പൂരക്കളിയും മറുത്തുകളിയും
![]() |
പൂരക്കളിയിൽ കളിയുണ്ട്, കലയുമുണ്ട്. എന്നാൽ പൊതുവെ കായികവിനോദമായിട്ടല്ല ഇതിനെ കണക്കാക്കുന്നത്, കലാരൂപമായിട്ടാണ്. കാര്യമായ ചിട്ടപ്പെടു ത്തലുകളില്ലാതെ നാട്ടുകൂട്ടം ആവിഷ്‌ക്കരിച്ച കലയായതുകൊണ്ട് ഇതിനെ നാടൻകലയെന്നു വിളിക്കുന്നവരാണേറെയും. എന്നാൽ ചിട്ടപ്പെടുത്തലുകൾ തീരെയില്ലാത്തതാണ് ഇന്നത്തെ കാലത്ത് കാണുന്ന പൂരക്കളിയെന്നു ധരിക്കരുത്, കുറച്ചൊക്കെ ഉണ്ടുതാനും. പൂരക്കളിയിൽ കാണപ്പെടുന്ന ചിട്ടപ്പെടുത്തലുകളെ മുൻനിർത്തി ചിലരിതിനെ ക്ലാസിക് കലയെന്നും വിളിച്ചുവരുന്നുണ്ട്. പൂരക്കളിയെക്കുറിച്ച് ആദ്യമായി പുസ്തകം പ്രകാശിപ്പിച്ച സി.എം.എസ്.ചന്തേര ക്ലാസ്സിക് കലയായിട്ടുതന്നെയാണ് പൂരക്കളിയെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ പിൽക്കാലത്തെ പുസ്തകങ്ങളിലെല്ലാം പൂരക്കളി നാടൻകലയാണ്.
പൂരക്കളിയെ പ്രധാനമായും നാലുതരത്തിലാണ് വിഭജിക്കാവുന്നത് – പൂരമാല, വൻകളി, ആട്ടം, തൊഴുതുകളി എന്നിങ്ങനെ. ഇതിൽ പൂരമാലയും വൻകളിയുമാണ് പൂരക്കളിയിലെ ആകർഷക ങ്ങളായ രണ്ടിനങ്ങൾ. അതിൽത്തന്നെ പൂരമാലയെ പൂരക്കളിയുടെ മൗലികരൂപമെന്നു വിളിക്കാനും സാധിക്കും. പതിനെട്ടുതരത്തിലാണ് പൂരമാലകൾ.
മൂന്നുലോകത്തെയും പതിനെട്ടുകന്യകമാർ പതിനെട്ടുനിറത്തിലുള്ള പൂക്കളുപയോഗിച്ച് മലരമ്പ പൂജചെയ്യുകയും പതിനെട്ടു തരത്തിലാടുകയും ചെയ്തതിന്റെ സ്മരണമത്രേ പതിനെട്ടുതരം പൂരമാലകൾ. പൂക്കളുടെ നിറത്തെ അടിസ്ഥാനമാക്കി പതിനെട്ടുനിറങ്ങളെന്നും പൂരമാലകളെ വിളിച്ചുവരുന്ന പതിവുണ്ട്. നീണ്ട സമയമെടുത്ത് കളിക്കുന്നവയും വലിയ കഥ ഇതിവൃത്തമായി സ്വീകരിക്കപ്പെടുന്നവയുമാണ് വൻകളികൾ. രാമായണം കഥ, ഗണപതിക്കഥ തുടങ്ങി വ്യത്യസ്തകഥകൾ വൻകളിക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്.
യോഗിയാട്ടമെന്നും നാടകമാട്ടമെന്നും ആട്ടങ്ങൾ രണ്ടുതരത്തിലുണ്ട്. യോഗിവിജ്ഞാനം വിശദമാക്കിയതിനുശേഷം യോഗിയായി അഭിനയിച്ചനുകരി ച്ചാടുന്നവയാണ് യോഗിയാട്ടങ്ങൾ. ചിദംബരം ക്ഷേത്രത്തിൽ വ്യാഘ്രപാദൻ, പതഞ്ജലിയെ ശിവഭക്തരുടെ അഭ്യർഥന മാനിച്ച് ശിവഭഗവാൻ നടിച്ച നാട്യത്തെ അനുകരിച്ചാടിയവതരിപ്പിക്കുന്നതാണ് നാടകമാട്ടം. കാവമ്മയുടെ ആഗമനകഥ പാടിക്കൊണ്ടും മുഴുവൻ ദേവന്മാരേയും പേരെടുത്തുവിളിച്ചുകൊണ്ടും തൊഴുതു പാടിയാടിക്കളിക്കുന്നവയാണ് തൊഴുതുകളികൾ.
ആദ്യകാലത്ത് പൂരമാലകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ഗവേഷകർ പറയുന്നത്. മുന്നേ വിശദമാക്കപ്പെട്ട പതിനെട്ടുകന്യക മാരുടെയാട്ടമെന്ന മിത്തിന്റെ അടിസ്ഥാനത്തിൽ പൂരക്കളി സ്തീകളുടെ കളിയായിരുന്നുവത്രേ. എന്നാലിന്ന് ഇതവതരിപ്പി ക്കുന്നത് സ്തീകളല്ല, പുരുഷന്മാരാണ്. ഏതുകാലത്താണ് ഇത് പുരുഷന്മാരിലേക്ക് കടന്നു വന്നതെന്ന് നിശ്ചിതമായി പറയാൻ തെളിവുകളൊന്നുമില്ല. പുരുഷന്മാർ ഏതു പ്രായത്തിലുള്ളവരാ യിരുന്നാലും ഈ കളിയിൽ പങ്കെടുക്കാം. കുട്ടികൾ മുതൽ വൃദ്ധർ വരെ ഒരു കളിസംഘത്തിലുണ്ടാകും. നാട്ടുസമുദായകൂട്ടത്തിലെ ആർക്കും കളിയിൽ ചേരാം, ചേരാതിരിക്കാം. കളിയാരംഭിച്ചതിനു ശേഷം ഇടയ്ക്കുവന്നുചേരാനും ഇടയിൽ മാറിനിൽക്കാനും കളിയംഗങ്ങൾക്കു സാധിക്കുന്നതാണ്.
തീയ്യർ, യാദവർ, വിശ്വകർമ്മജർ, മുക്കുവർ, ശാലിയർ, വാണിയർ തുടങ്ങിയ സമുദായങ്ങളുടെ കാവുകളിലേ പൂരക്കളിയുള്ളൂ. അവിടെ കളിക്കാനെത്തുന്ന കളിക്കാരാകട്ടെ, അതത് സമുദായ ത്തിൽപെട്ടവർ മാത്രമായിരിക്കും. അവരിൽത്തന്നെ പൂരക്കളി യുടെ എല്ലാത്തരവും സ്വന്തമാക്കിയവർ തീയ്യസമുദായക്കാർ മാത്രമാണ്. ചുവന്ന പട്ടു കൊണ്ടുള്ള ഉടുത്തുകെട്ടും കറുത്ത ഉറുമാലുകൊണ്ടുള്ള അരയിൽ കെട്ടുമാണ് തീയ്യർക്കെങ്കിൽ, പിങ്ക് നിറത്തിലുള്ള പട്ടാണ് യാദവന്മാർ ഉടുത്തുകെട്ടിന് ഉപയോഗിക്കുന്നത്. മറ്റു സമുദായക്കാർക്കെല്ലാം വെളുത്തമുണ്ടാണ് വേഷം. പാട്ടിനനുസരിച്ച ചുവടുവെപ്പുകളും അംഗക്രിയകളുമാണ് പൂരക്കളിയിലുള്ളത്. മുഖത്ത് ഭാവപ്രകടനമൊന്നും വരുത്തുന്നില്ല. പല്ലവി, അനുപല്ലവി രൂപത്തിലാണ് പാട്ടുപാടുക. മുഖ്യപാട്ടുകാരൻ പാടിക്കഴിഞ്ഞതിനുശേഷം മറ്റു കളിക്കാരെല്ലാം അതേറ്റുപാടും. കളിച്ചുകൊണ്ടുതന്നെയാണ് പാടേണ്ടത്. മുഖ്യപാട്ടുകാരനടക്കം പാടിക്കളിക്കണം. ഉറക്കെ പാടുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. പൂരക്കളിക്കായി രചിച്ച നാടൻപാട്ടുകളാണ് പാടുന്നത്. പൂരമാലാപ്പാട്ടുകളിൽ നാരായണകഥ, കാമദേവകഥ, പരമേശ്വരകഥ, മറ്റു പുരാണകഥകൾ എന്നിവയെല്ലാം ഇതിവൃത്തമായി വരുന്നതാണ്. നീണ്ട കഥകളുൾക്കൊള്ളിച്ചുള്ളതാണ് വൻകളിപ്പാട്ടുകൾ. ഇവയുടെ രചന ദ്രാവിഡ വൃത്തത്തിലാണ്, എന്നാൽ പാട്ടുകൾക്കുമുന്നേ സംസ്‌കൃതശ്ലോകങ്ങൾ കീർത്തനങ്ങളായി ചൊല്ലുന്ന പതിവുണ്ട്. പലതരം പാട്ടുകളുണ്ട്. (വിസ്തരിച്ചറിയാൻ കേരള ഫോക്ലോർ അക്കാദമി പ്രസിദ്ധീകരിച്ച മറുത്തുകളിസാഹിത്യം എന്ന പുസ്തകം വായിക്കുക). പന്തലിന്റെ നടുവിലായി കത്തിച്ചുവെച്ച വിളക്കിന്റെ ചുറ്റും വട്ടമിട്ടു നിന്നുകൊണ്ടാണ് കളിക്കുന്നത്. അതിൽ നേർക്കളി, ചാഞ്ഞുകളി, ഇരുന്നുകളി, മറിഞ്ഞുകളി, ചാടിക്കളി എന്നിങ്ങനെ പലതരം കളികളുണ്ട്. കളരിസമ്പ്രദായത്തിൽനിന്നും പലതരം കായികാഭ്യാസങ്ങൾ പൂരക്കളിയിൽ ചേർന്നതിനുശേഷം, കളികളുടെ രൂപത്തിലും അവതരണത്തിലും വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ട്.
മറുത്തുകളി
പൂരക്കളിയുടെ മെറ്റാഫോക്ലോർ എന്നു വിളിക്കാവുന്ന അനുബന്ധകലാരൂപമാണ് മറുത്തുകളി. ആദ്യകാലത്ത് ഇത് പൂരക്കളിയുടെ മത്സരരൂപമായിരുന്നു. പൂരക്കളിയുടെ പാട്ടുകളും കളിയവതരണവും നിരന്തരമായി പരിഷ്‌ക്കരിക്കപ്പെട്ടുവന്നിരുന്നുവെന്ന് മുന്നേ പറഞ്ഞിരുന്നുവല്ലോ. ഓരോ സംഘവും അവർക്കിഷ്ടമുള്ള ഇതിവൃത്തമെടുത്ത്, അവരുടേതായ ഭാഷയിൽ പാട്ടുകളുണ്ടാക്കി, അവരുടേതായ മനോധർമ്മമനുസരിച്ച് ആടിക്കളിച്ചുവരുന്നതാണ് പതിവ്. ഒരിക്കലവതരിപ്പിച്ച കളിയിലും പാട്ടിലും മാറ്റങ്ങൾ വരുത്താൻ തുടർന്നുവരുന്ന അവതരണങ്ങളിൽ ശ്രദ്ധിക്കുന്നവരുണ്ട്. ഇങ്ങനെയുള്ള മാറ്റങ്ങളുടെ സാംഗത്യത്തെക്കുറിച്ച് ചോദ്യം ചെയ്തുതുടങ്ങിയേടത്തുനിന്നാണ് മറുത്തുകളിയുടെ ആരംഭം. രണ്ടുകളിസംഘങ്ങൾ ഒരിടത്തുവെച്ച് മത്സരിച്ചു കളിക്കുന്നതി നെയാണ് മറുത്തുകളിയെന്നു പറയുന്നത്. പൂരക്കളിയിലെ ഓരോ ഇനവും ഒന്നാം കളിസംഘം അവതരിപ്പിച്ചുകഴിഞ്ഞാൽ, രണ്ടാം കളിസംഘം അവതരിപ്പി ക്കുകയായി. ചിലയിടങ്ങളിൽ രണ്ടിലേറെ സംഘങ്ങളും മറുത്തുകളിയിൽ പങ്കെടുത്തുവെന്നു വരാം. ഓരോ സംഘത്തിന്റേയും കളികളെ കാണികൾ വിലയിരുത്തുകയും മികച്ച കളിയേതെന്ന് അഭിപ്രായപ്പെടുകയും ചെയ്യും. ചേരുവകളുടെ സാംഗത്യത്തെക്കുറിച്ചും അതിന്റെ പൗരാണിക പിൻബലത്തെ ക്കുറിച്ചും ചോദ്യംചെയ്യുന്ന പതിവും പിന്നീടുണ്ടായി. അങ്ങനെ ചോദ്യത്തിനു മറുചോദ്യം, പാട്ടിന്നു മറുപാട്ട്, കളിക്ക് മറുകളി…. അതെല്ലാം ചേർന്നപ്പോൾ മറുത്തുകളിയായി മാറി.
മറുത്തുകളി ആസൂത്രിതമായ രൂപത്തിലേക്ക് കടന്നപ്പോൾ, പാണ്ഡിത്യസദസ്സിന്റെ മാനം അതിന്നു കൈവന്നു. ചിട്ടപ്പെടുത്തലുകൾ കളിരൂപത്തിനു വന്നു. ഏതെല്ലാം കാവുകൾ ഏതെല്ലാം സ്ഥലങ്ങളിൽ വെച്ച് ഏതെല്ലാം ദിവസങ്ങളിൽ മത്സരിക്കുമെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ തുടങ്ങി. സാധാരണയായി, രാവിലെ തുടങ്ങിയാൽ പിറ്റേന്നു രാവിലെ വരെ 24 മണിക്കൂർ ദൈർഘ്യമുള്ള മറുത്തുകളിയാണുണ്ടാവുക. എന്നാൽ രണ്ടുദിവസങ്ങളോളം ദൈർഘ്യമുള്ള കളികളും ചിലയിടങ്ങളിൽ കണ്ടുവരുന്നുണ്ട്. ഇത്രയും നേരത്ത് അവതരിപ്പിക്കപ്പെടേണ്ടുന്ന കളിരൂപത്തെക്കുറിച്ചും മുൻകൂട്ടി ധാരണയി ലെത്തും. മൂന്നു ഭാഗങ്ങളായി മറുത്തുകളിയെ തിരിക്കുന്നു. രാവിലെ മുതൽ ഉച്ചവരെയുള്ള ഒന്നാംഭാഗം, ഉച്ചമുതൽ സന്ധ്യവരെയുള്ള രണ്ടാംഭാഗം, രാത്രിയിലെ മൂന്നാം ഭാഗം. ഒന്നാം ഭാഗത്ത് കളിസംഘങ്ങൾ പരസ്പരം കാണുന്ന അഭിവാദനപ്രകരണം, താംബൂലം കൈമാറുന്ന താംബൂല പ്രകരണം, രംഗത്തിലേക്ക് പ്രവേശിക്കുന്ന രംഗപ്രവേശം, ദീപവന്ദനം, നവവന്ദനകൾ, ശക്തിവന്ദനം, ഗണപതിവന്ദനം, സരസ്വതിവന്ദനം, ഗുരുവന്ദനം, കൃഷ്ണവന്ദനം എന്നിവയുണ്ടാകും. രണ്ടാംഭാഗത്ത് പൂരമാലകൾ, വൻകളികളെ ന്നിവയാണ്. മൂന്നാം ഭാഗത്താകട്ടെ, നാട്യശാസ്ത്രം, ചിദംബരശാസ്ത്രം, യോഗിശാസ്ത്രം, കളിതൊഴൽ എന്നിവയുമുണ്ടാകും. ഇവയിൽ ഒന്നും മൂന്നും ഭാഗങ്ങളിലാണ് സംവാദമുണ്ടാകുന്നത്. ആദ്യം സംസ്‌കൃതപദ്യമവതരിപ്പിക്കും, അതിന്റെ അന്വയം, അന്വയാർഥം, പരിഭാഷ എന്നിവ പറയുന്നു. തുടർന്ന് ശ്ലോകത്തെയും പ്രകരണത്തെയും മുൻനിർത്തി മറുത്തുചോദിക്കുന്നു. ഉത്തരം പറയാനാകാത്ത കളിസംഘം പരിഹാസ്യരായി മാറുന്നു. ശരിയും തെറ്റും ചൂണ്ടിക്കാട്ടാൻ പണ്ഡിതന്മാരെ മധ്യസ്ഥരായി നിർത്തുന്ന പതിവുമുണ്ട്. ഓരോ കളിസംഘവും മികച്ച ഒരു പണ്ഡിതനെ കാലേക്കൂട്ടി ഏർപ്പാടുചെയ്യുകയും എതിരാളികളെ തോൽപ്പിക്കുവാൻ പാകത്തിലൊരുക്കുകയും ചെയ്യും. കളി നയിക്കുന്നത് ഇവരായിരിക്കും. ഇവരെ പണിക്കർ എന്ന ആദരനാമത്തിലാണ് വിളിച്ചുവരുന്നത്.
സംസ്‌കൃതഭാഷ, സാഹിത്യം, ശാസ്ത്രം, പുരാണാദികൾ, മലയാളഭാഷാവിജ്ഞാനം എന്നിവയിലെല്ലാം പാണ്ഡിത്യമുള്ള ആളായിരിക്കും പണിക്കർ. അടുത്തകാലത്തായി പൂരക്കളി കാവുകൾക്ക് പുറത്ത് പൊതുവേദിയിലും അവതരിപ്പിച്ചു വരാൻ തുടങ്ങിയിട്ടുണ്ട്. സ്‌കൂൾ യുവജനോത്സവങ്ങളിലും മറ്റും പൂരക്കളി ഒരിനമായിട്ടുണ്ട്. മറുത്തുകളിയെയും ഇതുപോലെ പുറംവേദികളിൽ എത്തിച്ചു കഴിഞ്ഞിരിക്കുന്നു. കാവുകളിൽ കാണുന്നതുപോലുള്ള മുഴുവൻ പ്രകരണങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കളികളല്ല, പുറംവേദികളിലെ മറുത്തുകളി. രണ്ടുപണിക്കന്മാർ കച്ചകെട്ടി ഇഷ്ടമുള്ള സംസ്‌കൃതശ്ലോകം ചൊല്ലി വ്യാഖ്യാനിച്ചു സംവാദം നടത്തുന്ന പതിവാണവിടെ. കേരളത്തിനകത്തും പുറത്തും, എന്തിനേറെ വിദേശരാജ്യങ്ങളിൽ പോലും പൂരക്കളിയും മറുത്തുകളിയും അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു.

