പ്രളയത്തിലും കോവിഡിലും മുടങ്ങാതെ ഫെസ്റ്റിവൽ
ചലച്ചിത്രോത്സവം@30>>കമൽ

ആദ്യ മേള മുതൽ കാണിയായും സംഘാടകനായും
1994 ലെ കോഴിക്കോട് ഫെസ്റ്റിവൽ മുതൽ കാണിയായും സംഘാടകനായും ഐഎഫ്എഫ്കെയുടെ ഭാഗമാണ് ഞാൻ. സിനിമയുടെ ഷൂട്ടിങ് തിരക്കുകൾ കാരണം ഇടയ്ക്ക് മൂന്നോ നാലോ ഫെസ്റ്റിവെലുകൾക്ക് പങ്കെടുക്കാനായില്ല. അടൂർ ഗോപാലകൃഷ്ണൻ അക്കാദമി ചെയർമാൻ ആയിരുന്നപ്പോൾ ഞാൻ എക്സിക്യുട്ടീവ് അംഗം ആയിരുന്നു. ചലച്ചിത്ര അക്കാദമിയുടെ രൂപവൽക്കരണ കാലം മുതൽ പല ഫെസ്റ്റിവെലുകളിലും സെലക്ഷൻ കമ്മിറ്റിയിലും സംഘാടക സമിതിയിലും പ്രവർത്തിച്ചു. പെരുമഴക്കാലം മത്സരവിഭാഗത്തിലും എന്റെ മറ്റ് പല സിനിമകളും ഐഎഫ്എഫ്കെ മലയാളം സിനിമ ഇന്ന് വിഭാഗത്തിലും പ്രദർശിപ്പിച്ചതാണ് സംവിധായകൻ എന്ന നിലയിലുള്ള ഐഎഫ്എഫ്കെ ഓർമ.
ഒളിമങ്ങാത്ത കൈരളിപ്പടവുകൾ
ഫെസ്റ്റിവെലിന് തിരുവനന്തപുരം സ്ഥിരം വേദിയായതു മുതൽ കൈരളി തിയേറ്റർ ആയിരുന്നല്ലോ പ്രധാന വേദി. ഫെസ്റ്റിവൽ ഓഫീസും അവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. കൈരളി തിയേറ്റർ കോംപ്ലക്സും കൈരളിപ്പടവുകളും വലിയ അനുഭവവും ഓർമയുമാണ്. ആ പടവുകളിൽ ഇരിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യാത്ത സിനിമാപ്രവർത്തകരും കാണികളും ഉണ്ടായിരിക്കില്ല. തീർച്ചയായും ഞാനും അക്കൂട്ടത്തിൽ ഒരാളാണ്. മൃണാൾ സെൻ ഐഎഫ്എഫ്കെയിൽ എത്തിയത് ഓർത്തുപോകുന്നു. അദ്ദേഹവും കൈരളിപ്പടവുകളിൽ ഇരുന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കൈരളി തിയേറ്ററിനു പുറത്ത് ഫോട്ടോ എടുത്തതും തമ്പാനൂരിൽ വച്ച് ചായ കുടിച്ചതും വ്യക്തിപരമായി മധുരമുള്ള ഓർമയാണ്.

ചർച്ചകളുടെയും ഐക്യദാർഢ്യങ്ങളുടെയും വേദി
ലോകസിനിമയുടെ കാഴ്ചയ്ക്ക് വേദിയൊരുക്കുമ്പോൾ തന്നെ തിയേറ്ററിനു പുറത്തെ ആഘോഷങ്ങളുടെയും ചർച്ചകളുടെയും കൂടി ഇടമാണ് ഐഎഫ്എഫ്കെ. ഈയൊരു രീതി ആദ്യകാലം തൊട്ടേ രൂപപ്പെട്ടതായി ശ്രദ്ധിച്ചിട്ടുണ്ട്. ഫലപ്രദമായ ചർച്ചകൾക്ക് ഐഎഫ്എഫ്കെ വേദിയൊരുക്കുന്നു. ഓപ്പൺ ഫോറത്തിൽ ക്രിയാത്മകമായ ചർച്ചകളാണ് നടക്കുന്നത്. അതത് കാലത്തെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പ്രതിഷേധം രേഖപ്പെടുത്തിയും ഐഎഫ്എഫ്കെ നിലപാട് വ്യക്തമാക്കാറുണ്ട്. അങ്ങനെ തിയേറ്ററിന് പുറത്തേക്ക് കൂടി വളരുന്ന മേളയാണ് നമ്മുടേത്.
സിനിമകളുടെ സെലക്ഷൻ എന്ന രാഷ്ട്രീയ പ്രവർത്തനം
മൂന്നാംലോകരാജ്യങ്ങളിൽ നിന്നുള്ള സിനിമകൾക്ക് മത്സരവേദി ഒരുക്കാൻ തയ്യാറായി എന്നത് ഐഎഫ്എഫ്കെയുടെ രാഷ്ട്രീയ പ്രഖ്യാപനമായി കാണാനാണ് ഞാൻ താൽപര്യപ്പെടുന്നത്. യുദ്ധം, ആഭ്യന്തര കലാപങ്ങൾ, പലായനം, അഭയാർഥി പ്രശ്നം എന്നിവ ചർച്ചചെയ്യുന്ന സിനിമകളോട് എല്ലാ കാലത്തും ഐഎഫ്എഫ്കെ ഐക്യദാർഢ്യപ്പെട്ടിട്ടുണ്ട്. അത്ര പരിചിതമല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ പ്രദർശനം ഐഎഫ്എഫ്കെയിൽ ഉണ്ടായിട്ടുണ്ട്. ഇറാൻ സിനിമകൾക്ക് കേരളത്തിൽ ഇത്ര ജനകീയത നൽകിയതും ഐഎഫ്എഫ്കെയാണ്. അതേസമയം യൂറോപ്പിൽ നിന്നുള്ള മികച്ച സംവിധായകരുടെ സിനിമകളുടെ പ്രദർശനത്തിനും നമ്മൾ വേദിയൊരുക്കി.
പ്രളയ, കോവിഡ് കാലങ്ങളിലെ ഫെസ്റ്റിവെൽ നടത്തിപ്പ്
2016 ലാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആകുന്നത്. അഞ്ചരവർഷത്തിനിടെ നേട്ടങ്ങൾക്കൊപ്പം നിരവധി വെല്ലുവിളികളിലൂടെയും കടന്നുപോയി. ശാസ്തമംഗലത്തെ വാടകക്കെട്ടിടത്തിൽ നിന്ന് ചലച്ചിത്ര അക്കാദമിയെ കിൻഫ്ര പാർക്കിലേക്ക് കൊണ്ടുപോകാനായി. ഗവേഷണ കേന്ദ്രവും ആർക്കൈവ്, ഫിലിം റിസ്റ്റൊറേഷൻ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.
2018 ൽ പ്രളയത്തെ തുടർന്ന് ഐഎഫ്എഫ്കെ നടത്തണോ എന്ന ആശങ്ക സർക്കാരിനുണ്ടായിരുന്നു. മേള മുടങ്ങിയാൽ ഫെസ്റ്റിവെൽ ലൈസൻസ് ഉൾപ്പെടെ ഭാവിയിൽ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഞാനും ഐഎഫ്എഫ്കെ ആർട്ടിസ്റ്റിക് ഡയറക്ടറായ ബീനാപോളും മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചെലവ് കുറച്ചും സാംസ്‌കാരിക പരിപാടികൾ ഒഴിവാക്കിയുമാണ് ആ വർഷത്തെ ഫെസ്റ്റിവെൽ നടത്തിയത്. ആ സവിശേഷ സാഹചര്യത്തിൽ ഡെലിഗേറ്റ് ഫീസ് 2000 രൂപയായി വർധിപ്പിച്ചു. എന്നാൽ ഡെലിഗേറ്റുകൾ അതിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ല. 2019 ൽ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചിട്ടും ഫെസ്റ്റിവെൽ നടത്താൻ കഴിഞ്ഞു.
ഇതുപോലെ മറ്റൊരു പ്രതിസന്ധി വന്നത് 2020 ൽ കോവിഡ് കാലത്തായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഫെസ്റ്റിവൽ നടത്തുക, അല്ലെങ്കിൽ ഫെസ്റ്റിവൽ നടത്താതിരിക്കുക എന്ന രണ്ടു വഴികളാണ് മുന്നിലുണ്ടായിരുന്നത്. ഫെസ്റ്റിവലിനായി ആൾക്കൂട്ടത്തെ സൃഷ്ടിച്ച് അപകടം വരുത്തിവയ്ക്കുന്നതിനോട് മുഖ്യമന്ത്രിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഞങ്ങൾ സംഘാടകർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് നാല് സ്ഥലങ്ങളിലായി ഫെസ്റ്റിവൽ നടത്താമെന്ന തീരുമാനത്തിലെത്തിയത്. തിരുവനന്തപുരം, തലശ്ശേരി, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായിട്ടാണ് ഫെസ്റ്റിവൽ നടത്തിയത്. ഓരോ ഫെസ്റ്റിവലിനും ഇടയിൽ ഒരു ദിവസത്തെ ഇടവേള മാത്രമാണ് ഉണ്ടായിരുന്നത്. ചലച്ചിത്ര സംഘടനകളുടെയെല്ലാം നല്ല പിന്തുണയും ആ മേളയ്ക്ക് ലഭിക്കുകയുണ്ടായി. കോവിഡ് പ്രോട്ടോക്കോൾ കാരണം വിദേശ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ കഴിയാതിരുന്ന മേള കൂടിയായിരുന്നു അത്.
നവാഗത സംവിധായകരെ സൃഷ്ടിക്കുന്ന മേള
ഒട്ടനവധി ചെറുപ്പക്കാരെ സിനിമാ മേഖലയിലേക്ക് എത്തിച്ചത് ഐഎഫ്എഫ്കെയാണ്. ലോകസിനിമ കാണാൻ അവസരം ലഭിച്ച ഒരു കൂട്ടം ചെറുപ്പക്കാർ മലയാള സിനിമയുടെ പുത്തൻ പതാകവാഹകരായി മാറുകയാണുണ്ടായത്. പലർക്കും സിനിമയെടുക്കാൻ പ്രചോദനമായതും അവരിലെ സിനിമാന്വേഷിയെ പ്രചോദിപ്പിച്ചതും ഈ മേളയാണ്. ഐഎഫ്എഫ്കെയിൽ കാണിയായി എത്തുകയും പിന്നീട് സിനിമയെടുത്ത് ഇതേ മേളയിൽ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത നിരവധി പേരുണ്ട്. അതുകൊണ്ടു തന്നെ നവസിനിമാപ്രവർത്തകരെ നിർമ്മിക്കുന്ന വലിയൊരു പ്രവർത്തനംകൂടി ഐഎഫ്എഫ്കെ നിർവഹിക്കുന്നുണ്ട്. ഐഎഫ്എഫ്കെയുടെ ആദ്യ പതിപ്പുകളിൽ സജീവമായിരുന്ന പലരും ഇപ്പോഴില്ല. ആ തലമുറയിൽ ഭൂരിഭാഗവും മരിച്ചുപോയി. ജീവിച്ചിരിക്കുന്ന പലരും പ്രായാധിക്യത്താലും മറ്റും സജീവമല്ല. ഫെസ്റ്റിവെലിനെ സംബന്ധിച്ച് ഇതൊരു തലമുറ മാറ്റമാണ്. കാണികളുടെ പുതിയ തലമുറ രൂപപ്പെട്ടുകഴിഞ്ഞു.
