ്മേളനങ്ങളും വിജയകരമായി നടത്തപ്പെട്ടു. നിലവിൽ 103 രാജ്യങ്ങളെയും 25 ഇന്ത്യൻ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന അംഗങ്ങളാണ് സഭയിൽ ഉള്ളത്. ഈ മാതൃകയുടെ ഫലപ്രാപ്തി അംഗീകരിച്ചുകൊണ്ട്, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും അവരുടെ പ്രവാസി സമൂഹവുമായി ഇടപെടുന്നതിനായി സമാന വേദികൾ രൂപപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ശിപാർശ ചെയ്തിട്ടുണ്ട്.
അഞ്ചാമത് ലോക കേരള സഭയുടെ ഭാഗമായി ഏഴ് മേഖലാതല ചർച്ചകൾ, എട്ട് വിഷയാധിഷ്ഠിത ചർച്ചകൾ, ഒരു ഓപ്പൺ ഫോറം എന്നിവ സംഘടിപ്പിക്കും. കുടിയേറ്റവും ഭരണപരിഷ്‌കാരങ്ങളും; കേരളത്തിലെ കുടിയേറ്റ തൊഴിലാളി കളും ആഗോള തൊഴിൽ പ്രവണതകളും; യൂറോപ്പ്, ജിസിസി രാജ്യങ്ങൾ, ഏഷ്യ എന്നിവയുമായി പുതിയ ടാലന്റ് മൊബിലിറ്റി പങ്കാളിത്തങ്ങൾ; തിരിച്ചെത്തിയ പ്രവാസികളുടെ ക്ഷേമം; 2050 വരെ കുടിയേറ്റത്തിന്റെ ഭാവിയും കേരളത്തിന്റെ ജനസംഖ്യാപരിവർത്തനവും; പ്രവാസി നിക്ഷേപവും കേരളത്തിന്റെ ആഗോള വികസന കൊറിഡോറുകളും; വനിതാകുടി യേറ്റം; അവസരങ്ങൾ, വെല്ലുവിളികൾ, നേതൃത്വഭൂമിക; ഭാവ്യന്മുഖമായ ക്ഷേമവും സാമൂഹിക സുരക്ഷാസംവിധാനങ്ങളും എന്നിവയാണ് പ്രധാന വിഷയങ്ങൾ.

ശിപാർശകൾ നടപ്പിലാക്കി
ആഗോള മലയാളികൾക്കായി തുടർച്ചയായ ഡിജിറ്റൽ ഇടപെടൽ വേദി വേണമെന്ന ദീർഘകാല ആവശ്യത്തിന് പ്രതികരിച്ച് ‘ലോക കേരളം ഓൺലൈൻ’ പോർട്ടൽ സർക്കാർ വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്തു. നാലാം ലോക കേരള സഭയിൽ അവതരിപ്പിച്ച പ്രധാന ശിപാർശകളായ പ്രവാസി മിഷൻ, നോർക്ക പൊലീസ് സ്റ്റേഷൻ, ലോക കേരളം ഓൺലൈൻ വഴിയുള്ള മാനസികാരോഗ്യവും ആയുർവേദ സേവനങ്ങളും, വിമാനത്താവള ഹെൽപ് ഡെസ്‌കുകളും നിലവിൽ നടപ്പിലാക്കുന്ന ഘട്ടത്തിലാണ്.
നാലാം ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി പ്രതിനിധികളുടെ പ്രധാന ശിപാർശയായ പ്രവാസി മിഷൻ രൂപവൽക്കരണം പ്രഖ്യാപിച്ചിരുന്നു. മിഷൻ രൂപവൽക്കരിച്ച്, പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ പദ്ധതികൾ രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ലോക കേരള സഭയുടെ വിവിധ സെഷനുകളിൽ ഉയർന്ന മറ്റൊരു പ്രധാന ശിപാർശ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ട ആവശ്യകതയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നോർക്കയുടെ ഏറ്റവും വലിയതും പുതിയതുമായ സാമൂഹിക സുരക്ഷാപദ്ധതിയായ NORKA CARE ആരംഭിച്ചു. ഈ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് അ് ലക്ഷം വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും പോളിസി ഉടമയ്ക്ക് 10 ലക്ഷം ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് കവറേജും ലഭിക്കുന്നു.
മൂന്നാം ലോക കേരള സഭയുടെ ശിപാർശ പ്രകാരം, നോർക്ക റൂട്ട്സിനായി കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച ‘ലോക കേരളം ഓൺലൈൻ’ പോർട്ടൽ മാനസിക കൗൺസലിങ് സേവനങ്ങൾ, ആയുഷ് സേവനങ്ങൾ, കലാമണ്ഡലം കോഴ്സുകൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ വിപുലീകരിച്ചുവരികയാണ്.
നാലാം ലോക കേരള സഭയിലെ മറ്റൊരു സുപ്രധാന ശിപാർശയുടെ അടിസ്ഥാനത്തിൽ, കേരളത്തിൽ നിന്നുള്ള അന്തർദേശീയ റിക്രൂട്ട്മെന്റിൽ സുതാര്യത ഉറപ്പാക്കാനും സുരക്ഷിത കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും നിയമനിർമ്മാണ സാധ്യതകൾ പഠിക്കാൻ 10 അംഗ സമിതിയെ നിയോഗിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട പരാതികൾ സംസ്ഥാനത്തിനകത്ത് തന്നെ പരിഹരിക്കുന്നതിനായി നോർക്ക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 60 മലയാളി പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സംഘടിപ്പിക്കപ്പെട്ടു. ആരോഗ്യസംര ക്ഷണം, ഭാവി സാങ്കേതികവിദ്യകൾ, സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നീ അഞ്ച് മുൻഗണനാമേഖലകളിൽ കേരളത്തിന്റെ ദീർഘകാല വികസന ദർശനം രൂപപ്പെടുത്തുന്നതിൽ പ്രവാസി പങ്കാളിത്തം ഉറപ്പാക്കുകയാണ് മീറ്റിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒമ്പത് എക്സ്പഷൻ ഓഫ് ഇന്ററെസ്റ്റ് ഉൾപ്പെടെ 39 പദ്ധതിപ്രസ്താവനകൾ ലഭിക്കുകയും അവ മുന്നോട്ട് കൊണ്ടുപോകാൻ 13 അംഗ ടാസ്‌ക് ഫോഴ്സ് രൂപവൽക്കരിക്കുകയും ചെയ്തു.
ആദ്യ ലോക കേരള സഭയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് ലിമിറ്റഡ് (OKIHL) സ്ഥാപിക്കപ്പെട്ടു. നിലവിൽ OKIHL നാല് പദ്ധതികൾ നടപ്പിലാക്കുകയാണ്: റസ്റ്റ്സ്റ്റോപ്പ്, നോർക്ക സീനിയർ ലിവിങ്, ഷെർപ്പ സീനിയർ ലിവി്ങ് , ഷെർപ്പ We Take You to the Top.
ലോക കേരള സഭയുടെ ശിപാർശ പ്രകാരം പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സമഗ്ര ഡാറ്റ ശേഖരിക്കുന്നതിനായി കേരള മൈഗ്രേഷൻ സർവേ 2023 നടത്തുന്നതിന് സർക്കാർ അംഗീകാരം നൽകി. കാനഡ, ഓസ്ട്രേലിയ, യുകെ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ ഉയർന്ന കുടിയേറ്റകേന്ദ്രങ്ങളിൽ പ്രവാസി സംഘടനകളുടെ സജീവ ഇടപെടൽ വ്യക്തമായി കാണപ്പെടുന്നു. കാനഡയിൽ ലോക കേരള സഭ അംഗങ്ങളുടെ നേതൃത്വത്തിൽ മലയാളി ഹെൽപ് ഡെസ്‌ക് സ്ഥാപിച്ചി ട്ടുണ്ട്. ഇത് പഴയതും പുതിയതുമായ കുടിയേറ്റക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം, നോർക്കയുടെയും സർക്കാരിന്റെയും പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഫലപ്രദമായ വേദിയായി പ്രവർത്തിക്കുന്നു. ഈ മാതൃക ജർമ്മനിയിലും നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്‌കുകൾ സ്ഥാപിക്കുന്നതിനുള്ള ലോക കേരള സഭയുടെ മറ്റൊരു പ്രധാന ശിപാർശയും നടപ്പിലാക്കുന്ന ഘട്ടത്തിലാണ്. ഉയർന്ന വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പോർട്ടൽ പ്രവർത്തനക്ഷമമായാൽ, വിവിധ രാജ്യങ്ങളിലെ സർവകലാശാലകൾ, മാർഗനിർദേശങ്ങൾ, ലഭ്യമായ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാകും.
ഈ വിവിധ സംരംഭങ്ങളിലൂടെ ലോക കേരള സഭ കേരളത്തിന്റെ ആഗോള പ്രവാസി സമൂഹവുമായി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും പ്രവാസി മലയാളികളുടെ അറിവും അനുഭവവും വിഭവങ്ങളും സംസ്ഥാനത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് അർഥവത്തായി ഉപയോഗപ്പെടുത്തുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നു.
